ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമഗ്രതലങ്ങളില്‍ കമല്‍ഹാസന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നുണ്ട്. കമല്‍ ഹാസന്‍ രചയിതാവായും തിരക്കഥാകൃത്തായും സഹരചയിതാവായും താന്‍ അഭിനയിക്കുന്ന സിനിമകളിലൂടെ വിനിമയം ചെയ്തത് എന്താണെന്നും കമല്‍ഹാസന്‍ എന്ന തിരക്കഥാകൃത്തിനെയും വായിച്ചെടുക്കുകയാണ് സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ്.
കമല്‍ഹാസന്‍ ബാലതാരമായി അരങ്ങേറി ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കളത്തൂര്‍ കണ്ണമ്മ (1960), 'നോബഡീസ് ചൈല്‍ഡ്' എന്ന ചൈനീസ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടത് ആയിരുന്നു. 'പ്രചോദനം' എന്നത് കമല്‍ഹാസന്റെ സിനിമാ വിദ്യാഭ്യാസത്തിന്റെ സവിശേഷഭാഗമാണ്.
60 വര്‍ഷത്തോളമായി സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ അറിവും സിനിമയോടുള്ള അഭിനിവേശവും അദ്ദേഹം വളര്‍ന്നുവന്ന കാലഘട്ടത്തിലെ അതികായന്മാരോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ചതാണ്. സിനിമാരംഗത്തെ അദ്ദേഹത്തിന്റെ ഗോഡ്ഫാദര്‍ ആയ കെ. ബാലചന്ദറിനോട് ആദ്യകാലത്തു സംവിധാനമോഹം പ്രകടിപ്പിച്ചപ്പോള്‍ 'നിനക്ക് സെറ്റില്‍ ഓട്ടോറിക്ഷയില്‍ വരണമോ അതോ കാറില്‍ വന്നിറങ്ങണോ?' എന്ന് ചോദിച്ചു കൊണ്ട് അഭിനേതാവായി വളര്‍ത്തുകയായിരുന്നു. ഒരു നിലയിലെത്തിയാല്‍ തന്റേതായ സിനിമാകാഴ്ചപ്പാടുകള്‍ തനിക്ക് പരീക്ഷിക്കാനാകും എന്ന ഉപദേശവും അവിടെ നിന്നും അദ്ദേഹത്തിന് ലഭിച്ചു.
ആദ്യകാലങ്ങളില്‍ തന്റേതായ ധാരാളം കഥകളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചെങ്കിലും, 1980 മുതല്‍ക്കാണ് കമല്‍ ഹാസന്‍ മറ്റെഴുത്തുകാരുടെ സഹകരണത്തോടെ (ഹസ്സന്‍ ബ്രെദഴ്‌സ്, സുജാത, ക്രേസി മോഹന്‍, സന്താനഭാരതി) തിരക്കഥ എഴുതിത്തുടങ്ങിയത് അല്ലെങ്കില്‍ തിരക്കഥാകൃത്ത്് എന്ന രീതിയില്‍ ക്രെഡിറ്റ് ടൈറ്റിലില്‍ വന്നു തുടങ്ങിയത്. പിന്നീട് ഇന്നുവരെ ഇറങ്ങിയ ചിത്രങ്ങളിലേറെയും അദ്ദേഹത്തിന്റെ തൂലിക പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐ.വി.ശശി സംവിധാനം ചെയ്ത 'ഗുരു' എന്ന ആക്ഷന്‍ ചിത്രത്തില്‍ എഴുത്തില്‍ തുടക്കം. ഹിന്ദി ചിത്രമായ 'ജുഗ്‌നു' വിന്റെ റീമേക്ക് ആയ ആ ചിത്രം തമിഴ്നാട്ടില്‍ ഒരു വര്‍ഷം ഓടി. തുടര്‍ന്നങ്ങോട്ടുള്ള എല്ലാ സിനിമകളിലും തിരക്കഥയിലോ, കഥാപാത്രസൃഷ്ടിയിലോ, സാങ്കേതികതയിലോ കമല്‍ ഹാസന്റേതാ നിര്‍ദേശങ്ങളും ഇടപെടലുകളും സിനിമയെന്ന മാധ്യമത്തിന്റെ നവീകരണപ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിച്ചുവെന്ന് നമുക്ക് കാണാന്‍ കഴിയും. അഭിനയത്തിലെ പകുതി കാലഘട്ടങ്ങള്‍ താണ്ടിക്കഴിഞ്ഞപ്പോഴേക്കും, കമല്‍ സിനിമകളില്‍ ഒരു ഡയറക്ടുടെ റോള്‍ എന്തെന്നാല്‍, അത് കമല്‍ ഒരാളെ ഏല്‍പ്പിക്കുന്ന ഒരു ജോലി മാത്രമാണ് പലപ്പോഴും എന്ന് വരെ മനസ്സിലാക്കാം. കമല്‍ ഒഴിച്ച് പല സംവിധായകരും അഭിമുഖങ്ങളില്‍ യാതൊരു വൈഷമ്യവുമില്ലാതെ അഭിമാനത്തോടെ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്.
പൂര്‍ണ്ണമായും മുഖ്യധാരാ സിനിമയുടെ വക്താവായ അദ്ദേഹം തന്റെ സിനിമകളില്‍ക്കൂടി വിനോദത്തിനു പുറമെ ഇന്‍ഫോര്‍മേഷന്‍, ടെക്‌നോളജി, ചരിത്രം, ഭാവനാപരത, തത്വം, ചിന്തകള്‍, മാജിക്കുകള്‍ തുടങ്ങിയവ വിദഗ്ധമായി സംക്രമിപ്പിക്കുന്നത് കാണാന്‍ കഴിയും. പാശ്ചാത്യതയും, പ്രചോദനവും (adaptaion/ inspiration), സ്‌റ്റൈലും, ദേശീയതയും, മിത്തും, വിമര്‍ശനവും, വിരോധാഭാസങ്ങളും എല്ലാം സംക്രമിപ്പിച്ചു കുഴച്ചെടുത്ത ഒരു സമ്പൂര്‍ണ്ണ 'ഇന്ത്യന്‍ എസ്തറ്റിക്' അദ്ദേഹം തിരക്കഥകളില്‍ കൊണ്ടുവരാറുണ്ട്. തിരക്കഥകള്‍ പലതും തീയേറെറ്റിക്കലി ലക്ഷണമൊത്തവയും ഒന്നാന്തരം ക്രാഫ്റ്റുകളും ആണ്. അവയിലെ (മുഴുവന്‍ തിരക്കഥയിലെയും, കഥാപാത്ര സൃഷ്ടികളിലെയും) ലെയറിങ്ങുകളും റെഫെറന്‍സുകളും അന്തരാര്‍ത്ഥങ്ങളും അതിലും രസകരമാണ്. ഒരു വേള അവ വെച്ച് തന്നെയാണ് സിനിമ മാര്‍ക്കറ്റ് ചെയ്യാറും, വിവാദത്തിന്റെ രൂപത്തില്‍ പോലും (ഹേ റാം, വിശ്വരൂപം തുടങ്ങിയ ഉദാഹരണങ്ങള്‍)!
ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ മെയിന്‍സ്ട്രീം മസാലാ സിനിമയ്ക്കായി ഈ വക എലെമെന്റുകളുടെ പത്തു ശതമാനം പോലും ആവശ്യമില്ലെന്നിരിക്കെ, ബുദ്ധിയും, യുക്തിയും, കൗശലതയും, എഴുത്തിലെ സൗന്ദര്യവും കമലഹാസന്‍ തന്റെ തിരക്കഥകളില്‍ വിദഗ്ധമായി നെയ്‌തെടുക്കാറുണ്ട്. ആദ്യമാദ്യം ശ്രമങ്ങള്‍ അവനവനു വേണ്ടി തുടങ്ങിയതാണെങ്കിലും കാലക്രമേണ അത് സിനിമയുടെ ടോറ്റാലിറ്റിക്കായി മാറുകയും അപ്രകാരം മൈന്‍സ്ട്രീം ഇന്ത്യന്‍ സിനിമയുടെ നിലവാരം/ അളവുകോല്‍ ഏറെയുയര്‍ത്താനും ഒരൊറ്റയാള്‍ പോരാളിയെപ്പോലെ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ സമകാലീനര്‍ക്ക് അദ്ദേത്തിന്റെ കാഴ്ചപ്പാടുകളെയും നിശയദാര്‍ഢ്യങ്ങളെയും എത്തിപ്പിടിക്കാനുള്ള വേഗമില്ലാത്തതിനാല്‍ കച്ചവട സിനിമാഗ്രാഫ് ഇപ്പോഴും പഴയപടി തന്നെയാണ്. വികലാനുകരണങ്ങളും കുറെ കാശ് പൊടിക്കുന്നതും മാത്രം മിച്ചം! അതുകൊണ്ടാണ് കമല്‍ഹാസന്‍ സിനിമകളും മറ്റ് ഇന്ത്യന്‍ സിനിമകളും എന്ന വ്യാത്യാസം നിലനില്‍ക്കുന്നത്.
'ഗുരു'വിന് ശേഷം കമല്‍ ഹാസന്റെ എഴുത്തില്‍ ഇറങ്ങിയ അടുത്ത ചിത്രം 'രാജപാര്‍വൈ', അതില്‍ അന്ധനായൊരു വയലിനിസ്റ്റ് എന്ന നായകന്‍, പ്രചോദനമായത് 'ബട്ടര്‍ഫ്ളൈസ് ആര്‍ ഫ്രീ (1972)' എന്ന ഓസ്‌കാര്‍ ചിത്രവും 'സ്പര്‍ശ്' എന്ന ഹിന്ദി ചിത്രവും. 'രാജപാര്‍വൈ'യുടെ ക്ലൈമാക്‌സ് സീന്‍ (സെറ്റിങ്ങും ട്രീട്‌മെന്റും) ഡസ്റ്റിന്‍ ഹോഫ്മാന്‍ അഭിനയിച്ച 'ദി ഗ്രാജ്വേറ്റ് ' എന്ന പ്രശസ്ത സിനിമയില്‍ നിന്നും കടമെടുത്താണ്. കല്യാണദിവസം പള്ളിയില്‍ നിന്നും പെണ്ണിനെ ഇറക്കിക്കൊണ്ടു വരുന്ന ആ സീക്വെന്‍സ്, അതിലെ ഇമോഷന്‍, ഇവിടെ ക്ലിക്കായി. അതിനു ശേഷം ധാരാളം ഇന്ത്യന്‍ പ്രണയ സിനിമകളില്‍ ഇത് അഡാപ്റ്റ് ചെയ്തു പോരുന്നു.
പിന്നെ എഴുതിയത് 'വിക്രം (1986)' എന്ന ജെയിംസ് ബോണ്ട് രീതിയിലുള്ള ബിഗ് ബജറ്റ് ഏജന്റ് - ആക്ഷന്‍ സിനിമ, അതില്‍ ആദ്യമായി പാട്ടുകള്‍ കമ്പ്യൂട്ടര്‍ വഴി റെക്കോര്‍ഡ് ചെയ്തു. വിക്രത്തിന്റെ 'ഇരുമുഖന്‍' ഇതിന്റെ അതേ പ്ലോട്ട് ആണ്. പിന്നീട് ചാര്‍ളി ചാപ്ലിന്റെ 'ദി സര്‍ക്കസ്' എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 'അപൂര്‍വ്വ സഹോദരങ്ങള്‍ (1989)' എന്ന ചിത്രത്തിന്റെ തിരക്കഥ. 'അച്ഛനും മക്കളും പ്രതികാരവും' എന്ന ഇന്ത്യന്‍ സിനിമയിലെ പോപ്പുലര്‍ പ്ലോട്ട് ആണെങ്കിലും രസകരമായ കഥാപാത്ര സൃഷ്ടികളും സെറ്റിങ്ങും പ്രതികാര രീതികളുമായിരുന്നു ചിത്രത്തിലേത്. സിനിമ എന്ന ഇല്ല്യൂഷനകത്തെ ഇല്ല്യൂഷന്‍ ആയിരുന്നു കമല്‍ പരീക്ഷിച്ചത്, അതാകട്ടെ ഇല്ല്യൂഷന്റെ കേന്ദ്രമായ സര്‍ക്കസ് എന്ന സെറ്റിങ്ങില്‍ കഥ അവതരിപ്പിച്ചു കൊണ്ട്. അതില്‍ അദ്ദേഹം മൂന്ന് വേഷങ്ങളിലെത്തിയപ്പോള്‍ ഒന്ന് കുള്ളന്റെ വേഷമായിരുന്നു. കരയുന്ന കോമാളി, പിന്നീട് പ്രതികാരദാഹിയായ കുള്ളന്‍ കോമാളി എന്ന വൈരുധ്യ ഇമേജുകള്‍ വളരെ വൈകാരികമായും വിശ്വസനീയവുമായാണ് അദ്ദേഹം സ്‌ക്രീനില്‍ അവതരിപ്പിച്ചത്. അതിനായി ഒരു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍, കാമറ-ഒപ്റ്റിക്കല്‍ ടെക്‌നിക്കുകളെ കുറിച്ചുള്ള പഠനം, സ്‌പെഷ്യല്‍ കോസ്‌റ്യൂംസ് ഒക്കെ കമല്‍ തയ്യാറാക്കി. ഹോളിവുഡില്‍ പോലും ഇത്ര ഫലവത്തായി കുള്ളനെ അന്നവതരിപ്പിച്ചിട്ടില്ല. ചിത്രീകരണ രഹസ്യം പോലും വര്‍ഷങ്ങളോളം കമല്‍ പുറത്തു വിട്ടിരുന്നില്ല. ഈയടുത്തിറങ്ങിയ വിജയ് യുടെ 'മെര്‍സല്‍' ഇതിനോടടുത്ത പ്ലോട്ട് സെറ്റിങ് ആണ്.
1. ഐഡന്റിറ്റി ക്രൈസിസും മിസ്റ്റേക്കണ്‍ ഐഡന്റിറ്റിയും:
കമല്‍ ഹാസന്‍ ഏറ്റവും പ്രാഗല്‍ഭ്യം തെളിയിച്ചിരിക്കുന്നു ഒരു വിഭാഗമാണ് കോമഡി. അഭിനയത്തിലായാലും എഴുത്തിലായാലും ആദ്യകാലം മുതല്‍ക്കേ കൃത്യമായ ഇടവേളകളില്‍ അദ്ദേഹം ഹാസ്യ പ്രധാന സിനിമകള്‍ ചെയ്യാറുണ്ട്, അതിനകത്തും വളരെ കോംപ്ലക്‌സ് ആയിട്ടുള്ള നരേറ്റിവ് പരീക്ഷണങ്ങള്‍ അദ്ദേഹം നടത്താറുണ്ട്, കഥാപാത്ര സൃഷ്ടികള്‍ പോലും വൈവിധ്യം നിറഞ്ഞവയാണ്. സ്ലാപ്പ്സ്റ്റിക്, വെര്‍ബല്‍ കോമെടികളില്‍ അദ്ദേഹം പ്രത്യേകം വൈദഗ്ദ്യം കാണിച്ചിരുന്നു. കോമഡി എഴുതാന്‍ നേരം ചോ രാമസാമി, മൗലി, ക്രേസി മോഹന്‍, വി കെ രാമസ്വാമി ഇവരൊക്കെയായുള്ള തന്റെ സംസര്‍ഗ്ഗത്തെ ബ്ലഡ് ലൈന്‍ എന്ന് പറയുന്നത് പോലെ 'ഇങ്ക് ലൈന്‍' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് കമല്‍ഹാസന്‍.
അച്ഛന്‍-മക്കള്‍ പ്ലോട്ടില്‍ തന്നെ 'മിസ്റ്റേക്കണ്‍ ഐഡന്റിറ്റി' അവതരിപ്പിച്ച കോമഡി ത്രില്ലറുകളായ 'ഇന്ദ്രന്‍ ചന്ദ്രന്‍/ ഇന്ദ്രടു ചന്ദ്രഡു ' (പ്രചോദനം: Moon Over Parador), 'മൈക്കിള്‍ മദന്‍ കാമരാജന്‍' ഇവയായിരുന്നു എഴുതിയ അടുത്ത ചിത്രങ്ങള്‍. ചാര്‍ളി ചാപ്ലിന്റെ 'ഗോള്‍ഡ് റഷ്' എന്ന ചിത്രത്തില്‍ നിന്നുമാണ് 'മൈക്കിള്‍ മദന്‍ കാമരാജന്‍' ചിത്രത്തിന്റെ ക്ലൈമാക്‌സ് ഡിസൈന്‍ ചെയ്തത്. നാല് കഥാപാത്രങ്ങള്‍ക്കും നാല് വ്യത്യസ്ത മാനറിസം, ഭാഷാഭേദങ്ങള്‍, വേഷപ്പകര്‍ച്ച ഇവ കമല്‍ ഇതില്‍ വേഗത്തില്‍ പരീക്ഷിച്ചു. 'ഇന്ദ്രന്‍ ചന്ദ്രന്‍' സിനിമയില്‍ മേക് അപ്പ്, വാട്ടര്‍ബാഗ് കൊണ്ട് വയര്‍ ഇവ പരീക്ഷിച്ചു. ഇതിലെ കഥാപാത്രരൂപേണ, ചാപ്ലിന്റെ തന്നെ 'ദി ഗ്രേറ്റ് ഡിക്ടറ്ററി'ലെതിന് തുല്യമായി രാഷ്ട്രീയത്തിലെ ഏകാധിപതികളെ കമല്‍ കളിയാക്കുന്നുമുണ്ട്.
'89 -'90 കാലഘട്ടങ്ങളിലെ, അതായത് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ മൂന്നു ഹെവി ചിത്രങ്ങളായ 'അപൂര്‍വ്വ സഹോദരങ്ങള്‍', 'ഇന്ദ്രന്‍ ചന്ദ്രന്‍', 'മൈക്കിള്‍ മദന്‍ കാമരാജന്‍' തുടങ്ങിയവ അക്കാലത്തെ ടോപ് ഗ്രോസറുകളാണ്, ഈ മൂന്നിലും കൂടി 9 വിവിധ കമല്‍ഹാസനെ കാണാം. കൂടാതെ വിജയങ്ങളായ 'വെട്രി വിഴയും', 'ചാണക്യനും' കൂടി അവയോടൊപ്പം ഇറങ്ങി.
മിസ്റ്റെകണ്‍ ഐഡന്റിറ്റി പ്ലോട്ടില്‍ തന്നെ അദ്ദേഹമെഴുതിയഭിനയിച്ച മറ്റു കോമഡി ചിത്രങ്ങള്‍;
'സതി ലീലാവതി' -1995 (പ്രചോദനം : 'She Devil')
'കാതലാ കാതലാ'-1998
'പഞ്ചതന്ത്രം' - 2008 (പ്രചോദനം : 'Very Bad Things')
'മന്മഥന്‍ അമ്പ്' - 2010 (പ്രചോദനം : 'Romance on the High Seas')
'നള ദമയന്തി' - 2003 (തിരക്കഥ മാത്രം, പ്രചോദനം : 'Green Card')
2. ഗ്രാമം vs നഗരം, ജാതീയത
തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള തിരക്കഥകളാണ് കൂടുതല്‍ ഡെപ്തിലേക്കും ലയേറിങ്ങിലേക്കും സഞ്ചരിക്കുന്നവ. 'ഗോഡ്ഫാദര്‍' എന്ന വിഖ്യാത ഇംഗ്ലീഷ് ചിത്രത്തിനെ അടിസ്ഥാനമാക്കി കമലഹാസന്റെ രണ്ടു പ്രമുഖ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു 'നായകനും (1987)', 'തേവര്‍ മകനും (1992) (ഹിന്ദിയിലേക്ക് റീമേക്ക്: 'വിരാസത് '). ഗോഡ്ഫാദറിന്റെ കാമ്പ് കടമെടുത്തു എന്നതൊഴിച്ചാല്‍ 'തേവര്‍ മകന്‍' ഒറിജിനല്‍ ആണ്. ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍മകന്റെ തിരക്കഥ കമല്‍ഹാസന്റേതാണ്. ഗ്രാമാന്തരീക്ഷത്തിലെ ജാതിവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ വിദഗ്ധമായി അവതരിപ്പിച്ച ഫാമിലി ഡ്രാമയാണത്. പരുക്കമായ ഗ്രാമീണതയും വയലന്‍സും അനുഷ്ഠാനങ്ങളും ആധുനികതയോട് ഉരസുകയും അവസാനം മനുഷ്യബന്ധങ്ങളും കെട്ടുപാടുകളും പകയും സംരക്ഷണവും മൂലം മണ്ണിനോട് ബന്ധിതനായ ഒരാളുടെ അവസ്ഥയെ എടുത്തുകാട്ടുകയും ചെയ്ത് അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ഈ ചിത്രം വെറും 12 നാളുകള്‍ കൊണ്ടാണ് കമല്‍ഹാസന്‍ എഴുതിയത് (ഇത് 7 ദിവസങ്ങളാണെന്നും വാദമുണ്ട്). ആദ്യമായി മൂവി മാജിക് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ തിരക്കഥ എന്ന ഖ്യാതിയുമുണ്ടിതിന്. സിനിമയിലെ ഒരു അമ്പലത്തിലെ രണ്ടു താഴുകള്‍ എന്ന പ്രഹേളിക ജാതിവ്യവസ്ഥയിലെ മുഴുവന്‍ സാമൂഹിക സംഘര്‍ഷങ്ങളുടെയും സിംബോളിക് സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. വില്ലേജിലെ ഡാമും, അതിന്റെ തകര്‍ച്ചയും, ശേഷമുള്ള നാശനഷ്ടങ്ങളുമെല്ലാം അടുത്ത ലയര്‍ ആയ ആധുനികതയുടെ പരാജയം സൂചിപ്പിക്കുന്നു. കമലഹാസന്റെ കഥാപാത്രവും അത്തരത്തില്‍ ഒരു ബലിയാട് ആണ് ഈ ചിത്രത്തില്‍.
വിക്ടര്‍ ഹ്യുഗോയുടെ 'പാവങ്ങള്‍/ Les Misérables' എന്ന വിഖ്യാത കൃതിയിലെ ഇമോഷന്‍ ഉള്‍ക്കൊണ്ടു കൊണ്ട്, വില്ലേജ് സെറ്റിങ്ങില്‍ തുടങ്ങി നാഗരികതയോട് ഉരസിയ അടുത്ത ചിത്രമായിരുന്നു 'മഹാനദി (1994)'. ഗ്രാമത്തിലെ നിഷ്‌കളങ്കതയില്‍ നിന്നും പറിച്ചു നട്ടപ്പോള്‍ നഗരം (നരകം ) എന്ന ഭൂതം വിഴുങ്ങിയ ഒരു ചെറിയ കുടുംബത്തിന്റെ കഥ, ചതിയും, അഴിമതിയും, വേശ്യാവൃത്തിയും, ബാലവേലയും, പോലീസ് നികൃഷ്ടതയും എല്ലാം നിറച്ചു, തമിഴിലെ ഏറ്റവും മികച്ചതും വിഷാദം നിറഞ്ഞതുമായ ചിത്രമായി 'മഹാനദി' കണക്കാക്കപ്പെട്ടു. ഇതിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം ഒരു ഹെല്‍സ് ഏജന്റ് (ആട്ടിന്തോലിട്ട ചെന്നായ) എന്ന രീതിയിലുള്ള പ്രതീകം ആണ്. ബന്ധങ്ങളുടെ ശിഥലീകരണം ആണ് പ്രധാനമായും നഗരം ഒരു കുടുംബത്തിന് സമ്മാനിച്ചത്.
പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം തന്നെ നദിയുടെ പേരുകളാണ് അദ്ദേഹം ഇട്ടത്. ഒരു മഹാനദി വിഭജിച്ചു (ചരിത്രം) പലതായി ഒഴുകുകയും നഗരജീവിതങ്ങള്‍ മൂലം മലിനീകരണപ്പെടുകയും (സ്ഥിതി) അവസാനം ഒത്തു ചേര്‍ന്നൊരു മഹാനദിയായി തന്നെ ഭവിക്കുകയും (ആഗ്രഹം) ചെയ്യുന്നുണ്ടതില്‍. സ്വകാര്യജീവിതത്തിലും 'തന്റെ രണ്ടു പെണ്മക്കളെയും കടത്തിക്കൊണ്ടുപോകാന്‍ വീട്ടുജോലിക്കാര്‍ ഇട്ട രഹസ്യപദ്ധതിയില്‍' നിന്നുമാണ് ഈ സിനിമയിലെ പ്രധാന ഷോക്ക് എലെമെന്റ്‌സ് ഉണ്ടായെതെന്ന് കമല്‍ ഈയടുത്ത വെളിപ്പെടുത്തിയിരുന്നു.അമേരിക്കക്ക് പുറത്തു ആദ്യമായി Avid എന്ന നോണ്‍ ലീനിയര്‍ എഡിറ്റിംഗ് പ്ലാറ്റഫോമില്‍ എഡിറ്റ് ചെയ്ത ചിത്രമാണിത്.
ഇവ രണ്ടും നേരിട്ട പ്രധാന ആരോപണം സവര്‍ണ്ണമേല്‍ക്കോയ്മയും, പിന്തിരിപ്പന്‍ ചിന്താഗതിയും ഒക്കെ ചേര്‍ത്ത് വായിച്ചാണ്. 'തേവര്‍ മകനി'ലെ അധമമായ ജാതി പൊളിറ്റിക്‌സിനെപ്രതി കമല്‍ ഖേദിച്ചിട്ടുമുണ്ട്.
തൂങ്കാവനവും ചില 'നമ്പർ ടൂ' വ്യാഖ്യാനങ്ങളും
കമൽ ഒരു കൊറിയൻ ചിത്രത്തിൽ നിന്നും അഡാപ്റ്റ് ചെയ്തു തിരക്കഥയെഴുതിയ ചിത്രമാണ് തൂങ്കാവനം. ഒറിജിനലിനെ അപേക്ഷിച്ചു കമലിന്റെ തിരക്കഥയ്ക്ക് രസകരമായൊരു വ്യാഖ്യാനസാധ്യത ഉള്ളതായി തോന്നിയിട്ടുണ്ട്.
തൂങ്കാവനത്തിൽ പ്രകാശ് രാജിന്റെ "നമ്പർ ടൂ" ബിസിനെസ്സിൽ വന്നൊരു തടസ്സം മറി കടക്കാൻ അയാൾ കണ്ടെത്തിയ വഴിയാണ് കിഡ്നാപ്പ് എന്ന മരുന്ന്, ആ മരുന്നിന്റെ പാർശ്വഫലമാണ് കമൽ തന്നെയും (മുറിവേറ്റ് രക്തസ്രാവമുള്ള നായകൻ). ഒടുക്കം വളരെ ഹാർമോണിയസ് ആയി നടന്നു പോയിരുന്നആ ബിസിനസ്സിനെ തകർത്ത്, ഒരു ഹനുമാനിക് ലൈനിൽ നൈറ്റ് ക്ലബ്ബിനെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് ഒടുക്കം കമൽ പുറത്തു കടന്നത് (അതിൽ അകപ്പെട്ടു കിടന്നിരുന്ന തന്റെ മകനെയും കൊണ്ട്, അതായത് രോഗഹേതുവിനെയും കൊണ്ട്), വയറ്റിലെ കമ്പം തീർത്തപോലെ.
അതിൽ മയക്കുമരുന്നും, മൈദയും ഒരേ പോലെ പ്രശ്ന ഹേതുക്കളാണ്... in fact, അമേരിക്കൻ മൈദ സീനിൽ വന്നതിനു ശേഷമാണ് സിനിമയിൽ പൊട്ടിത്തെറികൾ ഉണ്ടാവുന്നത്. ഒരു വേള ക്ലബ് എന്നാൽ തീറ്റയും, മദനവും, ശോധനയും മാത്രം നടക്കുന്ന ഒരു വ്യവസ്ഥിതി ആയിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ലിംഗഭേദമില്ലാതെ തുള്ളുമ്പോഴും മൂല്യബോധം തീരെ ഇല്ലാത്ത യുവത്വം, ഒരു സീനിൽ ടോയിലെറ്റ് (സ്ത്രീ -പു) വിഷയം വരുമ്പോൾ അടിമുടി യാഥാസ്ഥിതികരാണ്... അവർ ടോയ്‌ലെറ്റിന് മുന്നിൽ കിടന്നു വഴക്കുണ്ടാക്കുന്നുണ്ട്. ആ സമയം സ്ത്രീ -പു ടോയിലെറ്റുകളുടെ റൂഫ് പൊളിച്ചു മുകളിൽ കൂടിയുള്ള ബന്ധ-പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കമൽ, ആത്യന്തികമായി ലിംഗസമത്വം എന്ന ആശയം കീഴെക്കൂടിയല്ല മറിച്ചു ചിന്താഗതിയിലാണ് ഉണ്ടാവേണ്ടത് എന്ന് അടിവരയിടുന്നു. ഒരു സീനിൽ തൃഷയുമായി മല്ലയുദ്ധം, പിന്നീട് എല്ലാം കഴിഞ്ഞു പുറത്തിറങ്ങി കർമ്മപഥത്തിൽ തന്റെ സഹയാത്രികയായി തൃഷയെ തന്നെ കൂട്ടുന്നതോടെ ലിംഗസമത്വം അതിന്റെ ഏറ്റവും അനുയോഗ്യമായ ഇടം കണ്ടെത്തുന്നു.
തൂങ്കാവനം അരങ്ങേറുന്നത് ഒരു നൈറ്റ് ക്ലബ്ബിൽ ആണെങ്കിലും അതിലെ വ്യവഹാരങ്ങൾ (action and reactions) നടക്കുന്നത് അവിടുത്തെ കക്കൂസിൽ നിന്നും അടുക്കളയിലേക്കും, അവിടുന്ന് തിരിച്ചും ആണ്. പ്രതീകാത്മകമായി നോക്കിയാൽ, കുടൽമാല പോലെ കിടക്കുന്ന ക്ലബ്ബിലെ ഇടനാഴികളിൽ കൂടിയുള്ള കമലഹാസ്സന്റെ എരിപൊരി സഞ്ചാരമാണ് സിനിമ മുഴുവൻ. ഇടയ്ക്കു അടുക്കളയിൽ കയറി ബിൽഡിംഗ് മാപ്പ് (കുടലിനു പ്രതീകം) നോക്കി പുറത്തേക്കു പോകാനുള്ള വഴി തേടുന്നുണ്ട് നായകൻ.
