Filmy Features

ഈശോ കാണുമ്പോള്‍ വിവാദമുണ്ടാക്കിയവര്‍ക്ക് കുറ്റബോധമുണ്ടാകും: നാദിര്‍ഷ അഭിമുഖം

ജയസൂര്യ നായകനായ ഈശോ എന്ന സിനിമ വലിയ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചത് സിനിമയുടെ പേരിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ്. ഈശോ എന്ന പേര് യേശുക്രിസ്തുവിനെയും ക്രിസ്ത്യന്‍ വിശ്വാസത്തെയും അവഹേളിക്കുന്നതാണെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ചില ക്രൈസ്തവ ഗ്രൂപ്പുകള്‍ രംഗത്ത് വന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്ന വാദവുമായി ഫെഫ്ക ഉള്‍പ്പെടെ സംഘടനകള്‍ സിനിമക്കൊപ്പം നിന്നു. ഒടുവില്‍ ഈശോ സെന്‍സര്‍ പൂര്‍ത്തിയാക്കി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി. സിനിമയെക്കുറിച്ച് സംവിധായകന്‍ നാദിര്‍ഷ ദ ക്യുവിനോട് സംസാരിക്കുന്നു.

ക്ലീന്‍ യു കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു

ഈശോ വിവാദമാക്കേണ്ട കാര്യമില്ലെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ഈശോ എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണ്. അതല്ലാതെ സിനിമയിലൂടെ വേറൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. അതിന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചു. പക്ഷെ ഞങ്ങള്‍ ഒരിക്കലും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യത്തിന്റെ മാര്‍ഗത്തില്‍ തന്നെയാണ് ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും സിനിമ റിലീസ് ചെയ്യുമ്പോഴെങ്കിലും മനസിലാവുമെന്ന് ഉറപ്പായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ സിനിമ വരുമ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു 'ക്ലീന്‍ യു' സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക എന്ന്. കാരണം വിവാദപരമായ ഒരു കാര്യങ്ങളും സിനിമയില്‍ ചെയ്തിട്ടില്ല. ഈ സിനിമ കണ്ട് കഴിയുമ്പോള്‍ വിവാദം ഉണ്ടാക്കിയവര്‍ക്ക് കുറ്റബോധം തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല.

സിനിമ കാണാതെ വിവാദമുണ്ടാക്കുന്നത് തെറ്റ്

ഒരു സംവിധായകനും തന്റെ സിനിമ വിവാദമുണ്ടാക്കി വിജയപ്പിക്കാന്‍ ശ്രമിക്കാറില്ല. ഒരു വിവാദവുമില്ലാതെ സിനിമ റിലീസ് ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷെ പലപ്പോഴും ഒരു സിനിമയില്‍ സംവിധായകന്‍ പോലും കാണാത്ത കാര്യത്തിലായിരിക്കും പലരും വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ നമുക്ക് ഒന്നും പറയാനില്ല. എനിക്ക് പറയാനുള്ളത് സിനിമ കണ്ടതിന് ശേഷം അതിലെ കണ്ടെന്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിവാദമുണ്ടാക്കട്ടെ എന്നാണ്. പക്ഷെ സിനിമ ഒരു തവണ പോലും കാണാതെ, സെന്‍സര്‍ ബോര്‍ഡിന് മുന്‍പില്‍ പോലും എത്തുന്നതിന് മുമ്പ് വെറും ടൈറ്റിലിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നതാണ് തെറ്റ്.'

ഈശോയില്‍ ജാഫര്‍ സെക്യൂരിറ്റി

'ജാഫര്‍ ഇടുക്കി വളരെ നല്ല അഭിനേതാവാണ്. ജാഫറിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അടുത്തിടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം അദ്ദേഹത്തിന് ഇപ്പോഴാണ് ലഭിച്ചത്. അത് അദ്ദേഹം കൃത്യമായി ചെയ്യുന്നുണ്ട്. ഈശോയിലേക്ക് വരുമ്പോള്‍ ജാഫര്‍ എ.ടിഎമ്മിന് മുമ്പില്‍ നില്‍ക്കുന്ന ഒരു സെക്യൂരിറ്റിക്കാരന്റെ വേഷമാണ് ചെയ്തിരിക്കുന്നത്.

സിനിമയുടെ വിധി തീരുമാനിക്കുന്നത് പ്രേക്ഷകര്‍

'ഈശോയും' 'കേശു ഈ വീടിന്റെ നാഥനും' നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. പിന്നെ എല്ലാ സംവിധായകരും അവരുടെ സിനിമ നല്ലതാണെന്ന വിശ്വാസത്തിലാണ് റിലീസ് ചെയ്യുന്നത്. പക്ഷെ പ്രേക്ഷകര്‍ കണ്ട് അവര്‍ തീരുമാനിക്കുന്നതാണ് സിനിമയുടെ വിധി. പിന്നെ സിനിമയുടെ കാര്യത്തില്‍ പല രീതിയിലുള്ള അഭിപ്രായങ്ങളായിരിക്കും പ്രേക്ഷകരില്‍ നിന്ന് ഉണ്ടാവുക.

ഈശോയും കേശുവും രണ്ട് വ്യത്യസ്ത സിനിമകള്‍

കേശു ഈ വീടിന്റെ നാഥന്‍ വളരെ ഫണ്‍ ആയ സിനിമയാണ്. അത് ആദ്യം മുതല്‍ അവസാനം വരെ ചിരിക്കാന്‍ കഴിയുന്ന സിനിമയാണത്. ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സിനിമയാണ് കേശു ഈ വീടിന്റെ നാഥന്‍. ഈശോയിലേക്ക് വരുമ്പോള്‍ അത് കേശുവില്‍ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത ത്രില്ലര്‍ പശ്ചാത്തലത്തില്‍ പെട്ട സിനിമയാണ് ഈശോ. കുറച്ച് സീരിയസായ സബ്ജക്റ്റ് കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ്. സംവിധായകന്‍ എന്ന നിലയില്‍ ഒരു വിഭാഗത്തില്‍ പെട്ട സിനിമകള്‍ മാത്രമെ ചെയ്യുന്നുള്ളു എന്ന് പ്രേക്ഷകര്‍ക്ക് തോന്നാതിരിക്കാനാണ് അത്തരത്തില്‍ മാറി ചിന്തിച്ചത്.

ഒടിടി എന്ന് ചിന്തിക്കുന്നത് സാമ്പത്തിക പ്രശ്നം കൊണ്ടാണ്

സിനിമ തീര്‍ച്ചയായും തിയേറ്ററില്‍ കാണണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷെ ഈ സിനിമകള്‍ക്ക് വേണ്ടി കുറച്ച് വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന സാമ്പത്തിക പരമായ കാര്യങ്ങളുണ്ട്. 2019ലാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ ജോലികള്‍ തുടങ്ങുന്നത്. അപ്പോള്‍ ആ സമയം തൊട്ടുള്ള അതിന്റെ സാമ്പത്തിക കാര്യങ്ങളുണ്ട്. അത്യാവശ്യം മുടക്കുമുതലുള്ള സിനിമയാണത്. അതുകൊണ്ട് തീര്‍ച്ചയായും നിര്‍മ്മാതാക്കള്‍ മുടുക്കുമുതല്‍ വേഗത്തില്‍ എങ്ങനെ തിരിച്ച്കിട്ടാമെന്നതിന്റെ കച്ചവട സാധ്യത ചിന്തിക്കുമല്ലോ. അത്തരത്തില്‍ നല്ല ഓഫറുകള്‍ വരുകയാണെങ്കില്‍ അത് സ്വീകരിക്കേണ്ടി വരും. അതുകൊണ്ട് മാത്രമാണ് ഒടിടി എന്നത് ചിന്തിക്കേണ്ടി വരുന്നത്. അല്ലാത്ത പക്ഷം നമുക്ക് എല്ലാവര്‍ക്കും സിനിമ തിയേറ്ററില്‍ കാണാന്‍ തന്നെയാണ് ആഗ്രഹം. നിലവില്‍ രണ്ട് സിനിമകളുടെ റിലീസ് കാര്യത്തില്‍ തീരുമാനം ഒന്നും തന്നെ ആയിട്ടില്ല. സിനിമ തുടങ്ങി കഴിഞ്ഞാല്‍ എല്ലാ ദിവസവും രാത്രി തിയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകനാണ് ഞാന്‍.

തിയേറ്റര്‍ സജീവമാകാന്‍ പ്രാര്‍ത്ഥിച്ചിരുന്നു

സിനിമ തിയേറ്റര്‍ എത്രയും പെട്ടന്ന് തുറക്കണമെന്നും സജീവമാകണമെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ആളാണ് ഞാന്‍. കാരണം വീട്ടിലുരുന്ന ഒരു കുഞ്ഞ് പെട്ടിയില്‍ സിനിമ കാണുന്നതിന് പരിധിയുണ്ട്. തിയേറ്ററില്‍ പോയി ആരവത്തോടെ സിനിമ കാണാന്‍ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ വീട്ടില്‍ തന്നെയിരുന്നു ഹോം തിയേറ്ററില്‍ സിനിമ കണ്ടാല്‍ മതിയല്ലോ.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT