കൊടെെയ്ക്കനാലിലെ ചെകുത്താന്റെ അടുക്കളയിൽ വീണു പോയ സുഹൃത്ത് ഇനി തിരികെ വരില്ല, എല്ലാവരും തിരികെ പോകാൻ ആജ്ഞാപിക്കുന്ന പോലീസുകാരനോട് ഞാൻ വണ്ടിയെടുക്കില്ലെന്ന ഒറ്റ വാക്കിൽ പ്രസാദ് തീർക്കുന്ന ഒരോളമുണ്ട്. തിയറ്ററുകളിൽ കണ്ണീരിനിടയിലും കയ്യടി പെയ്യിച്ച ഒരു രംഗം. ആഞ്ഞൊരടി കവിളത്ത് വീണിട്ടും ഞാൻ വണ്ടിയെടുക്കില്ല സാറേ എന്ന് അയാൾ പറയുമ്പോൾ ഒരേ സമയം ഉറച്ചൊരു തീരുമാനത്തിന്റെ ഉറപ്പും വിങ്ങലും തെളിഞ്ഞു വരുന്നൊരു മുഖം. മഞ്ഞുമൽ ബോയ്സിന്റെ ആദ്യ ഭാഗത്ത് ഒതുക്കത്തോടെ സൗമ്യതയോടെ നടന്നു വരുന്നൊരു ചെറുപ്പക്കാരൻ. ഒരു കൂട്ടം ചെറുപ്പക്കാരുടെ അലമ്പിനെ ചെറുചിരിയോടെ നോക്കി നിൽക്കുന്ന അയാളുടെ ശരീരഭാഷയിൽ നിന്ന് തന്നെ പ്രേക്ഷകന് അയാളെ വായിച്ചെടുക്കാം. ഡ്രെെവർ പ്രസാദ് എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ അയാൾ മികച്ചു നിൽക്കുന്ന ഒരു പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഇവനാള് കൊള്ളമല്ലോയെന്ന് തോന്നാത്തവർ ചുരുക്കമായിരിക്കാം. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തല്ലുമാല തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഖാലിദ് റഹ്മാൻ ആണ് അത്.
അനിൽ രാധകൃഷ്ണൻ സംവിധാനം ചെയ്ത് ക്രിട്ടിക്കലി അക്ലെെംഡായ 'നോർത്ത് ട്വന്റി ഫോർ കാതം' എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി മലയാളസിമയിലേക്ക് ചുവടുവച്ച ഖാലിദ് റഹ്മാൻ ആദ്യ സ്വതന്ത്ര സംവിധാന ചിത്രമായ അനുരാഗ കരിക്കിൻ വെള്ളം മുതൽ മലയാള സിനിമയിൽ സൃഷ്ടിച്ചെടുത്തത് ഒരു മായാജാലമാണ്. അത്രനാളും മലയാളി കണ്ടുവന്ന പ്രണയ സിനിമകളുടെ ഫോർമാറ്റിൽ നിന്നും അടിമുടി മാറ്റം വന്നൊരു സിനിമ. എലിയും അഭിയും എന്നതിനെക്കാൾ സോണിയും എലിയും എന്ന് തോന്നിപ്പിച്ച, മനോഗതം ഭവാനറിഞ്ഞേ എന്ന പാട്ടു പോലെ തന്നെ സുമയുടെ സ്നേഹം തിരിച്ചറിയുന്ന രഘുവും എല്ലാം ചേർന്ന് ടോട്ടൽ പുതിയൊരു ഫീൽ. വിജയത്തിന്റെ ലഹരിക്കപ്പുറവും ഖാലിദിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി പിന്നെയും പ്രേക്ഷകർക്ക് കാത്തിരിക്കേണ്ടി വന്നത് വർഷങ്ങളാണ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അയാളെടുത്തു വച്ച ഉണ്ട എന്ന ചിത്രം ആദ്യ ചിത്രത്തിന്റെ യാതൊരു ലാഞ്ചനകളുമില്ലാത്തൊരു പടമായിരുന്നു, അരിക്കുവത്കരിക്കപ്പെടുന്നവരുടെയും സാമാന്യവത്കരിക്കപ്പെടുന്നവരുടെയും രാഷ്ട്രീയം സംസാരിച്ചൊരു സിനിമയായിരുന്നു ഉണ്ട. ഒരു മനുഷ്യന്റെ ജീവിതം മറ്റൊരാൾ തീരുമാനിക്കുന്നതിന്റെ അവസ്ഥയും വ്യവസ്ഥിതിയെയും ചൂണ്ടിക്കാണിച്ചൊരു പടം. അയാളുടെ കരിയർ ഗ്രാഫ് ഒരിക്കലും പ്രേക്ഷകർ തീരുമാനിച്ചതോ സ്വാധീനിച്ചതോ ആയിരുന്നില്ല, ചേർത്തു വായിക്കപ്പെടാൻ യാതൊരു സാധ്യതകളുമില്ലാത്ത വ്യത്യസ്ത തരം ഴോണറുകൾ. അടുത്തതായി ഖാലിദ് റഹ്മാൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ഒരു സൈക്കോളജിക്കൽ ത്രില്ലർ പടവുമായിട്ടായിരുന്നു. ഷൈൻ ടോം ചാക്കോ - രജീഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ലവ്, ഖാലിദ് റഹ്മാന്റെ ഫിൽമോഗ്രാഫിയിൽ തന്നെ ഏറെ വഴി മാറി സഞ്ചരിച്ച സിനിമ ആയിരുന്നു. നിറയെ ചോദ്യങ്ങൾ ബാക്കിയാക്കി പ്രേക്ഷകന്റെ ചിന്തക്ക് വിട്ടുകൊടുത്ത് അവസാനിപ്പിച്ച ചിത്രം ക്രിട്ടിക്കലി acclaimed ആയി മാറുകയും ചെയ്തു. ഏറ്റവും ഒടുവിലായി അയാളെത്തിയത് ഒരു കളർ അടിപ്പടവുമായാണ്. നിറങ്ങളുടെയും പാട്ടുകളുടെയും ആകെ മൊത്തം തിളങ്ങണ ഒരു പടം. തുടക്കം തൊട്ട് ഒടുക്കം വരെ, വാങ്ങുന്ന അടി, കൊടുക്കുന്ന അടി എന്ന് തുടങ്ങി മൊത്തത്തിൽ അടി. തിയറ്റുകൾ ആഘോഷമാക്കിയ തല്ലുമാലയ്ക്കപ്പുറം അയാൾ അടുത്തതായി മാറ്റുരയ്ച്ചത് അഭിനയത്തിലാണ്.
ആദ്യമായല്ല ഖാലിദ് റഹ്മാൻ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. നോർത്ത് ട്വന്റി ഫോർ കാതത്തിലും പറവയിലും സുലേഖ മൻസിലിലും അയാളുണ്ട്. പക്ഷേ ഒരു മുഴുനീള കഥാപാത്രമായി മഞ്ഞുമൽ ബോയ്സിലൂടെ ഡ്രെെവർ പ്രസാദായി അയാളെത്തുമ്പോൾ അഭിനയത്തിലും ഖാലിദിന് നൂറ് മാർക്കാണ്. സൗമ്യനായ പ്രസാദിനെ അയാളുടെ ചെറിയ പുഞ്ചിരികളെ നിശ്ചയദാർഡ്യത്തെ എല്ലാം അയാളാ ശരീര ഭാഷയിലൂടെ പ്രകടിപ്പിച്ച് വയ്ക്കുന്നുണ്ട്. പഴയ സുഹൃത്തിന്റെ സുഹൃത്തുക്കൾ എന്നതിൽ കവിഞ്ഞ് ആ സൗഹൃദ സംഘത്തോട് അയാൾക്കൊരു ബന്ധവുമില്ല. ഒരുമിച്ച് യാത്ര ചെയ്യുന്നവർ ഒരുമിച്ചൊരാത്മാവിനെ വഹിക്കുന്നു എന്ന് പറയും പോലെ അടി കൊള്ളുമ്പോളും പോലീസ് സ്റ്റേഷനിലെ തിണ്ണയിലിരുന്ന് അയാൾ പറയാൻ ശ്രമിക്കുന്നത് മുഴുവൻ സുഭാഷിനെക്കുറിച്ചാണ്. തീർച്ചയായും എടുത്തു പറയേണ്ടുന്നത് തന്നെയാണ് മഞ്ഞുമലിലെ ഖാലിദിന്റെ പ്രകടനം.