ഏഴു പതിറ്റാണ്ടോളം നീണ്ടുനിന്ന ഴാങ് ലുക് ഗൊദാർദിന്റെ ചലച്ചിത്രജീവിതം നിരന്തരപരീക്ഷണങ്ങളുടെയും അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമാണ്. സിനിമയുടെ അടിസ്ഥാനസമീപനങ്ങളെത്തന്നെ ചോദ്യംചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രകോപനപരവും അതിശയകരവുമായ ഈ പരീക്ഷണങ്ങൾ ഒടുവിൽ ആത്മകഥാപരവും ദാർശനികവുമായ സിനിമകളിലാണ് അവസാനിക്കുന്നത്. ചരിത്രത്തിലെ അധിനിവേശങ്ങളെ കൃത്യമായി ആവിഷ്‌കരിക്കാനും അതുവഴി അവയെ പ്രതിരോധിക്കാനും സിനിമ വേണ്ട രീതിയിൽ കരുത്താർജ്ജിച്ചിട്ടില്ലെന്ന നിരാശ നിറഞ്ഞ സ്വയം വിമർശനത്തോടെയാണ് ഗൊദാർദ് തന്റെ ചലച്ചിത്രജീവിതത്തിന് തിരശ്ശീലയിടുന്നത്. ഇതിന്റെ കൃത്യമായ രേഖപ്പെടുത്തലാണ് അദ്ദേഹത്തിന്റെ അവസാനചിത്രം ഇമേജ്ബുക്ക്.
കീഴടക്കലുകളും കീഴടങ്ങലുകളും സൃഷ്ടിക്കുന്ന സംഘർഷങ്ങളുടെ വർത്തമാനകാലത്തെക്കുറിച്ചും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും ഭീകരാക്രമണങ്ങളും മൂലം ജനജീവിതം ദുസ്സഹമായി ക്കൊണ്ടിരിക്കുന്ന അറബ് രാജ്യങ്ങളെക്കുറിച്ചുമുള്ള ഉൽക്കണ്ഠകൾ പ്രേക്ഷകരുമായി പങ്കുവെച്ചു കൊണ്ടാണ് ഗൊദാർദ് ഇമേജ് ബുക്ക് പൂർത്തിയാക്കുന്നത്. 2018-ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തിയ ചിത്രം അവിടെ പ്രത്യേക പാം ദി ഓർ പുരസ്കാരം കരസ്ഥമാക്കി. ഇമേജ് ബുക്കിലെലെത്തുമ്പോൾ, തന്റെ ആദ്യകാല ആവിഷ്കാരരീതികളെ ഗൊദാർദ് ബഹുദൂരം പിന്നിടുന്നുണ്ട്. അഭിനേതാക്കളില്ലാതെ ഫീച്ചർ സിനിമകളുടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളും ഐഫോൺ പോലുള്ള ആധുനിക ഉപകരണങ്ങളിലും മറ്റും ചിത്രീകരിച്ച ഡോക്യുമെന്ററി ക്ളിപ്പിങ്ങുകളും ലോകോത്തര പെയ്ന്റിങ്ങുകളും ഫോട്ടോകളും സംഗീതശകലങ്ങളും ചേർത്തുവെച്ച് സൃഷ്ടിച്ച ഈ കൊളാഷിനെ ഒരു ദൃശ്യലേഖനമായാണ് സംവിധായകൻ വിശേഷിപ്പിക്കുന്നത്. പ്രദർശനത്തിന് ശേഷം നടന്ന മുഖാമുഖം പരിപാടിയിൽ ഗൊദാർദ് ഇങ്ങനെ വിശദീകരിച്ചു: 'ലോകം മുഴുവൻ നിർമ്മിക്കപ്പെടുന്ന സിനിമകളിൽ ചരിത്രത്തിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെക്കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരിക്കുന്നത്. വളരെ അപൂർവ്വം ചിത്രങ്ങളേ നടക്കാൻ പോകുന്ന സംഭവങ്ങൾ പ്രമേയമായി സ്വീകരിക്കുന്നുള്ളു. ഇമേജ്ബുക്ക് അത്തരമൊരു ചിത്രമാണ്.' ജൂത ഉൻമൂലനത്തിന്റെ ഭീകരതകൾ, യുദ്ധങ്ങൾ മൂലം ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ, അറബ് ലോകം അഭിമുഖീകരിക്കുന്ന അധിനിവേശങ്ങൾ ഇവയെയൊക്കെ ഫലപ്രദമായി നേരിടാൻ സിനിമക്ക് കഴിഞ്ഞിട്ടില്ലെന്ന നിരാശയുടെയും നിസ്സഹായതയുടെയും ആവിഷ്കാരം കൂടിയാണ് ഇമേജ് ബുക്ക്. 85 മിനിറ്റിൽ, ഒന്നേകാൽ നൂറ്റാണ്ടിലെ സിനിമകളിൽ നിന്ന് ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ക്ലിപ്പിങ്ങുകൾ, പ്രശസ്തങ്ങളായ പെയിന്റിംഗുകൾ സംഗീതശകലങ്ങൾ ഇവ ചേർത്തുവെച്ചു കൊണ്ട് ഈ ദൃശ്യ-സംഗീത കൊളാഷ് സൃഷ്ടിക്കുമ്പോൾ സംഗീതം ദൃശ്യങ്ങളോടു ചേർന്ന് നിൽക്കുകയെന്ന സിനിമയുടെ അടിസ്ഥാനനിയമത്തെ ഗൊദാർദ് നിഷേധിക്കുകയാണ്. സിനിമയുടെ ചരിത്രം നാലര മണിക്കൂറിൽ എട്ട് ഭാഗങ്ങളിലായി ആവിഷ്‌കരിക്കുന്ന ഗൊദാർദിന്റെ 'ഹിസ്റ്റോറിയ ഡി സിനിമ' (Historie de cinema)-യിലെന്ന പോലെ, സിനിമാനുഭവങ്ങളുടെ അപൂർവമേഖലകളിലേക്കാണ് ഇമേജ് ബുക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നത് .
ബസ്റ്റർ കീറ്റന്റെ നിശ്ശബ്ദസിനിമ ദ ജനറൽ, ഹോളിവുഡ് സിനിമ ദ ജാസ്, പസോളിനിയുടെ സാലോ, ഗൊദാർദിന്റെ തന്നെ വീക്കെൻഡ് തുടങ്ങിയവയിലൂടെ കടന്നുപോകുന്ന ഇമേജ് ബുക്കിൽ തനിക്ക് പ്രിയപ്പെട്ട ഹിച്ച് കോക്ക്, ഓഴ് സൊൺ വെൽസ് എന്നിവരുടെ സിനിമയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളും ഉപയോഗിക്കുന്നു. ഭാഷകൾ കൊണ്ട് അസാദ്ധ്യമാകുന്ന വിനിമയങ്ങൾ, അർത്ഥം നഷ്ടപ്പെട്ട വാക്കുകൾ, സർവ്വ മേഖലകളിലുമുള്ള മുതലാളിത്തത്തിന്റെ കടന്നുകയറ്റങ്ങൾ, യുദ്ധങ്ങളും വംശീയസംഘർഷങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട ചിന്തകളും ഗൊദാർദ് ചേർത്തു വെക്കുന്നു. അങ്ങനെ കൃത്യമായ രീതിയിൽ അദ്ദേഹം സൃഷ്ടിക്കുന്ന മൊണ്ടാഷ് സമകാലിക അറബ് ലോകം നേരിടുന്ന കടന്നുകയറ്റങ്ങൾ ആവിഷ്കരിക്കുന്നു.
സിനിമയിലെ രേഖീയവും ക്രമബദ്ധവുമായ ആഖ്യാനത്തെ നിഷേധിക്കുന്ന ഗൊദാർദ് തുടർച്ചയില്ലായ്മയുണ്ടാക്കുന്ന സൗന്ദര്യം ആവിഷ്‌കരിച്ച ചലച്ചിത്രകാരനാണ്. ഇമേജ് ബുക്കിൽ അതിനുമപ്പുറത്തേക്ക് അദ്ദേഹം കടന്നു ചെല്ലുന്നു. തിരഞ്ഞെടുത്ത സിനിമാ ക്ലിപ്പിങ്ങുകൾ ബോധപൂർവം വക്രീകരിക്കുകയും അവയുടെ വേഗതയും നിറങ്ങളും വ്യത്യാസപ്പെടുത്തിയും ആസ്പെക്ട് റേഷ്യോയിൽ മാറ്റങ്ങൾ വരുത്തിയും പലപ്പോഴും സ്ക്രീൻ ഇരുട്ടിലാഴ്ത്തിയും സിനിമയിൽ മറ്റാരും മുതിരാത്ത സഹാസങ്ങൾക്ക് തയ്യാറാവുന്നു. ദൃശ്യങ്ങൾക്ക് തീവ്രത നൽകാനല്ല താൻ സംഗീതം ഉപയോഗിക്കുന്നത് എന്ന് വെളിപ്പെടുത്തുന്നുണ്ട്. യുദ്ധങ്ങൾക്കിടയിൽ ബോംബ് വീഴുന്ന ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിദ്ധ സംഗീതജ്ഞരുടെ സിംഫണികളാണ് കേൾക്കുന്നത്. ഇവയ്ക്കിടയിൽ ദുർബ്ബലമായ ശബ്ദത്തിൽ ഗൊദാർദിന്റെ വോയ്സ് ഓവർ നാം കേൾക്കുന്നു. ചിത്രം പൂർണ്ണമായി സബ്ടൈറ്റിൽ ചെയ്യാതിരുന്നതിനാൽ ഫ്രഞ്ച് അറിയാത്ത പ്രേക്ഷകർക്ക് പല ഭാഗങ്ങളും മനസ്സിലാക്കാൻ കഴിയാതെ വരുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
1970-കൾ മുതലാണ് ആധുനിക സിനിമാസങ്കേതങ്ങൾ ഗൊദാർദ് ഉപയോഗിക്കുന്നത്. 1968 മുതൽ 1973 വരെയുള്ള റാഡിക്കൽ സിനിമാ കാലത്ത് ദൃശ്യവും ശബ്ദവും തമ്മിൽ സിനിമയിൽ നിലനിൽക്കുന്ന ബന്ധത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. അത് ഇമേജ് ബുക്കിൽ ആവർത്തിക്കുന്നതായി ഗൊദാർദ് അഭിമുഖത്തിൽ പറയുന്നു. സിനിമയുടെ അഞ്ച് അദ്ധ്യായങ്ങളെ അഞ്ച് കൈവിരലുകളായാണ് സംവിധായകൻ രൂപകല്പന ചെയ്യുന്നത്. പ്രദർശനത്തിനു ശേഷം കാനിൽ നടന്ന മുഖാമുഖം പരിപാടിയിൽ കൈകൾ കൊണ്ട് ചിന്തിക്കേണ്ട അവസരത്തിൽ നാമെത്തിക്കഴിഞ്ഞെന്ന് ഗൊദാർദ് സൂചിപ്പിക്കുന്നു. ഇമേജ് ബുക്കിലെ ആദ്യദൃശ്യം ഡാവിഞ്ചിയുടെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്-ലെ ഉയർത്തിപ്പിടിച്ച കൈവിരലുകളാണ്. ലിയനാർഡോ ഡാവിഞ്ചി 1513-നും 1516-നുമിടയിൽ വരച്ചതായി കരുതപ്പെടുന്ന സെന്റ് ജോൺ കൈ ഉയർത്തി നിൽക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗമാണ് തുടക്കത്തിലും അവസാനത്തിലും നാം കാണുന്നത്. കൈ ഉപയോഗിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്ന ഗൊദാർദ് ഈ അഞ്ച് വിരലുകളായി തുടർന്നുവരുന്ന അഞ്ച് അദ്ധ്യായങ്ങൾ ആവിഷ്‌കരിക്കുന്നു.
ആദ്യ അധ്യായമായ Remakes-ൽ നിർമ്മാണവും നശീകരണവും ഒരേസമയം ചിത്രീകരിക്കുന്ന സംവിധായകൻ അമേരിക്കൻ ചലച്ചിത്രകാരൻ Robert Aldrich ന്റെ Kiss me deadly-യിൽ നിന്നുള്ള സ്ഫോടനവും ഹിച്ച് കോക്കിന്റെ Vertigo-യിൽ മുഖ്യനടൻ ജിമ്മി സ്‌റ്റുവർട്ട്, നടി കിം നൊവാക്കിയെ വെള്ളത്തിലൂടെ പിന്തുടരുന്നതും ചേർത്ത് വെക്കുന്നു. St Petersburg Evening എന്ന രണ്ടാം ഭാഗം റഷ്യൻ സംവിധായകൻ ബൊണ്ടർചുക്കിന്റെ വാർ ഏൻഡ് പീസിലെ നൃത്തദൃശ്യത്തിൽ നിന്ന് നേരെ പോകുന്നത് ബോംബ് വർഷവും അതുമൂലമുണ്ടാകുന്ന തീ പടരുന്ന യുദ്ധരംഗങ്ങളിലേക്കാണ്.
ഒരേ സമയം സിനിമയുടെ കരുത്തും അതിന്റെ ദൗർബല്യവും ആവിഷ്‌കരിക്കുന്ന ചിത്രമാണ് ഇമേജ് ബുക്ക്.
These flowers between the rails, In the confused wind of travels എന്ന മൂന്നാം അധ്യായത്തിൽ തീവണ്ടിയാത്രയുടെ ചരിത്രവർത്തമാനങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. സിനിമയിൽ യുദ്ധങ്ങളുടെ ഭാഗമായാണ് പലപ്പോഴും തീവണ്ടി ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുള്ളതെന്ന്ഗൊദാർദ് ഓർമ്മിപ്പിക്കുന്നു. നാലാം ഭാഗമായ The Spirit of Laws-ൽ ജോൺ ഫോഡിന്റെ Young Mr Lincoln- ൽ നടി ഹെന്റി ഫോണ്ടയെ നിയമരഹിതമായ ചുറ്റുപാടിൽ നാം കാണുന്നു. അവസാനഭാഗത്തിന് കനേഡിയൻ ചലച്ചിത്രകാരനും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമായ Michael Snow-യുടെ La Region Centrale-ന്റെ പേരാണ് നൽകുന്നത്. ഏറ്റവും ദൈർഘ്യമേറിയ ഈ അദ്ധ്യായം അറബ് ലോകത്തിലെ സംഘർഷങ്ങൾ നിറഞ്ഞ കാഴ്ചകളിലേക്കാണ് കാണികളെ കൊണ്ടുപോകുന്നത്. അവസാനമില്ലാത്ത യുദ്ധങ്ങളുടെയും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോകുന്ന ലോകത്തെയും ആവിഷ്‌കരിക്കാൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും ഐ.എസ്.ഐ.എസിന്റെ പ്രചാരണ വീഡിയോകളും ഉപയോഗിക്കുന്നു. 'അറബ് രാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിയാൻ മറ്റു രാജ്യങ്ങളിലുള്ളവർക്ക് തീരെ താൽപ്പര്യമില്ല.' -ഗൊദാർദ് നിരാശപ്പെടുന്നു. അമേരിക്കയടക്കമുള്ള വൻശക്തികൾ നടത്തുന്ന അധിനിവേശങ്ങളെ ഓർമ്മപ്പെടുത്തി, ഇവ തടയാൻ സിനിമയ്ക്ക് സാധിക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നു. ഒരേ സമയം സിനിമയുടെ കരുത്തും അതിന്റെ ദൗർബല്യവും ആവിഷ്‌കരിക്കുന്ന ചിത്രമാണ് ഇമേജ് ബുക്ക്. 1954-ൽ Nicholas Ray സംവിധാനം ചെയ്‌ത Johnny the Guitar-ൽ നിന്ന് ഒരു ഭാഗം ഇമേജ് ബുക്കിൽ ഗൊദാർദ് ഉപയോഗിക്കുന്നുണ്ട്. അതിൽ സ്റ്റെർലിംഗ് ഹായ്ദൻ കാമുകി ജോൻ ക്രൊഫോർഡിനോട് തന്നെ സ്നേഹിക്കുന്നുണ്ടോ എന്നു ചോദിക്കുന്നു . സ്നേഹിക്കുന്നില്ലെങ്കിൽ ഉണ്ടെന്ന് കള്ളം പറഞ്ഞ് തന്നെ ആശ്വസിപ്പിക്കാൻ ആവശ്യപ്പെടുന്നു. സിനിമ ആരംഭിച്ച് ഒന്നേകാൽ നൂറ്റാണ്ട് കഴിയുമ്പോഴും അത് നമ്മോട് കളവുകളാണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് നിരീക്ഷിക്കുന്ന ഗൊദാർദ് ഇതുവരെ സത്യങ്ങളേ പറഞ്ഞിട്ടുള്ളുവെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നു.