Filmy Features

'അന്ന് ജോജുചേട്ടനോട് കഥപറയാനാകാതെ തിരിച്ചുപോയി'; 'ഇരട്ട' പതിയെ ചുരുളഴിയേണ്ട സസ്പെന്‍സെന്ന് സംവിധായകന്‍ രോഹിത് എംജി കൃഷ്ണന്‍

'നായാട്ടി'ന് ശേഷം ജോജു ജോര്‍ജ്- മാര്‍ട്ടിന്‍ പ്രക്കാട്ട് ടീം ഒന്നിച്ച് നിർമ്മിക്കുന്ന 'ഇരട്ട' എന്ന ചിത്രം ഇരട്ട സഹോദരന്മാര്‍ തമ്മിലെ വൈകാരിക ഇടപെടലുകളുടെ കഥയാണെന്ന് സംവിധായകന്‍ രോഹിത് എംജി കൃഷ്ണന്‍. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും കഥാഗതിയുടെ ചുരുളഴിയുന്ന മേക്കിംഗാണ് ഈ ചിത്രത്തിനുള്ളത്. ആ അനുഭവം പ്രേക്ഷകര്‍ തിയറ്ററില്‍ നിന്ന് തന്നെയാണ് സ്വീകരിക്കേണ്ടതെന്നും സംവിധായകന്‍ പറയുന്നു. തുടക്കത്തില്‍ ചെറിയ സിനിമയായി പ്ലാന്‍ ചെയ്തിരുന്ന 'ഇരട്ട'യെ വലിയ ക്യാന്‍വാസിലെത്തിച്ചത് ജോജു ജോര്‍ജാണെന്നും രോഹിത് എംജി കൃഷ്ണന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ആദ്യ ശ്രമത്തില്‍ കഥപറയനായില്ല..

2017-18 കാലം മുതല്‍ തന്നെ 'ഇരട്ട'യുടെ ഡ്രാഫ്റ്റ് തിരക്കഥയുമായി പല നിര്‍മ്മാതാക്കളെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് സിനിമാ പ്രാന്തന്റെ സാജിദ് യഹിയ സിനിമ നിര്‍മ്മിക്കാമെന്ന് പറയുന്നത്. ഇതോടെ, ആക്ടേഴ്‌സിനെ നോക്കി തുടങ്ങി. അങ്ങനെ ജോജു ജോര്‍ജിനോട് കഥപറയാന്‍ ഒരു ദിവസം നായാട്ടിന്റെ ലൊക്കേഷനിലുമെത്തി. അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷബീറിനെ മാത്രമാണ് കാണാനായത്. ജോജു ചേട്ടന്‍ ഇപ്പോള്‍ ഒരുപാട് പൊലീസ് വേഷങ്ങള്‍ ചെയ്തുകഴിഞ്ഞു എന്നും, ഇനിയൊരു പൊലീസ് വേഷം ചെയ്യാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അന്ന് കഥ പറയാനാകാതെ മടങ്ങേണ്ടിവന്നു.

അതിനുശേഷം സാജിദ് യഹിയ വഴി തന്നെയാണ് ഇരട്ടയുടെ സ്‌ക്രിപ്റ്റ് ജോജു ജോര്‍ജിന് കൊടുക്കാന്‍ സാധിക്കുന്നത്. കൊവിഡിന്റെ തുടക്കകാലത്തായിരുന്നു ഇത്. സ്‌ക്രിപ്റ്റ് വായിച്ച അദ്ദേഹം സിനിമ ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും കൊവിഡും ലോക്ഡൗണുമെല്ലാം വന്ന് ചിത്രം നീണ്ടു. തുടര്‍ന്ന് 2022-ന്റെ തുടക്കത്തിലാണ് ചിത്രീകരണം ആരംഭിക്കാനാകുന്നത്. വളരെ ചെറിയ ഒരു പ്രോജക്ട് എന്ന നിലയിലാണ് 'ഇരട്ട' ആരംഭിക്കുന്നത്. അത് ജോജു ചേട്ടനിലേക്ക് എത്തിയപ്പോള്‍ അദ്ദേഹമാണ് ഇതൊരു ചെറിയ സിനിമയായി ചെയ്യേണ്ടതല്ല, വലിയ ക്യാന്‍വാസില്‍ വലിയ സിനിമയായി ചെയ്യേണ്ടതാണെന്ന് താത്പര്യം അറിയിക്കുന്നത്. അദ്ദേഹം തന്നെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടുമൊന്നിച്ച് നിര്‍മ്മിക്കാന്‍ സന്നദ്ധതയറിയിച്ചതും അദ്ദേഹത്തെയും പ്രൊഡക്ഷന്റെ ഭാഗമാക്കിയതും.

സിനിമാ പഠനം ഷോര്‍ട്ട് ഫിലിമിലൂടെ

ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി സിനിമ പഠിക്കുകയോ, ആരെയെങ്കിലും അസിസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഓഡിയന്‍സിന് വേണ്ടി എന്നതിനപ്പുറം, എങ്ങനെയാണ് ഒരു സിനിമയുടെ മേക്കിംഗ് എന്ന് പഠിക്കാനുള്ള ഉപാധി എന്ന നിലയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നത്. അതില്‍ പലതും മറ്റുള്ളവരെ കാണിക്കാതെ തന്നെ ഡീലീറ്റ് ചെയ്ത് കളഞ്ഞിട്ടുമുണ്ട്.

സിനിമയില്‍ എന്തൊക്കെ കാര്യങ്ങള്‍ വര്‍ക്കാവും, വര്‍ക്കാവില്ല എന്ന് തിരിച്ചറിയാനുള്ള ഒരു ലേണിംഗ് പ്രോസസായിരുന്നു അത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തുമ്പോള്‍ ഒരു വലിയ സ്‌കെയിലിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഇവിടെ വര്‍ക്കായില്ലെങ്കില്‍ ഡിലീറ്റ് ചെയ്ത് കളയാനുള്ള ഒരു ഓപ്ഷനില്ല. ക്യാമറയും എഡിറ്റുമടക്കം പലരും തുടക്കക്കാരാണെങ്കിലും അവരില്‍ തന്നെ സിനിമയില്‍ ഏറ്റവും കുറവ് എക്‌സ്പീരിയന്‍സ് എനിക്കാണ്. എന്നാലും ഒരു തുടക്കക്കാരനെന്ന നിലയില്‍ 'ഇരട്ട' ടീം തരുന്ന പിന്തുണ വലുതാണ്.

എന്തുപറഞ്ഞാലും സ്‌പോയിലറാവും...

ജോസഫിലും, ആക്ഷന്‍ ഹീറോ ബിജുവിലും, നായാട്ടിലുമായി പ്രേക്ഷകര്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ, ജോജു ജോര്‍ജ് ഇതുവരെ ചെയ്യാത്ത പൊലീസ് വേഷമായിരിക്കും 'ഇരട്ട'യിലേത്. രണ്ട് ഇരട്ട സഹോദരന്മാര്‍ തമ്മിലെ വൈകാരിക ഇടപെടലുകളാണ് ചിത്രം സംസാരിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്ത് പറഞ്ഞാലും സിനിമയുടെ സ്‌പോയിലറാവും. സിനിമയുടെ തുടക്കത്തില്‍ തന്നെ കഥ വെളിപ്പെടുത്തുന്നതിന് പകരം, ഓരോ ഘട്ടത്തിലും, ഓരോ കഥാപാത്രങ്ങളിലൂടെയും കഥാഗതിയുടെ ചുഴുളഴിച്ചെടുക്കുന്ന മേക്കിംഗാണ് ഈ ചിത്രത്തിനുള്ളത്. ആ അനുഭവം തിയറ്ററില്‍ നിന്ന് തന്നെ പ്രേക്ഷകന്‍ സ്വീകരിക്കണം.

ജോജു ജോര്‍ജിന് പുറമെ, ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളായി വരുന്ന ശ്രിന്ദ, അഞ്ജലി, ആര്യ സലീം എന്നിവരും ശക്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാംകൊണ്ടും പ്രേക്ഷകനെ ഒരുവിധത്തിലും നിരാശപ്പെടുത്താത്ത ഒരു സിനിമയായിരിക്കും 'ഇരട്ട' എന്ന ഉറപ്പ് മാത്രമാണ് തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകനെന്ന നിലയിലും എനിക്ക് തരാനുള്ളത്. ജനുവരി 21 ന് റിലീസാവുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സിനിമയുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ ആകാംഷയെ തൃപ്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജ്മല്‍ സാബുവാണ് ട്രെയ്‌ലര്‍ കട്ട് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT