Filmy Features

സമയമുണ്ടായിട്ടും തെറ്റ് തിരുത്താത്തത് 'ഹോണസറ്റ് മിസ്റ്റേക്' അല്ല, തല്ലുമാല അണിയറപ്രവര്‍ത്തകര്‍ക്കെതിരെ അനിമേഷന്‍ ടീം

ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയുടെ എന്‍ഡ് ക്രഡിറ്റ്‌സില്‍ പേര് ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതികരിച്ച് സിനിമയുടെ അനിമേഷന്‍ നിര്‍വഹിച്ച സ്റ്റുഡിയോ കോക്കാച്ചി. തല്ലുമാലയിലെ ഓാപ്പണിംഗ് ടൈറ്റില്‍, ചിത്രത്തിലെ 9 അധ്യായങ്ങളുടെ ടൈറ്റില്‍, ദുബായിലേക്ക് പോകുന്ന സീക്വന്‍സ് തുടങ്ങി ഇരുപത്തിയൊന്നോളം സീക്വന്‍സുകളായിരുന്നു കോക്കാച്ചി ചെയ്തിരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി വിവിധ ഭാഷകളിലായി 25ഓളം ചിത്രങ്ങള്‍ക്കും വെബ് സീരീസുകള്‍ക്കും വേണ്ടി ടൈറ്റിലുകളും അനിമേഷന്‍ സീക്വന്‍സുകളും ചെയ്തിട്ടുള്ള പ്രവര്‍ത്തകരാണ് കോക്കാച്ചി സ്റ്റുഡിയോ.

തല്ലുമാല നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തില്‍ പേരുള്‍പ്പെടുത്താത്തിനാല്‍ അനിമേഷന്‍ കൈകാര്യം ചെയ്ത പ്രവര്‍ത്തകരുടെ പേരുകള്‍ നേരത്തെ കോക്കാച്ചി സ്റ്റുഡിയോ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരുന്നു. നിങ്ങളുടെ സംഭാവനകള്‍ അംഗീകരിക്കേണ്ടവര്‍ അതിന് തയ്യാറാകാതെ വരുമ്പോള്‍, നിങ്ങള്‍ എഴുന്നേറ്റ് നിന്ന് അത് ഉറക്കെ വിളിച്ച് പറയണമെന്ന് കുറിച്ചുകൊണ്ടായിരുന്നു സ്റ്റുഡിയോ പേരുകള്‍ പങ്കുവെച്ചത്. മോഹിത് മോഹന്‍ ഓ, അലന്‍ദേവ് ആര്‍ വിഷ്ണു, അതുല്‍ ജയരാമന്‍, സച്ചിന്‍ ശ്രീകുമാര്‍, യാമിനി സുജന്‍, മുഹമ്മദ് ഇജാസ്, തൃപര്‍ണ മയ്തി, സ്വാതി പുഷ്പലോചനന്‍ എന്നിവരായിരുന്നു തല്ലുമാലയ്ക്ക് വേണ്ടി ആനിമേഷന്‍ ജോലികള്‍ ചെയ്ത സ്റ്റുഡിയോ കോക്കാച്ചി ടീം.

തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടതോടെ തല്ലുമാല ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പേരുകള്‍ വിട്ട് പോയതിന് മാപ്പ് ചോദിച്ചിരുന്നു. പേരുകള്‍ വിട്ട് പോയത് ഒരു ഹോണസ്റ്റ് മിസ്റ്റേക്ക് ആയിരുന്നു എന്നായിരുന്നു തല്ലുമാല ടീമിന്റെ പോസ്റ്റ്. എന്നാല്‍ തെറ്റ് തിരുത്താന്‍ സമയം ഉണ്ടായിട്ടും അത് തിരുത്താതിരിക്കുന്നത് 'ഹോണസ്റ്റ് മിസ്റ്റേക്കാ'യി കണക്കാക്കാന്‍ കഴിയില്ലെന്ന് സ്റ്റുഡിയോ കോക്കാച്ചി പ്രതികരിച്ചു.

സ്റ്റുഡിയോ കോക്കാച്ചിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:

അഞ്ച് ആഴ്ച്ച മുന്‍പ് ഞങ്ങള്‍ ഞങ്ങളുടെ മുഴുവന്‍ ടീമിനും ഒപ്പം തിയേറ്ററില്‍ ഇരുന്ന് തല്ലുമാലയുടെ എന്‍ഡ് ക്രഡിറ്റ്‌സ് കാണുകയായിരുന്നു. സിനിമയുടെ എന്‍ഡ് ക്രെഡിറ്റ്‌സില്‍ ഞങ്ങളുടെ മുഴുവന്‍ ടീമിന്റെ പേരും ഇല്ലെന്ന തിരിച്ചറിയലായിരുന്നു ആ കാഴ്ച്ച. അത് വിശ്വസിക്കാനാവാതെ ഒരു ഞെട്ടലോടെയാണ് ഞങ്ങള്‍ തിയ്യേറ്ററില്‍ നിന്നും ഇറങ്ങിയത്.

ഞങ്ങള്‍ 8 വര്‍ഷത്തിനിടയില്‍ പല ഭാഷകളിലുള്ള 25ഓളം ഫീച്ചര്‍ സിനിമകള്‍ക്കും വെബ് സീരീസിനും ഓപ്പണിംഗ് ടൈറ്റിലും ആനിമേഷനും ചെയ്ത് കൊടുത്തിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരുന്നു. പക്ഷെ ഇത് എങ്ങനെയാണ് സംഭവിച്ചത്? ഫൈനല്‍ ഫയലുകള്‍ കൊടുക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ ടീം അംഗങ്ങളുടെ പേര് ഇമെയില്‍ ചെയ്തിരുന്നു. സിനിമയുടെ ടീമുമായി ഞങ്ങള്‍ അയച്ച മെയില്‍ വിട്ട് പോകാതിരിക്കാന്‍ പ്രത്യേകം പറയുകയും ചെയ്തിരുന്നു.

സിനിമ റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് കിട്ടിയ മറുപടി, അതൊരു ഹോണസ്റ്റ് മിസ്്റ്റേക്ക് ആയിരുന്നു എന്നതാണ്. അത്തരം മിസ്റ്റേക്കുകള്‍ സംഭവിക്കാം. അത് ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷെ ആ തെറ്റ് തിരുത്താന്‍ വേണ്ട സമയം ഉണ്ടായിരുന്നിട്ടും, ഞങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരോട് ഇതേ കുറിച്ച് സംസാരിച്ചിട്ടും ആ തെറ്റ് തിരുത്തപ്പെട്ടില്ല. പിന്നെ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതൊരിക്കലും 'ഹോണസ്റ്റ്' മിസ്റ്റേക്ക് ആകുന്നില്ല.

കോക്കാച്ചി ചെയ്യുന്ന എല്ലാ ആനിമേഷന്‍, കോമിക് ബുക്ക്, ഗ്രാഫിക് വര്‍ക്കുകളും ഞങ്ങളുടെ ടീമിന്റെ എഫേര്‍ട്ടാണ്. ഞങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളായി സഹകരിക്കുന്ന അവര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ ഇന്ന് ഇവിടെ നില്‍ക്കില്ല. ഇത് തല്ലുമാലയിലെ ഒരുപാട് ആനിമേഷന്‍ സീക്വന്‍സുകള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്ത ടീമിന്റെ പേരുകളാണ്. അവരുടെ പേരുകള്‍ പ്രധാനപ്പെട്ടതാണ്.

എന്‍ഡ് ക്രഡിറ്റില്‍ പേര് കാണാതിരുന്നപ്പോള്‍ ഔദ്യോഗികമായ രീതിയില്‍ സഹസംവിധായകരോടും പിന്നീട് നിര്‍മ്മാതാവായ ആഷിക് ഉസ്മാനോടും തങ്ങള്‍ ഈ വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റുഡിയോ കോക്കാച്ചി ദ ക്യുവിനോടും പ്രതികരിച്ചിരുന്നു. പക്ഷെ പിന്നീട് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിക്കാതിരിക്കുകയും നെറ്റ്ഫ്‌ലിക്‌സിലും ക്രിഡിറ്റില്‍ പേരില്ലാതെ വരുകയും ചെയ്തപ്പോഴാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിക്കാന്‍ തീരുമാനിച്ചതെന്ന് സ്റ്റുഡിയോ കോക്കാച്ചി ടീം ദ ക്യുവിനോട് പറഞ്ഞു.

കോക്കാച്ചി ടീം പറഞ്ഞത് :

ഓപ്പണിംഗ് ക്രെഡിറ്റ്‌സില്‍ സ്റ്റുഡിയോ കോക്കാച്ചി എന്ന പേരുണ്ട്. കാരണം ഓപ്പണിംഗ് ക്രെഡിറ്റ്‌സ് ചെയ്തത് ഞങ്ങളാണ്. അപ്പോള്‍ ഞങ്ങള്‍ തന്നെ പേരിട്ട് കൊടുത്തിരുന്നു. പക്ഷെ റോളിംഗ് ക്രെഡിറ്റ്‌സില്‍ ടീമിന്റെ പേരില്ല. ആ സിനിമയ്ക്ക് വേണ്ടി ജോലി ചെയ്ത 8 പേര് ഒരു തരത്തിലും അംഗീകരിക്കപ്പെട്ടില്ല.

ഞങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി ഓപ്പണിംഗ് ടൈറ്റില്‍, 9 അധ്യായങ്ങളുടെ ടൈറ്റില്‍, ദുബായിലേക്ക് പോകുന്ന സീക്വന്‍സ്, അത് കൂടാതെ വേറെ കുറച്ച് ഷോട്ട്‌സ് അടക്കം ഏകദേശം 21 സീക്വന്‍സ് ചെയ്തിട്ടുണ്ട്. എന്നിട്ട് പോലും അവര്‍ എന്‍ഡ് ക്രെഡിറ്റ്‌സില്‍ പേര് വെക്കാന്‍ മറന്ന് പോയെന്നാണ് ഞങ്ങളോട് പറഞ്ഞത്.

എന്‍ഡ് ക്രെഡിറ്റില്‍ പേരില്ലാത്തതുകൊണ്ട് ഞങ്ങള്‍ ക്രെഡിറ്റ്‌സിന്റെ കാര്യങ്ങള്‍ നോക്കുന്ന എഡിയോട് വിവരം അന്വേഷിച്ചു. അവിടെ നിന്ന് കിട്ടയ ഉത്തരം ഒ.ടി.ടിയിലേക്ക് വരുമ്പോള്‍ ശരിയാക്കാം എന്നായിരുന്നു. പിന്നീട് ഞങ്ങള്‍ നിര്‍മ്മാതാവ് ആഷിക് ഉസ്മാന് ഈ വിഷയത്തെ കുറിച്ച് ഒരു ഇമെയില്‍ അയച്ചു. പക്ഷെ അദ്ദേഹത്തിന് ആ സമയത്ത് എന്തോ ആരോഗ്യ പ്രശ്‌നം ഉള്ളതിനാല്‍ ഇമെയില്‍ നോക്കാന്‍ സാധിച്ചില്ല. പിന്നീട് ഞങ്ങള്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിന് സിനിമയുടെ ഫയല്‍ കൈമാറി എന്നാണ് ആഷിക് ഉസ്മാന്‍ പറഞ്ഞത്.

ഞങ്ങള്‍ ഇതിന് മുമ്പും ഫ്‌ലൈയിംഗ് യൂണിക്കോണ്‍ എന്ന കമ്പനിയുമായി ലസ്റ്റ് സ്റ്റോറീസ് പോലുള്ള നെറ്റ്ഫ്‌ലിക്‌സ് പ്രൊജക്ടില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ നെറ്റ്ഫ്‌ലിക്‌സിന് ഫയല്‍ പോയതുകൊണ്ട് ക്രെഡിറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന് അവരോട് ചോദിക്കുകയായിരുന്നു. അവര്‍ പറഞ്ഞത്, ഒരു പാച്ച് എന്തായാലും ചെയ്യാന്‍ സാധിക്കും. നിര്‍മ്മാതാവ് നേരിട്ട് വിളിച്ച് പറഞ്ഞാല്‍ മതിയെന്നാണ്.

അങ്ങനെ ഞങ്ങള്‍ നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അന്ന് അവരുടെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്നത് ചെയ്യാമെന്നാണ് ഞങ്ങളോട് പറഞ്ഞത്. പക്ഷെ അതിന് ശേഷം പിന്നെ ഞങ്ങളുടെ ഫോണ്‍ നിര്‍മ്മാതാവ് എടുത്തിട്ടില്ല. ഞങ്ങള്‍ സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ വരുന്നത് വരെ കാത്തിരുന്നു. നെറ്റ്ഫ്‌ലിക്‌സിലും എന്‍ഡ് ക്രെഡിറ്റില്‍ പേരില്ലെന്ന് കണ്ടപ്പോഴാണ് ഞങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തെ കുറിച്ച് പോസ്റ്റ് ഇട്ടത്.

ഞങ്ങള്‍ പൊന്നിയിന്‍ സെല്‍വന് വേണ്ടി 4 മാപ്പ് ആണ് ഡിസൈന്‍ ചെയ്ത് കൊടുത്തത്. എന്നിട്ട് അവര്‍ ഞങ്ങളെ വിളിച്ച് ടീമിന്റെ പേര് അയക്കാന്‍ പറഞ്ഞിരുന്നു. അതുപോലെ മോഡേണ്‍ ലൗന് വേണ്ടിയും ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്നു. അവര്‍ക്ക് ഞങ്ങള്‍ പേര് കൊടുക്കാതെ തന്നെ എന്‍ഡ് ക്രെഡിറ്റ്‌സില്‍ സ്റ്റുഡിയോയുടെ പേരിട്ടു. അങ്ങനെ ഓരോരുത്തര്‍ ഓര്‍ത്ത് ചെയ്യുമ്പോള്‍ ഇവിടെ മറന്ന് പോയി എന്ന് പറയുന്നത് ശരിയായി തോന്നുന്നില്ല. അതും തല്ലുമാലയ്ക്ക് വേണ്ടി ചെറിയ വര്‍ക്കല്ല ഞങ്ങള്‍ ചെയ്തിരിക്കുന്നത്. മറന്ന് പോകുന്നത് വളരെ സ്വാഭാവികമാണ്. പക്ഷെ ഞങ്ങള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ വരുന്നതിന് മൂന്ന് ആഴ്ച്ച മുന്നെ നിര്‍മ്മാതാവിനോട് കാര്യം പറഞ്ഞു. തല്ലുമാലയുടെ നോണ്‍ ലീനിയര്‍ സ്വഭാവത്തെ ടൈ ഇന്‍ ചെയ്യുന്ന വിഷ്വല്‍ ലാങ്ക്വേജ് ചെയ്ത സ്റ്റുഡിയോ ടീമിലെ എല്ലാവരുടെ പേരും മറന്ന് പോവുക എന്ന് പറയുമ്പോള്‍ അത് ഭയങ്കര അണ്‍പ്രൊഫഷണല്‍ ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT