കന്നഡ സിനിമയിലെ ചലച്ചിത്ര ഇതിഹാസം ഡോ. രാജ്കുമാറിന്റെയും പര്‍വതമ്മ രാജ്കുമാറിന്റെയും അഞ്ചാമത്തെ മകനായാണ് പുനീത് രാജ്കുമാറിന്റെ ജനനം. ആറാം വയസ് മുതല്‍ സിനിമാ സെറ്റുകളിലേക്ക് അച്ഛന്റെ കൈപിടിച്ച് എത്തിയിരുന്ന പുനീത് ജനിച്ച് ആറാം മാസത്തില്‍ തന്നെ സ്‌ക്രീനില്‍ മുഖം കാട്ടിയിരുന്നു. പ്രേമദ കനികെ എന്ന ത്രില്ലറില്‍. അച്ഛന്‍ നായകനായ സിനിമയില്‍ ബാലതാരമായി പുനീത് ചലച്ചിത്ര യാത്ര തുടങ്ങി. വിജയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ പുനീതിന് 1983ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
'രാമു'വിനൊപ്പം കരഞ്ഞ കന്നഡ പ്രേക്ഷകര്‍
ഭക്തപ്രഹ്ലാദ എന്ന പുരാണ സിനിമയില്‍ പ്രഹ്ലാളദനെന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് തൊട്ടടുത്ത വര്‍ഷവും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പുനീതിനെ തേടിയെത്തി. ബേട്ടാഡ ഹൂവു എന്ന സിനിമയിലെ രാമു എന്ന കഥാപാത്രമാണ് പുനീത് എന്ന ബാലതാരത്തിന് ലഭിച്ച മികച്ച ബ്രേക്ക് ആയി വിശേഷിപ്പിക്കപ്പെടുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി ആ വര്‍ഷം പുനീത് തെരഞ്ഞെടുക്കപ്പെട്ടു. അച്ഛനൊപ്പവും സഹോദരന്‍ ശിവരാജ്കുമാറിനൊപ്പവും പുനീത് ബാലതാരമായി തിളങ്ങിയിരുന്നു.
ആക്ഷന്‍ ഹീറോയില്‍ നിന്ന് പവര്‍ സ്റ്റാറിലേക്ക്
ഇഡിയറ്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ അപ്പു എന്ന കന്നഡ റീമേക്കിലൂടെ 2002ലാണ് കന്നഡ സിനിമയുടെ അനിഷേധ്യതയിലേക്ക് പുനീത് രാജ്കുമാറിന്റെ പ്രയാണം തുടങ്ങുന്നത്. മാസ് എന്റര്‍ടെയിനര്‍ സ്വഭാവമുള്ള അപ്പു സംവിധാനം ചെയ്തത് തെലുങ്ക് ഹിറ്റ്‌മേക്കര്‍ പുരി ജഗന്നാഥാണ്. ഗാനരംഗങ്ങളില്‍ പുനീതിന്റെ ഡാന്‍സിംഗ് മുവ്‌മെന്റുകളും മാനറിസവും ആരാധകര്‍ ഏറ്റെടുത്തു. സാന്‍ഡല്‍ വുഡിന്റെ താരസിംഹാസനത്തിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര.
2003ല്‍ ദിനേശ് ബാബുവിന്റെ അഭി എന്ന സിനിമയിലൂടെയാണ് നായകനായി രണ്ടാമതെത്തിയത്. മാതൃവാല്‍സല്യത്തിലൂന്നി കഥ പറഞ്ഞ ചിത്രം നിര്‍മ്മിച്ചത് പുനീതിന്റെ അമ്മ പര്‍വതമ്മ രാജ്കുമാറാണ്. വീര കന്നഡിഗ എന്ന പേരില്‍ പുനീത് രാജ്കുമാര്‍ നായകനായി കന്നഡയിലും ജൂനിയര്‍ എന്‍ടിആര്‍ നായകനായി ആന്ധ്രവാല എന്ന പേരില്‍ തെലുങ്കിലും പുറത്തുവന്ന പുരി ജഗന്നാഥ് തിരക്കഥയെഴുതിയ ചിത്രത്തിലൂടെ ബോക്‌സ് ഓഫീസില്‍ പുനീത് വീണ്ടും ചരിത്രമെഴുതി. ക്ലീഷേ മസാല സിനിമയായിരുന്നിട്ടും പുനീതിന്റെ ആക്ഷന്‍-ഡാന്‍സ് നമ്പറുകളാണ് ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്തത്.
സ്‌പോര്‍ട്‌സ് ഡ്രാമ സ്വഭാവമുള്ള മൗര്യയാണ് താരമെന്നതിനൊപ്പം അഭിനേതാവ് എന്ന നിലക്ക് പുനീതിനെ ശ്രദ്ധേയനാക്കിയത്. ആകാശ്, നമ്മ ബസവ,അജയ് എന്നീ സിനിമകളിലൂടെ സാന്‍ഡല്‍ വുഡിന്റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ കൂടിയായി പുനീത്. പവര്‍ സ്റ്റാര്‍ എന്ന വിശേഷവും പുനീത് രാജ്കുമാറിന് സ്വന്തമായി.
മിലാന എന്ന സിനിമയിലെ റേഡിയോ ജോക്കിയായുള്ള പ്രകടനത്തിന് 2007ലെ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം പുനീത് രാജ്കുമാറിനെ തേടിയെത്തി. പാര്‍വതി തിരുവോത്തായിരുന്നു ഈ സിനിമയിലെ നായിക.
അതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ പഴങ്കഥ
കരിയറിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം പൃഥ്വി, ജാക്കി എന്നീ സിനിമകളിലൂടെ പുനീത് രാജ്കുമാര്‍ ബോക്‌സ് ഓഫീസിലേക്ക് തിരിച്ചെത്തി. 2017ല്‍ രാജകുമാര എന്ന സിനിമയിലൂടെ കന്നഡ സിനിമയിലെ അതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ പുനീത് പഴങ്കഥയാക്കി. പുനീത് ചെയ്ത സൂപ്പര്‍ഹിറ്റുകള്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള റീമേക്കുകളില്‍ പുനീത് തുടര്‍ച്ചയായി നായകനായി.
പിതാവ് രാജ്കുമാറിന്റെ പാതയില്‍ ഗായകനായും തിളങ്ങിയ താരമാണ് പുനീത്. അപ്പുവിലെ ഗാനവും ജാക്കിയിലെ ഫാസ്റ്റ് നമ്പരും കന്നഡക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്തവയാണ്. കോന്‍ ബനേഗാ കരോര്‍പതി കന്നഡ പതിപ്പായ കന്നഡാഡ കോട്യാധിപതിയുടെ അവതാരകന്‍ പുനീത് രാജ്കുമാറായിരുന്നു. ഉദയ ടിവിയെ പ്രൈം ടൈം റേറ്റില്‍ ഒന്നരപതിറ്റാണ്ടിന് ശേഷം പിന്നിലാക്കി സുവര്‍ണ ചാനല്‍ ഒന്നാമതെത്തിയതിന് കാരണവും പുനീത് അവതാരനായ കോടിപതി പ്രോഗ്രാം ആയിരുന്നു.
എന്ത് കൊണ്ട് ക്രോര്‍പതി അവതാരകനായി
എന്ത് കൊണ്ട് ക്രോര്‍പതി അവതാരകനായി എന്ന ഭരദ്വാജ് രംഗന്റെ ചോദ്യത്തിന് പുനീത് നല്‍കിയ മറുപടി ഇതായിരുന്നു '' എന്റെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളായ അമിതാബ് ബച്ചന്‍ സര്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ അവതാരകനാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് കന്നഡ പതിപ്പായ കന്നഡഡ കോട്യധിപതി ഞാന്‍ ഏറ്റെടുത്തത്. തുടക്കത്തില്‍ നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീടെനിക്ക് പ്രിയപ്പെട്ട ഷോ ആയി കോടീശ്വരന്‍. കുട്ടിക്കാലത്ത് ക്വിസ് ഷോകളിലൂടെ സിദ്ധാര്‍ത്ഥ് ബസുവിനോട് കടുത്ത ആരാധന ഉണ്ടായിരുന്നു. അദ്ദേഹത്തോട് അടുത്ത് ഇടപഴകാനുള്ള സുവര്‍ണാവസരം എന്ന നിലക്ക് കൂടിയാണ് ഞാന്‍ ക്രോര്‍പതി കന്നഡ പതിപ്പിനെ കണ്ടത്.''
മികച്ചൊരു ചിത്രമൊരുക്കാന്‍ നിങ്ങള്‍ക്കൊരു ഫോണ്‍ മതി
കന്നഡ സിനിമയുടെ രാജ്യാന്തര തലത്തിലേക്കുള്ള വളര്‍ച്ച ഓരോ ഘട്ടത്തിലും പുനീത് പങ്കുവച്ചിരുന്നു. സാന്‍ഡല്‍ വുഡിലെ പരീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താരമൂല്യം തടസമായിരുന്നില്ല. ഋഷബ് ഷെട്ടിയുമായി രക്ഷിത് ഷെട്ടിയുമായി കൈകോര്‍ത്തതിനെക്കുറിച്ചും സമീപകാല അഭിമുഖങ്ങളില്‍ പുനീത് പറഞ്ഞിട്ടുണ്ട്. ''വമ്പന്‍ ബജറ്റോ സൗകര്യങ്ങളോ വേണമെന്നില്ല മികച്ചൊരു ചിത്രമൊരുക്കാന്‍ നിങ്ങള്‍ക്കൊരു ഫോണ്‍ മതിയാകും. പരീക്ഷണാത്മക സിനിമകള്‍ ചെയ്യാന്‍ ഒരു പാട് പേര്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. ലൂസിയയും യൂടേണും പോലുള്ള സിനിമകള്‍ കന്നഡയില്‍ നിന്ന് ഉണ്ടാകുന്നു.''