സംവിധായകന്‍ ഷാജി കൈലാസിന് വേണ്ടി 2019 ഒക്ടോബറില്‍ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ അതേ കഥാപാത്രവും പ്രമേയവുമായാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിനെന്ന സംശയമാണ് കോടതിയിലും പകര്‍പ്പാവകാശ ലംഘനമെന്ന ആരോപണത്തിലുമെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും സിനിമയുടെ കഥയും ഉപയോഗിക്കുന്നത് വിലക്കിയത്. അതിലേക്ക് നയിച്ച കാര്യങ്ങള്‍ ജിനു എബ്രഹാം ദ ക്യു'വിനോട് പറയുന്നു.
2016 മുതല്‍ ആലോചിച്ച കടുവാക്കുന്നേല്‍
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് കടുവ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നതും ഈ ടൈറ്റിലില്‍ ആയിരുന്നു. 2016ലാണ് ഈ സിനിമയിലേക്ക് കടക്കുന്നത്. ഞാന്‍ എഴുതുന്ന തിരക്കഥകള്‍ പൃഥ്വിരാജിനോടാണ് ആദ്യം പറയാറുള്ളത്. അദ്ദേഹത്തോട് പറഞ്ഞു. പിന്നീടാണ് ഷാജി കൈലാസ് സംവിധാനം ചെയ്യാനുള്ള തീരുമാനമുണ്ടാകുന്നത്. പിന്നീട് ഷാജി കൈലാസ് സാറുമൊത്ത് കടുവ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞാന്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ടൈറ്റിലിന്റെ കോപ്പിറൈറ്റ് സ്വന്തമാക്കി. പൃഥ്വിരാജിന് ഏറെ ഇഷ്ടമായ സബ്ജക്ട് കൂടിയായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം അദ്ദേഹത്തിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍ കൂടി കടുവയുടെ നിര്‍മ്മാണ പങ്കാളിയായി. എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരികെയത്തുന്ന സിനിമ എന്ന നിലക്കും അനൗണ്‍സ് ചെയ്തപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രൊജക്ടാണ് കടുവ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എത്രമാത്രം പ്രതീക്ഷയും അടുപ്പവും ഉള്ള പ്രൊജക്ടാണ് ഇതെന്ന് ഇതില്‍ നിന്നെല്ലാം മനസിലാക്കാവുന്നതല്ലേ.
പൃഥ്വിയുടെ അതേ ഇരിപ്പില്‍ സുരേഷ് ഗോപി, കോടതിയിലെത്തിയ സംശയം
സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ എസ്ജി 250 എന്ന പേരിനൊപ്പം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രത്തെയും പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പൊലീസ് ജിപ്പിന് മുകളില്‍ ഇരിക്കുന്ന രീതിയിലായിരുന്നു. സുരേഷ് ഗോപി ചിത്രത്തിന്റെ വന്നപ്പോള്‍ ഏതാണ്ട് ഇതേ ലുക്കിലായിരുന്നു. ഞങ്ങളുടെ അന്വേഷണത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേരെന്നും കഥയിലും സാമ്യതകളുണ്ടെന്നും മനസിലായി. മൗലികമായ ഒരു രചന മറ്റൊരു സിനിമയില്‍ വരുന്നത് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അംഗീകരിക്കാനാകില്ല എന്നത് കൊണ്ട് കോടതിയെ സമീപിച്ചു. തിരക്കഥാകൃത്ത് എന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ ഉള്‍പ്പെടെ പകര്‍പ്പാവകാശം കോടതിയിലൂടെ ബോധ്യപ്പെടുത്തേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയായിരുന്നു. സുരേഷ് ഗോപിയുടേതായി പ്രഖ്യാപിച്ച സിനിമയോട് എതിര്‍പ്പോ, അതിന്റെ അണിയറക്കാരോട് വാശിയോ ഇല്ല. പക്ഷേ വലിയ മുടക്കുമുതലില്‍ പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ തിരക്കഥയും നായകന്റെ പേരുമെല്ലാം അതേ പടി മറ്റൊരു സിനിമയില്‍ ഉണ്ടാകുന്നത് ഞങ്ങളുടെ പ്രൊജക്ടിനെ നന്നായി ബാധിക്കും. ഷാജികൈലാസും പൃഥ്വിരാജും എന്റെ തിരക്കഥ. വിശ്വസിച്ചാണ് ഈ സിനിമയുടെ ഭാഗമായത്.
തര്‍ക്കമല്ല, മൗലികതയുടെ പ്രശ്‌നം
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ കോപ്പിറൈറ്റ് ആക്ട് പ്രകാരം നടത്തിയ രജിസ്‌ട്രേഷന്‍ രേഖകളും തിരക്കഥയുമെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി ചിത്രത്തിന്റെ പേരും കഥാപാത്രവും തിരക്കഥയും ഞങ്ങളുടേതുമായി സാമ്യം ഇല്ലെങ്കില്‍ അവര്‍ക്ക് ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് തിരക്കഥാകൃത്ത് എന്ന നിലക്ക് മൗലികതയുടെ പ്രശ്‌നമാണ്. നമ്മള്‍ ഏറെ കഷ്ടപ്പെട്ട് തയ്യാറാക്കിയ തിരക്കഥയും സീനുകളും കഥാപാത്രവും മറ്റൊരു സിനിമയില്‍ വരുന്നത് ഉള്‍ക്കൊള്ളാനാകില്ല. ഞങ്ങളുടെ പ്രൊജക്ടുമായി യാതൊരു വിധ സാമ്യവുമില്ലെന്ന് അവര്‍ക്കും എളുപ്പം കോടതിയില്‍ തെളിയിക്കാനാകട്ടെ. കൊവിഡ് വ്യാപനം ഇല്ലെങ്കില്‍ ജൂലൈയില്‍ ചിത്രീകരണം തുടങ്ങാനിരുന്ന സിനിമയാണ് കടുവ. വലിയ പ്രൊജക്ടാണ്. അതിന് വേണ്ടിയുള്ള പ്രീ പ്രൊഡക്ഷന്‍ പൂര്‍ണ തോതില്‍ നടന്നുവരികയായിരുന്നു.
2012മുതല്‍ അസോസിയേറ്റ് ഡയറക്ടറായി തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ് സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ച മാത്യൂസ് തോമസ് എന്നും ജിനു എബ്രഹാം. ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍, മാസ്‌റ്റേഴ്‌സ് എന്നീ സിനിമകളില്‍ ഒപ്പമുണ്ടായിരുന്നു. മാത്യൂസിന് വേണ്ടി പല കഥകള്‍ ആലോചിക്കുന്ന കൂട്ടത്തില്‍ ഈ സിനിമയും ചര്‍ച്ച ചെയ്തിരുന്നു. മാത്യൂസിന് ഇതിനെ പ്രൊജക്ടാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. കോടതി നടപടിയില്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നില്ലെന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം അറിയിച്ചിരിക്കുന്നത്.
കേസും സ്റ്റേയും
സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം പൃത്വിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും നടന്നിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റിവക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവൻ കോടതിയിൽ ഹാജരായി.