മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഫ്രണ്ട്സ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന സമയം, നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ ആദ്യം ആ കഥ ചെന്ന് പറഞ്ഞത് അന്ന് താരമായി ഉയർന്ന് വന്നുകൊണ്ടിരുന്ന വിജയ്യോടായിരുന്നു, ശ്രീനിവാസന്റെ റോളിൽ രമേഷ് ഖന്നയെത്തി, പിന്നെയുള്ളത് മുകേഷ് അവതരിപ്പിച്ച ചന്തുവാണ്. ആ കഥാപാത്രം അവതരിപ്പിക്കാനായൊരാളെ അന്വേഷിച്ചപ്പോഴാണ് മുതിർന്ന അഭിനേതാവായ ശിവകുമാറിന്റെ മക്കളിൽ ഒരാൾ സിനിമയിലുണ്ടെന്ന് അറിയുന്നത്. അവരെ ചെന്ന് കാണുമ്പോൾ അഭിനയിച്ച സിനിമകൾ പരാജയപ്പെട്ടതുകൊണ്ടും പത്രങ്ങൾ ഈ മകൻ ശിവകുമാറിന്റെ പേര് കളയും എന്ന് എഴുതിയതുമെല്ലാം കൊണ്ട് ഇനി അഭിനയം വേണ്ടെന്ന് പറഞ്ഞ് ആ ചെറുപ്പക്കാരൻ ചാർട്ടേഡ് അക്കൗണ്ടന്സി പഠിക്കുകയാണ്. മകനെ ഇനി അഭിനയിക്കാൻ വിടുന്നില്ലെന്ന് പറഞ്ഞ് ശിവകുമാർ അവരെ മടക്കി അയച്ചു. പക്ഷേ പിറ്റേന്ന് വൈകീട്ട് ഒരു ചെറുപ്പക്കാരൻ സ്വർഗചിത്ര അപ്പച്ചനെ കാണാനെത്തി. സംവിധായകൻ സിദ്ദിഖിന് മുന്നിൽ വന്ന് അഭിനയിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. നടിക്ക തെരിയാത് എന്ന് പറഞ്ഞ് ലോകം വിധിയെഴുതിയവരെക്കൊണ്ട് ശവരണൻ ശിവകുമാർ എന്ന സൂര്യ തിരുത്തി വിളിപ്പിച്ചു. നടിപ്പിൻ നായകനെന്ന്.
തമിഴിൽ വിജയ്‍യും അജിത്തും വിക്രമുമെല്ലാം കൊമേർഷ്യൽ സിനിമകളിലൂടെ തങ്ങളുടെ സ്ഥാനം അരകെട്ടുറപ്പിക്കുന്ന സമയത്താണ് സൂര്യ സിനിമയിലേക്ക് എത്തുന്നത്. കൊമേർഷ്യൽ സിനിമകളെന്നാൽ ഇവർ ആയിരുന്നു ഏതൊരു നിര്മാതാവിന്റെയും ആദ്യ ചോയ്സ്. അവിടെയാണ് സൂര്യ കടന്ന് വരുന്നത്. ഡാൻസ് അറിയില്ല, ഫൈറ്റ് ചെയ്യാൻ അറിയില്ല, മര്യാദക്ക് നടക്കാൻ അറിയില്ല, ഡയലോഗുകൾ പറയാൻ അറിയില്ല, ഒരു ക്ലോസ് ആപ്പ് ഷോട്ടിൽ മര്യാദക്ക് ഒന്ന് ചിരിയ്ക്കാൻ പോലും അറിയില്ല. ഇതായിരുന്നു ആദ്യ കുറച്ച് ചിത്രങ്ങൾ കൊണ്ട് സൂര്യയെ തമിഴ് സിനിമ ലോകം വിളിച്ചത്.
നേർക്ക് നേർ എന്ന ചിത്രത്തിൽ വിജയ്യോടൊപ്പം ഒരു പ്രധാന കഥാപാത്രത്തിലൂടെ സിനിമയിലേക്ക് തുടക്കം കുറിച്ചെങ്കിലും പ്രകടനങ്ങളിൽ ഫ്രണ്ട്സിന് ശേഷം എത്തിയ ബാലയുടെ നന്ദ എന്ന ചിത്രമാണ് സൂര്യക്ക് തുണയാകുന്നത്. വളരെ rugged ആയ ഒരു ex - convict ന്റെ പ്രകടനം സൂര്യക്ക് മികച്ച നടനുള്ള തമിഴ് നാട് സ്റ്റേറ്റ് അവാർഡും നേടിക്കൊടുത്തു. എന്നാൽ സൂര്യയുടെ സ്റ്റാർഡം ഉറപ്പിച്ച ചിത്രം 2003ൽ പുറത്തിറങ്ങിയ ഗൗതം മേനോൻ ഒരുക്കിയ കാക്ക കാക്ക ആയിരുന്നു. ചിത്രത്തിലെ അൻപ്ചെൽവൻ എന്ന കഥാപാത്രം തമിഴ് സിനിമയിലെ തന്നെ മികച്ച പോലീസ് വേഷങ്ങളിൽ ഒന്നായി മാറി. റഫ് ആയ മാസ്സ് ആയ ആസിഡ് ഒഴിക്കാൻ നിൽക്കുന്നവന്റെ മുന്നിലേക്ക് കണ്ണ് പോലും അടയ്ക്കാതെ ചെന്ന് നിൽക്കുന്ന അയാൾക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
എന്നാൽ മാസ്സ് മസാല സിനിമകൾ കാലങ്ങളായി ഉണ്ടാക്കിയെടുത്ത ചട്ടക്കൂടിൽ ഒതുങ്ങിക്കൂടാൻ സൂര്യ എന്ന നടൻ തയ്യാറായിരുന്നില്ല. കാരണം അയാളുടെ ലക്‌ഷ്യം ഒരു നല്ല നടൻ ആകുക എന്നതിലായിരുന്നു. അഭിനയിക്കാൻ അറിയില്ലെന്ന് കേട്ട വിമർശനങ്ങൾക്ക് മറുപടി പറയുക കൂടി അയാൾക്ക് ആവശ്യമായിരുന്നു, കാക്ക കാക്കയ്ക്ക് ശേഷം വന്ന ബാലയുടെ പിതാമഗനിൽ തന്നെ അയാൾക്ക് അത് സാധ്യമായിരുന്നു. ചിത്രം വിക്രത്തിന്റെ കരിയർ ബെസ്റ്റ് പെർഫോൻസായെങ്കിലും, സൂര്യയുടെ ശക്തിയില്ലാതെ സിനിമ പൂർണമാകില്ല. സഹതാരമായിട്ടാണ് ആ സിനിമയിൽ സൂര്യയെത്തിയതെങ്കിലും ആരെയും മയക്കുന്ന നിഷ്കളങ്കമായ ചിരിയിലൂടെ, കുസൃതി നിറഞ്ഞ തമാശകളിലൂടെ പ്രേക്ഷകന്റെ മനസ്സ് നിറച്ച് പിന്നെ കരയിപ്പിച്ച് കൊണ്ടാണ് സൂര്യ അന്ന് ഫ്രെയിമിൽ നിറഞ്ഞ് നിന്നത്. പിന്നീട് ഒരിക്കലും അയാളോട് ആരും അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞിട്ടുണ്ടാവില്ല.
ആയുധ എഴുത്ത്, ഗജിനി,ആറു, സില്ലിനൊരു കാതൽ, പിന്നീട് സൂര്യയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, കൊമേർഷ്യൽ സിനിമകളിലൂടെ സൂര്യ തന്റെ സ്ഥാനം കെട്ടിപ്പടുത്തപ്പോൾ അവയൊന്നും സ്ഥിരം തട്ടുപൊളിപ്പൻ വിഭാഗത്തിൽ ഒതുക്കാൻ കഴിയുന്നവ ആയിരുന്നില്ല. ഗജിനിയിലെ സഞ്ജയ് രാമസാമി, സില്ലിന് ഒരു കാതലിലെ ഗൗതം ഒക്കെ സൂര്യയെ നടൻ എന്ന നിലയിലും താരം എന്ന പദവിയിലേക്കും ഉയർത്തുകയുണ്ടായി. ഗജിനി ഹിന്ദിയിലേക്ക് റീമേക് ചെയ്തപ്പോൾ സൂര്യയുടെ പ്രകടനത്തിനൊപ്പം തനിക്ക് എത്താൻ പറ്റിയില്ലെന്നു പറഞ്ഞത് സാക്ഷാൽ ആമിർ ഖാൻ ആണ്. 2008ൽ ഗൗതം മേനോൻ സൂര്യയെ അവതരിപ്പിച്ചത് വിവിധ ഗെറ്റപ്പുകളിലായിരുന്നു. വാരണം ആയിരം എന്ന സിനിമയുടെ സോൾ തന്നെ സൂര്യയുടെ പെർഫോമൻസായിരുന്നു. അച്ഛനായും മകനായും ആണ് സൂര്യ സ്ക്രീനിലെത്തിയത്. ചെറിയ സ്ക്രീൻ ടൈമുള്ള കാലഘട്ടത്തിന് വേണ്ടിപ്പോലും ശരീരം കഥാപാത്രത്തിന് വേണ്ടി വഴക്കിയെടുത്ത് പ്രേക്ഷകരെ രൂപമാറ്റം കൊണ്ട് ഞെട്ടിക്കുകയായിരുന്നു സൂര്യ ചെയ്തത്. ചിത്രം മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാത്തത് അവിടെ ഒരിടത്തും സുര്യയെപോലെയുള്ള അഭിനേതാവ് ലഭിക്കാത്തത് കൊണ്ടാണെന്നാണ് സംവിധായകൻ ഗൗതം മേനോൻ വെളിപ്പെടുത്തിയത്. പിന്നീട് അയൻ, സിങ്കം ഏഴാം അറിവ് , സൂര്യയുടെ താരമൂല്യം ഉയർന്നുകൊണ്ടിരുന്നു.
എക്സ്പിരിമെന്റുകൾ ചെയ്യാൻ സൂര്യ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല. സിനിമകൾ സാമ്പത്തികമായി പരാജയപ്പെടുന്നതും അയാളെ ബാധിക്കുന്നുണ്ടായിരുന്നു. വെറും ഗെറ്റപ്പ് ചേഞ്ചിന് അപ്പുറത്തേക്ക് സിനിമകൾ അയാൾക്ക് ഗുണം ചെയ്യുന്നില്ലെന്നു മുണ്ടായിരുന്നു. തമിഴ് സിനിമയിൽ തന്നെ പുതിയൊരു ജനറേഷൻ ചിത്രങ്ങൾ, എന്റർടെയ്മെന്റിനൊപ്പം രാഷ്ട്രീയവും സംസാരിച്ചു തുടങ്ങിയപ്പോൾ സൂര്യയുടെ സിനിമകൾ പിന്നിലായി പോയി. എന്നാൽ കൊവിഡിന് ശേഷം വലിയൊരു തിരിച്ച് വരവോടെയായിരുന്നു സൂര്യ വീണ്ടും എത്തിയത്.
സുധ കൊങ്കരയുടെ സൂരരൈ പോട്ര് എന്ന ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ഒരു തിരിച്ചുപിടിക്കലായിരുന്നു. സിങ്കം സീരീസിലും മാസ്സ് ആക്ഷൻ ചിത്രങ്ങളിലും ഒതുങ്ങിപ്പോയ സൂര്യ ഈ ചിത്രത്തിലെ മാരനിലൂടെ വീണ്ടും മണ്ണിലേക്കിറങ്ങി. തന്റെ കരിയറിലെ ആദ്യ നാഷ്ണൽ അവാർഡായിരുന്നു ചിത്രത്തിലൂടെ സൂര്യക്ക് ലഭിച്ചത്. പിന്നീട് ടിജെ ജ്‍ഞാനവേലിന്റെ ജയ് ഭീം കൂടിയെത്തിയതോടെ തമിഴ് സിനിമയുടെ പൊളിറ്റിക്കൽ ലെയറുകളിലേക്കും സൂര്യയെത്തി. ഏറ്റവും ഒടുവിൽ വെറും 10 മിനിട്ടിന് താഴെ സിനിമയിൽ പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന കഥാപാത്രത്തിന് ലഭിച്ച ആർപ്പുവിളിയും വരവേൽപ്പും ഇന്ന് സൂര്യ എന്ന താരത്തിന്റെ ഒളിമങ്ങാത്ത പ്രഭാവത്തിന്റെ തെളിവാണ്.
സ്ക്രീനിൽ മാത്രം ഒതുങ്ങി നിൽക്കുന്നൊരു സൂപ്പർ താരവുമല്ല സൂര്യ. രാഷ്ട്രീയ സിനിമകളിലേക്ക് അയാൾ വൈകിയാണ് എത്തിയതെങ്കിലും നിലപാടുകളിൽ സൂര്യ എന്നും ഉറച്ച് നിന്നിട്ടുണ്ട്. നീറ്റ് എക്സാം പരാജയഭീതിയെത്തുടർന്നു 2020 സെപ്റ്റംബറിൽ മൂന്ന് വിദ്യാർത്ഥികൾ ആത്‍മഹത്യ ചെയ്തപ്പോൾ നീറ്റ് എക്സാമിനെതിരെ സൂര്യ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. ഒരു പരീക്ഷയും നിങ്ങളുടെ ജീവിതത്തേക്കാൾ വലുതല്ല. നിങ്ങൾ വിഷാദത്തിലാണെങ്കിൽ മാതാപിതാക്കളെയോ, സുഹൃത്തുക്കളെയോ, അധ്യാപകരെയോ നിങ്ങൾക്ക് അടുപ്പമുളളവരെ സമീപിക്കുക. ഞാനും പരീക്ഷകളിൽ പരാജയപ്പെട്ടിട്ടുണ്ട്, മോശം മാർക് നേടിയിട്ടുണ്ട്. ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ ജീവിതത്തിൽ എല്ലാവർക്കും വിജയിക്കാനാകും. ജീവിതം അവസാനിപ്പിക്കാനുളള തീരുമാനം നിങ്ങളെ സ്‌നേഹിച്ച മാതാപിതാക്കളെ ജീവിതാവസാനം വരെ വിഷമിപ്പിക്കും എന്നാണ് ആ സന്ദർഭത്തിൽ വിദ്യാർത്ഥികൾക്കായി വീഡിയോ സന്ദേശത്തിലൂടെ സൂര്യ പങ്കുവച്ചത്.
പാവപ്പെട്ടവർക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെ, 2006-ൽ സൂര്യയുടെ നേതൃത്വത്തിൽ ആരംഭിക്കപ്പെട്ട സംഘടനയാണ് അഗരം ഫൗണ്ടേഷൻ. അഗരമെന്നത് സത്യത്തിൽ സൂര്യയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.വെറും 160 പേരുമായി തുടങ്ങിയ അഗരത്തിലെ വോളന്ററിയർമാരുടെ എണ്ണം ഇപ്പോൾ പതിനായിരവും കടന്ന് മുന്നേറുന്നു .പഠിക്കാൻ അർഹതയുള്ളവരെ കണ്ടെത്തുന്നതിൽ അഗരം ഫൗണ്ടേഷൻ നൂറ് ശതമാനം നീതി പുലർത്തിവരുന്നു.
സിനിമകൾ പരാജയപ്പെടാം, മോശം പ്രകടനങ്ങൾ ഉണ്ടാകാം പക്ഷെ സൂര്യ എന്ന മനുഷ്യസ്നേഹിക്കും നടനും ഒരിക്കലും അസ്തമയമില്ല. തന്റെ കുറവുകളെ കരുത്താക്കി ആ ലിമിറ്റുകളെ പൊട്ടിച്ചെറിഞ്ഞു തന്നെത്തന്നെ പൊളിച്ചെഴുതുകയാണ് അദ്ദേഹം. അഭിനയിക്കാൻ അറിയില്ലെന്ന് വിധിയെഴുതിയവർക്കുള്ള മറുപടി അയാൾ എപ്പോഴോ കൊടുത്തു കഴിഞ്ഞു, ഇപ്പോൾ ചെയ്യുന്നത് മുഴുവൻ അയാൾക്ക് വേണ്ടിയുള്ളതാണ്, വീണ്ടും വീണ്ടി തേച്ചുമിനുക്കാനെന്ന പോലെ. അതിൽ പ്രേക്ഷകർക്ക് അയാളെ വിശ്വാസമാണ്. അതുകൊണ്ട് തന്നെ അയാളുടെ ചിത്രങ്ങൾക്ക് പ്രേക്ഷകർ കാത്തിരിക്കുന്നതും.