Filmy Features

'സിനിമ കണ്ട് ലിജോ ചേട്ടന്‍ പറഞ്ഞ വാക്കുകള്‍ അംഗീകാരം'; പല്ലൊട്ടിയെ കുറിച്ച് സംവിധായകന്‍ ജിതിന്‍ രാജ്

നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത പല്ലൊട്ടി എന്ന ചിത്രം ഏപ്രിലിലാണ് തിയേറ്ററിലെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമ കണ്ട് ലിജോ പറഞ്ഞ വാക്കുകള്‍ വലിയ അംഗീകാരമായി കാണുന്നുവെന്ന് ദ ക്യുവിനോട് സംവിധായകന്‍ ജിതിന്‍ രാജ് പറഞ്ഞു.

പല്ലൊട്ടി തിയേറ്ററില്‍ കാണേണ്ട സിനിമ

ഞാന്‍ 2017ലാണ് പല്ലൊട്ടി എന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ഞങ്ങള്‍ ഒകു നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് Cranganore talkies എന്നൊരു കളക്റ്റീവ് ഉണ്ടാക്കി. അതില്‍ ചെയ്ത ആദ്യ ഷോര്‍ട്ട് ഫിലിമായിരുന്നു പല്ലൊട്ടി. 2017ല്‍ അത്യാവശ്യം ജനകീയമായ ഒരു ഷോര്‍ട്ട് ഫിലിമായിരുന്നു അത്. അന്ന് സാജിദിക്ക (സാജിദ് യഹിയ-നിര്‍മ്മാതാവ്) പല്ലൊട്ടി കണ്ടിട്ട് വിളിച്ച് സിനിമ ചെയ്യാന്‍ പറഞ്ഞിരുന്നു. അതിന് ശേഷം രണ്ട് കൊല്ലം കഴിഞ്ഞ് രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ കൂടെ ഞങ്ങള്‍ ചെയ്തു. ടോക്കിംഗ് ടോയ്, വിരാഗ് എന്നിവയാണ് ഷോര്‍ട്ട് ഫിലിമുകള്‍. അത് രണ്ടും ഞാന്‍ സംവിധാനം ചെയ്യുന്നു, കഥ തിരക്കഥ ദീപക് വാസന്‍, ക്യാമറ-ഷാരോണ്‍ ശ്രീനിവാസ്, എഡിറ്റര്‍ രോഹിത്ത്. അങ്ങനെ ഞങ്ങള്‍ നാല് പേരാണ് ഒരുമിച്ച് സിനിമയിലേക്ക് എത്തണം എന്ന സ്വപ്‌നവുമായി വന്നത്. അങ്ങനെ 2020ഓടെ സിനിമയുടെ കാര്യങ്ങള്‍ ആരംഭിച്ചു. അന്ന് തന്നെ ആദ്യ സിനിമ പല്ലൊട്ടി തന്നെ ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. 2021ല്‍ ആദ്യ ഷെഡ്യൂളും 2022ല്‍ രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 2023 ഏപ്രിലില്‍ സിനിമ തിയേറ്ററിലെത്തും. ഇത് തിയേറ്ററില്‍ കാണേണ്ട സിനിമയാണ്.

സിനിമ കണ്ട് ലിജോ ചേട്ടന്‍ പറഞ്ഞ വാക്കുകള്‍ വലിയ അംഗീകാരം

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമ അവതരിപ്പിക്കുന്നത്. ലിജോ ചേട്ടന്‍ ആദ്യമായി അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. സിനിമ കണ്ട ശേഷം ലിജോ ചേട്ടന്‍ പറഞ്ഞത് സിനിമ നന്നായി കണക്ടായി എന്നാണ്. ഒരുപാട് നല്ല നിമിഷങ്ങളുള്ള ഒരു നല്ല സിനിമയാണ് പല്ലൊട്ടി എന്നാണ് ലിജോ ചേട്ടന്റെ ഭാഗത്ത് നിന്ന് കിട്ടിയ പ്രതികരണം. അത് സിനിമയുടെ റിലീസിന് മുന്‍പ് തന്നെ കിട്ടുന്ന വലിയ അംഗീകാരമാണല്ലോ. സിനിമ ലിജോ ചേട്ടന്‍ ഒരുപാട് തവണ കണ്ടിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. അങ്ങനെയാണ് സിനിമ അവതരിപ്പിക്കാം എന്ന തീരുമാനത്തിലെത്തുന്നത്.

രണ്ട് കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ

കണ്ണന്‍ ചേട്ടന്‍, ഉണ്ണിക്കുട്ടന്‍ എന്ന് പറയുന്ന രണ്ട് കൂട്ടുകാരുടെ കഥയാണ് സിനിമ. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് എന്നിവരാണ് പല്ലൊട്ടി എന്ന ഷോര്‍ട്ട് ഫിലിമില്‍ ഈ കഥാപാത്രങ്ങള്‍ ചെയ്തത്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങളെ മാറ്റി ചിന്തിക്കാന്‍ എനിക്ക് സാധിച്ചില്ല. ഡാവിഞ്ചി വേറെയും സിനിമകള്‍ ചെയ്തിരുന്നു, പക്ഷെ നീരജിന്റെ ആദ്യത്തെ സിനിമയാണിത്. ഇവര്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളും അവര്‍ക്ക് തന്നെയാണ് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് ഉള്ളതും. പിന്നെ ഇവര്‍ക്കൊപ്പം ശക്തമായൊരു വേഷം ചെയ്ത ഒരു അമ്മൂമ്മയും ഉണ്ട്. തങ്ക എന്നാണ് പേര്. അവര്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ഗംഭീര വേഷമാണ് അവര്‍ ചെയ്തിരിക്കുന്നത്. കണ്ണന്റെ അമ്മൂമ്മയുടെ വേഷമാണ്.

സിനിമയിലുള്ളത് 90 കാലഘട്ടം

പല്ലൊട്ടി കുട്ടികളുടെ സിനിമ എന്നതിന് അപ്പുറത്ത് ഇത് കണക്റ്റാവുന്നത് വലിയ ആളുകള്‍ക്കാണ്. 90കളില്‍ വളര്‍ന്ന ഇപ്പോള്‍ 25-45 വയസ് പ്രായമുള്ളവര്‍ക്കാണ് പല്ലൊട്ടി എന്ന സിനിമയുടെ ഇമോഷന്‍ കിട്ടുക. കാരണം അവരുടെ ചെറുപ്പമാണല്ലോ സിനിമ കാണിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളും അത് ആസ്വദിക്കും. സിനിമയില്‍ നൊസ്റ്റാള്‍ജിയ എലമന്റ്‌സ് ഒരുപാട് ഉണ്ട്. അങ്ങനെ ചെയ്യാന്‍ വേണ്ടി ചെയ്തതല്ല, മറിച്ച് അന്നത്തെ കാലഘട്ടം കാണിക്കുമ്പോള്‍ അറിയാതെ തന്നെ വന്ന് പോയതാണ്. ഇതൊരു ചെറിയ സിനിമയാണ്. എന്നാലും ഇമോഷന്‍ കൃത്യമായി ആളുകളിലേക്ക് എത്തുമെന്ന് കരുതുന്നു.

സിനിമ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ് പല്ലൊട്ടി. ചിത്രം സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിങ്ങനെ നാല് നവാഗതരെയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT