Filmy Features

ദുരൂഹതകളുടെ ഇന്റർനാഷ്ണൽ ലോക്ക്

അമീന എ

ഏട്ട് ദിവസം കൊണ്ട് തയ്യാറാക്കിയ ഒരു തിരക്കഥ. ആ തിരക്കഥ വായിച്ച എല്ലാ അഭിനേതാക്കളും ആ സിനിമ ചെയ്യാൻ തയ്യാറാവുന്നു. മണിച്ചത്രത്താഴിനെ പോലെ സങ്കീർണ്ണമായൊരു കഥയെന്ന് സംവിധായകൻ ഫാസിൽ തന്നെ കഥ കേട്ട് അഭിപ്രായം പറയുന്നു. കിഷ്കിന്ധാ കാണ്ഡം എന്ന സിനിമ തിയറ്ററിൽ നിന്ന് കണ്ട് ഇറങ്ങുന്ന ഒരോ മനുഷ്യന്റെയും ഉള്ളിൽ അപ്പോഴും അടങ്ങാതെ നിൽക്കുന്ന തരിപ്പാണ് മുകളിൽ പറഞ്ഞ എല്ലാ പ്രസ്താവനകൾക്കുമുള്ള ഉത്തരം. മെല്ലെ പോക്കിൽ ഒരു ഫോറസ്റ്റ് ഏരിയുമായി അതിർത്തി പങ്കിടുന്ന നാടും ആ നാട്ടിലെ ഒരു വീടും പ്രേക്ഷകന് പരിചയപ്പെടുത്തി തരികയാണ് കിഷ്കിന്ധാ കാണ്ഡം. രമായണത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ് കിഷ്കിന്ധാ കാണ്ഡം. എന്നാൽ ഹനുമാനായോ രാമയണ കഥയുമായോ ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ആദ്യം തന്നെ പറയട്ടെ.

ഒരു കർക്കശ്യക്കാരനായ അച്ഛനും ‌അയാളുടെ മകനും. അവർ തമ്മിൽ പങ്കിടുന്ന കിടയറ്റ ബന്ധം. എല്ലാ ബന്ധങ്ങളിലും തമ്മിൽ തമ്മിൽ പറയാത്ത സ്വകാര്യതകളുണ്ടാവുമല്ലോ ആരും അറിയരുതെന്ന് തമ്മിൽ ആ​ഗ്രഹിക്കുന്ന എന്തെങ്കിലും ഒന്ന്. കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡം അത്തരത്തിൽ ദുരൂഹതകളും രഹസ്യങ്ങളും നിറഞ്ഞൊരു വീട്ടിലേക്കുള്ള കൂട്ടിക്കൊണ്ടു പോക്കാണ്.

മലയാള സിനിമയുടെ ഇതുവരെയുള്ള കഥാപശ്ചാത്തലത്തിൽ ഫോറസ്റ്റ് ഓഫീസും ഫോറസ്റ്റ് ഏരിയയുമായി അതിർത്തി പങ്കിടുന്ന നാടും അവതരിപ്പിക്കപ്പെട്ടിട്ടുള്ള സ്ഥിരം ഫോർമുലകളിൽ നിന്നും മാറി വളരെ സാധാരണമായ ഒരു അവതരണമാണ് കിഷ്കിന്ധാ കാണ്ഡത്തിന്റേത്. വീട്ടിൽ ഇടയ്ക്കിടെയ്ക്ക് വന്ന് പോകുന്ന കുരങ്ങന്മാരും അതിനോട് സാധാരണം എന്ന തരത്തിൽ താതമ്യപ്പെട്ട് ജീവിക്കുന്ന മനുഷ്യരുമുള്ള നാട്. ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ ഒരു യൂണിവേഴ്സൽ കോണ്ടന്റ്.

അപ്പുപ്പിള്ള എന്ന റിട്ടയേർഡ് പട്ടാളക്കാരനും അജയൻ എന്ന മകനും. ഭാ​ര്യ മരിച്ച, കാണാതായ തന്റെ മകനെ കാത്തിരിക്കുന്ന ഒരച്ഛനാണ് ആസിഫിന്റെ അജയൻ എന്ന കഥാപാത്രം. രണ്ടാം വിവാഹത്തിലൂടെ അജയന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന അപർണ്ണ ബാലമുരളിയുടെ കഥാപാത്രവും ആ കഥാപാത്രത്തിന് തോന്നുന്ന സംശയങ്ങളുമാണ് കഥയുടെ ഇതിവൃത്തം. അപ്പുപ്പിള്ളയുടെ അസാധാരണമായ പെരുമാറ്റവും ആരും അറിയാതെ അയാൾ ഒളിപ്പിക്കുന്ന, ആരോടും പങ്കുവയ്ക്കാൻ അയാൾ ഇഷ്ടപ്പെടാത്ത എന്തോ ഒന്നിനെ തേടിയുള്ള സഞ്ചാരവുമാണ് കിഷ്കിന്ധാ കാണ്ഡം. ട്രെയ്ലറിൽ കാണിക്കുന്നത് പോലെ അപർണ്ണയുടെ കഥാപാത്രം ഷെർളക് ഹോസിനെപ്പോലെ ഈ അസാധാരണത്വത്തിന് പിന്നിലുള്ള കഥ അറിയാൻ ശ്രമിക്കുമ്പോൾ പ്രേക്ഷകന് മുന്നിൽ വെളിപ്പെടുന്നൊരു പസ്സിൽ, അല്ലെങ്കിൽ കൂടുതൽ ചേർച്ചയിൽ പറഞ്ഞാൽ എത്തിപ്പെടുന്നൊരു ചുരുളി, ആദ്യാവസാനം വരെ ഓരോ സീനിനുമപ്പുറം അടുത്തതെന്തെന്ന് യാതൊരു ഊഹവും നൽകാതെ രണ്ടാം പകുതയിൽ സീറ്റ് എഡ്ജ് വാച്ചിം​ഗായി മാറുന്ന ഒരു ​ഗംഭീര മിസ്റ്ററി ത്രില്ലർ. മിഡ് ക്ലോസ് ഷോട്ടുകളിൽ പോലും പ്രേക്ഷകർ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് എക്സ്ട്രീം ക്ലോസിൽ എത്തിച്ചേരുന്ന പ്രതീതി. കഥാഗതിയിലെ കയറ്റ ഇറക്കങ്ങളിൽ തരിച്ചിരിക്കുന്ന പ്രേക്ഷകന്റെ ഇമോഷണൽ ബ്രേക്ഡൗണിന് കാരണമാകുന്ന അടുത്തടുത്ത പ്ലോട്ട് പോയിന്റുകൾ. ഒരു വീടിനുള്ളിലെ രഹസ്യങ്ങളുടെ അറ തുറക്കുമ്പോൾ പ്രേക്ഷകൻ തരിച്ചിരുന്നു പോകുന്ന തിയറ്റർ അനുഭവം.

അപ്പുപ്പിള്ള എന്ന കാർക്കശ്യക്കാരനായ അച്ഛനിലൂടെ സഞ്ചരിക്കുന്നൊരു കഥ. ആ സഞ്ചാരം പലരിലൂടെയും കടന്നു പോകുന്നു. അപ്പുപ്പിള്ള എന്ന റിട്ടയേർഡ് പട്ടാളക്കാരനെ, അയാളുടെ മുഖം നോക്കാതെയുള്ള കാർക്കശ്യത്തെ അതിസാധാരണമാം വിധം വിശ്വസനീയതയോടെ അവതരിപ്പിച്ച വിജയരാഘവൻ എന്ന നടന്റെ അതി​ഗംഭീര പെർഫോമൻസ്. താങ്ങാനാവാത്ത മനോവേദനയും ട്രോമയും സ​ഹിക്കുന്ന മനുഷ്യന്റെ ജീവിതത്തെ അയാളിലെ സംഘർഷത്തെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച അജയനായുള്ള ആസിഫലിയുടെ പകർന്നാട്ടം. അപർണ്ണ ബാലമുരളിയുടെ മിതത്വം വിടാതെയുള്ള പ്രകടനം. കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള കഥയിൽ വരുന്നവർക്ക് മുഴുവൻ, കഥയുടെ ഏതെങ്കിലും ഒരു ഭാ​ഗത്ത് ഏന്തെങ്കിലുമൊന്ന് കോൺട്രിബ്യൂട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ആഴത്തിലുള്ള കഥാപാത്ര നിർമിതി. വിഷ്വലും സൗണ്ടും പെർഫോമൻസും തമ്മിൽ ഇഴുകിച്ചേർന്ന ട്രീറ്റ്മെന്റ്. ഏത് ഴോണറിൽ ഒതുക്കണം എന്ന് ഡിഫൈൻ ചെയ്യാൻ സാധിക്കാത്തൊരു സിനിമ.

ദൂരൂഹതകളും രഹസ്യങ്ങളും എന്തെന്നറിയാൻ പ്രേക്ഷകനെ ഒരോ നിമിഷവും വെമ്പൽ കൊള്ളിക്കുന്ന എഴുത്താണ് ചിത്രത്തിന്റേത്. ബാഹുൽ രമേഷ് എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് അടയാളപ്പെടുത്തി വയ്ക്കാൻ അതി​ഗംഭീരമായ ഈ തിരക്കഥയുടെ ഉറപ്പ് മാത്രം മതിയാകും. കാടുമായി അതിർത്തി പങ്കിടുന്നൊരു നാടിന്റെ വശ്യ സൗന്ദര്യവും കഥയുടെ ദുരൂഹതയ്ക്ക് മേമ്പൊടി ചാർത്തുന്ന രീതിയിലുള്ള ഫ്രെയിമി​ഗുകളും തിരക്കഥാകൃത്ത് തന്നെ സിനിമാറ്റോ​ഗ്രാഫർ ആവുന്നതിന്റെ ​ഗുണമേന്മയായി എടുത്ത് പറയേണ്ടതാണ്. കഥ പശ്ചാത്തലത്തിനോട് നീതി പുലർത്തിയ മേക്കിം​ഗും അനുയോജ്യമായ പശ്ചാത്തല സം​ഗീതവും ഒഴുക്കുള്ള കഥ പറച്ചിലും തുടങ്ങി ത്രില്ലർ സിനിമ ഴോണറിലേക്കുള്ള മലയാള സിനിമയുടെ തിരിച്ചു വരവാണ് കിഷ്കിന്ധാ കാണ്ഡം. കാലങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ​അത്ഭുത കഥ. യവനികയും, ഉത്തരവും, ആർക്കറിയാമും പോലെ പ്രേക്ഷകരെ ഹോണ്ട് ചെയ്യുന്ന നരേറ്റിവാണ് ഈ സിനിമയുടേതും. സിനിമ അവസാനിക്കവേ പ്രേക്ഷകനിൽ തീരാതെ അവശേഷിക്കുന്നത് എന്താണോ അതിനെ ഈ ചെറിയ സിനിമയുടെ വലിയ വിജയം എന്ന് വിളിക്കുന്നതിൽ തെറ്റില്ല.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT