നാല്പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ അറുന്നൂറോളം സിനിമകള്‍. 13 സിനിമകള്‍ വരെ പുറത്തിറങ്ങിയ എഴുപതുകള്‍... മലയാള സിനിമയിലെ അതുല്യ പ്രതിഭ മീന എന്ന മേരി ജോസഫ് മരിച്ചിട്ട് ഇന്ന് 23 വര്‍ഷം.
മീന എന്ന പേരിലല്ല മലയാള സിനിമ ഈ അതുല്യ പ്രതിഭയെ ഓര്‍ത്തിരിക്കുന്നത്. മലയാള സിനിമ ഒരിക്കലും മറക്കാത്ത ഒട്ടനേകം സംഭാഷണങ്ങളിലൂടെയാണ് മീന തന്നെ സ്വയം അടയാളപ്പെടുത്തിയിരിക്കുന്നത്. 'പോയി തൂങ്കടാ പൈത്യക്കാരാ' എന്ന് പറയുന്ന മേലേപ്പറമ്പില്‍ ആണ്‍വീടിലെ അമ്മയായും 'അശോകന് ക്ഷീണമാകാം', 'നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടേ മോനേ' എന്നും ചോദിക്കുന്ന യോദ്ധയിലെയും അമ്മയും മീനയുടെ വെള്ളിത്തിരയിലെ ഇരിപ്പിടം ഏതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
കവിയൂര്‍ പൊന്നമ്മയുടെയും ആറന്മുള പൊന്നമ്മയുടെയും നന്മ നിറഞ്ഞ അമ്മമാരുടെ പെരുമയില്‍ മീനയുടെ പ്രതിഭ മുങ്ങിപ്പോയി. അവരെ വേണ്ടവിധം മലയാള സിനിമാ ലോകവും ആസ്വാദക ലോകവും അടയാളപ്പെടുത്തിയിട്ടില്ല. ആയാസരഹിതമായ അഭിനയമായിരുന്നു മീനയുടേത്. പുച്ഛവും തമാശയും ക്രൂരതയും ദൈന്യതയും സ്‌നേഹവുമെല്ലാം ചിരിയിലൂടെ അനുഭവവേദ്യമാക്കിയിട്ടുള്ള ഏക അഭിനേത്രിയും മീനയാണ്. നാടോടിക്കാറ്റില്‍ മണ്ണെണ്ണയും അരിയും കടം ചോദിക്കാനെത്തിയ ദാസന് മുന്നില്‍ ചെറുചിരിയോടെ നില്‍ക്കുന്ന മീനയെ എളുപ്പത്തിലൊന്നും ആര്‍ക്കും മറക്കാനാവില്ല. തനിക്ക് ലഭിച്ച വില്ലന്‍ വേഷങ്ങളില്‍ പോലും സ്വതസിദ്ധമായ അഭിനയം കാഴ്ചവെക്കാനായതാണ് മീനയെ സമകാലീനരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.
ഇന്നും അയല്‍പക്കങ്ങളില്‍ നമുക്ക് കാണാനാവുന്ന സ്ത്രീകഥാപാത്രങ്ങളായിരുന്നു മീന അവതരിപ്പിച്ച കഥാപാത്രങ്ങളിലേറെയും. ഇതില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് മേലെപറമ്പില്‍ ആണ്‍വീട്ടിലെ ഭാനുമതിയും യോദ്ധയിലെ വസുമതിയും. ഏത് സംവിധായകനും ഏത് തരം അമ്മ വേഷവും വിശ്വസിച്ച് ഏല്‍പ്പിക്കാനാവുമായിരുന്ന താരമായിരുന്നു മീന. കാമറയ്ക്ക് മുന്നിലെ പ്രകടനത്തില്‍ മാത്രമല്ല, ഡയലോഗ് ഡെലിവറിയിലെ കൃത്യതയില്‍ വരെ ഒരു പ്രത്യേക മീന ടച്ച് വെള്ളിത്തിരയ്ക്ക് അനുഭവിക്കാനായിട്ടുണ്ട്.
ഓണാട്ടുകരക്കാരിയായ മീന, കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും എലിയാമ്മയുടെയും ഏട്ടാമത്തെ പുത്രിയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ പ്രാദേശിക നാടക സംഘങ്ങളുടെ കൂടെ പ്രവര്‍ത്തിച്ചായിരുന്നു തുടക്കം. പ്രൊഫഷണല്‍ നാടക രംഗത്ത് ഗീത ആര്‍ട്‌സ്, കലാനിലയം തുടങ്ങിയ സംഘങ്ങള്‍ക്കൊപ്പം ആറ് വര്‍ഷം പ്രവര്‍ത്തിച്ചു. 1964-ല്‍ ശശികുമാറിന്റെ 'കുടുംബിനി'യിലൂടെ സിനിമയിലേക്കെത്തി. സ്വാഭാവിക അഭിനയത്തിലൂടെ മീന മലയാള സിനിമയിലെ മാറ്റി നിര്‍ത്താനാവാത്ത താരമായി വളര്‍ച്ചു. നെഗറ്റിവ് ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു മീന അവതരിപ്പിച്ചതിലേറെയും. അച്ചാരം അമ്മിണി ഓശാരം ഓമന, തറവാട്ടമ്മ, മാന്യശ്രീ വിശ്വാമിത്രന്‍, അരനാഴികനേരം, ലൈന്‍ ബസ്, പദ്മ വ്യൂഹം തുടങ്ങിയ സിനിമകളിലൊക്കെയും വില്ലത്തരം ഏറിയും കുറഞ്ഞുമുള്ള കഥാപാത്രങ്ങളായി മീന മാറി.
മീന-ബഹദൂര്‍, മീന - അടൂര്‍ ഭാസി ജോഡികള്‍ അന്ന് മലയാളത്തിലെ മികച്ച കെമിസ്ട്രികളായിരുന്നു. അടൂര്‍ ഭാസിക്കൊപ്പം പദ്മവ്യൂഹം എന്ന ചിത്രത്തിലെ പഞ്ചവടിയിലെ വിജയശ്രീയോ ഗാനരംഗത്തിലും മാന്യശ്രീ വിശ്വാമിത്രനില്‍ ബഹദൂറുമായുള്ള സാരസായി മദനായുമൊക്കെ പ്രേക്ഷകര്‍ ഏറെ അസ്വദിച്ചതാണ്. ഈ രണ്ട് ഗാനരംഗങ്ങളെയും അന്നത്തെ മലയാള സിനിമയിലെ പ്രണയഗാനങ്ങളുടെ സ്പൂഫ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. സാരസായി മദനാ ഗാനം ചിത്രീകരിച്ചത് മദ്യപിച്ച് ഭരതനാട്യം ചെയ്യുന്നതായാണ്. വളരെ രസകരമായാണ് മീന ഈ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.
എണ്‍പതുകളില്‍ പുതിയ ചെറുപ്പക്കാരായ സംവിധായകര്‍ എത്തിയത്തോടെയാണ് മീനയ്ക്ക് വില്ലന്‍ വേഷങ്ങളില്‍ നിന്ന് കുറച്ചെങ്കിലും മുക്തി ലഭിച്ചത്. സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണം, മണ്ടന്മാര്‍ ലണ്ടനില്‍, അപ്പുണ്ണി, കളിയില്‍ അല്‍പം കാര്യം, നാടോടിക്കാറ്റ്, വരവേല്‍പ്, മഴവില്‍ക്കാവടി, സസ്‌നേഹം, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത തുടങ്ങിയവ മീനയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച അടയാളങ്ങളായി. പിന്നീട് രാജസേനന്റെ ഒപ്പം മേലെപറമ്പില്‍ ആണ്‍വീട്, ചേട്ടന്‍ബാവ അനിയന്‍ബാവ, അയലത്തെ അദ്ദേഹം, ദി കാര്‍ തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
ജോയ്‌സിയുടെ കഥ സ്ത്രീധനം അനില്‍ബാബു സിനിമയാക്കിയപ്പോള്‍ അതിലെ ക്രൂരയായ അമ്മായിയമ്മയായി തിരഞ്ഞെടുത്തത് മീനയെയാണ്. മീന ആ വേഷം ഗംഭീരമാക്കുകയും ചെയ്തു. കെപിഎസി ലളിത, സുകുമാരി, ഫിലോമിന തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചപ്പോഴൊക്കെയും ഒരുപടി മുന്നില്‍ നിന്നത് മീനയാണ്. പ്രേക്ഷകന് ഓര്‍മ്മിക്കാന്‍ അവരുടെ കഥാപാത്രങ്ങള്‍ ഓരോ സിനിമയിലും എന്തെങ്കിലുമൊക്കെ ബാക്കിവച്ചു. ഇവര്‍ നാല് പേരും ഒരുമിച്ച സസ്‌നേഹം എന്ന സിനിമ കുശുമ്പിന്റെയും കുന്നായ്മയുടെയും ആഘോഷമായിരുന്നു.
ആകസ്മികമായിരുന്നു മീനയുടെ അന്ത്യം. 1997 ല്‍ വിഎം വിനുവിന്റെ അഞ്ചരക്കല്യാണത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയത്. അന്ന് 56 വയസായിരുന്നു അവര്‍ക്ക്. പിന്നെയും ജീവിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയ്ക്ക് മീനയെന്ന അഭിനേത്രിയില്‍ നിന്നും ഒരുപിടി നല്ല മൂഹൂര്‍ത്തങ്ങള്‍ ലഭിക്കുമായിരുന്നു.