ഒരു പത്ത് കോടി കൊടുത്താൽ തീരാവുന്നതാണോ നയൻതാരയും ധനുഷുമായുള്ള പ്രശ്നം?
സൂപ്പർ സ്റ്റാർ സ്റ്റാർഡത്തിന്റെ മുകളിലിരിക്കുമ്പോഴും എന്തീനീ പകയെന്ന് പൊതു സമൂഹത്തിന് മൂന്നിൽ ഉറക്കെ വിളിച്ചു ചോദിക്കാൻ മാത്രം എന്താവും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?
മോർ ഓവർ എന്തിനായിരിക്കാം ധനുഷിന് നയൻതാരയോട് ഇത്ര പക?
ധനുഷിനെതിരെ ഒരു ഓപ്പൺ ലെറ്ററുമായി രംഗത്ത് എത്തയിരിക്കുന്ന നയൻതാരയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുഴുവനും. നയൻതാര ബിയോണ്ട് ദ ഫെറി ടെയ്ൽ എന്ന തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്റെറി കഴിഞ്ഞ രണ്ടുവർഷമായി റിലീസ് ചെയ്യാൻ കഴിയാത്തതിന്റെ കാരണക്കാരൻ ധനുഷാണെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ നയൻതാര ആരോപിക്കുന്നത്. ലെറ്റർ പുറത്തു വിട്ടതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നയൻതാരയ്ക്ക് എതിരെ നടക്കുന്നത്. കല്യാണം കച്ചവടമാക്കി മാറ്റിയ നടി എന്നു തുടങ്ങി നയൻതാരയുടെ സ്വകാര്യ ജീവിതവും തീരുമാനങ്ങളും അവർ കെട്ടിപ്പടുത്ത കരിയറുമെല്ലാം ഒറ്റ നിമഷത്തിൽ മാറി മറിഞ്ഞ് അവരിവിടെ സ്ലട്ട് ഷെയിമിന് ഇരയാവുകയാണ്.
'നാനും റൗഡി താൻ' എന്ന സിനിമയിലെ BTS രംഗങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ധനുഷ് നയൻതാരയ്ക്ക് ലീഗൽ നോട്ടീസ് അയച്ചത്. മൂന്ന് സെക്കന്റുകൾ മാത്രം വരുന്ന BTS രംഗങ്ങൾ 24 മണിക്കൂറിനകം ഒഴിവാക്കിയില്ലെങ്കിൽ 10 കോടി രൂപയാണ് നയൻതാര ധനുഷിന് നഷ്ടപരിഹാരമായി നൽകേണ്ടി വരിക. 25 കോടി രൂപ നെറ്റ്ഫ്ലിക്സിൽ നിന്നും പ്രതിഫലം വാങ്ങിയ നയൻസിന് പത്ത് കോടി രൂപ ധനുഷിന് കൊടുത്തൂടെയെന്നാണ് പരക്കെ ഉയരുന്ന വാദം. നയൻതാരയുടെ ക്യാരക്ടർ അസാസിനേഷൻ നടത്തുകയും അവരുടെ കരിയറിനെ ഒന്നുമല്ലാതാക്കിക്കൊണ്ട് ചർച്ചകൾ പൊട്ടിവരികയും ചെയ്യുന്ന സോഷ്യൽ മീഡിയ എന്നാൽ അതിനെക്കുറിച്ച് മാത്രമാണോ ആകുലപ്പെടേണ്ടത്.
പരസ്പരമുള്ള നടന്മാരുടെ പോരുകൾ തമിഴ് മണ്ണിന് പുതിയ കാര്യമല്ല. പക്ഷേ അന്നൊന്നും കാണാത്ത തരത്തിൽ എതിരെ നിൽക്കുന്നത് ഒരു സ്ത്രീയാകുമ്പോൾ സോഷ്യൽ മീഡിയ ആ പോരിനെ അഡ്രസ്സ് ചെയ്യുന്നത് തീർത്തും പ്രോബ്ലമാറ്റിക്കായ രീതിയിലാണെന്നാതാണ് എടുത്തു പറയേണ്ടത്. ചർകളിലും പോസ്റ്റുകളിലും പൊങ്ങി വരുന്നത് അവരുടെ സ്വകാര്യജീവിതമാണ്, ചർച്ചയുടെ ആവശ്യം പോലുമില്ലാത്ത ബഹുമാനിക്കപ്പെടേണ്ട അവരുടെ സ്വകാര്യതയാണ്.
ഒരു 10 കോടി കൊടുത്താൽ തീരുന്നതാണോ ഒരു ഓപ്പൺ ലെറ്ററിൽ നയൻതാര ഉയർത്തി വച്ച പ്രശ്നം. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി ഒരു ബ്രാന്റ് പോലെ അവരെ പൊതിഞ്ഞിരിക്കുമ്പോഴും ഒരു ഡോക്യുമെന്ററി റിലീസ് ചെയ്യാൻ തമിഴിലെ ഒരു മുൻനിര നടൻ കാരണം അവർക്ക് കാത്തിരിക്കേണ്ടി വരുന്നത് 2 വർഷത്തോളമാണ്. ധനുഷിന് അയച്ച ഓപ്പൺ ലെറ്ററിൽ എന്തിനാണ് ഇത്ര പക എന്നാണ് നയൻതാര ചോദിക്കുന്ന ഒരു ചോദ്യം. പണമോ ബിസിനസ്സ് നിബന്ധനകളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതെനിക്ക് മനസ്സിലാക്കാൻ സാധിക്കും, എന്നാൽ താങ്കൾ വ്യക്തി വൈരാഗ്യം തീർക്കാനായാണ് ഈ അവസരത്തെ ഉപയോഗിക്കുന്നതെന്നാണ് നയൻതാര ഉന്നയിക്കുന്നത്. വ്യക്തിവൈരാഗ്യം മൂലം അയാൾ അവർക്ക് നേരെ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയാണ് ഇവിടെ അഡ്രസ്സ് ചെയ്യേണ്ടത്.
'നാനും റൗഡി താൻ' എന്ന സിനിമയിലെ തന്റെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് 2016 ലെ ഫിലിം ഫെയർ വേദിൽ ധനുഷിനെ മുന്നിലിരുത്തിക്കൊണ്ട് അവാർഡ് ഏറ്റുവാങ്ങിയ നയൻതാര പറഞ്ഞത്. ബോക്സ് ഓഫീസിൽ തകരുമെന്ന് കരുതിയ പടം സൂപ്പർ ഹിറ്റായപ്പോൾ അത് ഹർട്ട് ചെയ്തത് ധനുഷിന്റെ ഈഗോയെയാണെന്നും ഓപ്പൺ ലെറ്ററിൽ നയൻതാര പരാമർശിക്കുന്നുണ്ട്. ഡോക്യുമെന്ററിയിൽ തന്റെ പ്രണയകാലത്തെ അടയാളപ്പെടുത്താൻ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ വിഷ്വലുകളും പാട്ടുകളും ഉപയോഗിക്കാൻ NOC ആവശ്യപ്പെട്ട് 2 വർഷത്തോളം കാത്തിരുന്ന ശേഷമാണ് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്ത് നയൻതാര വീണ്ടും റിലീസ് പ്രഖ്യാപിച്ചത്.
നിരവധി നായികമാർ കൊമേഷ്യൽ സിനിമകളിലേക്കുള്ള അവരുടെ വഴി വെട്ടി തന്നതിന് നയൻതാരയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. ഒരു നായക നടന്റെയും പിൻബലമില്ലാതെ ഒരു മെയിൽ ഡോമിനേറ്റഡ് ഇൻഡസ്ട്രിയിൽ അവർ ഹിറ്റുകളുണ്ടാക്കി ചരിത്രം തിരുത്തിയിട്ടുണ്ട്. നായകനൊപ്പമോ അല്ലെങ്കിൽ അതിനെക്കാൾ കൂടുതലോ പ്രതിഫലം വാങ്ങി അവരുടെ താരമുല്യം അവർ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഒരു പവർഫുള്ളായ പൊസിഷനിൽ ഇരിക്കുമ്പോഴും നിലനിൽക്കാൻ സാധിക്കുണ്ടല്ലോ എന്നു നമ്മൾ കരുതുമ്പോഴും അവർ നേരിടേണ്ടി വരുന്നത് ഇത്തരത്തിലുള്ള മെയിൽ ഈഗോ ക്ലാഷുകളെയാണ്. എന്നാൽ സോഷ്യൽ മീഡിയ അറ്റാക്കുകൾ അവർക്ക് നേരെ ഉയർന്നുവരുന്ന അതേ സമയം മറുവശത്ത് പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, നസ്രിയ, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസൻ, ഗീതു മോഹൻദാസ് തുടങ്ങി ധനുഷിനൊപ്പം പല നാളുകളിലായി പ്രവർത്തിച്ച നായികമാരടക്കം നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.
കൊമേഴ്ഷ്യൽ സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടി പണമിറക്കാൻ മടിച്ചിരുന്ന ഒരു ആൺലോകത്തെ മാറ്റിമറിച്ച ചരിത്രമാണ് നയൻതാരയുടെ വലിയ നേട്ടങ്ങളിലൊന്ന്. അവർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന യുദ്ധം അതുകൊണ്ട് തന്നെ കേവല വ്യക്തിഗത ചർകളിലേക്ക് ചുരുക്കി ചെറുതാക്കി കാണേണ്ടതല്ലെന്നാണ് നമ്മൾ ഓരോരുത്തരും ഓർക്കേണ്ടതും.