Filmy Features

പാട്ടെഴുതിയതാരെന്ന് മാത്രം ആര്‍ക്കും അറിയില്ല; എഴുതിയ പാട്ടിന്റെ ക്രെഡിറ്റിന് വേണ്ടി ശബ്ദമുയര്‍ത്തി ഗാനരചയിതാക്കള്‍

2020ന്റെ പകുതിയില്‍ ഹിന്ദി സിനിമയിലെ ഗാനരചയിതാക്കള്‍ ചേര്‍ന്ന് 'ലിറിക്സ് റൈറ്റേഴ്സ് ആന്തം' എന്ന പേരില്‍ 'ക്രെഡിറ്റ് ദേദോ യാര്‍' എന്ന ഒരു ഗാനം പുറത്തിറക്കിയിരുന്നു. പാട്ടുകള്‍ക്ക് ക്രെഡിറ്റ് ലഭിക്കാത്തതില്‍ ഗാനരചയിതാക്കളുടെ പ്രതിഷേധമായിരുന്നു അത്. വരുണ്‍ ഗ്രോവര്‍, അമിതാഭ് ഭട്ടാചാര്യ, സ്വാനന്ദ് കിര്‍കിരെ, മയൂര്‍ പുരി തുടങ്ങിയവര്‍ ആ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ശേഷം ചെറിയ തോതിലെങ്കിലും ഒരു മാറ്റം ബോളിവുഡിലുണ്ടായി. സിനിമ ഗാനങ്ങള്‍ യൂട്യൂബ് ചാനലുകളില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഗാനരചയിതാവിന്റെ പേര് കൂടെ ടൈറ്റിലില്‍ ഉള്‍പ്പെടുത്തി തുടങ്ങി. എന്നാല്‍ മലയാളത്തിലോ ?

കഴിഞ്ഞ ദിവസം കൊച്ചിയില്‍ മലയാള സിനിമയിലെ ഗാനരചയിതാക്കളുടെ കൂട്ടായ്മയായ 'രചന', ഒരു യോഗം ചേര്‍ന്നിരുന്നു. റഫീക് അഹമ്മദ്, അന്‍വര്‍ അലി, ഷിബു ചക്രവര്‍ത്തി, തുടങ്ങിയവരെല്ലാം പങ്കെടുത്ത യോഗം. മലയാള സിനിമയിലെ ഗാനരചയിതാക്കളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി കൂടിയ യോഗത്തിലെ ഒരു അനുഭവത്തെക്കുറിച്ച് ഗാനരചയിതാവായ ഹരിത ഹരിബാബു പറയുന്നതിങ്ങനെയാണ്.

'യോഗത്തിനിടെ അവിടെ വന്ന ഒരു ജേര്‍ണലിസ്റ്റ് അന്‍വറിക്കയോട് ചോദിക്കുകയാണ്, സാറിന്റെ പേരെന്താണെന്ന്. അടുത്ത കാലത്തിറങ്ങിയ പല ഹിറ്റ് ഗാനങ്ങളും എഴുതിയ ആളാണ് അന്‍വര്‍ അലി. എന്നിട്ടും ആളുകള്‍ക്ക് പാട്ടെഴുതിയയാളെ അറിയില്ല.'

ഇത് ആളുകളുടെ മാത്രം കാര്യമല്ല, മലയാളസിനിമയിലെ ഗാനരചയിതാക്കളെ യൂട്യൂബിന് അറിയില്ല, അവരെഴുതിയ പാട്ടുകള്‍ പ്ലേ ചെയ്യുന്ന എഫ്എം സ്റ്റേഷനുകള്‍ക്കറിയില്ല, സ്പോട്ടിഫൈക്ക് അറിയില്ല. എഴുതിയ അക്ഷരങ്ങളുടെയും വരികളുടെയും ക്രെഡിറ്റിന് വേണ്ടി, നമ്മള്‍ മൂളുന്ന പാട്ടുകളുടെ രചയിതാക്കള്‍ ശബ്ദമുയര്‍ത്തേണ്ട ഗതികേടിലാണ്.

ചലച്ചിത്രഗാനരംഗത്ത് രചയിതാക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് നല്‍കാത്തത് തങ്ങള്‍ക്ക് ലഭിക്കേണ്ട റോയല്‍റ്റിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികൂലമായി ബാധിക്കുന്നുവെന്ന് 'രചന' അംഗങ്ങള്‍ ദ ക്യുവിനോട് പറഞ്ഞു. മലയാള സിനിമയില്‍ ഇന്നും ഗാനരചയിതാക്കള്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്, അതില്‍ നിന്ന് അവര്‍ക്ക് തെല്ലൊരാശ്വാസം ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ്സ് സൊസൈറ്റി (ഐ.പി.ആര്‍.എസ്.) എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന റോയല്‍റ്റിയാണ്. എന്നാല്‍ ഈ റോയല്‍റ്റി ലഭിക്കണമെങ്കില്‍ പാട്ടുകളുടെ ക്രെഡിറ്റ് ഗാന രചയിതാക്കള്‍ക്ക് ലഭിക്കണം. നിലവില്‍ പല ഗാനങ്ങള്‍ക്കും ക്രെഡിറ്റ് ലഭിക്കാത്ത അവസ്ഥയാണ് എന്ന് 'രചന' അംഗങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന രചന യോഗത്തിൽ നിന്ന്

'രചന' എന്ന കൂട്ടായ്മ ആരംഭിച്ചപ്പോള്‍ മുതല്‍ ചര്‍ച്ച ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ ഒന്നാണ് അവരര്‍ഹിക്കുന്ന റോയല്‍റ്റി നേടിയെടുക്കുക എന്നതെന്ന് അംഗമായ ഷിബു ചക്രവര്‍ത്തി പറയുന്നു. സാധാരണ ഗതിയില്‍ ഒരു പാട്ട് എഴുതിക്കഴിഞ്ഞാല്‍ അതിന് ലഭിക്കുന്ന പ്രതിഫലമല്ലാതെ രചയിതാവിന് ആ ഗാനത്തില്‍ നിന്ന് മറ്റ് വരുമാനമൊന്നുമില്ല. ഗായകര്‍ക്ക് അത് വേദികളില്‍ അവതരിപ്പിക്കാം, അതായത് ഒരിക്കല്‍ പ്രതിഫലം വാങ്ങിയ പാട്ട് തന്നെ വീണ്ടും പാടുമ്പോഴും അതില്‍ നിന്ന് വരുമാനമുണ്ട്. പക്ഷേ പാട്ടെഴുത്തുകാര്‍ക്ക് അങ്ങനെയല്ല. അതില്‍ നിന്ന് ചെറിയൊരു മോചനം, ഒരു പാട്ട് റേഡിയോ സ്റ്റേഷനില്‍ വെയ്ക്കുമ്പോള്‍ അവര്‍ കൊടുക്കുന്ന ഒരു തുക നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് റൈറ്റ്സ് സൊസൈറ്റി (ഐപിആര്‍എസ്) സമാഹരിച്ച് ഗാനരചയിതാക്കള്‍ക്ക് കൊടുക്കുന്നതാണ്. ഐപിആര്‍എസ് എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയാതിരുന്ന കാലത്ത് നിന്ന് ഇന്ന് ഒരു പാട്ട് എഴുതിയ വ്യക്തി പോലും അതില്‍ മെമ്പറാകുന്ന തരത്തിലേക്ക് രചന ഇടപെടല്‍ നടത്തിയെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഇനിയും പരിഹരിക്കപ്പെടാത്ത ഗാനരചയിതാക്കള്‍ നേരിടുന്ന ഒരുപാട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു, അതില്‍ ആദ്യത്തേത് വേതന വ്യവസ്ഥയെക്കുറിച്ചാണ്. മലയാള സിനിമയുടെ നിര്‍മ്മാണച്ചെലവ് ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക് ഉയര്‍ന്നപ്പോഴും അതിന് ആനുപാതികമായ ഉയര്‍ച്ച പാട്ടെഴുത്തുകാരുടെ വേതനത്തില്‍ ഉണ്ടായിട്ടില്ല. ഗാനരചയിതാക്കള്‍ മെച്ചപ്പെട്ട പ്രതിഫലം അര്‍ഹിക്കുന്ന ആളുകളാണ് എന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് രചന ലക്ഷ്യം വയ്ക്കുന്ന ആദ്യത്തെ കാര്യമെന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു.

രണ്ടാമത്തേത് ഗാനങ്ങള്‍ക്ക് ക്രെഡിറ്റ് ലഭിക്കുന്നത് സംബന്ധിച്ചാണ്. പഴയ പാട്ടുകള്‍ ആകാശവാണിയിലും മറ്റും പ്രക്ഷേപണം ചെയ്യുന്നതിന് മുന്‍പ് കൃത്യമായി ക്രെഡിറ്റ്‌സ് പറയുമായിരുന്നു. അതുകൊണ്ടാണ് ദേവരാജന്‍ മാഷുടെയും, വയലാറിന്റെയുമൊക്കെ പേരുകള്‍ അവരെഴുതിയ വരികളോട് ചേര്‍ന്ന് ഓര്‍ക്കപ്പെടുന്നത്. ഇന്ന് ആകാശവാണിയേക്കാള്‍ പ്രചാരമുള്ളത് സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ക്കാണ്. എന്നാല്‍ അവര്‍ക്കൊന്നും പാട്ടുകളുടെ സ്രഷ്ടാക്കളുടെ പേര് പറയാന്‍ നേരമില്ല. അതുകൊണ്ട് മൂളിനടക്കുന്ന പാട്ടുകളുടെ പോലും സ്രഷ്ടാക്കളുടെ പേരുകള്‍ ആരും അറിയുന്നില്ലെന്ന് ഷിബു ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

തന്റെ ഒരു സൃഷ്ടി എടുത്തുപയോഗിക്കുമ്പോള്‍, അതില്‍ തന്റെ സിഗ്‌നേച്ചര്‍, തന്റെ പേര്, ഉണ്ടാകുക എന്നത് ഏതൊരു കലാകാരന്റെയും അവകാശമാണ്. ഗാനരചയിതാക്കളുടെ കാര്യത്തില്‍ അതെത്രയോ കാലമായി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്
ഷിബു ചക്രവര്‍ത്തി

യൂട്യൂബിന്റെ കാര്യത്തിലും സ്ഥിതി വിപരീതമല്ലെന്നും അദ്ദേഹം പറയുന്നു. ആകാശവാണി എഫ്എം സ്റ്റേഷനുകള്‍ക്ക് വഴിമാറിക്കൊടുത്തെങ്കില്‍, പാട്ടു വാങ്ങിയ നിര്‍മ്മാണ കമ്പനി പുറത്തിറക്കുന്ന കാസെറ്റുകളെയും സി.ഡി-കളെയും റീപ്ലേസ് ചെയ്തത് യൂട്യൂബാണ്. ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സും യൂട്യൂബാണ്. ആര്‍ക്കു വേണമെങ്കിലും അപ്ലോഡ് ചെയ്യാവുന്ന ഈ മാധ്യമത്തില്‍ എവിടെയൊക്കെ പാട്ടുകള്‍ വരുന്നു എന്നത് ഗാനരചയിതാക്കള്‍ക്ക് അറിയാന്‍ കഴിയുന്നില്ല. തന്റെ പാട്ടുകള്‍ എവിടെയെല്ലാം വരുന്നു എന്നറിയാനുള്ള അവകാശം അതിന്റെ രചയിതാവിനുമുണ്ട്. പാട്ടുകളെടുത്തുപയോഗിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് അതിന്റെ ഒറിജിനല്‍ ക്രിയേറ്റേഴ്‌സിന് ക്രെഡിറ്റ് കൊടുക്കുക എന്നത് മര്യാദ മാത്രമല്ല, നിര്‍ബന്ധം കൂടെയാണ് എന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന പാട്ടുകളുടെ കവര്‍ വേര്‍ഷനുകളില്‍ പ്രത്യേകിച്ചും ഗാനരചയിതാക്കളുടെ പേരുണ്ടാകില്ല. ഒരു പാട്ടിന്റെ കവര്‍ വേര്‍ഷനില്‍ ഒറിജിനല്‍ ഗാനരചയിതാവിന് ക്രെഡിറ്റ് കൊടുക്കുമ്പോള്‍, യൂട്യൂബ് ഐപിആര്‍എസ്‌ന് കൊടുക്കുന്ന ഒരു ചെറിയ തുക ഗാനരചയിതാവിന് ലഭിക്കും. കൃത്യമായി ക്രെഡിറ്റ് കൊടുക്കാതെയാകുമ്പോള്‍ ഗാനരചയിതാവിന് നഷ്ടപ്പെടുന്നത് പ്രശസ്തി മാത്രമല്ല, ചെറുതാണെങ്കിലും ലഭിക്കുന്ന ആ തുക കൂടെയാണ്. സജീവമായി എഴുതാത്ത പാട്ടെഴുത്തുകാര്‍ക്ക് അതൊരു സാമ്പത്തിക സഹായമാണെന്നും 'രചന' അംഗങ്ങള്‍ പറയുന്നു.

അതുപോലെ തന്നെ എഫ്എം സ്റ്റേഷനുകള്‍ ഗാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ IPRS ന് ഒരു നിശ്ചിത തുക നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയിലെ നാന്നൂറോളം വരുന്ന എഫ്എം സ്റ്റേഷനുകളില്‍ നിന്നും കേവലം മൂന്നെണ്ണം മാത്രമാണ് ആ തുക നല്‍കുന്നതെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു. ഇതിനെതിരെ ഒരു ഗാനരചയിതാവിന് ഒറ്റയ്ക്ക് നിയമപരമായി മുന്നോട്ട് പോവുക അസാധ്യമാണ്. കാരണം മിക്ക എഫ്എം സ്റ്റേഷനുകളും ഏതെങ്കിലും മീഡിയ ഹൗസിന്റെ ഉടമസ്ഥതയിലാണ്. അങ്ങനെ വരുമ്പോള്‍ ഒരു വ്യക്തി ഒരു പറ്റം മീഡിയ ഹൗസുകളോടും അവരുടെ ലീഗല്‍ ടീമിനോടുമാണ് പോരാടേണ്ടി വരുന്നത്. അവിടെയാണ് ഒരു സംഘടനയുടെ ആവശ്യം വരുന്നത്. മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ ഇതുവരെയും ഐപിആര്‍എസ്‌ന് ഇതേ തുക നല്‍കാന്‍ തുടങ്ങിയിട്ടില്ലെന്നും ഷിബു ചക്രവര്‍ത്തി ക്യുവിനോട് പറഞ്ഞു.

യൂട്യൂബ് കവര്‍ വേര്‍ഷന്‍ അപ്ലോഡ് ചെയ്യുന്നത് പാട്ടിന്റെ ഒറിജിനല്‍ വേര്‍ഷനുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്തവരാണെങ്കിലും ഒറിജിനല്‍ വെര്‍ഷന്‍ അപ്ലോഡ് ചെയ്യുമ്പോഴും ഗാനരചയിതാക്കള്‍ വേര്‍തിരിവ് നേരിടുന്നുണ്ടെന്ന് രചന അംഗങ്ങള്‍ ഒരേപോലെ പറയുന്നു.

വളരെ വിരളം ചില പാട്ടുകളൊഴിച്ചാല്‍, മിക്കതിലും ടൈറ്റിലില്‍ ഗാനരചയിതാവിന്റെ പേരുണ്ടാകാറില്ലെന്നും, പലരും ടൈറ്റിലിന് അപ്പുറത്തേക്ക് ഡിസ്‌ക്രിപ്ഷന്‍ വായിക്കാന്‍ ഒന്നും മെനക്കെടാറില്ലെന്നും, അതുകൊണ്ട് കൂടെയാണ് എഴുത്തുകാരെ ആരും തിരിച്ചറിയാത്തതെന്നും ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമയുടെ പേരും, സംഗീത സംവിധയാകരുടെ പേരും, ഗായകരുടെ പേരും, അഭിനേതാക്കളുടെ പേരും വരെ ടൈറ്റിലില്‍ ഉണ്ടാകും. എന്നാല്‍ ഗാനരചയിതാവിന്റെ പേര് ഉണ്ടാകില്ല. അതിന് കാരണമായി പറയാറുള്ളത് നൂറക്ഷരങ്ങളേ ടൈറ്റിലില്‍ കൊടുക്കാന്‍ കഴിയൂ എന്നതാണ്. അങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് പണിയെടുക്കുന്നവന്‍ ആ നൂറക്ഷരങ്ങളില്‍ നിന്ന് പുറത്താകുന്നു
ബി.കെ ഹരിനാരായണന്‍

അതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരമായി പറയപ്പെടുന്നത് സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ വച്ചാണ് ആ പേരുകള്‍ നിശ്ചയിക്കുന്നത് എന്നാണെന്ന് ഹരിനാരായണന്‍ പറയുന്നു. 'പക്ഷേ എന്തുകൊണ്ടാണ് പാട്ടെഴുത്തുകാരുടെ പേരുകള്‍ സെര്‍ച്ചില്‍ വരാത്തത്? പേരുകള്‍ കൊടുക്കാത്തത് കൊണ്ടല്ലേ', ഹരിനാരായണന്‍ ചോദിക്കുന്നു.

ഇത് സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. ആളുകളുടെയോ ഓര്‍ഗനൈസേഷന്‍ന്റെയോ തെറ്റ് അല്ല, അവര്‍ ശീലിച്ചു വന്നത് അങ്ങനെയാണ്. 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍' എന്ന് അക്കിത്തം പാടിയിടത്ത്, അതിന് വിപരീതമായി, 'എന്റെയാണ് എന്റെയാണ്' എന്ന് വിളിച്ചുപറയേണ്ട അവസ്ഥയാണ് തങ്ങള്‍ക്കെന്നും ഹരിനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കുഞ്ഞിന്റെ ഏറ്റവും അടുത്ത അഞ്ച് പേരുടെ പേരെ പറയാന്‍ കഴിയൂ എന്ന് പറഞ്ഞാല്‍, അച്ഛന്റെയും അമ്മയുടെയും പേരെടുത്തു മാറ്റുമോ? പകരം അടുത്ത വീട്ടിലെ കുട്ടിയെ കാണാന്‍ കൊള്ളാം, ആ കുട്ടിയുടെ പേര് കൊടുക്കാം എന്ന് പറയുമോ?
ഷിബു ചക്രവര്‍ത്തി

മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ ആര്‍ടിസ്റ്റുകളായി പോലും ഇതുവരെ ഗാനരചയിതാക്കളെ അംഗീകരിച്ചിട്ടില്ലെന്ന് രചന അംഗമായ ഹരിത ഹരിബാബു പറയുന്നു. സംഗീതസംവിധയായകര്‍ക്കും, ഗായകര്‍ക്കും മാത്രമേ അവിടെയിടമുള്ളൂ. വരികളെഴുതുന്നവര്‍ക്കില്ല. എന്നാല്‍ പാട്ടുകളുടെ വരികള്‍ സ്‌പോട്ടിഫൈക്ക് വേണം താനും. എഴുത്തുകാരെ കൂടെ ഉള്‍പ്പെടുത്താന്‍ സ്‌പോട്ടിഫൈക്ക് റിക്വസ്റ്റ് കൊടുക്കാന്‍ രചന ഉദ്ദേശിക്കുന്നുണ്ടെന്നും ഹരിത കൂട്ടിച്ചേര്‍ത്തു.

നാം ഒരു പാട്ടിനെ പേരെടുത്തു വിളിക്കുന്നത് പോലും പാട്ടെഴുത്തുകാരൻ എഴുതിയ വരികൾ കൊണ്ടാണ്. എന്നിട്ടും എഴുത്തുകാർ സ്മരിക്കപ്പെടാതെ പോകുന്നതെന്തു കൊണ്ടെന്ന് കൂടെയാണ് രചന ചോദിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT