കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് സംഘടിപ്പിക്കുന്ന വിമണ്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'അസംഘടിതര്‍' എന്ന തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധവുമായി സംവിധായിക കുഞ്ഞില മസിലാമണി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോട് ചോദിച്ചിരുന്നുവെങ്കിലും രഞ്ജിത് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് കുഞ്ഞില ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തനിക്ക് വിശദീകരണം നല്‍കാന്‍ അക്കാദമി തയ്യാറായില്ലെങ്കിലും സംവിധായകന്‍ ജിയോ ബേബിക്ക് അക്കാദമി വിശദീകരണം കൊടുത്തുവെന്ന് കുഞ്ഞില ദ ക്യുവിനോട് പറഞ്ഞു. എന്നാല്‍ ജിയോ ബേബി അല്ലല്ലോ അസംഘടിതര്‍ സംവിധാനം ചെയ്തത്. ഇത്തരത്തില്‍ പുരുഷനായ സംവിധായകനായ ജിയോ ബേബിയെ വിളിച്ച് വിശദീകരണം കൊടുക്കുമ്പോള്‍ എന്താണ് അക്കാദമിയുടെ സ്ത്രീപക്ഷ നിലപാട് എന്നതില്‍ തനിക്ക് സംശയമുണ്ടെന്നും കുഞ്ഞില പറയുന്നു.
ജിയോ ബേബി അല്ലല്ലോ അസംഘടിതര്‍ സംവിധാനം ചെയ്തത്. ഞാനല്ലേ. അപ്പോള്‍ പുരുഷനായ സംവിധായകനായ ജിയോ ബേബിയെ വിളിച്ച് വിശദീകരണം കൊടുക്കുമ്പോള്‍ എന്താണ് അപ്പോള്‍ അക്കാദമിയുടെ സ്ത്രീപക്ഷമെന്ന് എനിക്ക് നല്ല സംശയമുണ്ട്. അത് സ്ത്രീ പക്ഷമേ അല്ല, പുരുഷന്മാര്‍ സ്ത്രീപക്ഷം പറഞ്ഞാല്‍ ഞങ്ങള്‍ കേള്‍ക്കും എന്ന് തന്നെയാണ് അവര്‍ പറയുന്നത്. അങ്ങനെ ഭയങ്കര രാഷ്ട്രീയ ശരികേടിന്റെ ഒരു കൂമ്പാരമാണ് ഞാന്‍ ആ പോസ്റ്റിടാന്‍ കാരണം. എന്നെ വിളിക്കാത്തത് ആദ്യത്തെ പ്രശ്‌നം. അതിന് ശേഷം ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും പ്രശ്‌നമാണ്.കുഞ്ഞില മാസിലാമണി
അസംഘടിതര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയതുകൊണ്ടായിരിക്കില്ല ഒരിക്കലും അക്കാദമി ജിയോ ബേബിക്ക് വിശദീകരണം നല്‍കിയതെന്നും കുഞ്ഞില പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ജിയോ ബേബിയോടും മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് ജിയോ ബേബി അതിനെക്കുറിച്ച് കുറച്ച് പേരോട് വിളിച്ച് സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ജിയോ ബേബിക്ക് വിശദീകരണം അക്കാദമി നല്‍കിയിട്ടുള്ളത്. ഇനി നിര്‍മ്മാതാവ് എന്ന നിലയില്‍ ജിയോ ബേബിക്കാണ് വിശദീകരണം കൊടുക്കേണ്ടത് എന്നാണെങ്കില്‍ ജിയോ ബേബി ഇത് എന്നോട് നേരിട്ട് അറിയിക്കണം എന്ന് പറയുന്ന രാഷ്ട്രീയം ഉള്ള ആളാണ് എന്ന് തനിക്ക് ഉറപ്പാണെന്നും അങ്ങനെ നിര്‍മ്മാതാവാണ് ഏറ്റവും വലുത് എന്നുണ്ടെങ്കില്‍, അവര്‍ ജിയോ ബേബിയെ വിളിച്ചതിന് ശേഷം എന്നെ വിളിച്ച് ആ വിശദീകരണം പറയണമെന്നും കുഞ്ഞില കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് അസംഘടിതര്‍ ഫെസ്റ്റിവലില്‍ ഇല്ല എന്ന് അറിയാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞില ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ദീദീ ദാമോദരനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രഞ്ജിത്തിനോട് സംസാരിച്ചിരുന്നോ എന്ന് ചോദിക്കുകയുണ്ടായി. മനോരമ റിപ്പോര്‍ട്ടര്‍ രഞ്ജിത്തിന്റെ നമ്പര്‍ നല്‍കുകയും കുഞ്ഞില മെസേജ് അയക്കുകയുമായിരുന്നു. വാട്സ് ആപ്പില്‍ മെസേജ് അയച്ച അന്ന് തന്നെ ബ്ലൂ ടിക്ക് വന്നിരുന്നുവെന്നും പിന്നീട് ഇതുവരെയും മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും കുഞ്ഞില കൂട്ടിച്ചേര്‍ത്തു.
കുഞ്ഞില സംവിധാനം ചെയ്ത അസംഘടിതര്‍ കൂടാതെ രത്തീന സംവിധാനം ചെയ്ത പുഴുവും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. രത്തീനയ്ക്കും അക്കാദമിയുടെ ഭാഗത്ത് നിന്ന് വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കുഞ്ഞില പറഞ്ഞു.
ഇന്ന് രാവിലെ ഞാന്‍ ജിയോ ബേബിയുമായി സംസാരിച്ചിരുന്നു. മറ്റ് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ജിയോ ബേബി പറഞ്ഞു, 'പതിനെട്ടാം തീയതി കോഴിക്കോട് വന്നാല്‍ എന്നെ കാണാന്‍ പറ്റും' എന്ന്. കാരണം അക്കാദമിയുടെ വിമണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വരാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. പിന്നെ അക്കാദമിയില്‍ നിന്ന് ചിലര്‍ ഫെസ്റ്റിവലില്‍ അതിഥിയായി വരുമോ എന്ന് ചോദിച്ച് വിളിച്ചിട്ടുണ്ട് എന്നും എന്നോട് പറഞ്ഞു. ജിയോ ബേബിയെ അതിഥിയായി വിളിക്കുന്ന അക്കാദമി, രഞ്ജിത്ത് മെസേജ് വായിച്ചിട്ടുള്ള അക്കാദമി എന്തുകൊണ്ടാണ് എന്റെ കാര്യത്തില്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്ക് അറിയണം എന്ന് തോന്നി. അതായിരുന്നു പോസ്റ്റ് ഇടാനുള്ള പ്രകോപനം.കുഞ്ഞില മാസിലാമണി
ഇന്ന് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ചെല്ലുമെന്നും, അവിടെ പ്രസംഗിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും താന്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാവണമെന്നും കുഞ്ഞില ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അക്കാദമി ജിയോ ബേബിക്ക് കൊടുത്ത വിശദീകരണത്തിന്മേലല്ല തനിക്ക് സംവാദം വേണ്ടത്. നേരിട്ട് തനിക്ക് വിശദീകരണം നല്‍കണം. അതിലാണ് സംവാദം വേണ്ടതെന്നും കുഞ്ഞില കൂട്ടിച്ചേര്‍ത്തു.
ജിയോ ബേബി നിര്‍മിച്ച ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിലെ കോഴിക്കോട് മിഠായി തെരുവിലെ സ്ത്രീത്തൊഴിലാളികളുടെ മൂത്രപ്പുര സമരം പ്രമേയമാക്കിയ ചിത്രമാണ് അസംഘടിതര്‍.