ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ്ണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയിലൂടെ ഇരട്ട തിരക്കഥാകൃത്തുകളായി അരങ്ങേറ്റം കുറിക്കുകയാണ് രഞ്ജിത്തും ഉണ്ണിയും (സനീഷ്). സംവിധാന സഹായികളായി സിനിമ രംഗത്തേയ്ക്ക് എത്തിയ സഹോദരങ്ങളാണ് ഇരുവരും. ആദ്യ സിനിമ തന്നെ ത്രില്ലര്‍ സിനിമയായത് വലിയ ചലഞ്ച് ആയിരുന്നുവെന്നും സംവിധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും തിരക്കഥാകൃത്തുക്കള്‍ ദ ക്യുവിനോട് പറഞ്ഞു.
ഒരാള്‍ പറയുന്നതിൽ നിന്നും അടുത്തയാള്‍ക്ക് ചിന്തിച്ചു തുടങ്ങാം
ഇരട്ട തിരക്കഥാകൃത്തുകള്‍ എന്ന് പറയുമ്പോള്‍ രണ്ടു പേരുടെ ആലോചനയാണ്. സിനിമയ്ക്ക് വേണ്ടി എഴുതുമ്പോള്‍ ഒരു ഫില്‍റ്ററിങ് പ്രോസസ് അത്യാവശ്യമാണ്. ഒരാള്‍ ഏറെ ആലോചിച്ചു പറയുന്ന ഒരു കാര്യത്തിൽ നിന്നായിരിക്കും അടുത്ത ആളുടെ ആലോചനയുടെ തുടക്കം. അത് ഏറെ ഗുണം ചെയ്യും. പിന്നെ സിനിമയ്ക്ക് വേണ്ടി എഴുതുമ്പോള്‍ ഒത്തിരി ആലോചിച്ചു കൂട്ടുന്നതിൽ നിന്നും വേണ്ടതും വേണ്ടാത്തതും വേർതിരിക്കുന്ന, ഒരു ഫില്‍റ്ററിങ് പ്രോസസ് അത്യാവശ്യമാണ്. അതിന് രണ്ടു പേര്‍ ചേര്‍ന്നുള്ള എഴുത്ത് ഏറെ സഹായിക്കും. നമ്മള്‍ പറയുന്ന കഥയുടെ ഗതി കൃത്യമായി നിർവ്വചിക്കാൻ, രണ്ടുപേര്‍ ചേര്‍ന്നുള്ള ചർച്ചകളാണ് സഹായിക്കുന്നത്.
എല്ലാം തുടങ്ങുന്നത് എഴുത്തില്‍ നിന്നാണ്
സംവിധാനവും എഴുത്തും രണ്ടു പരിപാടി തന്നെയാണ്. പക്ഷേ, സിനിമയുടെ എല്ലാ മേഖലയും പരിഗണിക്കുമ്പോള്‍ എഴുത്ത് തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് സിദ്ദിഖ് സാര്‍ വരെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം രണ്ടു മേഖലയിലും കൈവെച്ചിട്ടുള്ള ആളാണ്. എല്ലാം തുടങ്ങുന്നത് എഴുത്തില്‍ നിന്നാണ്. സിനിമയുടെ ആദ്യ ഘട്ടം എഴുത്താണ്, അതില്‍ നിന്നാണ് സിനിമയ്ക്ക് വേണ്ടിയുള്ള മറ്റെല്ലാ കാര്യങ്ങളും ഉണ്ടാകുന്നത്. എഴുതുക എന്ന് പറയുമ്പോള്‍ സിനിമയിലെ എല്ലാ മേഖലയെക്കുറിച്ചും അറിയുക എന്നത് കൂടിയാണ്. . എഴുത്ത് ഒരു ചെറിയ കാര്യമല്ല.എല്ലാ കഥാപാത്രങ്ങളുടെയും മാനസികവ്യാപാരങ്ങളിലൂടെയും നമുക്ക് സഞ്ചരിക്കേണ്ടി വരും. എന്നാലും ഫൈനല്‍ ഔട്ടായി സിനിമ എത്തുമ്പോള്‍ നമുക്ക് സംതൃപ്തിയുണ്ടാകും.
ഞങ്ങളുടെ അള്‍ട്ടിമേറ്റ് ലക്ഷ്യം സംവിധാനം
ഞങ്ങളുടെ ലക്ഷ്യം സിനിമ സംവിധാനം തന്നെയാണ്. മലയാളത്തിലെ ഒട്ടുമിക്ക ഇരട്ട എഴുത്തുകാരും സിനിമ സംവിധാനത്തിലേക്ക്് കടന്നിട്ടുണ്ട്. ഞങ്ങളുടെ ആഗ്രഹവും സ്വപ്നവുമെല്ലാം അതുതന്നെയാണ്. പക്ഷേ, അതിലേയ്ക്ക് എത്തിച്ചേരുക എളുപ്പമല്ല. സംവിധാനം വലിയ മാന്‍ മാനേജ്മെന്റ് ആവശ്യമുള്ള ഒരു ജോലിയാണ്. അതിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമാണ് എഴുത്ത്. ആളുകളുമായി ഇടപഴകാനും, സെറ്റുകളിലെ രീതികളുമായി പരിചയപ്പെടുന്നതിനും ഇപ്പോൾ ഞങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്.
അപര്‍ണ്ണയുടെ ഷോള്‍ഡറിലാണ് സിനിമ
ഇനി ഉത്തരം സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. അപര്‍ണ്ണയുടെ ഷോള്‍ഡറിലാണ് സിനിമയുള്ളത്. സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്ത് ഒട്ടും എളുപ്പമല്ല. അതും ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയാകുമ്പോള്‍ റിസ്‌ക് കൂടും. ബുദ്ധിയുള്ള, ശ്രദ്ധാലുക്കളായ പ്രേക്ഷകരെയാണ് നമ്മള്‍ അഭിസംബോധന ചെയ്യേണ്ടത്. സിനിമയില്‍ എന്തെങ്കിലും ലൂപ് ഹോള്‍സ് ഉണ്ടോ എന്ന് അവര്‍ എപ്പോഴും നോക്കിക്കൊണ്ടേ ഇരിക്കും. അപ്പോള്‍ അത്രയും ശ്രദ്ധിച്ച് വേണം നമ്മള്‍ എഴുതാന്‍. ഇനി ഉത്തരം എഴുതുമ്പോള്‍ ഇതെല്ലാം ഞങ്ങളുടെ മനസിലുണ്ട്. കൃഷ്ണകുമാര്‍ എന്ന റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തിൽ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത തരുന്നതിനും നടപടി ക്രമങ്ങളൊക്കെ എന്താണെന്ന് മനസിലാക്കി തരുന്നതിലും കൃഷ്ണകുമാര്‍ സാര്‍ ചെയ്ത് തന്നത്് വലിയ സഹായങ്ങളാണ്. കൃത്യമായ ഹോംവര്‍ക്ക് ചെയ്ത് തന്നെയാണ് ഈ സിനിമയുടെ തിരക്കഥാ രചന നമ്മള്‍ നടത്തിയിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തെ പ്രോസസാണ് ഈ സിനിമ.
ഇനി ഉത്തരം ഉണ്ടാകുന്നത് ഞങ്ങളുടെ അനിയന്‍ ചോദിച്ച സംശയത്തില്‍ നിന്ന്
സുധീഷേട്ടന്‍ ജീത്തു സാറിന്റെ സംവിധാന സഹായിയായിരുന്നു. അതു പോലെ ഞങ്ങളുടെ സുഹൃത്തുമായിരുന്നു. ധീരജ് പള്ളിയില്‍ എന്ന ഞങ്ങളുടെ സിനിമാമോഹിയായ ഒരു സുഹൃത്തുണ്ടായിരുന്നു. സിനിമയുടെ സാങ്കേതികതയില്‍ വലിയ താല്‍പര്യം ഉള്ള അവന്‍ പിന്നീട് ഡെയർ പിക്ചർസ് എന്നാ പേരിൽ ക്യാമറാ റെന്റല്‍ സ്ഥാപനം തുടങ്ങി. അവിടെത്തന്നെ ആള്‍ക്കാര്‍ക്ക് വന്നിരിക്കാനും, സിനിമയെക്കുറിച്ച് സംസാരിക്കാനുമുള്ള സൗകര്യം അവനൊരുക്കിയിരുന്നു. നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്നുള്ള ആഗ്രഹം തന്നെയാണ് ഇതിന്റെയെല്ലാം പിന്നില്‍. സിനിമയുടെ ക്രൂ ഉണ്ടാകുന്നത് അവിടെനിന്നാണ്. സുധീഷേട്ടൻ, ക്യാമറ മാൻ രവിച്ചേട്ടൻ, എഡിറ്റർ ജിതിൻ, കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരെല്ലാം തന്നെ അവിടെ സിനിമാ ചർച്ചകളുമായി നിരന്തരം ഒത്തു കൂടുന്നവരായിരുന്നു. സുധീഷേട്ടന്‍ കഥയാന്വേഷിക്കുന്ന കാര്യം ഞങ്ങളറിയുന്നത് എഡിറ്റർ ജിതിൻ വഴിയാണ്. ജിതിൻ വിളിച്ചു ഞങ്ങള്‍ അങ്ങോട്ട് ചെന്ന് കഥ പറഞ്ഞു. അദ്ദേഹത്തിനിഷ്ടപ്പെട്ടു, സിനിമയായി. നവാഗതരായ അരുൺ വരുൺ എന്നീ സഹോദരങ്ങളാണ് സിനിമയുടെ നിര്‍മ്മാതാക്കൾ. ഇനി ഉത്തരം ഒരു ത്രില്ലര്‍ സിനിമയാണ്. ഞങ്ങൾ സഹോദരങ്ങളാണെന്ന് പറഞ്ഞല്ലോ. ഞങ്ങളുടെ ഒരു അനിയന്‍ അഭിനന്ദ് ചോദിച്ച ഒരു സംശയത്തില്‍ നിന്നാണ് ഇനി ഉത്തരം എന്ന കഥ ഉണ്ടാകുന്നത്. ആ ചെറിയ ചോദ്യത്തില്‍ ഒരു വലിയ സിനിമയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു.
എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇനി ഉത്തരം നിര്‍മ്മിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന . എഡിറ്റര്‍ -ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, വിനോഷ് കൈമള്‍, കല- അരുണ്‍ മോഹന്‍, മേക്കപ്പ് -ജിതോഷ് പൊയ്യ, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണന്‍, പരസ്യ കല -ജോസ് ഡൊമനിക്ക്, ഡിജിറ്റല്‍ പി.അര്‍.ഓ- വൈശാഖ് സി വടക്കേവീട്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് സി നാരായണന്‍.