Filmy Features

ജാതി പ്രണയത്തെ കൊലപ്പെടുത്തിയ കഥകള്‍

'In India, it is never enough to introduce yourself with your first name. One will always probe for your last name, because it instantly identifies you with a region, caste and community' - Nagraj Manjule

പ്രണയം വിശുദ്ധരാക്കുന്ന മനുഷ്യര്‍

പ്രണയത്താല്‍ സ്‌നാനം ചെയ്യപ്പെട്ട മനുഷ്യരെല്ലാം വിശുദ്ധരാണ്, പ്രണയം മനുഷ്യനെ നിഷ്‌കളങ്കനാക്കുന്നു. ഉപാധികളില്ലാതെ മനുഷ്യര്‍ പ്രണയിക്കുമ്പോള്‍ ലോകം വിശാലവും മനോഹരമാവുന്നു.

സൈറാത്ത് ഒരു വലിയ നോവാണ്. ഒരൊറ്റ കാഴ്ചയില്‍ പോലും പ്രേക്ഷകന്റെ പിന്നീടുള്ള ചിന്തകളെ നിരന്തരം വേട്ടയാടുകയും, രണ്ടാമതൊരു കാഴ്ചയുടെ സാധ്യതയെ സിനിമ ഇല്ലാതാക്കുകയും ചെയ്യുന്നു. നാഗ് രാജ് മഞ്ജുളെ സംവിധാനം ചെയ്ത് മറാത്തി ഭാഷയില്‍ 2016 ല്‍ പുറത്തിറങ്ങിയ ഒരു പ്രണയ ചിത്രമാണ് സൈറാത്ത്. പരമ്പരാഗതമായ മറ്റു പ്രണയ ചിത്രങ്ങളെ ചോദ്യം ചെയ്യുന്നിടത്തു കൂടിയാണ് സൈറാത്തിന്റെയും നാഗ്‌രാജ് മഞ്ജുളെ എന്ന സംവിധായകന്റെയും പ്രാധാന്യം സമകാലിക ഇന്ത്യന്‍ സിനിമയില്‍ വര്‍ദ്ധിക്കുന്നത്.

അര്‍ച്ചിയുടെയും പാര്‍ശ്യയുടെയും ജീവിതമാണ് സിനിമ. അര്‍ച്ചി എന്ന അര്‍ച്ചന പാട്ടീല്‍ കോളേജിലേക്ക് ബുള്ളറ്റ് ഓടിച്ചുവരുന്ന, പല കാര്യങ്ങളിലും സ്വന്തമായി നിലപാടുകളുള്ള കുടുംബത്തിന് സ്വന്തമായി ഭൂമിയും ഫാമുമുള്ള,സ്വാഭാവികമായും സവര്‍ണ്ണ ഐഡന്റ്റിറ്റിയുള്ള കഥാപാത്രമാണ്. പാര്‍ശ്യ എന്ന പ്രശാന്ത് കാലെ ഒരു മുക്കുവ കുടുംബത്തില്‍പ്പെട്ട ദലിതനാണ്. മഹാരാഷ്ട്രയിലെ സോലാപ്പൂര്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കോളേജില്‍ ഒരുമിച്ച് പഠിക്കുന്ന പാര്‍ശ്യയും അര്‍ച്ചിയും അവരുടെ പ്രണയവും സൗഹൃദവും തന്നെയാണ് സിനിമ സംസാരിക്കുന്നത്. പക്ഷേ ജാതി എന്ന ശ്രേണീകൃത അസമത്വം എങ്ങനെയാണ് ഒരു പ്രണയത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നിടത്താണ് നാഗ് രാജ് മഞ്ജുളെ എന്ന ഫിലിം മേക്കര്‍ കയ്യടിയര്‍ഹിക്കുന്നത്. ഒരു കൗമാര പ്രണയത്തിന്റെ എല്ലാ ചേഷ്ടകളും സിനിമയിലുടനീളം കാണാന്‍ സാധിക്കും, പ്രണയത്തിലേക്കെത്താന്‍,അതില്‍ തന്നെ അതിജീവിക്കാന്‍ അവര്‍ കുറെയേറെ കഷ്ടപ്പെടുന്നുണ്ട്.

ഒരേ ക്ലാസ്സില്‍ പഠിക്കുമ്പോഴും,തന്നോട് പാര്‍ശ്യക്ക് പ്രണയമുണ്ടെന്ന് മനസിലാക്കിയ അര്‍ച്ചി തുടക്കത്തില്‍ തന്നെ അത് അവഗണിക്കുന്നുണ്ട്. പക്ഷേ ജീവിതത്തിന്റെ സ്വാഭാവികതയില്‍,നിഷ്‌കളങ്കതയില്‍ അവരുടെ പ്രണയവും വിജയിക്കുന്നതോടൊപ്പം അര്‍ച്ചിയും പാര്‍ശ്യയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറുന്നു.

സംഗീതത്തിന് ലോകത്തെവിടെയും ഭാഷയില്ല, ഇനി അഥവാ ലിഖിതമായൊരു ഭാഷ അതിനുണ്ടെങ്കില്‍ തന്നെ മനുഷ്യന് സംഗീതമാസ്വദിക്കാന്‍ അതൊരു തടസ്സമേയല്ല! സൈറാത്തിനെ മനോഹരമാക്കുന്നത് അതിന്റെ സംഗീതമാണ്, അര്‍ച്ചിയുടെയും പാര്‍ശ്യയുടെയും പ്രണയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സിനിമയില്‍ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഒരുപാട് പങ്കുണ്ട്. അജയ്-അതുല്‍ എന്നിവരാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. 4 ഗാനങ്ങളും സിനിമയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രണയത്തിന്റെ തീവ്രത,ആഴം എന്നിവയെല്ലാം ഭാഷയുടെ അതിര്‍ത്തി ഭേദിച്ചുകൊണ്ട് മുന്നേറുമ്പോള്‍ സംഗീതത്തോടൊപ്പം സിനിമ മനോഹരമായൊരു ദൃശ്യാനുഭവമായി മാറുന്നു. സോലാപ്പൂരിലെ ഗ്രാമങ്ങളുടെ ദൃശ്യ ഭംഗി ഓരോ പാട്ടുകളിലും കാണാന്‍ സാധിക്കും.

ലോകത്തുള്ള എല്ലാ പ്രണയ ബന്ധങ്ങളിലേതു പോലെ തന്നെ സൗഹൃദത്തിന്റെ വിശാലമായൊരു ലോകം സൈറാത്തിലുമുണ്ട്. പാര്‍ശ്യയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെയാണ് അവന്റെ ബലം. സാധ്യമായ എല്ലാ തലങ്ങളിലും അവര്‍ അവന്റെ കൂടെയുണ്ട്. അര്‍ച്ചിക്ക് വേണ്ടി കത്തെഴുതാന്‍ പ്രേരിപ്പിക്കാനും അതിന്റെ മറുപടി കിട്ടാന്‍ സകല വഴികളും അവര്‍ കണ്ടെത്തുന്നുണ്ട്,ഇനിയെന്ത് എന്നൊരു ചോദ്യം വരുമ്പോള്‍ നാട് വിട്ടു പോവാന്‍ കൂടെ നില്‍ക്കാനും അവരുണ്ട്.

അജയ് പി മങ്ങാട്ടിന്റെ ഒരു ലേഖനത്തില്‍ നമുക്ക് ഇങ്ങനെ വായിക്കാം- ' എല്ലാ കാമുകരും ആത്മഹത്യ ചെയ്യാറില്ല, പക്ഷേ എല്ലാ പ്രേമങ്ങളിലും മനുഷ്യര്‍ കരയാറുണ്ട്. കരച്ചില്‍ കൊണ്ടല്ലാതെ പ്രേമത്തിനകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാനാവില്ല. നിങ്ങള്‍ പ്രേമം കൊണ്ട് ഉറക്കെ കരഞ്ഞിട്ടിലെങ്കില്‍,പിന്നീട് അതോര്‍ക്കുമ്പോള്‍ എവിടെ നിന്നാണ് ആ കണ്ണീര് വന്നതെന്നോര്‍ത്ത് അമ്പരന്നില്ലെങ്കില്‍ എനിക്ക് നിങ്ങളോട് പ്രേമത്തെ കുറിച്ച് ഒന്നും പറയാനില്ല.''

സൈറാത്തിനെ പറ്റി ഓര്‍ക്കുമ്പോഴൊക്കെ ഈ വരികള്‍ മനസിലേക്ക് വരാറുണ്ട്, പ്രേമത്തില്‍ കരഞ്ഞുപോയ അര്‍ച്ചിയെയും പാര്‍ശ്യയെയും ഓര്‍മ്മിക്കാറുണ്ട്. ബന്ധങ്ങളില്‍ ചെറിയ വിള്ളലുകള്‍ വരുമ്പോഴും അവര്‍ ഒരിക്കലും പിരിയാന്‍ തയ്യാറായിരുന്നില്ല, ഒരവസരം കൂടെ രണ്ടു പേരും പരസ്പരം നല്‍കുന്നു, ജീവിതം ഏറ്റവും മനോഹരമായി തന്നെ മുന്നോട്ട് കൊണ്ടു പോവുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നു. അവരുടെ ചുറ്റുമുള്ള ലോകവും മനോഹരമാവുന്നു.

4 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ മഹാരാഷ്ട്രയില്‍ 110 കോടിയോളം രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയുണ്ടായി. 66-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സൈറാത്ത് നിരവധി പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടുകയുണ്ടായി. സിനിമയില്‍ എല്ലാവരും പുതുമുഖങ്ങളായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

നിശബ്ദതയെ സംവിധായകന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സൈറാത്തില്‍ നിശബ്ദതയുണ്ട്. അര്‍ച്ചിയുടെയും പാര്‍ശ്യയുടെയും മനോഹരമായ ജീവിതത്തിനും സംഗീതത്തിനും ശേഷമുള്ള ഒരു വലിയ നിശബ്ദത!

'' A good film usually begins after the last frame, it slows you down, it follows you around, it disturbs you, it wakes you up, it shows you more, more than you just saw.'

അതെ, ഒരു മികച്ച സിനിമ ആരംഭിക്കുന്നത് അവസാന ഫ്രെയിമില്‍ നിന്നാണ്!

ഫാന്‍ഡ്രി- ജാതി ഇന്ത്യയ്ക്ക് നേരെയുള്ള കല്ലേറ്

കൃത്യമായി രാഷ്ട്രീയം സംസാരിച്ചും, ദേശീയ ഗാനത്തെ എപ്പോഴും ബഹുമാനിക്കണമെന്ന തീവ്ര ദേശീയ നരേറ്റീവിനെ പരിഹസിച്ചു കൊണ്ടും ജാതി ഇന്ത്യയുടെ യഥാര്‍ഥ്യം വെളിപ്പെടുത്തിയ നാഗ്‌രാജ് മഞ്ജുളെയുടെ അരങ്ങേറ്റ ചിത്രമാണ് 2013 ല്‍ പുറത്തിറങ്ങിയ ഫാന്‍ഡ്രി. ഫാന്‍ഡ്രി എന്നാല്‍ പന്നി എന്നാണര്‍ത്ഥം. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ ജബിയ എന്ന ദലിത് ബാലനിലൂടെ ജാതി ഇന്ത്യയുടെ ഗ്രാമങ്ങളിലേക്കാണ് നാഗ് രാജ് മഞ്ജുളെ ക്യാമറ തിരിച്ചു വെക്കുന്നത്. ജബിയക്ക് ക്ലാസ്സില്‍ പഠിക്കുന്ന ശാലു എന്ന പെണ്‍കുട്ടിയോട് പ്രണയമുണ്ട്. അവള്‍ തന്നെ തിരിച്ച് സ്‌നേഹിക്കണമെങ്കില്‍,ഗ്രാമത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന കറുത്ത കുരുവിയെ പിടിച്ച് ചാരമാക്കി അത് ശാലുവിന്റെ ദേഹത്ത് പുരട്ടിയാല്‍ മതിയെന്ന് അവിടുത്തെ സൈക്കിള്‍ ഷോപ്പിലെ ഉടമസ്ഥന്‍ ജബിയയോട് പറയുന്നു. ഇത് കേട്ടതും, തന്റെ പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി കറുത്ത കുരുവിയെ അന്വേഷിച്ച് ഗ്രാമം മുഴുവന്‍ നടക്കുകയാണ് ജബിയ. എന്നാല്‍ അത്തരമൊരു പ്രണയം ഒരിക്കലും സാധ്യമല്ലെന്നും അതിന്റെ അനന്തര ഫലം കലാപമാവുമെന്നും പതിനാല് വയസ്സുകാരനായ ജബിയ തിരിച്ചറിയുന്നില്ല.

ഗ്രാമത്തില്‍ ജാതി അധിക്ഷേപം നേരിടാതെ ജബിയയും കുടുംബവും ഒരു ദിവസം പോലും അതിജീവിക്കുന്നില്ല. അങ്ങനെയിരിക്കെ ഗ്രാമത്തില്‍ കാട്ടുപന്നികളുടെ ശല്യം കൂടുന്നതോട് കൂടി ഗ്രാമ തലവന്റെ നിര്‍ദേശ പ്രകാരം ജബിയയും കുടുംബവും കുലത്തൊഴിലായ പന്നിയെ പിടിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്വന്തം സഹപാഠികള്‍ക്ക് മുന്നില്‍ വെച്ച്, ബാബസാഹേബിന്റെയും സാവിത്രി ഭായി ഫൂലെയുടെയും ചുവര്‍ചിത്രങ്ങള്‍ക്ക് മുന്നില്‍ വെച്ച് പന്നിവേട്ടക്കിടയില്‍ വെച്ച്, പന്നികള്‍ എന്ന് ആള്‍ക്കൂട്ടം അധിക്ഷേപിക്കുമ്പോള്‍ ഒരിക്കലും മാഞ്ഞുപോവാത്ത തന്റെ സ്വത്വം ജബിയ തിരിച്ചറിയുന്നു. തിരിച്ചറിവിന്റെ ആ നിമിഷത്തില്‍ തന്നെ അതിനുള്ള മറുപടി ജബിയ നല്‍കുന്നുണ്ട്. ജബിയ എറിയുന്ന ആ കല്ല് സിനിമയുടെ ഫോര്‍ത്ത് വാളും തകര്‍ത്ത് പ്രേക്ഷകന്റെ മുഖത്തേക്കാണ് കൊള്ളുന്നത്. ജാതി ഇന്ത്യയുടെ നേരയുള്ള കല്ലേറാണത്. അതൊരിക്കലും വയലന്‍സ് അല്ല, പ്രതിരോധമാണ്!

കൃത്യമായ രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഫാന്‍ഡ്രി എന്ന സിനിമ. അസമത്വത്തെ നിരന്തരമത് ചോദ്യം ചെയ്യുന്നു. സിനിമ ഒരു കലാസൃഷ്ടി എന്നതിലുപരി ഒരു പൊളിറ്റിക്കല്‍ ടൂള്‍ ആയി തന്നെ നാഗ്‌രാജ് മഞ്ജുളെ ഉപയോഗപ്പെടുത്തുന്നു.

സൈറാത്തിന് ശേഷം അമിതാഭ് ബച്ചനെ നായകനാക്കി സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജൂണ്ട്(ഖവൗിറ) എന്ന ഗംഭീര ചിത്രമാണ് നാഗ്‌രാജ് മഞ്ജുളെയുടേതായി പുറത്തിറങ്ങിയത്. സ്ലം സോക്കര്‍ എന്ന ചഏഛ യുടെ സ്ഥാപകനായ വിജയ് ബര്‍സെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജൂണ്ട്.

പിസ്തുല്യ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഫാന്‍ഡ്രിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും മഞ്ജുളെ സ്വന്തമാക്കിയിട്ടുണ്ട്. Unhachya Ktaviruddha എന്ന കവിതാ സമഹാരവും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മഹാരാഷ്ട്രയില്‍ നിന്നും ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങി വെച്ച ഒരു വിപ്ലവമുണ്ട്. ശരണ്‍കുമാര്‍ ലിംബാളെയും ഓം പ്രകാശ് വാല്മീകിയും മോഹന്‍ദാസ് നൈമിശ്‌റായിയും ജയപ്രകാശ് കര്‍ദ്ദമും ദലിത് സാഹിത്യത്തിലൂടെ ആ വിപ്ലവത്തിന് തുടര്‍ച്ച കൊണ്ടു വരുന്നു.

അത്തരമൊരു വിപ്ലവത്തിന്റെ നവ ഭാവുകത്വ സൃഷ്ടികളാണ് കവി കൂടിയായ നാഗ്‌രാജ് മഞ്ജുളെയുടെ സിനിമകള്‍.

''My inspiration is my life' എന്ന് നാഗ് രാജ് മഞ്ജുളെ പറയുമ്പോള്‍, അവസാന ഫ്രെയിമും കടന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT