Filmy Features

'കൊറോണയില്ലെങ്കില്‍ ജൂലൈ 3ന് ലളിതം സുന്ദരമാകുമായിരുന്നു', മധു വാര്യര്‍ അഭിമുഖം

എല്ലാ മേഖലയെയും നിശ്ചലമാക്കി മനുഷ്യരെ വീട്ടിലെ അടച്ചിരുപ്പിലേക്ക് എത്തിച്ചാണ് കൊവിഡ് വ്യാപനം തുടരുന്നത്. മലയാള സിനിമയും സ്തംഭനത്തിന് സമാനമായ സാഹചര്യത്തിലെത്തിയിട്ട് നൂറ് ദിനം പിന്നിടുന്നു. കൊറോണയില്ലായിരുന്നുവെങ്കില്‍ ജൂലൈ ആദ്യ ആഴ്ച്ച റിലീസ് ചെയ്യുമായിരുന്നു തന്റെ കന്നിച്ചിത്രമെന്ന് സംവിധായകന്‍ മധു വാര്യര്‍. മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം ഷൂട്ട് പുരോഗമിക്കുന്നതിനിടെയായിരുന്നു കൊവിഡിന്റെ വരവ്. കൊറോണ വെല്ലുവിളിയുയര്‍ത്തി തുടങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചുവെന്നും ഒരു 20 ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നുവെന്നും മധു വാര്യര്‍ ദ ക്യു'വിനോട്.

കൊവിഡ് മാനദണ്ഡം പാലിച്ച് ഷൂട്ട് തീര്‍ക്കാനാകില്ല

ചെറിയൊരു അങ്കലാപ്പ് തനിക്കിപ്പോള്‍ ഉണ്ടെന്നാണ് മധു വാര്യര്‍ പറയുന്നത്. കൊവിഡ് ബാധ കൂടിക്കൂടി വരികയും ഇനിയെന്ന് കാര്യങ്ങള്‍ പഴയപടിയാകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നത് വല്ലാത്തൊരു മാനസിക വിഷമത്തിലാക്കുന്നുണ്ട്. സിനിമാ ചിത്രീകരണം എന്നുപറയുന്നത് കുറേയേറെ ആളുകള്‍ കൂടിച്ചേരുന്ന പ്രവര്‍ത്തനമായതിനാല്‍ റിസ്‌ക് എടുക്കാനാവില്ല. 50 പേരെ വച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും എന്റെ സിനിമയെ സംബന്ധിച്ച് അത് നടക്കുന്ന കാര്യമല്ല. കാരണം ഇനി ചിത്രീകരിക്കാനുള്ള സീനുകളിലേറെയും മിനിമം 40-50 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഷൂട്ടിംഗിനായി പുറത്തിറങ്ങാനാവില്ല.

പീരുമേട് അടക്കം ഒന്ന് രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങളിലായിട്ടാണ് ഇനി ഷൂട്ട് ചെയ്യേണ്ടത്. നമ്മള്‍ ഷൂട്ടിന് ചെല്ലുമ്പോള്‍ അത് കാണാന്‍ ആളുകള്‍ തടിച്ചുകൂടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. ഒരു എയര്‍പോര്‍ട്ട് സീനും ഷൂട്ട് ചെയ്യാനുണ്ട്. ഇപ്പോള്‍ നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട സമയമാണ്. തല്‍ക്കാലം റിസ്‌ക് എടുത്ത് ചിത്രീകരണത്തിന് ഇല്ല. മാര്‍ച്ച് ആദ്യം ചിത്രീകരണത്തിനായി പീരുമേട് പോയപ്പോള്‍ വിദേശികളടക്കമുള്ളവര്‍ കാണാന്‍ വന്നത് കുറച്ചൊന്നുമല്ല ടെന്‍ഷന്‍ ഉണ്ടാക്കിയത്. അതിനാല്‍ മറ്റുള്ളവര്‍ പറയുന്നതിന് മുമ്പ് ഞങ്ങള്‍ തന്നെ തചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ക്ലൈമാക്‌സ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം

ഇനി നഷ്ടങ്ങളോര്‍ത്ത് പരിതപിച്ചിട്ട് കാര്യമില്ല. കുറച്ച് ദിവസങ്ങള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ ഷൂട്ടിംഗൊക്കെ പൂര്‍ത്തിയാക്കി എഡിറ്റിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും തീര്‍ത്തു വെക്കാമായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. വാക്‌സിനേഷനൊക്കെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു റിലീഫ് ഇപ്പോഴുണ്ട്. കുറച്ച് കഴിഞ്ഞ് നമുക്ക് പേടിക്കാതെ പുറത്തിറങ്ങാനാകുമെന്ന ഉറപ്പ് വന്നുകഴിഞ്ഞാല്‍ വളരെ പെട്ടെന്ന് തന്നെ ഷൂട്ടിംഗ് തീര്‍ക്കാനാകുമെന്ന പ്രതീക്ഷയും ഉണ്ട്. ഇതുവരെ ചിത്രീകരിച്ചത് എഡിറ്റിംഗ് കഴിഞ്ഞു. ക്ലൈമാക്‌സ് അടക്കമുള്ള പ്രധാന സീനുകളാണ് ഇനി തീര്‍ക്കേണ്ടത്.

ഇനി ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. അന്ന് തുടര്‍ച്ചയായി ചിത്രീകരണം ഉള്ളതിനാല്‍ എല്ലാവരും അവരവരുടെ കഥാപാത്രങ്ങളായി മാനസികമായി മാറിയിരുന്നു. അത് ഓരോ സീനിലും വ്യക്തമായി മനസ്സിലാകും. എന്നാല്‍ കുറേനാളുകളുടെ ഇടവേളക്ക് ശേഷം വീണ്ടും ചിത്രീകരിക്കുമ്പോള്‍ അവരും ഞാനും ഒരല്‍പ്പം ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്. അതുപോലെ ചെറിയ രണ്ട് കുട്ടികള്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കുട്ടികള്‍ക്കാണല്ലോ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അവരുടെ മുഖഛായ വരെ വ്യത്യാസപ്പെടാം. പല്ലൊക്കെ പോയാല്‍ ആകെ പെട്ടുപോകുമെന്നും മധു വാര്യര്‍.

സഹോദരന്‍ സംവിധായകന്‍, സഹോദരി നിര്‍മ്മാതാവും

മധു വാര്യരുടെ ആദ്യ സംവിധാന സംരംഭം എന്നതിലുപരി മറ്റൊരു പ്രത്യേകത കൂടിയുണ്ട് ലളിതം സുന്ദരം എന്ന ചിത്രത്തിന്. മഞ്ജു വാര്യര്‍ ആദ്യമായി നിര്‍മ്മാതാവുകയാണ്. മഞ്ജുവാര്യര്‍ക്കൊപ്പം മലയാളത്തിലെ മുന്‍നിര ബാനറായ സെഞ്ച്വറി ഫിലിംസിനുവേണ്ടി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. ഈ രണ്ട് നിര്‍മ്മാതാക്കളെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് മധു വാര്യര്‍. തന്നെപ്പോലെയൊരു തുടക്കക്കാരനൊപ്പം സഹകരിക്കാനും വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകാനും ഈ രണ്ട്് പേരും കാണിച്ച മനസ്സാണ് ഏറ്റവും വലിയ ഊര്‍ജ്ജമാണ് മധു.

പ്രൊഡ്യൂസര്‍ ആയ മഞ്ജുവാര്യര്‍ എങ്ങനെയാണ് എന്ന ചോദ്യത്തിന് ഒരു മാറ്റവും കാണുന്നില്ലെന്നാണ് മധു വാര്യരുടെ മറുപടി. ഏറെ കാലമായുള്ള ആഗ്രഹമാണ് സിനിമാ സംവിധാനം. അത് സാധ്യമായപ്പോള്‍ ഒപ്പം മഞ്ജുവുള്ളത് ഏറെ സന്തോഷം നല്‍കുന്നു. നിര്‍മ്മാതാക്കളായെത്തിയ രണ്ടുപേരും സിനിമയെക്കുറിച്ച് പരിചയ സമ്പത്തും കൃത്യമായ ധാരണയും ഉള്ളവരായത് കൊണ്ട ഏറെ സഹായകരവുമായി.

ലളിതം സുന്ദരം

മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ലളിതം സുന്ദരം. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ സംവധായകനാകുന്ന ആദ്യ സിനിമ. മുന്‍നിര ബാനറായ സെഞ്ച്വറി ഫിലിംസുമായി സഹകരിച്ചാണ് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.

പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടും തൊട്ട്', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, 'കുടമാറ്റം', 'പ്രണയ വര്‍ണ്ണങ്ങള്‍' എന്നീ ചിത്രങ്ങളിലൂടെ മുന്‍പും ബിജു മേനോന്‍ മഞ്ജു വാര്യര്‍ ജോഡികള്‍ ഒന്നിച്ചെത്തിയിട്ടുണ്ട്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ദ പ്രീസ്റ്റ്', മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍', സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ജാക്ക് ആന്‍ഡ് ജില്‍', 'ചതുര്‍മുഖം' എന്നിവയാണ് മഞ്ജു വാര്യരുടെ വരാനിരിക്കുന്ന പ്രൊജക്ടുകള്‍. നിവിന്‍ പോളി നായകനായ പടവെട്ട് എന്ന സിനിമയിലും മഞ്ജു പ്രധാന റോളില്‍ എത്തുന്നുണ്ട്.

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

ഷാർജ പുസ്തകോത്സവം: വിവിധ വിഭാഗങ്ങളില്‍ പുരസ്കാരം നല്‍കി ബുക്ക് അതോറിറ്റി, ഡി സി ബുക്‌സിന് മികച്ച അന്തർദേശിയ പ്രസാധക പുരസ്‌കാരം

SCROLL FOR NEXT