Filmy Features

ഗൊദാർദ്: പ്രതിച്ഛായകളുടെ പ്രളയപുസ്തകത്തിൽ

'A movie should have a beginning, a middle and an end, though not necessarily in that order.'

'രാഷ്ട്രീയസിനിമയെടുക്കുകയല്ല രാഷ്ട്രീയമായി സിനിമയെടുക്കുകയാണ് വേണ്ടത്.'

-ഗൊദാർദ്

ഫെയ്സ്ബുക്ക് പോസ്റ്റ് ഒന്ന്

2020 എപ്രിൽ 11

'The virus is a communication.'

- Jean Luc Godard

സ്പർശിക്കലാണ് ഭാഷ. സ്പർശിക്കാനാവാതാകുമ്പോൾ നഷ്ടപ്പെടുന്നതെന്തോ അതും. ഭാഷയുടെ മരണം ഒരു വെല്ലുവിളിയാണപ്പോൾ. പരസ്പരം തൊടാനാവാതെ മനുഷ്യർക്കിടയിൽ സംഭവിച്ചതും ഒരു വൈറസ് മരണം തന്നെ. ബാബേൽഗോപുരവും ഒരു തവണയല്ല വീഴുന്നത്. ചിലന്തിവല കെട്ടും പോലെ ഓരോ വീഴ്ചയിലും നാം പടുത്തുയർത്തുന്ന ബാബേൽ ഗോപുരവും വീണ്ടുംവീണ്ടും വീഴുമ്പോഴും പറയാനാവാതെ പോയത് മനസ്സിലാക്കാനാവാതെ പോയത് ബാക്കിയാകുന്നു.

#GoodByeToLanguage

ഞാൻ കണ്ട, ആസ്വദിച്ച ഏറ്റവും മികച്ച ഗൊദാർദ് സിനിമകളിലൊന്നാണ്. അതൊരു ബാബേൽ ഗോപുരക്കയറ്റവും ഇറക്കവുമാണ്. കയറുമ്പോൾ കാണുന്നല്ല ഇറങ്ങുമ്പോൾ കാണുന്നത്. മനസ്സ് മരിച്ച ബാബേൽ ഗോപുരങ്ങൾ തന്നെ വീണ്ടുംവീണ്ടും മനുഷ്യർ പണിതു കൊണ്ടേയിരിക്കുന്നത് എന്തൊരു ദുരന്തമാണ്.!

കണ്ണാടിഗോപുരത്തിൽ ഞാനപ്പോൾ എൻ്റെ ഏറ്റവും പഴയ മുഖം കാണുന്നു. ആ മുഖം കണ്ട കണ്ണുകളെ കാണുന്നു. ഛായാഗ്രാഹകൻ രാജേട്ടൻ, അച്ഛൻ , അമ്മ, ഒരുപക്ഷേ വല്യച്ഛൻ, വല്യമ്മ, ഏട്ടന്മാർ, ഏച്ചിമാർ, ആ ഫോട്ടോ ഒരായുഷ്ക്കാലം മായാതെ സ്വന്തം ആൽബത്തിൽ സൂക്ഷിച്ച കുഞ്ഞേച്ചി, പടിഞ്ഞാറെ നടക്കാവ്, കാലം.

അതെ. മനസ്സ് കൊണ്ട് പരസ്പരം തൊടുന്നതല്ലാതെ മറ്റെന്താണ് ഭാഷ? മറ്റെന്തിനാണ് ഭാഷ?

#CoronaAgeMemoirs

ഫെയ്സ്ബുക്ക് പോസ്റ്റ് രണ്ട്

2021 സംപ്തബർ 11

#breathless

കാലം 1960. ഗൊദാർദ് ബ്രെത്ത്ലസ്സിലൂടെ ലോകസിനിമയിൽ നവതരംഗം അഴിച്ചുവിട്ട വേള. ജീൻ പോൾ ബെൽമാണ്ടോ എന്ന നായകൻ്റെ വരവറിയിച്ച സിനിമ കൂടിയായിരുന്നു അത്. ബെൽമാണ്ടോ പിന്നീട് ഹോളിവുഡും കീഴടക്കി മുന്നേറി.

2021 സെപ്തംബർ 6-ന് ഓർമ്മയിലേക്ക് വിടവാങ്ങുമ്പോൾ വെള്ളിത്തിരയിൽ വലിയ കാലം തന്നെ ബാക്കിവച്ചു. ബെൽമാണ്ടോയെ കാർലോവാരി ഫിലീം ഫെസ്റ്റിവൽ ആദരിക്കുമ്പോൾ ഗൊദാർദ് ഇപ്പോഴും വെള്ളിത്തിരയിൽ പുതിയ സിനിമാസ്വപ്നങ്ങൾ നെയ്യുകയാണ്. ആറ് പതിറ്റാണ്ടിനും തളർത്താനാവാത്ത യൗവനമായി.

#മരിയ്ക്കാത്തനക്ഷത്രങ്ങൾ

ഫെയ്സ്ബുക്ക് പോസ്റ്റ് മൂന്ന്

2022 സെപ്തംബർ 13

❤️സിനിമയുടെ പാസ്സ്വേഡ്,

ഗൊദാർദ് Jean Luc Godard 91, വിട.

അതെ, സിനിമ എങ്ങിനെ കാണണം എന്നതിന്റെ പാസ്സ് വേഡ് ആയിരുന്നു എനിക്ക് ഗൊദാർദ്. പിന്നിട്ട നാലു പതിറ്റാണ്ടിൽ അത് നിരന്തരം പുതുക്കിക്കൊണ്ടേയിരിക്കാൻ ഗൊദാർദ് നിർബന്ധിതനാക്കി. പോയ നൂറ്റാണ്ടിന്റെ എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ബ്രത്ത്ലസ്സ്' ശ്വാസംമുട്ടി കണ്ടിരുന്നതു പോലെയല്ല പുതിയ നൂറ്റാണ്ടിന്റെ ഇരുപതുകളുടെ അന്ത്യത്തിൽ അവസാന ചിത്രമായ 'ഇമേജ് ബുക്ക്' കണ്ടിരുന്നത്. പ്രതിച്ഛായകളുടെ പ്രളയത്തിൽ എന്തു കാണണം എങ്ങിനെ കാണണം എന്ന് ഗൊദാർദ് പഠിപ്പിച്ചു. രാഷ്ട്രീയമായി സിനിമ കണ്ടു ശീലിച്ച ഒരു തലമുറയുടെ കാഴ്ചപ്പാടിന്റെ അവിഭാജ്യഭാഗമാണ് ഗൊദാർദ് എന്ന പേര്. ആ മരണം കേട്ടപ്പോൾ സിനിമയുടെ പാസ്സ് വേഡ് എന്നല്ലാതെ മറ്റൊന്നും ഫെയ്സ്ബുക്കിൽ കുറിച്ചിടാനും തോന്നിയില്ല.

കൊറോണക്കാലം ഗൊദാർദിനെയും കൊണ്ടുപോയി എന്നു പറയാം . അല്ലായിരുന്നെങ്കിൽ ആ മനുഷ്യൻ ഇനിയും സിനിമയെടുത്ത് നമ്മെ അമ്പരപ്പിച്ചേനെ. ഗൊദാർദിന് വിട പറയുമ്പോൾ വിടപറയുന്നത് ഒരു മഹാകാലത്തോട് തന്നെയാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം സിനിമയെ രാഷ്ട്രീയമായി കാണാൻ പഠിപ്പിച്ച വിട്ടുവീഴ്ചയില്ലാത്ത ഗുരുനാഥാക്കന്മാരുടെ കാലത്തെ അവസാനത്തെ കണ്ണിയും ഇതോടെ അപ്രത്യക്ഷമാകുന്നു.

ഗൊദാർദിനെക്കുറിച്ചുള്ള വിവരങ്ങളുടെയും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചുള്ള ഓർമ്മകളുടെയും ഒരു ബൃഹദ് സമാഹാരം തന്നെ മലയാളിക്ക് സ്വന്തമായുണ്ട്. ഇന്റർനെറ്റിൽ ഗൊദാർദ് വിവരപ്രളയം അലയടിക്കുന്നുമുണ്ട്. അതൊന്നും ഇവിടെ ആവർത്തിക്കുന്നതിൽ കാര്യവുമില്ല. അടിയന്തിരാവസ്ഥക്കു ശേഷം ലോകത്തേക്ക് വന്ന ഒരു തലമുറയുടെ ഭാഗമായ ഒരാൾക്ക് പിന്നിട്ട നാലു പതിറ്റാണ്ടിൽ ഗൊദാർദ് എന്തായിരുന്നു എന്ന് ഓർക്കുന്നു എന്നു മാത്രം.

'ജങ്കിൾ ബുക്ക്' കാഴ്ചയുടെ ലോകം കീഴടക്കിയ കാലത്ത് ഒടുവിലത്തെ സന്ദേശമായി ഗൊദാർദ് "

'ഇമേജ് ബുക്ക്' എഴുതി. അത് ഒരായുഷ്ക്കാലം സിനിമയിൽ സഞ്ചരിച്ച, വെള്ളിത്തിര കുടിച്ചുമദിച്ച് വളർന്ന ഒരാളുടെ അവസാനസന്ദേശമായി ഇനി നമുക്ക് തിരിച്ചു വായിക്കാം.

സിനിമയുടെ ചരിത്രം നിരന്തരം ഓർമ്മപ്പെടുത്തുന്ന ചരിത്രകാരനാണ് ഗൊദാർദ്. ഇന്റർനെറ്റിന്റെ കാലത്തെ സിനിമയുടെ ചിന്തയുടെയും പാഠപുസ്തകം വെള്ളിത്തിരയിൽ രചിച്ച ക്ലാസ്സിക്കുകളാണ് കോവിഡിനു മുമ്പുള്ള അവസാന ദശകത്തിൽ രചിച്ച അദ്ദേഹത്തിന്റെ മൂന്ന് സിനിമകളും. ഫിലിം സോഷ്യലിസം, ഗുഡ് ബൈ ടു ലാംഗ്വേജ്, ഇമേജ് ബുക്ക്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഗൊദാർദ് സംക്ഷേപിക്കുകയായിരുന്നു. ബാബേൽ ഗോപുരത്തിന്റെ പതനത്തിനു ശേഷമുള്ള മനുഷ്യജീവിതത്തെ എന്ന പോലെ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം നിരന്തരമായ ഭൂപടം മാറ്റി വരയ്ക്കലുകളുടെ കാലത്തെ. അതിനി സിനിമ പഠിക്കുന്നവർക്കുള്ള പാഠപുസ്തകങ്ങളായിരിക്കും. സിനിമയുടെ മാത്രം ചരിത്രത്തിലൂടെ ആ സിനിമകൾക്ക് അകത്തേക്ക് കടക്കാനാവില്ല. അതിന് രാഷ്ട്രീയചരിത്രത്തെക്കുറിച്ചുള്ള മായാത്ത ഓർമ്മകളും അനിവാര്യമാണ്. ഓരോ കാണിയെയും നേരിടുന്ന, അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളുടെ പ്രളയത്തിൽ എങ്ങനെ പിടിച്ചുകയറാം എന്നതിന്റെ പാഠങ്ങളാണ് ആ മൂന്ന് സിനിമകളും. സോഷ്യലിസം കൺമുന്നിൽ മരിച്ചു വീണ, മനുഷ്യർ പരസ്പരം പ്രതീക്ഷ അർപ്പിച്ച, ഭാഷ മരിച്ചുവീണ മനുഷ്യരെ കൂട്ടത്തോടെ യാഥാർത്ഥ്യത്തിൽ നിന്ന് എന്നെന്നേക്കുമായി കട്ടെടുക്കുന്ന ജങ്കിൾ ബുക്കുകളുടെ മായാലഹരി തിയറ്ററുകളെ കീഴടക്കിയ കാലത്തെ രാഷ്ട്രീയമായി എങ്ങനെ സിനിമ കൊണ്ട് വായിക്കാം എന്നതിന്റെ സിനിമകൾ. അത് വെള്ളിത്തിരയുടെ ഒരിതിഹാസം തന്നെയാണ്. മറക്കല്ലേ എന്ന് മറവി ലഹരിയാക്കിയ തലമുറകളോട് ആ മൂന്ന് സിനിമകളും നിലവിളിക്കുന്നു.

പിന്നിട്ട നാലു പതിറ്റാണ്ടുകാലത്ത് ഗൊദാർദിന്റെ ഒരുവിധം സിനിമകളെല്ലാം മലയാളിക്ക് മുന്നിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാഇതര ദൃശ്യസംരംഭങ്ങൾ എല്ലാം ഇവിടെ എത്തിയിട്ടുണ്ട് എന്നു പറയാനാവില്ല. അത് ഒരായുസ്സ് കൊണ്ട് കണ്ടുതീർക്കാവുന്നതിന് അപ്പുറത്താണ് താനും. ആറ് പതിറ്റാണ്ടിന്റെ ആ ചലച്ചിത്രജീവിതം ഓർക്കുമ്പോൾ ഓർമ്മയെ പിന്തുടരുന്ന എന്റെ ഗൊദാർദ് സിനിമ ഏതാണ് എന്ന് ചോദിച്ചാൽ അത് ആൽഫവില്ല എന്ന സിനിമയാണ്. അധികാരം എല്ലാം കീഴടക്കിക്കളയുന്ന കാലത്തിന്റെ മുന്നറിയിപ്പാണത്. സ്നേഹം എന്ന വാക്ക് പോലും തൂക്കിക്കൊലക്ക് വിധിക്കപ്പെടാവുന്ന ലോകം. ഓർവെല്ലിന്റെ '1984' പോലൊന്ന്. 1965-ലാണ് ഗൊദാർദ് അതെടുത്തത്. അന്ന് സോവിയറ്റ് യൂണിയൻ ഉണ്ട്. തർക്കോവ്സ്കി മിറർ (1975) എടുക്കുന്നതിനും പത്ത് വർഷം മുമ്പ്. മിറർ സോഷ്യലിസ്റ്റ് സർറിലയിസം എന്നാണ് സാർത്ര് വിശേഷിപ്പിച്ചിരുന്നത്. ആൽഫവില്ല സ്വപ്നങ്ങൾ ഊറ്റിക്കുടിച്ച് സ്വേച്ഛാധികാരമായി വളരുന്ന എല്ലാ വ്യവസ്ഥകളോടുമുള്ള വിയോജിപ്പ് രേഖപ്പെടുന്ന സിനിമയാണ് . ഗൊദാർദ് സിനിമയിലെ തന്നെ സാക്ഷാൽക്കരിച്ച 'നിലനിൽക്കുന്ന സോഷ്യലിസ’ത്തിന്റെ വിമർശനം എൺപതുകളിൽ ആൽഫാവില്ല കാണുമ്പോൾ അമ്പരപ്പിച്ചതാണ്. സോവിയറ്റ് പതനത്തിന് ശേഷമുള്ള ലോകത്തിന്റെ ഛിന്നഭിന്നമായ അവസ്ഥ അടയാളപ്പെടുത്തിയ ഫിലിം സോഷ്യലിസം എന്ന സിനിമയിലേക്കെത്തുമ്പോൾ ഗൊദാർദ് ആൽഫ വില്ലകളുടെ ദുരന്തപരിണാമമാണ് കാഴ്ചക്കാരുടെ ലോകത്തെ ഓർമ്മിപ്പിക്കുന്നത്. ലോകചരിത്രം ഇതുപോലെ സിനിമയിൽ തന്നെ കാട്ടിത്തന്ന മറ്റൊരു സംവിധായകൻ നമുക്കുണ്ടായിരുന്നില്ല . ആൽഫാവില്ലകൾ ഉണ്ടാക്കല്ലേ മനുഷ്യരേ എന്ന് കാട്ടിത്തരാൻ ആ സിനിമകൾ ഇനി കാലത്തിലൂടെ വരും തലമുറകളുടെ കാഴ്ചകളെയും പിന്തുടരും. അതുകൊണ്ട് ഗൊദാർദിന് വിട നൽകൽ സാങ്കേതികം മാത്രം. മരിക്കാത്ത നക്ഷത്രമായി ഗൊദാർദ് മനുഷ്യ വംശത്തോടൊപ്പമുണ്ടാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT