Filmy Features

ജാതിഅസമത്വങ്ങള്‍ ചായഗ്ലാസ്സില്‍ നിറച്ചുവെച്ച മാരി സെല്‍വരാജ്

''നീങ്കെ നീങ്കളാ ഇരുക്കിരെ വരേക്കും നാന്‍ നായാതാം ഇരുക്കനോംന്ന് എതിര്‍പാര്‍ക്കെ വരേക്കും ഇങ്കെ എതുവുമേ മാറലേ, അപ്പടിയതാ ഇരുക്കും''-പരിയേറും പെരുമാള്‍

''Can we find any fault with Ambedkar? He never took up arms,nor did he ask people to?

He is the only identity we have today, Pariyerum Perumal is the representative of Babasaheb Ambedkar. I create my own sense of justice'

പരിയേറും പെരുമാളിലെ നായകനായ പരിയന്‍ എന്തുകൊണ്ട് ആക്രമങ്ങളിലൂടെ പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് മാരി സെല്‍വരാജ് നല്‍കിയ ഉത്തരമാണ് ഇത്. സിനിമയെ കുറിച്ചുള്ള എല്ലാം അതില് നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാനാവും. കൃത്യമായി ജാതി നിലനില്‍ക്കുന്ന,ജാതി എന്നാല്‍ മരം മാത്രമാണ് എന്ന് പറയുന്ന,നിത്യ ജീവിതത്തില്‍ ജാതി ആചരിക്കുന്ന മനുഷ്യരുള്ള, എന്നാല്‍ ജാതിയെ പറ്റി പറയാതെയിരുന്നാല്‍ ജാതി തനിയെ ഇല്ലാതെയാവും എന്ന വിശ്വസിക്കുന്ന ഒരു ആധുനിക സമൂഹത്തിലാണ് നമ്മളുള്ളത്. അത്തരമൊരു സമൂഹത്തിലേക്കാണ് 2018 സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തിയ്യതി വെള്ളിയാഴ്ച ദിവസം പരിയേറും പെരുമാള്‍ എന്ന സിനിമയുമായി മാരി സെല്‍വരാജ് എന്ന നവാഗത സംവിധായകന്‍ കടന്നുവരുന്നത്. ജാതിയുടെ ഏറ്റവും ഭീകരമായ മുഖം,അതിന്റെ അതേ യാഥാര്‍ത്ഥ്യത്തിലും തീവ്രതയിലും തന്നെ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് മറ്റുള്ള 'ആന്റി-കാസ്റ്റ്',പുരോഗമന സിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന സവര്‍ണ്ണ നറേറ്റീവുകളില്‍ നിന്നും പരിയേറും പെരുമാള്‍ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. സ്വന്തം വിവാഹത്തിന് കുതിരപ്പുറത്ത് കയറി കല്ല്യാണ പന്തലിലേക്ക് വന്ന വരനെ തല്ലികൊല്ലുന്ന വാര്‍ത്തകള്‍ സ്വാഭാവികത മാത്രമായി ഭൂരിപക്ഷത്തിന് തോന്നുന്ന ഒരു സമൂഹത്തില്‍ 'പരിയേറും പെരുമാള്‍' എന്ന തലകെട്ട് പോലും ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആണ്.

ആന്റി കാസ്റ്റ് മൂവ്‌മെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ വിളിക്കാന്‍ യോഗ്യമായ പരിയേറും പെരുമാളില്‍ പ്രധാനമായും പ്രതീകങ്ങളിലൂടെയുള്ള ആശയകൈമാറ്റങ്ങള്‍ കാണാന്‍ സാധിക്കും. അത് തന്നെയാണ് സൗന്ദര്യശാസ്ത്രപരമായും രാഷ്ട്രീയപരമായും സിനിമയെ ഗംഭീരമാക്കുന്നത്.

ബാബസാഹേബ് അംബേദ്കറുടെ ചിത്രങ്ങള്‍, കറുപ്പി എന്ന നായ,നീല നിറം,ചായ ഗ്ലാസുകള്‍,ജാതി കൊലപാതകങ്ങളില്‍ നിന്നും ഇന്‍വിസിബിളാക്കി നിര്‍ത്തപ്പെടുന്ന ജാതി എന്ന യാഥാര്‍ത്ഥ്യം,ആക്രമിക്കപ്പെടുന്ന ദലിത് ശരീരങ്ങള്‍,പ്രിവിലേജുകള്‍ നിരന്തരം കിട്ടികൊണ്ടിരിക്കുന്ന സവര്‍ണ്ണ ശരീരങ്ങള്‍ തുടങ്ങി ഒരുപാട് പ്രതീകങ്ങള്‍ സിനിമയുടെ ഗതിയെ നിര്‍ണയിക്കുന്നതില്‍ പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.

കച്ചവട താല്പര്യങ്ങള്‍ക്കപ്പുറത്ത് തനിക്ക്, സിനിമ എന്നത് എപ്പോഴുമൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് പരിയേറും പെരുമാളിലൂടെ മാരി സെല്‍വരാജ് തെളിയിച്ചു കഴിഞ്ഞു. കരിയറില്‍ ഇനിയൊരിക്കലും സിനിമകള്‍ ചെയ്തില്ലെങ്കില്‍ പോലും ഈ ഒരൊറ്റ സിനിമ കൊണ്ടുതന്നെ തന്റെ നിലനില്‍പ്പ് അദ്ദേഹം അടയാളപ്പെടുത്തികഴിഞ്ഞു.

തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലെ പുളിയങ്കുളം എന്ന ഗ്രാമത്തില്‍ ജനിച്ച മാരി സെല്‍വരാജ് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തിയേറ്ററില്‍ നിന്നും ഒരു സിനിമ കാണുന്നത്,രജനികാന്തിന്റെ പടയപ്പ ആയിരുന്നു ആ സിനിമ. അവന്റെ ഗ്രാമം എപ്പോഴും സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യരുടേതായിരുന്നു,കുടുംബത്തില്‍ കല്ല്യാണം നടക്കുമ്പോള്‍ കല്ല്യാണ കുറികളില്‍ പ്രത്യേകമായി കൊടുത്തിരിക്കും ഏത് സിനിമയാണ് കല്ല്യാണ തലേന്ന് പ്രദര്‍ശിപ്പിക്കുന്നതെന്ന്. ഗ്രാമത്തിലെ തിയറ്ററില്‍ അന്ന് കല്ല്യാണവീട്ടുക്കാര്‍ തിരഞ്ഞെടുക്കുന്ന സിനിമ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് കാണുന്നു,സിനിമയെ ആഘോഷമാക്കുന്ന ഒരു ജനത മാരി സെല്‍വരാജ് എന്ന ഫിലിം മേക്കറെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഒരുപാട് പങ്കുവഹിച്ചിട്ടുണ്ട്.

ചെന്നൈയില്‍ ഡയറക്ടര്‍ റാമിന്റെ അടുത്ത് ഒരു ഇരുപതിരണ്ടു വയസ്സുകാരന്‍ ചെല്ലുന്ന നിമിഷത്തിലാണ് ഇന്നത്തെ മാരി സെല്‍വരാജ് എന്ന ഫിലിം മേക്കറുടെ തുടക്കം. അവിടെ ഒരു ഓഫീസ് ബോയി ആയി വര്‍ക്ക് ചെയ്തു തുടങ്ങിയ മാരി വൈകാതെ റാമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായി മാറുന്നുണ്ട്, നാലുവാക്കുകളില്‍ ചുരുക്കി പറയുന്ന പോലെ എളുപ്പമായിരുന്നില്ല ആ യാത്ര. അവിടെ നിന്നാണ് ട്രൂഫോയുടെ 400 Blows അടക്കമുള്ള ലോക സിനിമയുടെ വിശാലമായ പരിസരത്തേക്ക് മാരി എത്തുന്നത്, ഭാഷകള്‍ നോക്കാതെ ഒരുപാട് സിനിമകള്‍ മാരി ആ കാലഘട്ടത്തില്‍ കണ്ടു തീര്‍ത്തിട്ടുണ്ട്. റാം തന്നെയാണ് മാരി സെല്‍വരാജിന് വായിക്കാനായി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ചിദംബര സ്മരണയുടെ തമിഴ് പരിഭാഷയായ ചിദംബര നിനൈവുകള്‍ വായിക്കാന്‍ കൊടുക്കുന്നത്. ആ പുസ്തകം മാരി സെല്‍വരാജിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, തന്റെ ഉള്ളിലും ഒരുപാട് കഥകള്‍ പറയാന്‍ ബാക്കി കിടപ്പുണ്ട് എന്ന തിരിച്ചറിവ് ആ വായനക്ക് ശേഷം ഉണ്ടാവുന്നു. അതിന് ശേഷമാണ് 'ആനന്ദ വികതന്‍' എന്ന മാസികയില്‍ 'മറക്കാവെ നിനൈക്കിറൈ' എന്ന പേരില്‍ മാരി സെല്‍വരാജിന്റെ ജീവിതാനുഭവങ്ങളുടെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു വരുന്നത്. മാരി സെല്‍വരാജിന്റെ എഴുത്തുകളുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ എന്ന് സംശയമില്ലാതെ തന്നെ പറയാം.

ആനന്ദ വികതനിലെ മാരിയുടെ ലേഖനങ്ങള്‍ വായിച്ചാണ് പാ രഞ്ജിത് മാരിയുമായി സിനിമകളും രാഷ്ട്രീയവും ചര്‍ച്ചചെയ്തു തുടങ്ങുന്നതും പരിയേറും പെരുമാള്‍ എന്ന സിനിമ സംഭവിക്കുന്നതും. മാരി സെല്‍വരാജിന്റെ ചെറുകഥാ സമാഹാരമായ താമരഭരണിയില്‍ കൊല്ലപടത്തവര്‍കള്‍(Thamirabaraniyil Kollapadathavargal) 2013 ലാണ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തും വായനയും സിനിമയും എങ്ങനെയാണ് ഒരു വ്യക്തിയുടെ രാഷ്ട്രീയ-സാമൂഹിക-കലാ വീക്ഷണങ്ങളില്‍ മാറ്റം വരുത്തുന്നതെന്നും അതില്‍ നിന്നും എങ്ങനെയാണ് ഏറ്റവും മികച്ച കല രൂപപ്പെടുന്നു എന്നതിനുമുള്ള ഉത്തരമാണ് റിട്ടണ്‍ ആന്റ് ഡയറക്റ്റട് ബൈ മാരി സെല്‍വരാജ് എന്ന ടൈറ്റില്‍ കാര്‍ഡ്.

പരിയേറും പെരുമാള്‍- അസമത്വങ്ങളുടെ രുചിയുള്ള ചായ ഗ്ലാസ്സുകള്‍

'Educate Agitate Organise' എന്ന ബാബസാഹേബ് അംബേദ്കറുടെ പ്രശസ്തമായ വാക്യത്തിലൂടെയാണ് പരിയേറും പെരുമാള്‍ തുടങ്ങുന്നത്. കറുപ്പി എന്ന നായയുടെ മരണമാണ് സിനിമയുടെ തുടക്കം, മരണപ്പെട്ടത് നീയാണോ ഞാനാണോ കറുപ്പി? അവര്‍ കൊന്നത് ആരെയാണെന്ന് എനിക്കറിയാം കറുപ്പി എന്ന് പരിയന്‍ പറയുന്നുണ്ട്. കറുപ്പി സിനിമയിലുടനീളം ഒരു പ്രാതിനിധ്യമായി തന്നെ നിലനില്‍ക്കുന്നു. കറുപ്പി എന്തിന് കൊല്ലപ്പെട്ടു,ആരാണ് കൊന്നത് എന്നത് എല്ലാത്തിനുമുള്ള ഉത്തരമാണ്, കാലാകാലങ്ങളായി ഇവിടെ കറുപ്പിമാര്‍ കൊലചെയ്യപ്പെടുന്നുണ്ട്. നായക്ക് പകരം മനുഷ്യനാവാം,മനുഷ്യന് പകരം നായയും. ആദ്യാവസാനം വരെയും കറുപ്പി പ്രേക്ഷകനെ വേട്ടയാടുന്നുണ്ട്,ഇതെല്ലാം ശരിയാണോ എന്നൊരു ചോദ്യം മുന്നോട്ട് വെക്കുന്നുണ്ട്. സമകാലിക രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് സിനിമയുടെ ചരിത്രപരമായ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്വേലിയിലേ പുളിയങ്കുളം എന്ന ഗ്രാമത്തില്‍ നിന്നും നഗരത്തിലെ ലോ കോളേജിലേക്ക് നിയമം പഠിക്കാന്‍ വരുന്ന പരിയന്‍ ആദ്യ ദിവസം തന്നെ പറയുന്നത് തനിക്ക് ഡോക്ടര്‍ ആവണമെന്നാണ്, അതിനിത് മെഡിക്കല്‍ കോളേജ് അല്ല ലോ കോളേജ് ആണെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍, പരിയന്‍ തിരിച്ചുപറയുന്നത് സൂചി വെക്കുന്ന ഡോക്ടര്‍ ആവനല്ല ഡോ.ബി ആര്‍ അംബേദ്കര്‍ ആവാന്‍ ആണ് വന്നതെന്നാണ്. പഠിക്കുക പോരാടുക സംഘടിക്കുക എന്ന ബാബസാഹേബിന്റെ വാക്യത്തിന്റെ സിനിമാറ്റിക് ഇമേജിന്റെ ദൃശ്യത നമ്മക്കവിടെ പരിയനില്‍ കാണാന്‍ സാധിക്കും.

ജാതി കൊലപാതകങ്ങള്‍ കേവലം 'ദുരഭിമാന കൊലകള്‍' എന്ന് മാത്രം ലേബല്‍ ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്നും അദൃശ്യമാക്കപ്പെടുന്ന ജാതി എന്ന നിര്‍ണായക ഘടകം സിനിമയില്‍ സംവിധായകന്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ജാതി കൊലപാതകങ്ങളുടെ നടത്തിപ്പുക്കാരന്‍ താത്ത മേസ്തിരി എന്ന കഥാപാത്ര നിര്‍മ്മിതി സിനിമയുടെ ഗ്രാഫ് ഒന്നുകൂടെ ഉയര്‍ത്തുന്നുണ്ട്.ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ ഈ കഥാപാത്രത്തിന് കൃത്യമായ സാമ്യങ്ങള്‍ കാണാന്‍ സാധിക്കും എന്നത് തന്നെയാണ് അതിന്റെ സവിശേഷത. കാരണം ഇത്തരം മനുഷ്യരിലൂടെയാണ് ഓരോ ജാതികൊലപാതകങ്ങളും ഇവിടെ അരങ്ങേറുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന ഓരോ മനുഷ്യനും ഓരോരോ ജാതിയിലാണ് പിറന്നുവീഴുന്നത്,അപ്പോള്‍ സ്വാഭാവികമായും പ്രണയത്തിലും ജാതി കടന്നു വരും. പ്രണയം വിവാഹത്തിലേക്ക് കടക്കുമ്പോള്‍ തലമുറകളായി കാത്തുസൂക്ഷിക്കുന്ന 'ശുദ്ധത' ഒരു കുട്ടി ജനിക്കുമ്പോള്‍ ഇല്ലാതെയാവും അത് തങ്ങളുടെ സവര്‍ണ്ണ ജാതി ശരീരങ്ങള്‍ക്കും നിലനില്‍പ്പിനും ദോഷകരമായി ബാധിക്കും എന്ന ചിന്തകളിലാണ് ജാതി കൊലപാതകങ്ങള്‍ ആദ്യം അരങ്ങേറുന്നത്,ശരീരങ്ങള്‍ക്ക് ജീവന്നില്ലാതെയാവുന്നത് അതിന്റെ അവസാനം മാത്രമാണ്. അത്തരം ജാതിദുരഭിമാനങ്ങളുടെ നേര്‍ചിത്രം സിനിമയില്‍ ഞെട്ടലോടെ കാണാന്‍ സാധിക്കുന്നുണ്ട്. ''ഡേ തമ്പീ, ഉന്നോട് സേര്‍ത്ത് എന്‍പൊണ്ണയും കൊന്നിടുവാങ്കെടാ'' എന്ന് പരിയനോട് നായികയുടെ അച്ഛന്‍ പറയുന്ന ഒരു രംഗമുണ്ട് സിനിമയില്‍ അത് തന്നെയാണ് അവരുടെ അഭിമാനം എന്ന് വിളിക്കപ്പെടുന്ന ജാതി എന്ന യാഥാര്‍ത്ഥ്യം.

ഐഡെന്റിറ്റിയുടെ തിരിച്ചറിവിലാണ് പരിയന്‍ സ്വന്തം അച്ഛനെ അംഗീകരിക്കുന്നത്. അതുവരെ സ്വത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പരിയന്‍ കുടുംബത്തെ കുറിച്ചും മറ്റും ഒരുപാട് ചോദ്യങ്ങള്‍ നേരിടുന്നുണ്ട്. കൌമാര കാലഘട്ടത്തില്‍ ഏതൊരു ദലിതരും നേരിടുന്നൊരു വൈകാരികവും സമൂഹികപരവുമായ പ്രശനമാണത്. ജാതി ഏതാ,റിസര്‍വേഷന്‍ വഴി കേറിയതാണോ,സ്‌റ്റൈപ്പന്റ് കിട്ടുന്നുണ്ടോ,കോളനിയില്‍ നിന്നാണോ വരുന്നത്,ലക്ഷം വീട്ടിലാണോ താമസിക്കുന്നത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തുപറയണമെന്നറിയാതെ നിശബ്ദനായി പോയ,സങ്കടം വന്ന, ആ നിമിഷം എവിടെക്കെങ്കിലും ഓടി പോകാന്‍ തോന്നിയ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയും പേടിയും പരിയനില്‍ കാണാന്‍ സാധിക്കും. എല്ലാ കാലത്തും ആക്രമിക്കപ്പെടുന്ന ദലിത് ശരീരങ്ങളുടെ തുടര്‍ച്ചയാണ് പരിയന്റെ അച്ഛന്‍. വണ്ണാര്‍പേട്ടൈ തങ്കരാജ് എന്ന മനുഷ്യനിലൂടെ പരിയന്റെ അച്ഛനെ ഒരു വലിയ നോവോടെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. സിനിമ കഴിഞ്ഞാലും ആ മനുഷ്യനും അദ്ദേഹത്തിന്റെ ആ ഓട്ടവും പ്രേക്ഷകനെ നിരന്തരം വേട്ടയാടും. ഇത്തരത്തിലുള്ള സവര്‍ണ്ണ 'നേരമ്പോക്കുകളിലൂടെയാണ്' ഞങ്ങളുടെ വലിയ വലിയ ട്രോമകള്‍ ഇവിടെ രൂപപ്പെട്ടിട്ടുള്ളത്.

നീല എന്നത് ദലിത് വിമോചനത്തിന്റെ നിറമാണ്,ബാബസാഹേബ് അംബേദ്കറുടെ കോട്ടിന്റെ നിറം,ആകാശം എന്ന വിശാലതയുടെ നീല നിറം. നീല നിറത്തിന്റെ ഉപയോഗം സിനിമയിലുടനീളം കാണാന്‍ സാധിക്കും, ആക്രമിക്കപ്പെടുന്ന ദലിത് ശരീരങ്ങളില്‍,കറുപ്പി എന്ന നായ മരണ ശേഷം നീല നിറമാവുന്ന പ്രതീകാത്മക ഇമേജുകളില്‍, അതിജീവനങ്ങളില്‍,രോഷത്തില്‍,പ്രതീക്ഷയില്‍.. അങ്ങനെയെല്ലാം നീല നിറം കാണാന്‍ സാധിക്കും.അതെ നീല എപ്പോഴുമൊരു അടയാളയപ്പെടുത്തല്‍ കൂടിയാണ്.അതില്‍ കൃത്യമായി രാഷ്ട്രീയമുണ്ട്.

ചായക്കടകളില്‍ ഇപ്പോഴും രണ്ടു ഗ്ലാസുകളില്‍ ചായ കൊടുക്കുന്ന തമിഴ് ഗ്രാമങ്ങളില്‍ ജാതി എന്നത് മരമല്ല എന്ന തിരിച്ചറിവ് ഒരു സിനിമകൊണ്ടെങ്കിലും മനുഷ്യര്‍ക്ക് ഉണ്ടായാല്‍ ഈ ലോകം കുറച്ചെങ്കിലും മനോഹരമായി മറ്റുള്ള മനുഷ്യര്‍ക്ക് മാറിയേനെ.

കയ്യടക്കത്തോടെയുള്ള സിനിമാറ്റോഗ്രഫിയുടെ കൂടെ തന്നെ സന്തോഷ് നാരായണന്റെ സംഗീതമാണ് സിനിമയെ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം. ഓരോ രംഗങ്ങള്‍ക്കും അനുയോജ്യമായ പശ്ചാത്തല സംഗീതവും ഗാനങ്ങളും നല്ലൊരു സിനിമാറ്റിക് അനുഭവമാണ് പ്രേക്ഷകന് നല്കുന്നത് എന്നതില്‍ സംശയമില്ല. സംഗീതം പ്രതിഷേധത്തിന്റെ മറ്റൊരു രൂപം എന്നത് തന്നെ സിനിമയില്‍ കാണാന്‍ സാധിക്കും.

സിനിമയെ മനോഹരമാക്കുന്നത് ഏറ്റവും അവസാനത്തെ ഫ്രെയിം ആണ്. ഒരു കട്ടന്‍ ചായയുടെയും പാല്‍ ചായയുടെയും ഗ്ലാസ്സ്,നടുക്ക് നായികയുടെ തലയിലെ സുഗന്ധം പരത്തുന്ന മുല്ലപ്പൂവ്. അതില്‍ തന്നെയുണ്ട് എല്ലാം. അതെ, നിങ്ങള്‍ നിങ്ങളായിരിക്കുന്ന കാലത്തോളം,ഞങ്ങളൊക്കെ നായകളായിരിക്കണമെന്ന് കരുത്തുന്നിടത്തോളം ഇതൊന്നും മാറാന്‍ പോകുന്നില്ല. സിനിമ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത് ഇങ്ങനെയൊക്കെതന്നെയാണ്!

കര്‍ണന്‍- ഓര്‍മ്മ എന്ന പ്രതിരോധം

''The history of India is nothing but,mortal conflict between Buddhism and brahmanism'þ Babasaheb Ambedkar

ഇന്ത്യയുടെ ചരിത്രം എന്ന് പറയുന്നത് ബുദ്ധിസവും ബ്രഹ്‌മണിസവും തമ്മിലുള്ള നിരന്തര സംഘട്ടനമായിരുന്നെന്ന് വിപ്ലവവും പ്രതിവിപ്ലവവും പ്രാചീന ഇന്ത്യയില്‍(Revolution and counter revolution in ancient India) എന്ന പുസ്തകത്തില്‍ ബാബസാഹേബ് പറയുന്നുണ്ട്. പക്ഷേ നമ്മള്‍ ഏത് ചരിത്രം വായിക്കണമെന്നും പഠിക്കണമെന്നും ഭരണകൂടം തീരുമാനിക്കും. ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും മായിച്ചുകളയുമ്പോള്‍ കല മാത്രമാണ് യഥാര്‍ത്ഥ ചരിത്രം പറയാനുള്ള ഒരു മാധ്യമമായി അവശേഷിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടാത്ത ഒരുപാട് ചരിത്രങ്ങള്‍ നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് കര്‍ണന്‍ എന്ന അതിഗംഭീര സിനിമയിലൂടെ മാരി സെല്‍വരാജ്.

കേവലമൊരു വാണിജ്യ സിനിമ എന്ന ഒരൊറ്റ ലേബലില്‍ മാത്രം ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല കര്‍ണന്‍.അതിന് നിരവധി രാഷ്ട്രീയ സാമൂഹിക അടരുകള്‍ കാണാന്‍ സാധിക്കുന്നതാണ്. മുഖ്യധാര ഇന്ത്യന്‍/തമിഴ് സിനിമകള്‍ പിന്തുടര്‍ന്നുപോരുന്ന സിനിമ ചേരുവകളെയും അരാഷ്ട്രീയതയെയും ബ്രേക്ക് ചെയ്യുന്ന തമിഴിലെ നവ ഭാവുകത്വ സൃഷ്ടികളുടെ തുടര്‍ച്ച തന്നെയാണ് കര്‍ണന്‍.

മാടസാമിയുടെ മകന്‍ എന്തുകൊണ്ട് കര്‍ണന്‍ ആയിക്കൂടാ എന്ന് ചോദിക്കുന്നിടത്ത് ആരംഭിക്കുന്നു കര്‍ണന്‍ എന്ന സിനിമയുടെ രാഷ്ട്രീയ-സാമൂഹിക പ്രസക്തി.

പൊടിയങ്കുളം എന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ബസ് സ്റ്റോപ്പ് മുതല്‍ പല അടിസ്ഥാന കാര്യങ്ങളും ഇല്ല എന്നതും ഇതിനൊക്കെ അടുത്തുള്ള ഗ്രാമങ്ങളെ ആശ്രയിക്കേണ്ടി വരുന്നതുമാണ് അടിസ്ഥാന പ്രശ്‌നം. ഇത് ചരിത്രപരമായ ഒരു ചോദ്യത്തെയാണ് അവശേപ്പിക്കുന്നത്. ഇന്ത്യയില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരാണോ ഭൂമിയും അധികാരവും കൈവശപ്പെടുത്തിയിരിക്കുന്നത് അവര്‍ തന്നെയാണ് ഇന്നും അതെല്ലാം അനുഭവിക്കുന്നത് എന്നത് ഒരു വസ്തുതയാണ്.എങ്ങനെയാണ് ഒരു വിഭാഗം ജനങ്ങള്‍ മാത്രം എല്ലാ കാലത്തും വിഭവാധികാര പ്രക്രിയയില്‍ നിന്നും പുറന്തള്ളപ്പെടുന്നത് എന്നതാണ് ചോദ്യം. സിനിമ ഇത്തരത്തിലുള്ള ഓരോ അനീതിക്കെതിരെയുള്ള പ്രതിഷേധമാണ്,കൂടെ ദലിത് വിമോചനത്തിനുള്ള ഒരു ഊര്‍ജം കൂടിയാണ്. 1990 കളില്‍ കൊടിയങ്കുളത്ത് നടന്ന പോലീസിന്റെ ദലിതര്‍ക്കെതിരെയുള്ള കലാപത്തെ സിനിമ ഓര്‍മ്മിപ്പിക്കുന്നു. പോലീസ് എന്നത് എല്ലാ കാലത്തും ഭരണകൂടത്തിന്റെ മര്‍ദ്ധനോപകരണമാണെന്ന് സിനിമ വീണ്ടും വീണ്ടും തെളിയിക്കുന്നു. സിനിമയില്‍ അത്തരം കലാപങ്ങള്‍ക്കെതിരെയുള്ള ഹിംസാത്മകമായ ഒരു ചെറുത്ത് നില്‍പ്പ് രൂപപ്പെടുന്നുണ്ട്,അത് ചരിത്ര നീതിയാണ്. ഒരിക്കലും വയലന്‍സ് അല്ല.

പ്രതീകങ്ങള്‍ കൊണ്ട് സമ്പന്നമാണ് കര്‍ണന്‍. തലയില്ലാത്ത ദൈവങ്ങള്‍,ചുമരിലെ ചിത്രങ്ങള്‍,മരണ ശേഷം ഊരിന്റെ ദേവതയായി മാറിയ കാട്ടുപേച്ചി,തലയില്ലാത്ത ബുദ്ധ പ്രതിമകള്‍,ആന, കാലുകള്‍ കെട്ടിയിട്ടിട്ടും മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്ന കഴുത.തുടങ്ങീ ഒട്ടനവധി കാര്യങ്ങളില്‍ മാരി സെല്‍വരാജിന്റെ കയ്യടക്കം കാണാന്‍ സാധിക്കും. ദൈവങ്ങളൊന്നും തന്നെ ഹിന്ദു മിത്തോളജിയില്‍ ഉള്ളവയല്ല എന്നത് തന്നെയാണ് സിനിമ ചരിത്രത്തോട് ചെയ്യുന്ന നീതി. സ്വന്തം ജനതയെ മുന്നോട്ട് നയിക്കാന്‍,വിമോചനത്തിന്റെ പാതയിലേക്ക് വഴി കാണിക്കാന്‍ ഓരോ സമയങ്ങളിലും കൃത്യമായി കാട്ടുപേച്ചി പ്രത്യക്ഷപ്പെടുന്നുണ്ട്. തലയില്ലാത്ത ബുദ്ധ പ്രതിമകളിലൂടെയും ആനയിലൂടെയും ഇന്ത്യയ്ക്ക് നഷ്ടമായി പോയ ബുദ്ധ സംസ്‌കാരത്തെ പ്രതിനിധീകരിക്കുകയും, ദലിത് ജനതയുടെ വിമോചനം ബാബസാഹേബ് അംബേദ്കറുടെ വഴി ആണെന്നും മാരിസെല്‍വരാജ് സൂചിപ്പിക്കുന്നുണ്ട്. കാലില്‍ കയറുകൊണ്ട് കെട്ടിയിട്ട കഴുത അത് ഇല്ലാതെയാവുമ്പോള്‍ അതിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നുണ്ട്,അതും വിമോചനം തന്നെയാണ് സൂചിപ്പിക്കുന്നത്.

നിരവധി വംശഹത്യകളാല്‍ നിറഞ്ഞ 80 കള്‍ക്ക് ശേഷമുള്ള തമിഴ്‌നാട്ടിലെ നിരവധി സംഭവങ്ങള്‍ കര്‍ണനില്‍ വന്നുപോവുന്നുണ്ട്.മറവിയിലാണ്ട് പോയ ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുക എന്നത് തന്നെയാണ് കര്‍ണനിലൂടെ മാരി സെല്‍വരാജ് ചെയ്തിരിക്കുന്നത്. ധനുഷ് എന്ന താര ശരീരത്തിന്റെ കൃത്യമായ ഉപയോഗവും സിനിമയില്‍ കാണാന്‍ സാധിക്കും.സന്തോഷ് നാരായണന്റെ സംഗീതം തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോവുന്നതില്‍ മറ്റൊരു നിര്‍ണായക ഘടകം. ''കണ്ടാ വര ചൊല്ലുങ്കെ'' എന്ന ഗാനം പരമ്പരാഗതമായ തമിഴ് സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് മാത്രമല്ല അതൊരു പ്രതിരോധവും പ്രതീക്ഷയും കൂടിയാണ്,അനീതിക്കെതിരെ ഒരു കര്‍ണന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന പ്രതീക്ഷ. അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരം കൂടിയാണ് എന്ന് മിലന്‍ കുന്ദേര എഴുതിയത് എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടാനുള്ളതാണ്.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT