ദേശീയ പുരസ്‌കാര ജേതാവായ അപര്‍ണ്ണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' ഒക്ടോബറില്‍ റിലീസിന് എത്തുകയാണ്. ജീത്തു ജോസഫസിന്റെ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായനാകുന്ന സിനിമയാണിത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഇനി ഉത്തരം പ്രേക്ഷകര്‍ക്ക് ആദ്യാവസാനം വരെ എന്‍ഗേജഡ് ആയി കാണാന്‍ പറ്റുന്ന സിനിമയായിരിക്കുമെന്ന് സുധീഷ് രാമചന്ദ്രന്‍ ദ ക്യൂവിനോട് പറഞ്ഞു.
സുധീഷ് രാമചന്ദ്രന്‍ പറഞ്ഞത്:
"2013ല്‍ ദൃശ്യം മുതലാണ് ഞാന്‍ ജീത്തു സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. എന്റെ ഗുരുവായ അദ്ദേഹത്തിന്റെ സ്വാധീനം എന്റെ സിനിമയില്‍ വന്നേക്കാം. ചിലപ്പോള്‍ ഉണ്ടാകണമെന്നും ഇല്ല. അതൊന്നും മനപൂര്‍വം അല്ല. എന്റെ സിനിമ കണ്ട് എനിക്കത് ജഡ്ജ് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ഇനിയെല്ലാം പറയേണ്ടത് പ്രേക്ഷകരാണ്. 'ഇനി ഉത്തര'ത്തിലെ ക്രൂവിനെ എനിക്ക് നേരത്തെ പരിചയമുള്ളതാണ്. തിരക്കഥ പൂര്‍ത്തിയായ ശേഷമാണ് സിനിമയുടെ എഴുത്തുകാരായ രഞ്ജിത്ത്- ഉണ്ണി എന്നിവര്‍ എന്നെ സമീപിക്കുന്നത്. ഏപ്രിലിലാണ് സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്.
കൃഷ്ണ കുമാര്‍ എന്ന റിട്ടയഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങളെ ഈ സിനമയ്ക്ക് വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്ത് തന്നിട്ടുണ്ട്.
സിനിമയുടെ ക്രൂ സന്തോഷം തന്ന ഒരു ക്രൂവായിരുന്നു. എല്ലാ അഭിനേതാക്കളും നല്ല രീതിയില്‍ സഹകരിക്കുന്നവരായിരുന്നു. എനിക്ക് വേണ്ട റിയാക്ഷന്‍ കിട്ടാന്‍ എത്ര തവണ വേണമെങ്കിലും അവര്‍ പെര്‍ഫോം ചെയ്യും. ഒരു റിയാക്ഷന്‍ മാറ്റിയെടുക്കാന്‍ പറഞ്ഞാല്‍ അവരത് ചെയ്ത് തരും.
സിനിമ കാണുന്ന സമയം മുഴുവന്‍ നിങ്ങള്‍ക്ക് വളരെ എന്‍ഗേജിങായിരിക്കും. സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന ഫീമെയില്‍ സെന്‍ട്രിക്കായ സിനിമയാണ് ഇനി ഉത്തരം. സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് പ്രതീക്ഷ. ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്, നമുക്ക് ലഭിക്കേണ്ടത് ലഭിക്കും. ഇനിയെല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്"
.
എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഇനി ഉത്തരം' നിര്‍മ്മിച്ചിരിക്കുന്നത്. രവി ചന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന. എഡിറ്റര്‍ -ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, വിനോഷ് കൈമള്‍, കല- അരുണ്‍ മോഹന്‍, മേക്കപ്പ് -ജിതോഷ് പൊയ്യ, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണന്‍, പരസ്യകല -ജോസ് ഡൊമനിക്ക്, ഡിജിറ്റല്‍ പി.അര്‍.ഓ- വൈശാഖ് സി വടക്കേവീട്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് സി നാരായണന്‍.