ആയിരം സൂര്യന്മാര്‍ ഉദിച്ചുനില്‍ക്കുന്ന പ്രഭയില്‍ നായകന്റെ ഇന്‍ട്രോ. കുറേ പാര്‍ ലൈറ്റുകള്‍ക്ക് നടുവില്‍ മുഴുവന്‍ ചുട്ടുപൊള്ളിനില്‍ക്കുന്ന നായകന്‍. അതിനടുത്തേയ്ക്ക് ചെല്ലാന്‍ പോലുമാകാത്ത വിധം ചൂട്. എന്നിട്ടും ആ ഷോട്ടുകള്‍ക്കു വേണ്ടി നാലു മണിക്കൂര്‍ രാജു(പൃഥ്വിരാജ് സുകുമാരന്‍) ആ തീച്ചൂളക്കു മുന്‍പില്‍ ഫുള്‍ എനര്‍ജിയുമായി നിന്നു. ഒരാവേശത്തില്‍ ആയിരം സൂര്യന്മാര്‍ എന്നൊക്കെ എഴുതാന്‍ എന്തെളുപ്പമാണ്. പക്ഷേ പൃഥ്വിരാജിനെപ്പോലെയുള്ള ഡെഡിക്കേറ്റഡായവര്‍ കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുമ്പോഴാണ് മികച്ച സിനിമകള്‍ പിറവിയെടുക്കുന്നത്. താന്‍ തിരക്കഥ നിര്‍വ്വഹിച്ച് ദീപന്‍ സംവിധാനം ചെയ്ത ഹീറോ എന്ന ചിത്രത്തിലെ പ്രഥ്വിരാജിനെക്കുറിച്ച് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂര്‍ പറയുന്നു.
അതിഭയങ്കരമായ ചൂട്, ആ ചൂടേറ്റ് രാജുവിന്റെ പുറം ചുട്ടു പൊള്ളിയിരിക്കുന്ന കാഴ്ച കണ്ട് എനിക്ക് വല്ലാതെ വിഷമമായി. ഇങ്ങനെ എഴുതി വെക്കേണ്ടായിരുന്നു എന്ന് എനിക്കപ്പോള്‍ തോന്നി
2012 ല്‍ ദീപന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് ഹീറോ. നായക കഥാപാത്രങ്ങള്‍ക്ക് ഡ്യൂപ്പ് ചെയ്യുന്ന ഒരാളുടെ കഥയായിരുന്നു ചിത്രം. അതിസാഹസികമായ പല രംഗങ്ങളുമുള്ള പക്കാ സ്റ്റണ്ട് മൂവി. വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്നവര്‍ക്ക് പിന്നില്‍ ജീവന്‍ പണയം വെച്ച് അഭിനയിക്കുന്ന ഡ്യൂപ്പുകളുടെ അറിയപ്പെടാതെ പോകുന്ന പ്രയത്‌നം പ്രേക്ഷകര്‍ അറിയണമെന്ന് തോന്നിയ ഇടത്താണ് ഹീറോ പിറവിയെടുത്തതെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു. താന്‍ എഴുതി വെച്ച കഥയെ അന്വര്‍ഥമാക്കിയത് പൃഥ്വിരാജ് എന്ന അഭിനേതാവിന്റെ കഴിവാണെന്നും വിനോദ് ഗുരുവായൂര്‍.
നായകനായ പൃഥ്വിയുടെ എന്‍ട്രി എന്ന് പറയുന്നത് ആയിരം സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന പ്രഭയില്‍ എന്നായിരുന്നു ഞാന്‍ എഴുതിയിരുന്നത്. ആ സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം ലൊക്കേഷനിലെത്തിയ എന്നെ രാജു കുറെ നേരമായി അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് കണ്‍ട്രോളറായ സെവന്‍ ആര്‍ട്‌സ് മോഹന്‍ ചേട്ടന്‍ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ കുറെ പാര്‍ലൈറ്റുകള്‍ക്ക് മുന്‍പില്‍ രാജു നില്‍ക്കുകയാണ്.എന്നെ കണ്ടയുടനെ രാജു അടുത്തേയ്ക്കു വിളിച്ചു. പക്ഷേ സത്യം പറയാമല്ലോ എനിക്ക് ലൈറ്റിനടുത്തേക്ക് പോവാന്‍ കഴിഞ്ഞില്ല അതിഭയങ്കരമായ ചൂട്, ആ ചൂടേറ്റ് രാജുവിന്റെ പുറം ചുട്ടു പൊള്ളിയിരിക്കുന്ന കാഴ്ച കണ്ട് എനിക്ക് വല്ലാതെ വിഷമമായി. ഇങ്ങനെ എഴുതി വെക്കേണ്ടായിരുന്നു എന്ന് എനിക്കപ്പോള്‍ തോന്നി. ഡയറക്ടര്‍ ദീപനോട് സീനില്‍ മാറ്റംവരുത്തണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്നെ തടഞ്ഞത് രാജുവായിരുന്നു.ആ ഷോട്ടുകള്‍ക്കു വേണ്ടി നാലു മണിക്കൂര്‍ രാജു ആ തീ ചൂളക്കു മുന്‍പില്‍ ഫുള്‍ എനര്‍ജിയുമായി നിന്നു.
ഇങ്ങ് വന്ന് കുറച്ച് നേരം നില്‍ക്ക് ചേട്ടാ, ഒരു ആവേശത്തിന് എഴുതി വെക്കുമ്പോഴുള്ള സുഖം ഇവിടെ നില്‍ക്കുമ്പോള്‍ ഇല്ലല്ലേ എന്നായിരുന്നു
എഴുതി വെയ്ക്കുമ്പോഴുള്ള സുഖം ഇവിടെ നില്‍ക്കുമ്പോള്‍ ഇല്ലല്ലേ ചേട്ടാ
ലൈറ്റുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന രാജുവിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ തന്നോട് അദ്ദേഹം ചോദിച്ച ചോദ്യമായിരുന്നു ഇത്. ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കി കൊണ്ട് തന്നെയായിരുന്നു രാജു ഓരോ ഷോട്ടും അഭിനയിച്ചത്.അടുത്തേക്ക് ചെന്ന എന്നോട് ചിരിച്ചുകൊണ്ട് രാജു പറഞ്ഞത്, ഇങ്ങ് വന്ന് കുറച്ച് നേരം നില്‍ക്ക് ചേട്ടാ, ഒരു ആവേശത്തിന് എഴുതി വെക്കുമ്പോഴുള്ള സുഖം ഇവിടെ നില്‍ക്കുമ്പോള്‍ ഇല്ലല്ലേ എന്നായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു അഭിനയിക്കാന്‍.
ഷൂട്ട് തുടങ്ങുന്നതിന് മൂന്നു മാസം മുന്‍പേ രാജു തിരക്കഥ വായിച്ചതാണ്.പിന്നീട് ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചില മാറ്റങ്ങള്‍ വരുത്താന്‍ ഞാനും സംവിധായകനും തീരുമാനിച്ചു. ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ ചില ഡയലോഗുകളിലെ മാറ്റം രാജു ശ്രദ്ധിക്കുകയും ഈ ഡയലോഗ് ഇങ്ങനെ അല്ലായിരുന്നുവല്ലോ ചേട്ടാ എന്തിനാണ് മാറ്റിയത് എന്നൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്.അതായത് ചിത്രത്തിന്റെ ഓരോ ഏടും രാജുവിന് മനപ്പാഠമായിരുന്നു. കുറെ നാള്‍ മുമ്പ് വായിച്ച ഡയലോഗുകള്‍പ്പോലും അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നു.അത്ര ഓര്‍മ്മ ശക്തിയുള്ള ഒരു നടന്‍ കൂടിയാണ് പൃഥ്വിരാജ്.
ഡ്യൂപ്പിന്റെ കഥയ്ക്ക് ഡ്യൂപ്പ് ആവശ്യമില്ല
ഡ്യൂപ്പുകളുടെ കഥയാണല്ലോ ഹീറോ പങ്കുവയ്ക്കുന്നത്. അപ്പോള്‍ ഡ്യൂപ്പായിട്ട് അഭിനയിക്കുന്ന നായകന് പകരക്കാരനെ വെച്ചാല്‍ എങ്ങനെ ശരിയാകും, ഈ ചോദ്യം തന്റേതല്ല,പൃഥ്വിരാജിന്റെതാണെന്ന് അദ്ദേഹം പറയുന്നു. ഹീറോയുടെ പല രംഗങ്ങളും അതിസാഹസികത നിറഞ്ഞതാണ്. ഞാന്‍ അത് എഴുതുമ്പോഴും പൃഥ്വിയ്ക്ക് ഒരു ഡ്യൂപ്പിനെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു ചെയ്തതും.എന്നാല്‍ ഡ്യൂപ്പായി അഭിനയിക്കുന്ന തനിക്ക് വേറെ ഡ്യൂപ്പിനെ വെച്ചാല്‍ എങ്ങനെ ശരിയാകും എന്നായിരുന്നു രാജു എന്നോട് ചോദിച്ചത്. ഒരു സീനില്‍ പോലും രാജുവിന് ആ ചിത്രത്തില്‍ ഡ്യുപ്പിനെ ഉപയോഗിച്ചിട്ടില്ല. സ്റ്റണ്ട് സീനുകളിലടക്കം രാജു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ പാറയില്‍ നിന്നും വീഴുന്ന ഒരു സീനുണ്ട്. അത് യഥാര്‍ത്ഥത്തില്‍ പൃഥ്വിയുടെ വീഴ്ച തന്നെയാണ്. തിരക്കഥാകൃത്തെന്ന നിലയില്‍ എഴുതിവെച്ചതോര്‍ത്ത് പലപ്പോഴും വിഷമിച്ചിട്ടുള്ളത് ഹീറോയിലെ രാജുവിനെയോര്‍ത്താണ്. സംവിധായകന്‍ കട്ട് പറയുമ്പോള്‍ നെറ്റിയിലും കയ്യിലും മുറിവുമായി നില്‍ക്കുന്ന പൃഥ്വിയുടെ ചിത്രം ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഡ്യൂപ്പ് വേണ്ട എന്നുള്ളത് രാജുവിന്റെ തീരുമാനമായിരുന്നു. ഇത്തരം സീനുകളിലെങ്കിലും പകരക്കാരനെ ഉപയോഗിക്കാന്‍ പാകത്തിലാണ് ഞാന്‍ അതൊക്കെ എഴുതിയത് പോലും.എന്നിട്ടും രാജുവിന് അത് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.
അതുപോലെയാണ് മറ്റ് സ്റ്റണ്ട് സീനുകളുടെ കാര്യവും.ഹീറോയുടെ സ്റ്റാന്‍ഡ് മാസ്റ്റര്‍ തെന്നിന്ത്യയിലെ പ്രശസ്തനായ കനാ കണ്ണനാണ്. കനാ കണ്ണന്‍ രാവിലെ സെറ്റിലേക്ക് വരുന്നത് ഒരു ക്രെയിനുമായിട്ടാണ്. അതു കാണുമ്പോള്‍ തന്നെ എല്ലാവരും പറയും രാജുവിന്റെ വണ്ടി വന്നു എന്ന്. പൃഥ്വിരാജ് വന്നാലുടന്‍ അദ്ദേഹത്തെ ഈ ക്രെയിനില്‍ തൂക്കിയിട്ട് അവിടേക്കും ഇവിടേക്കും ഇടുക, ഇതുതന്നെ പരിപാടി. അന്ന് ഫൈറ്റിന് വേണ്ടി മാത്രം കോടികള്‍ ചെലവാക്കിയിട്ടുണ്ട് ചിത്രത്തിനുവേണ്ടി. രാജു ശരിക്കും എന്‍ജോയ് ചെയ്ത അഭിനയിച്ച ഒരു ചിത്രമായിരുന്നു ഹീറോ. ചിത്രത്തിന്റെ ഹിന്ദി തെലുങ്ക് പതിപ്പുകളും സൂപ്പര്‍ഹിറ്റായിരുന്നു.
വെളുപ്പിന് നാലിന് ജിമ്മില്‍ പോകും, സിക്‌സ് പാക്കിന് പിന്നിലെ ഹീറോയിസം
ഹീറോയ്ക്ക് വേണ്ടി സിക്‌സ്പാക്ക് ചെയ്ത രാജുവിന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് ബോളിവുഡ് ചിത്രം അയ്യയിലേക്ക് ക്ഷണിക്കുന്നതെന്ന് വിനോദ് ഗുരുവായൂര്‍. ഹീറോയുടെ ഷൂട്ടിംഗ് ഏഴ് മണിക്കാണ് സാധാരണ ആരംഭിക്കുക. രാജു വെളുപ്പിന് നാലിന് ജിമ്മില്‍ പോകും. ഏഴു മണി ആകുമ്പോള്‍ ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടാകും അദ്ദേഹം. ഒരിക്കല്‍ ജിമ്മിലെ ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതുപോലെ വെളുപ്പിന് ജിമ്മിലേയ്ക്ക് പോയ രാജു അര മുക്കാല്‍ മണിക്കൂറോളം ലിഫ്റ്റിനുള്ളില്‍ കുടുങ്ങി കിടന്നു. ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല, സഹായത്തിന് ആരുമില്ലാതെ രാജു അതിനകത്തു തന്നെ വിയര്‍ത്തുകുളിച്ചിരുന്നു. പിന്നീട് കുറെ സമയത്തിന് ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നതുവരെ മുടങ്ങാതെ എന്നും രാജു വെളുപ്പിന് ജിമ്മില്‍ പോയിരുന്നു. കഥാപാത്രത്തിനുവേണ്ടി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് രാജു