Filmy Features

നായകന്‍ മുതല്‍ ജല്ലിക്കട്ട് വരെ, ലിജോ പെല്ലിശേരിയുടെ മാറിനടത്തം, പ്രേക്ഷകരുടെയും 

THE CUE

മലയാളത്തിലെ നവതലമുറ ചലച്ചിത്രകാരന്‍മാരില്‍ ഒന്നാം പേരുകാരനാണ് ലിജോ ജോസ് പെല്ലിശേരി. സമകാലികരില്‍ പലരും വിജയഫോര്‍മുലകളില്‍ വട്ടംചുറ്റുമ്പോള്‍ ലോകസിനിമയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മീഡിയത്തില്‍ പരീക്ഷണത്തിന് ഇറങ്ങിയ ക്രാഫ്റ്റ് മാന്‍. ഒരേ സ്വഭാവമുള്ള സിനിമകളും, ഫോര്‍മുലകളും ആവര്‍ത്തിക്കാനില്ലെന്ന ഉറച്ച നിലപാടാണ് നായകന്‍ മുതല്‍ ജല്ലിക്കട്ട് വരെ.

നായകന്‍

ലിജോയുടെ കന്നിവരവ് കഥകളിയിലെ രൗദ്രവേഷവും ഗാംഗ്സ്റ്റര്‍ ഫൈറ്റുകളിലെ രൗദ്രതാളവും ചേര്‍ത്തുള്ള നായകന്‍ എന്ന സിനിമയിലാണ്. ട്രീറ്റ്മെന്റിലും താളത്തിലും കളര്‍ ടോണിലും സംഭാഷണത്തിലുമെല്ലാം മലയാളത്തിന് അടിമുടി അപരിചിതമായ ശൈലി. വേറിട്ട സിനിമയ്ക്കുള്ള ശ്രമം എന്നതിനപ്പുറം നിരവധി പോരായ്മകളുള്ള ചിത്രമായിരുന്നു നായകന്‍. ഇന്ദ്രജിത്ത് നായകന്‍, തിലകന്റെ മാസ് റോള്‍, സിദ്ദീഖിന്റെ സ്റ്റൈലിഷ് വില്ലന്‍. മ്യൂസിക് ട്രാക്ക് പുറത്തുവിട്ടത് എ ആര്‍ റഹ്മാന്‍. വിദേശ സിനിമകളുടെ ശൈലിയോടുള്ള ലിജോയുടെ കമ്പം എടുത്തുപറയുന്നതായിരുന്നു നായകന്‍ എന്ന സിനിമ. സിനിമ പരാജയപ്പെട്ടെങ്കിലും വഴിമാറി നടക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ലിജോ എന്ന് മലയാളിക്ക് പിടികിട്ടി. പി എസ് റഫീക്കിന്റേതായിരുന്നു തിരക്കഥ.

സിറ്റി ഓഫ് ഗോഡ്

ഹൈപ്പര്‍ ലിങ്ക് നരേറ്റീവില്‍ പല കോണുകളിലുള്ള മനുഷ്യരുടെ കഥ പറഞ്ഞ സിനിമ. സിനിമയുടെ റിലീസ് ഉള്‍പ്പെടെ പ്രതിസന്ധിയിലായിരുന്നു. വേണ്ടത്ര പ്രമോഷനില്ലാതെ എത്തിയ സിനിമ തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ല. പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതിയും റിമയും ഉള്‍പ്പെടെ മികച്ച പെര്‍ഫോര്‍മന്‍സുകളുടേതായിരുന്നു സിറ്റി ഓഫ് ഗോഡ്. മലയാള സിനിമയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതം കൃത്യമായി പരാമര്‍ശിച്ച സിനിമയുമായിരുന്നു സിറ്റി ഓഫ് ഗോഡ്. ബാബു ജനാര്‍ദ്ദനന്‍ ആയിരുന്നു രചന. പ്രശാന്ത് പിള്ള ലിജോക്കൊപ്പം കൈകോര്‍ത്ത രണ്ടാമത്തെ ചിത്രവുമാണ് സിറ്റി ഓഫ് ഗോഡ്. ട്രീറ്റ്മെന്റും ക്യാമറാ ചലനങ്ങളും ഹൈപ്പര്‍ ലിങ്ക് നരേറ്റീവില്‍ ഓരോ കഥയും പറഞ്ഞ രീതിയുമെല്ലാം പിന്നീട് പ്രശംസിക്കപ്പെട്ടു.

ആമേന്‍

മലയാള സിനിമ ഫാന്റസിയെയും മാജിക്കല്‍ റിയലിസത്തെയും സമീപിച്ചാല്‍ ആമേന്‍ പോലൊരു സിനിമ എന്ന് റഫറന്‍സ് വരുംവിധത്തിലാണ് ലിജോയുടെ മൂന്നാമത്തെ സിനിമ പ്രതിഷ്ഠിക്കപ്പെട്ടത്. നമ്മുടെ സിനിമകളിലെ പരീക്ഷണങ്ങള്‍ പലതും ക്ഷമാപരീക്ഷണമായിരുന്നിടത്ത് 'ആമേന്‍' മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതയാണ് തുറന്നിട്ടത്. മനോഹരമായി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമ കൂടിയാണ് ആമേന്‍. എമിര്‍ കുസ്തുറിക്കയുടെയും ചില ലാറ്റിന്‍ അമേരിക്കന്‍ സിനിമകളുടെയും ഫീല്‍ നല്‍കിയ ചിത്രം. ഫഹദ് ,ഇന്ദ്രജിത്ത്, ജോയ് മാത്യു എന്നിവര്‍ക്കൊപ്പം ഒരു പറ്റം പുതിയ അഭിനേതാക്കളുടെ പ്രകടനവും. പ്രശാന്ത് പിള്ളയുടെ സംഗീതവും അഭിനനന്ദന്റെ ക്യാമറയും ഒരുക്കിയ കുമരങ്കരയുടെ സ്വപ്നഭൂമികയും ആമേന്റെ ഭംഗിയായിരുന്നു.

ഡബിള്‍ ബാരല്‍

ലിജോയുടെ മുന്‍ സിനിമകളില്‍ നിന്ന് രീതിഭാവങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന ഗാംഗ്‌സറ്റര്‍ കോമഡി ചിത്രമായിരുന്നു ഡബിള്‍ ബാരല്‍. ധൈര്യമുള്ള പരീക്ഷണ നീക്കം. ആസ്വാദകന്റെ യുക്തിയും ചിന്തയും പരിഗണനാ വിഷയമാകാതെ കോമിക് ബുക്ക് ശൈലിയില്‍ അസംബന്ധ ബന്ധിതമായൊരു സിനിമ. രാജ്യാന്തര ഗാംഗ്സ്റ്റര്‍ സ്പൂഫ് സിനിമളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആഖ്യാനരീതി. അധോലോക കഥകളുടെ അസംബന്ധ വര്‍ണ്ണനയാണ് ഡബിള്‍ ബാരല്‍. ലിജോ തന്നെയായിരുന്നു തിരക്കഥ. ലോക്ക് സ്റ്റോക്ക് ആന്‍ഡ് ടു സ്‌മോക്കിംഗ് ബാരല്‍സ്,സ്‌നാച്ച് എന്നീ ഗയ്‌റിച്ചീ സിനിമകളോട് അടുപ്പമുണ്ടാക്കുന്ന സിനിമ. ലിജോ ചെയ്തതില്‍ ഏറ്റവും കൂടിയ ബജറ്റും ഡബിള്‍ ബാരലിന്റേതായിരുന്നു. ഡബിള്‍ ബാരല്‍ എന്ന ഔട്ട് ഓഫ് ദ ബോക്‌സ് പരീക്ഷണം തിയറ്ററുകളില്‍ പരാജയപ്പെട്ടത് ബജറ്റ് കുറഞ്ഞ സിനിമകളിലേക്ക് ലിജോയെ വഴിതിരിച്ചുവിട്ടുവെന്ന് വേണം കരുതാന്‍. 'നോ പ്ലാന്‍ ടു ചേഞ്ച് നോ പ്ലാന്‍ ടു ഇംപ്രസ്' എന്ന മറുപടിയുമായാണ് ഡബിള്‍ ബാരല്‍ വിമര്‍ശനം നേരിട്ടപ്പോല്‍ ലിജോ രംഗത്ത് വന്നത്.

അങ്കമാലി ഡയറീസ്

പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ പരീക്ഷണ സിനിമയ്ക്ക് ശേഷവും സാഹസികമായ മറ്റൊരു പരീക്ഷണത്തിനുള്ള ധൈര്യം. വന്‍ ബജറ്റും മുന്‍നിര താരങ്ങളും മുഖമായിരുന്ന ഡബിള്‍ ബാരലില്‍ നിന്ന് 86 പുതുമുഖ അഭിനേതാക്കളുടെ സിനിമ, അതായിരുന്നു അങ്കമാലി ഡയറീസ്. ഒരേതരം ഫോര്‍മുലകളില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ ധൈര്യപ്പെടാത്ത ഭൂരിപക്ഷത്തിനിടയില്‍ നിന്നാണ് പതിവ് ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരാന്‍ ലിജോ ജോസ് പെല്ലിശേരി തയ്യാറായത്. അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. മലയാളത്തിലെ മികച്ച സ്വഭാവ നടന്‍മാരിലൊരാളായ ചെമ്പന്‍ വിനോദ് ജോസായിരുന്നു അങ്കമാലി ഡയറീസിന്റെ രചയിതാവ്. കൂടിയാണ്. മൗലികതയിലേക്കും തദ്ദേശീയമായി കഥ പറയുന്ന രീതിയിലേക്കും ലിജോയുടെ മാറി നടത്തവുമായിരുന്നു അങ്കമാലി ഡയറീസ്.

ഈ മ യൗ

മാറിയ മലയാള സിനിമയുടെ മുഖചിത്രമായിരുന്നു ഇ മ യൗ. പി എഫ് മാത്യൂസ് സൃഷ്ടിച്ച കഥാഭൂമികയില്‍ നിന്ന് മരണം കേന്ദ്രകഥാപാത്രമാക്കി ലിജോയുടെ ആഖ്യാനം. മരണത്തിന്റെ തണുപ്പില്‍ നിന്നും മരവിപ്പില്‍ നിന്നും മാജിക്കല്‍ റിയലിസത്തിന്റെ അനുഭവാന്തരീക്ഷത്തിലേക്കുള്ള സമാന്തര സഞ്ചാരവുമായിരുന്നു ഈ മ യൗ. പൂര്‍ത്തിയാക്കുന്നുണ്ട് ഈ മ യൗ. രാജ്യാന്തര തലത്തിലേക്ക് ലിജോ ജോസ് പെല്ലിശേരി എന്ന ചലച്ചിത്രകാരന്റെ പ്രവേശം കൂടിയായിരുന്നു ഈ സിനിമ.

ലിജോ ഇതുവരെ ചെയ്ത സിനിമകളെല്ലാം സിനിമയുടെ ഭാവത്തോട് ലയിച്ചുനീങ്ങുന്ന അല്ലെങ്കില്‍ അത്തരമൊരു അനുഭവപരിസരം സൃഷ്ടിച്ചെടുക്കുന്ന താളമുണ്ടായിരുന്നു. ആമേനിലും ഡബിള്‍ ബാരലിലും അങ്കമാലിയിലും ഈ താളം സിനിമയുടെ ഹൃദയതാളവുമായിരുന്നു. ലിജോ ഇവിടെ അത്തരമൊരു സാധ്യതയെ/ സൗകര്യത്തെ ഉപേക്ഷിക്കുകയാണ്. കൊച്ചാല്‍ബിയുടെ പൊട്ടിയ ക്ലാരനെറ്റില്‍ നിന്നുള്ള അപതാളമാണ് സിനിമയുടെ താളം. അത് മരണവീട്ടിലെ, മരണത്തിന്റെ താളവുമായി മാറുന്നുണ്ട്.

ജല്ലിക്കട്ട് തിയറ്ററുകളിലെത്തുമ്പോള്‍ പുതിയ സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലിജോ പെല്ലിശേരി. സിനിമയെന്ന മാധ്യമത്തില്‍, കഥ പറച്ചിലിലില്‍, പുതിയ കാലത്തിനൊപ്പം പരീക്ഷണങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ സംവിധായകനെന്ന നിലയിലാണ് ലിജോ മുന്നേറുന്നത്. ഓരോ സിനിമ പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അടുത്ത മാജിക്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT