Filmy Features

പെരിയോനെ ദൈവമോ, പ്രണയമോ, അതിജീവനമോ?

അനഘ

പെരിയോനെ എൻ റഹ്‌മാനെ, പെരിയോനെ റഹീം.

മലയാളികൾക്ക് സ്വന്തമായില്ലാത്ത ഒരു ഴോണറിലുള്ള ഗാനം. എ ആർ റഹ്മാൻ, താൻ ഇതുവരെ ഉപയോഗിക്കാത്ത രാഗത്തിൽ നെയ്തെടുത്ത ഗാനം. പെരിയോനെ എന്നെഴുതിയത് റഹ്മാൻ തന്നെയാണ്. എന്താണ് പെരിയോൻ? ആരാണ് പെരിയോൻ?

മലയാളിക്കറിയാത്ത ഒരാളല്ല മസറയിൽ പെട്ടു പോയ നജീബ്. മൂന്ന് കൊല്ലം, നാല് മാസം, പന്ത്രണ്ട് ദിവസം പ്രത്യാശയേതുമില്ലാഞ്ഞിട്ടും ആടുജീവിതം ജീവിച്ച നജീബ്. ബ്ലെസ്സിയോട് താൻ ഒരുപാട് തവണ തർക്കിച്ചത് നജീബ് എന്തേ ആത്മഹത്യക്ക് ശ്രമിച്ചില്ല എന്നതാണ് എന്ന് എ ആർ റഹ്‌മാനോട് പൃഥ്വിരാജ് പറയുമ്പോൾ, എ ആർ റഹ്മാൻ അതിന് കൊടുക്കുന്ന മറുപടി, മലയാളി കേട്ട് കാണും. 'ഇസ്‌ലാമിൽ ആത്മഹത്യ ഹറാമാണ്. അന്ന് വരേക്കും ചെയ്ത നന്മയും, ത്യാഗവും, കാത്തുസൂക്ഷിച്ച വിശ്വാസവും ആത്മഹത്യ ചെയ്യും വഴി വിശ്വാസിയിൽ നിന്ന് അകറ്റപ്പെടും എന്നൊരു വിശ്വാസമുണ്ട്. വിശ്വാസമാണ് നജീബിനെ നയിച്ചത് എന്നാണ് റഹ്മാൻ പറയുന്നത്. അത് പറഞ്ഞ മറ്റൊരാൾ കൂടിയുണ്ട്. ബെന്യാമിൻ. യഥാർത്ഥ നജീബ്, വിശ്വാസിയായിരുന്നില്ല. അയാൾ മരുഭൂമിയിൽ വച്ച് പലകുറി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ആടുജീവിതത്തിന്റെ ആദ്യ കോപ്പികളിൽ ബെന്യാമിൻ ഒരു എപ്പിലോഗ് എഴുതിയിരുന്നു. ആടുജീവിതം ഒരു ജീവചരിത്രമല്ല എന്നും, അതൊരു നോവൽ ആണെന്നും പറഞ്ഞുകൊണ്ട്. നജീബിന്റെ ജീവിതവും, ബെന്യാമിന്റെ വിശ്വാസവും ചേർന്നതാണ് ആടുജീവിതം എന്ന നോവൽ എന്ന്. അതിനെ നീട്ടി വായിച്ചാൽ നജീബിന്റെ ജീവിതവും, റഹ്മാൻറെ വിശ്വാസവും ചേർന്നതാണ് പെരിയോനെ എന്ന് പറയാം. പെരിയോനെ എന്നെഴുതിയത് റഫീഖ് അഹമ്മദ് അല്ല. എ ആർ റഹ്മാൻ തന്നെയാണ്. ആ സംഗീതത്തിന് ആത്മീയമായ ഒരു തലം അന്വേഷിച്ച്, ദൈവത്തിന് നിങ്ങൾ എന്ത് പറയും എന്ന് ചോദിച്ച്, റഹ്മാൻ കണ്ടെത്തിയ ഉത്തരം. പെരിയോനെ.

ഗാനത്തിൻറെ സംഗീത ഘടന, മലയാള ചലച്ചിത്രഗാന ശാഖയിൽ ഇല്ലാതിരുന്നത് എന്ന് തന്നെ പറയാം. കുൻ ഫയ കുൻ ആയിരിക്കും പെട്ടന്ന് ശ്രോതാവിന് പെരിയോനോട് ചേർന്നു നിൽക്കുന്ന ഒരു ഗാനമായി ഓർമ്മ വരുന്നത്. ആത്മീയമായ ഒരു ട്രിപ്പ് തരുന്ന സംഗീതം. അതിന്റെ മ്യൂസിക് ഒൺലിയുടെ പേര് ബിനോവേലന്റ് ബ്രീസ് എന്നാണ്. കരുണാമയമായ കാറ്റ്. മരുഭൂമിയിലെ പൊടിക്കാറ്റിന് തീർച്ചയായും കരുണയില്ല. പിന്നെന്താണ് ബിനോവേലന്റ് ബ്രീസ്?

പെരിയോനെ പാട്ടിന്റെ വീഡിയോ തുടങ്ങുന്നത്, മരുഭൂമിയിൽ വീണു കിടക്കുന്ന ഒരു സോഡാക്കുപ്പിയെടുത്ത് അതിൽ നിന്ന് സംഗീതമുരുവാക്കുന്ന എ ആർ റഹ്‌മാനിൽ നിന്നാണ്. ദയാദാക്ഷിണ്യമില്ലാത്ത ആരോ ഉപേക്ഷിച്ചു പോയ ഒരു വസ്തുവിൽ നിന്ന് സംഗീതമുരുവാക്കുന്ന സംഗീതജ്‌ഞൻ. അത് പ്രതീക്ഷയാണ്. മരുഭൂമിയിലെ മരുപ്പച്ച. ബ്ലെസ്സി എന്ന ചലച്ചിത്രകാരൻ അത് വെറുതെ എടുത്തതാകാൻ വഴിയില്ല. പാട്ടിലുടനീളം കാറ്റിന്റെ ആ സാന്നിധ്യം കേട്ടറിയാം. ഹമ്മിങ് ആയും, കൊറസ് ആയും വാദ്യോപകരണങ്ങൾ ആയും കാറ്റ് പാട്ടിലുണ്ട്. കാറ്റ് നിന്നു പോകുന്ന ഒരു ചെറിയ ഇടവേള ബ്ലെസ്സി നിറക്കുന്നത്, നജീബിന്റെ 'ഉമ്മാ' എന്ന വിളിയാലാണ്. കാറ്റടങ്ങിയ മരുഭൂമിയിൽ അസ്തമയ സൂര്യനെ നോക്കി, ഉമ്മാ എന്ന് നീട്ടി വിളിക്കുന്ന നജീബ്.

എ ആർ റഹ്മാൻ വളരെ സ്പിരിച്വൽ ആയൊരു വ്യക്തിയാണ്. പെരിയോനെ എന്ന പാട്ടിന്റെ സംഗീതത്തിൽ മുഴുവൻ എ ആർ റഹ്മാൻ ഉണ്ട്. അതുകൊണ്ട് തന്നെ ബനോവേലന്റ് ബ്രീസ് മുഴുവനായും റഹ്മാൻ ആണ്. അയാളിൽ നിറഞ്ഞു നിൽക്കുന്ന ആ ആത്മീയമായ തൊട്ടറിയലിലാകാം ആദ്യമായി ആ സംഗീതം സെറ്റിൽ പ്ലെ ചെയ്തപ്പോൾ അവർ ഒന്നടങ്കം കരഞ്ഞു പോയത്.

ആദ്യമേ പറഞ്ഞ പോലെ റഹ്മാൻറെയും, ബെന്യാമിന്റെയും വിശ്വാസമാണ് നോവലും സംഗീതവുമെങ്കിൽ, ബ്ലെസ്സിക്കും, റഫീഖ് അഹമ്മദിനും പറയാനുള്ള നജീബിനെ ജീവിപ്പിക്കാനുള്ള ആ കാരണം സൈനുവിനോടുള്ള നജീബിന്റെ പ്രണയമാണ്. വരികളിലും വിഷ്വലിലും ഒരേപോലെ നിൽക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് സൈനുവിനോടുള്ള പ്രണയം. രണ്ട് നനവ്. മണൽവാരൽ തൊഴിലാളിയായിരുന്ന നജീബിനൊപ്പം മരുഭൂമിയിൽ ഇല്ലാത്ത, നാട്ടിൽ അയാളുടെ ജീവിതമായിരുന്ന രണ്ട് കാര്യങ്ങൾ. വരികളും, വിഷ്വലും അവിടെ പെരിയോന് മറ്റു മാനങ്ങൾ കൂടെ നൽകുന്നു. പെരിയോൻ വെള്ളമാകാം. പ്രണയമാകാം.

"നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-

ലിങ്ങിരുന്നാലും അറിയണൊണ്ടേ" എന്നത് എന്നെയോർമ്മിപ്പിക്കുന്നത്, യഥാർത്ഥ നജീബിന്റെ പങ്കാളി, നജീബിനെ കാണാതായ കാലത്തെ ഓർത്തെടുക്കുന്നതാണ്. ഗർഭിണിയായിരിക്കെ ആ രാത്രികളിൽ അവർ ഞെട്ടിയെണീറ്റ് കരയുമായിരുന്നു. നജീബിന് എന്തോ സംഭവിച്ചുവെന്ന തോന്നലിൽ അവർ ഞെട്ടിയെണീക്കുന്നത് ഉമ്മയെയും മറ്റും പേടിപ്പിച്ചിരുന്നുവെന്ന് അവർ ഓർത്തെടുക്കുന്നുണ്ട്. കാണാതെ പോയെങ്കിലും എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന സൈനുവിന്റെയും പെരിയോൻ ആ വിശ്വാസമാണ്. സൈനു എന്ന പുസ്തകം എക്‌സ്‌പ്ലോർ ചെയ്യാത്ത ആ കഥയെയാണ് വരികളും ബ്ലെസ്സിയും അന്വേഷിച്ച് പോകുന്നത് എന്ന് തോന്നിപ്പോകും. പ്രണയത്തിനും ആത്മീയമായ ഒരു ഭാവമുണ്ടല്ലോ.

The Kiss - Gustav Klimpt

ബ്ലെസ്സിയൊരുക്കിയിരിക്കുന്ന വിഷ്വൽ പോയട്രിയിൽ അത് കാണാം. മരുഭൂമിയിൽ നജീബിന്റെ ജീവിതം വരണ്ടതും റിയലിസ്റ്റിക്കും ആണെങ്കിൽ, നാടിനെയും സൈനുവിനെയും ബ്ലെസ്സി പോട്രെയ്‌ ചെയ്തിരിക്കുന്നത് നനവോട് ചേർത്ത് കാല്പനികമായാണ്. നനവുള്ള മണ്ണ് സൈനുവിന് മേൽ വാരിപ്പൊത്തി അവളെ തൊട്ടറിയുന്ന നജീബ്. ഗുസ്താവ് ക്ലിംപ്റ്റിന്റെ ദി കിസ് എന്ന പെയ്ന്റിങിനെ ഓർമ്മിപ്പിക്കും വിധം കാല്പനികമായ ഒരു കാഴ്ച്ച. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അമല പോൾ പറയുകയുണ്ടായി 'സൈനുവിന്റെയും നജീബിന്റെയും പ്രണയത്താൽ തോണി മുങ്ങിപ്പോകയാണ്' എന്ന് ബ്ലെസ്സി എഴുതിയിരുന്നു എന്ന്. നോക്കൂ, ആ വരികൾക്ക് തന്നെ ഛായാചിത്രത്തിന്റെ ഭംഗിയുണ്ട്. എന്നാൽ മരുഭൂമിയിൽ വരൾച്ചയെയുള്ളൂ. നീണ്ടു നിവർന്ന് കിടക്കുന്ന മരുഭൂവിൽ ഒരിത്തിരികുഞ്ഞനെന്ന് തോന്നിപ്പിക്കുന്ന വണ്ടിയിൽ, അതിലും ചെറിയതായ നജീബ് കയ്യിൽ കിട്ടിയതെന്തോ കൊണ്ട് സൈനുവെന്ന് കോറിയിടുന്നത്. ബോംബെയിൽ നിന്നും വാങ്ങിയ പേനയും പേപ്പറും വച്ച് തന്റെ ജീവിതത്തിലെ ആദ്യ കത്തെഴുതുന്ന നജീബും ബ്ലെസ്സി തരുന്ന പ്രലോഗ് ആണ്.

'ഞാനാ പേപ്പർ മടക്കി, പിന്നെ കണ്ണടിച്ചിരുന്നു. കുറെ കരഞ്ഞു. ആ കത്തല്ല, ആ കരച്ചിലായിരുന്നു എന്റെ സത്യം. ആരും വായിക്കാത്ത സത്യം.'

പൃഥ്വിരാജ് എന്ന നടൻ തന്റെ സർവസ്വവും നൽകിയ കഥാപാത്രം എങ്ങനെയാകും ചിത്രത്തിൽ എന്നറിഞ്ഞുകൂടാ. എന്നാൽ ഇനിയീ വരികൾ വായിക്കുമ്പോൾ മറ്റൊരു മുഖം ഓർമ്മ വരാത്ത തക്കം അയാൾ ആ ഷോട്ടിൽ കരഞ്ഞിട്ടുണ്ട്.

ആടുജീവിതം സിനിമയാകുമ്പോൾ ഏറ്റവും ദുഷ്കരമെന്ന് എനിക്ക് തോന്നിയിരുന്ന കാര്യം അതിന്റെ ഭാഷയില്ലായ്മയാണ്. സാഹിത്യത്തിൽ നാം വായിക്കുന്നത് നജീബിന്റെ ചിന്തകളാണ്. നജീബിന് മനസ്സിലാകുന്നതെ വായനക്കാർക്ക് മനസ്സിലായിട്ടുള്ളൂ. അറബിക് ഡയലോഗുകൾക്ക് സബ്ടൈറ്റിലുകൾ ഇല്ലാതെ ബ്ലെസ്സിയത് ചലച്ചിത്രമാക്കുമ്പോൾ ഒരു പടി കടന്നു. എങ്കിലും നോക്കൂ, നജീബ് മിക്ക സമയങ്ങളിലും ഒറ്റക്കാണ്. അയാൾക്ക് പറയാനുള്ളത്, അയാളെ പ്രേക്ഷകർ എങ്ങനെ കാണും? അറിയും? സാഹിത്യത്തിൽ വാക്കുകൾ ചെയ്തത്, സിനിമയിൽ സംഗീതം ചെയ്യേണ്ടി വരും. തർജമ. അതുകൊണ്ട് തന്നെ എ ആർ റഹ്മാൻ ഫാക്ടർ ആടുജീവിതത്തിന് അഭേദ്യമാണ്. തന്റെ പതിനാറ് വർഷങ്ങൾ നൽകി ബ്ലെസ്സിയൊരുക്കുന്ന ആടുജീവിതത്തിന്, അയാളുടെ കാഴ്ചയ്ക്ക്, സംഗീതം വേണം. എ ആർ റഹ്മാൻ വേണം. A Blessy Film, An AR Rahman musical എന്ന് ഒരേ വലിപ്പത്തിൽ പോസ്റ്ററിൽ എഴുതിയ അതെ അർത്ഥമുണ്ട്.

അതുകൊണ്ട് തന്നെ ആടുജീവിതമെന്ന ചലച്ചിത്രാവിഷ്കാരത്തിന് എആർ റഹ്മാൻ സംഗീതം കൊണ്ടെഴുതിയ ആമുഖമാണ് ബെനോവലെന്റ് ബ്രീസ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT