"നമ്മ കിട്ട കാട് ഇരുന്താ എടുത്തിക്കുവാങ്കെ രൂപാ ഇരുന്താ പുടിക്കുവാൻഗെ ആനാ പഠിപ്പ് മട്ടും നമ്മക്കിട്ടെ ഇരുന്ത് എടുത്തിക്കവെ മുടിയാത്".
കൊള്ളയുടെയും കുറ്റകൃത്യത്തിന്റെയും താവളവും ഇടത്താവളുവുമായി കുപ്രസിദ്ധി നേടിയ ചമ്പൽ. ഈ ഗ്രാമത്തിൽ കുട്ടികൾ പന്ത്രണ്ടാം ക്ലാസ് പാസാകുന്നത് പോലും നേരാംവഴിക്കല്ല. കോപ്പിയടിക്ക് കൂട്ടുനിൽക്കുന്നതാകട്ടെ അധ്യാപകരും. മനോജ് കുമാർ ശർമ എന്ന അണ്ടർ പ്രിവിലജ്ഡ് ചെറുപ്പക്കാരന് തന്റെ ചെയ്തികളുടെ ഭവിഷ്യത്തുകളൊന്നും 12ൽ പഠിക്കുന്ന സമയത്ത് അറിയില്ലായിരുന്നു. എങ്ങനെയെങ്കിലും പന്ത്രണ്ട് ജയിച്ചുകയറി ഒരു ഓഫീസ് ബോയ് ജോലിയെങ്കിലും തരപ്പെടുത്തണം. അതുവഴി കുടുംബത്തെ കരകയറ്റണം. ജയിക്കണമെന്ന് കരുതിയിരുന്ന, upsc എന്തെന്ന് പോലും അറിയാതിരുന്ന ഒരു ചെറുപ്പക്കാരന്റെ തിരിച്ചറിവുകളുടെ, അയാളുടെ പ്രയത്നത്തിന്റെ, വിജയത്തിന്റെ കഥയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th fail എന്ന ബോളിവുഡ് ചിത്രം.
പാമ്പും കോണിയും മുന്നിൽവച്ചാണ് ഗൗരി ഭയ്യാ മനോജ് ശർമയ്ക്ക് upsc യുടെ ഓരോ ഘട്ടങ്ങളും വിശദീകരിക്കുന്നത്. വെറും പാതി അറിവ് മാത്രം വച്ച് മനോജ് തന്റെ upsc യാത്ര അവിടെ ആരംഭിക്കുന്നു. പാമ്പും കോണിയിലും പോലെ പല ഘട്ടത്തിലും തോൽവിയറിഞ്ഞു വീണ്ടും തുടങ്ങിയടത്തേക്ക് തന്നെ മനോജ് തിരികെ വീഴുന്നുണ്ട്. അപ്പോഴെല്ലാം restart, restart എന്ന് തനിക്ക് ഊർജം നൽകി ഗൗരി ഭയ്യാ ഒപ്പമുണ്ട്. അയാൾ ലൈബ്രറിയിൽ വർക്ക് ചെയ്യുന്നുണ്ട്, ടോയ്‌ലെറ്റ് വൃത്തിയാക്കുന്നുണ്ട്, നിറഞ്ഞ പൊടികൾക്കിടയിലെ മില്ലിലെ പണികൾക്കിടയിൽ സ്വയം സമയം കണ്ടെത്തി പഠിക്കുന്നുണ്ട്. നമ്മൾ സ്ഥിരമായി കണ്ടുശീലിച്ചൊരു സിനിമയല്ല ട്വൽത് ഫെയിൽ. ഒരൊറ്റ പാട്ടിലോ ഒരൊറ്റ സീനിലോ സകല പ്രശ്നങ്ങളിൽ നിന്ന് നായകൻ ഞൊടിയിടെ ജയിച്ചുവരുന്ന അനുഭവവുമല്ല വിധു വിനോദ് ചോപ്ര പറയുന്നത്.
പരാജയമെന്തെന്ന് മനോജ് കുമാർ ശർമ്മ ശരിക്കുമറിയുണ്ട്. ടൂറിസത്തെക്കുറിച്ച് ചോദിക്കുമ്പോൾ പകരം ടെററിസത്തെ കുറിച്ച് എഴുതിവച്ച് അബദ്ധത്തിൽ പെടുന്നുണ്ട് മനോജ്. എന്നാൽ പിന്നോട്ടായായാൻ തയ്യാറാകാത്ത നിശ്ചയദാർഡ്യവും ലക്ഷ്യബോധവും അയാളെ മുന്നോട്ട് കുതിക്കാൻ പ്രചോദിപ്പിക്കുകയാണ്. മനോജിന്റെ upsc യാത്രയിൽ അയാളിലെ മനുഷ്യനും പല മാറ്റങ്ങളുണ്ടാകുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ മനോജിന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ പേടിച്ച് വിറച്ചിടത്തുനിന്ന് അവരോട് നിയമം സംസാരിക്കാൻ മുന്നിൽ തലയുയർത്തി ഇരിക്കുന്ന കോൺഫിഡൻസ് പിന്നീട് അയാൾക്കുണ്ടാകുന്നു. അതിലേക്കുള്ള ഉയർച്ച തന്നെയാണ് ചിത്രം.
ചിത്രത്തിന്റെ തിരക്കഥയുടെ 179മത്തെ ഡ്രാഫ്റ്റ് ആണ് തങ്ങൾ ഷൂട്ടിങ്ങിനായി ഉപയോഗിച്ചതെന്ന് നടൻ വിക്രാന്ത് മാസ്സേ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബോളിവുഡിലെ പതിവ് കോസ്റ്റ്യൂം ഡ്രാമകളുടെ തട്ടുപൊളിപ്പൻ ഫോർമാറ്റിന് എതിരെ നീങ്ങാനാണ് കഥ പറച്ചിലിൽ ട്വൽത് ഫെയിൽ ശ്രമിച്ചതെന്ന് വ്യക്തം. ഒറ്റനായകനിൽ ചുറ്റിത്തിരിയുന്നൊരു മോട്ടിവേഷണൽ ഡ്രാമയല്ല ഈ സിനിമ. 12th fail റെപ്രെസെന്റ് ചെയ്യുന്നത് നിരവധി മനോജ് ശർമ്മമാരെയാണ്. മനോജിന്റെ ഓരോ അധ്വാനത്തിലും തോൽവിയുടെ ഓരോ പടിയിറക്കത്തിലും കാഴ്ചക്കാരെക്കൊണ്ട് അയാൾക്കായി റൂട്ട് ചെയ്യിപ്പിക്കുന്നുണ്ട് സംവിധായകൻ. മനോജിന്റെ ചെറിയ വിജയങ്ങളിൽ പോലും അവരവരെ തന്നെ കാണാൻ പ്രേക്ഷകർക്കാകും.
മനോജ് കുമാർ ശർമ്മ എന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി അനുരാഗ് പഥക് എഴുതിയ 12th fail എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വിധു വിനോദ് ചോപ്ര ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ കാഴ്ചകളെല്ലാം സത്യമാണ്, അവക്ക് പിന്നിലെ അധ്വാനവും അപമാനങ്ങളുമെല്ലാം നേരാണ്. നീ ഐ പി എസ് ഓഫീസർ ആകുകയോ ഫ്ലോർ മില്ലിൽ പണിയെടുക്കുകയോ ചെയ്തോളൂ എനിക്ക് ബാക്കിയുള്ള കാലം നിന്റെയൊപ്പം ജീവിതാകാനാണ് ആഗ്രഹം എന്ന് മനോജിന് പ്രതീക്ഷയും ഊർജവും നൽകി കൂട്ടാകുന്നുണ്ട് ശ്രദ്ധയെന്ന അവന്റെ പാർട്ണർ. ചിത്രമവസാനിക്കുമ്പോൾ മനോജിന്റെ സന്തോഷങ്ങൾക്കുമൊപ്പം ശ്രദ്ധയും നമ്മുടെ മനസ്സിനുള്ളിൽ ചേക്കേറിയിട്ടുണ്ടാകും. ആരാണ് അവളെപോലെയൊരു പാർട്ണറെ ആഗ്രഹിക്കാത്തത് ? ആരാണ് ഗൗരി ഭയ്യയെ പോലെയൊരു സഹോദരതുല്യനെ കൂട്ടുകാരനെ ആഗ്രഹിക്കാത്തത് ?
ഒന്നുമില്ലായ്മയിൽ നിന്ന് ഉയർന്നു വരുന്ന മനുഷ്യരുടെ കഥ ആദ്യമായല്ല ഹിന്ദി സിനിമ പറയാൻ ശ്രമിക്കുന്നത്. സൂപ്പർ 30 യും, കോട്ട ഫാക്ടറിയും, അസ്പിറൻസുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. പറയുന്ന കഥയോടും, ആ മനുഷ്യനോടും, അയാളുടെ പ്രയത്നത്തോടും എത്രമാത്രം ആ സിനിമ നീതി പുലർത്തി എന്നതാണ് അവിടെയെല്ലാം ചോദ്യമാകുന്നത്. അവിടെ വിധു വിനോദ് ചോപ്ര നൂറിൽ നൂറ് വാങ്ങുന്നുണ്ട്. വിക്രാന്ത് മാസ്സേ എന്ന നടനെനില്ലാതെ 12th fail പൂർണ്ണമാകില്ല. സിനിമ തുടങ്ങിയ കാലം തൊട്ട് നായകന്റെ സുഹൃത്തായി മാത്രം ടൈപ്പ് കാസറ്റ് ചെയ്യപ്പെട്ട ആളായിരുന്നു താൻ എന്ന് അയാൾ പറയുമ്പോൾ എത്രത്തോളം അണ്ടർ അപ്പ്രിഷിയെറ്റഡ് ആയിരുന്നു അയാൾ എന്ന് ഈ ഒരു സിനിമ കൊണ്ട് നിങ്ങൾ അറിഞ്ഞിരിക്കും.
ചടുലമായ പശ്ചാത്തലസംഗീതമോ, അപ്രതീക്ഷിത മുഹൂർത്തങ്ങളോ കുത്തിനിറയ്ക്കാതെ ഉപയോഗിക്കാതെയെ ഞാനീ കഥ പറയു എന്ന് തീരുമാനിച്ചിരുന്നു എന്ന് വിനോദ് ചോപ്ര തന്നെ പറയുന്നു. അത് സ്‌ക്രീനിൽ കാണാം. പഥേർ പാഞ്ചാലിയുടെ മ്യൂസിക് റൈറ്റ്സ് വാങ്ങി, അത് കൂടെ ചേർത്താണ് ചിത്രത്തിന് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഗ്രാമീണാന്തരീക്ഷമെന്നും അടിത്തട്ടിലെ മനുഷ്യരെന്നും ആലോചിക്കുമ്പോൾ ആദ്യമെത്തുന്ന പഥേർ പാഞ്ചാലിയുടെ അനുഭവാന്തരീക്ഷം തന്നെയാണ് ആ ട്രാക്കിനൊപ്പം കടന്നുവരുന്നത്. എഡിറ്റിങ്ങിലും, ഛായാഗ്രഹണത്തിലും എല്ലാം വിധു വിനോദ് ചോപ്ര തന്റെ കൈമുദ്ര ചാർത്തി പോകുന്നുണ്ട്. കഥ പറയുന്നയാൾക്ക് കഥ പറച്ചലിനോടും, കഥയോടുമുള്ള സ്നേഹം, സത്യസന്ധത ആ സിനിമയെ എലിവേറ്റ് ചെയ്യുന്നുണ്ട്. ട്വൽത് ഫെയ്ലിന്റെ എക്സ് ഫാക്ടർ അതാണ്. ഒരു ജീവിതത്തിന്റെ ചൂരും ചൂടും അതേപടി പകർത്താൻ കഴിഞ്ഞ ചിത്രം അതുകൊണ്ട് കൂടെയാണ് പ്രേക്ഷകർ ആഘോഷിക്കുന്നത്.