Trivia 1
'വിക്രം' സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം അതിന്റെ പല എക്സ്ട്രീമുകളിലുള്ള ബാക് ടു ബാക് ആക്ഷൻ ഇവെന്റുകളാണ്. അതിലൊന്നിൽ കമലഹാസൻ മോഡൽ ഐഡിയ നല്ലവണ്ണം പ്രകടമാണ്. കുട്ടിയെ കൊണ്ടുപോകാൻ അക്രമികൾ നിരങ്ങിയ വീട്ടിൽ വിക്രം ചെന്ന് കയറുമ്പോഴുള്ള ആക്ഷൻ ഇവെന്റ്റ്. ലോജിക്കൽ അല്ലെങ്കിൽപ്പോലും ഒരു ആക്ഷൻ സീക്വെന്സിനു വേണ്ട ആദിമധ്യാന്തവും, ബില്ഡപ്പും, ടെൻഷനും, അവയോടു പൊരുത്തമുള്ള ആക്ഷൻ ഡിസൈനും അതിലുണ്ട്.
വലിയ ശബ്ദങ്ങളോട് സെന്സിറ്റിവ് ആയ ഹൃദയരോഗിയായ ഒരു കുട്ടി. ആ കുട്ടി ഒന്നുമറിയാതെ തൊട്ടിലിൽ ഉറക്കമാണ്. കമലഹാസൻ പതിയെ ഡോർ തുറന്നു കുട്ടിയെ എടുക്കാൻ ചെല്ലുമ്പോഴേക്കും പതിയിരുന്ന വില്ലന്മാരിലൊരാൾ പിറകിൽ നിന്നും ഓടി വന്നു കുത്തും. അപ്പോൾ വേദന കൊണ്ട് അലറിക്കരയാതിരിക്കാൻ കമലഹാസന്റെ കഥാപാത്രം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉടനെ കുത്തിയ വില്ലൻ കൂട്ടാളികളെ ഒച്ചവെച്ചു വിളിക്കുന്നു. കുട്ടി എഴുന്നേൽക്കുമെന്ന ടെന്ഷനാണ് അപ്പോഴും കമലഹാസന്, അയാൾക്ക് വില്ലന്മാരൊന്നും പ്രശ്‌നമേയല്ല, ഉടനെ അവിടെ കണ്ട ഒരു മാക്‌ബുക് ലാപ്ടോപ്പ് എടുത്തു ആ വില്ലന്റെ കഴുത്തു നോക്കി ഒരു ഞെക്കു കൊടുക്കും, അയാളുടെ ശബ്ദം അതോടെ നിലക്കും. എന്നിട്ട് പയ്യെ കുട്ടികിടക്കുന്ന മുറിയുടെ വാതിൽ അടയ്ക്കും. പിന്നീട് ഓടി വരുന്ന വില്ലന്മാരോട് തല്ലു തുടങ്ങും മുന്നേ നിശ്ശബ്ദരാവാൻ ആംഗ്യം കാണിക്കും. ആദ്യം മുന്നോട്ടെടുക്കുന്നവന്റെ നാക്ക് ഒരു അപ്പർ കട്ട് പഞ്ചിലൂടെ മുറിഞ്ഞു തറയിൽ വീഴും, പിന്നീടുള്ള പഞ്ചുകൾ മുഴുവൻ വില്ലന്മാരുടെ കഴുത്തു ലക്‌ഷ്യം വെച്ചാണ്, കഴുത്തു കഴിഞ്ഞാൽ പിന്നെ ലക്‌ഷ്യം വായാണ്, കയ്യിൽ കിട്ടുന്ന എന്തും അവരുടെ വായിൽ തിരുകി അതിക്രൂരമാം വിധം അവരെ ആക്രമിക്കുന്നു, ഒരുവന്റെ വാ കത്തി ഉപയോഗിച്ച് ചുവരിനോട് ചേർത്ത് കീറുന്നു... അപ്രകാരം അടുത്തിടെ കണ്ട ഏറ്റവും വയലന്റ് ആയൊരു ആക്ഷൻ സീക്വെൻസ് ആണത്. വില്ലൻ തുടക്കത്തിൽ കുത്തിയ കത്തി കമൽ ഊരിയെടുത്തെങ്കിലും ഇവർക്കെതിരെ പ്രയോഗിക്കുന്നേയില്ല, കാരണം സ്റ്റാമ്പിങ് നിലവിളിയുണ്ടാക്കും, പകരം ആക്ഷൻ ഡിസൈൻ മൊത്തം ഒന്നുകിൽ വില്ലന്മാരുടെ വോക്കൽ കോർഡ് (കഴുത്തു), നാക്ക് അല്ലെങ്കിൽ വായ ലക്ഷ്യമാക്കിയാണെന്നു കാണാം, ഇവയാണല്ലോ ആക്രോശവും നിലവിളിയും ഉണ്ടാക്കാവുന്ന സ്ഥാനങ്ങൾ, അവയെ കുഞ്ഞിന്റെ അവസ്ഥയെക്കരുതി കമലഹാസൻ ഒന്നൊന്നായി ക്ളോസ് ചെയ്തു പോകുന്നു. എന്നാൽ അവസാനത്തെ അടികൊണ്ടവൻ നില തെറ്റി താഴെ ഒരു ഗ്ലാസ് ടെബിളിലേക്ക് പതിക്കുന്നു, അത് തകരുന്നു, ആ ശബ്ദം കുഞ്ഞിനെ ഉണർത്തുന്നു.
നല്ല രസകരമാണ് ഈ ആക്ഷൻ നറേറ്റിവ്. ചിത്രത്തിലെ എക്സിക്കൂഷനിൽ മറ്റൊരു ആക്ഷനിലുമില്ലാത്ത നറേറ്റിവ് ഭംഗിയും എഫ്ഫെക്ട്ടീവ്നെസും ഇതിലുണ്ട് (though I wish if it had better framing and edit). മികച്ച ഐഡിയ ആക്ഷനിലൂടെ എക്സിക്യൂട്ട് ചെയ്ത അൻപ് - അറിവ് സഹോദരന്മാരെക്കൂടി ഇവിടെ പരാമർശിക്കുന്നു. ഇതിന്റെ തുടർച്ചായി ഉടനെ തന്നെ ഒരു പാൽക്കുപ്പി ഷൂട്ട് ഔട്ട് കൂടി ഉണ്ട്, അതാവണം ഇതേ ടെൻഷൻ സിറ്റുവേഷൻ ഉപയോഗിച്ചുള്ള ലോകേഷ് ആക്ഷൻ ഐഡിയ, അത് ഇത്രത്തോളം ക്രിയേറ്റിവ് അല്ല, അതിന്റെ സില്ലിനെസ്സ് ഒഴിവാക്കാനായി ഒരു പാട്ട് വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നുമുണ്ട് ലോകേഷ്.
കമലഹാസന്റെ പഴയ പല സിനിമകളിലും ഇത്തരം വയലന്റ് ആയതും നറേറ്റിവ് പർപ്പസ് ഉള്ളതുമായ ആക്ഷൻ മോമെന്റുകൾ കാണാൻ കഴിയും.
Trivia 2
ഭരദ്വാജ് രംഗൻ: താങ്കളുടെ ഉള്ളിലെ പ്രതിഭ സംതൃപ്തിപ്പെടുന്നത് ബാക്കിയുള്ളവരുടെ പ്രകടന മികവ് കാണുമ്പോഴാണോ?
കമൽ ഹാസ്സൻ ( ഉത്‍സാഹത്തോടെ): എന്നിലെ പ്രതിഭ ആഗ്രഹിക്കുന്നത്, ഒരു പക്ഷെ എനിക്ക് പണം സംഭരിക്കാൻ സാധിച്ചാൽ, ഞാൻ ഈ ഇൻഡസ്‌ട്രി ഉപേക്ഷ വിചാരിച്ചോരു കാര്യം ഒറ്റയ്ക്ക് ചെയ്തിട്ട് അതിന്റെ അഭിമാനം പേറി ആ ലൈം ലൈറ്റിൽ തന്നെ മരിക്കും, അത് ഈ ലോകത്തിലേക്ക് വെച്ചു ഏറ്റവും നല്ലൊരു ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിയുക എന്നതാണ്. നമ്മളത് നേരത്തെ ചെയ്യണമായിരുന്നു. ഞാനൊറ്റക്ക് നടത്തിക്കൊണ്ടു പോകും എന്നല്ല, പണത്തെക്കുറിച്ചു മാത്രമല്ല ഞാൻ സംസാരിക്കുന്നത്, നമുക്ക് അത്തരമൊരു പെരുമക്ക് അവകാശമുണ്ട്. ലോകത്തു ഏറ്റവും കൂടുതൽ സിനിമ നിർമ്മിക്കുന്നത് ഇന്ത്യയാണ്. ഒപ്പമുള്ള ചൈനയെ അപേക്ഷിച്ചു നമുക്ക് നന്നായി ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാനും കഴിയും, അതുകൊണ്ട് നമുക്ക് ഞൊടിയിടയിൽ 'ഇന്റർനാഷണൽ' ആവാൻ പ്രാപ്തിയുള്ളവരാണ്. ഇന്ത്യ ഒരു ഗ്ലോബൽ വില്ലേജ് ആണ്, മൈക്രോസോഫ്റ്റിന് ഇന്ത്യയിൽ കമ്പനി പണിയാമെന്നുണ്ടെങ്കിൽ നമുക്ക് അതെ നിലവാരത്തിലുള്ള ഫിലിം സ്കൂളും പണിയാൻ കഴിയും. അതാണെന്റെ സ്വപ്നം.
കമല്‍ഹാസന്റെ 65ാം പിറന്നാളിന് എഴുതിയ ലേഖനത്തിനൊപ്പം പിന്നീട് കൃഷ്‌ണേന്ദു കലേഷ് എഴുതിയ നിരീക്ഷണങ്ങളും കുറിപ്പുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
തുടരും