Filmy Features

അഞ്ച് സുന്ദരികളില്‍ എന്നോട് തോന്നിയ ദേഷ്യം മിന്നല്‍ മുരളിയിലൂടെ മാറി: ഗുരു സോമസുന്ദരം അഭിമുഖം

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സ് റിലീസിന് പിന്നാലെ ഷിബു എന്ന കഥാപാത്രമായെത്തിയ ഗുരു സോമസുന്ദരത്തിന്റെ പ്രകടനം പരക്കെ പ്രശംസിക്കപ്പെടുകയാണ്. വര്‍ഷങ്ങള്‍ നീണ്ട അഭിനയ പരീശീലനത്തിന് ശേഷം തമിഴില്‍ കരുത്താര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരു സോമസുന്ദരം അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയിലെ ' സേതുലക്ഷ്മി' എന്ന ഷൈജു ഖാലിദ് ചിത്രത്തിലൂടെ മുമ്പും മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്.

ബേസില്‍ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി

മിന്നല്‍ മുരളി എന്ന സിനിമ എനിക്ക് വളരെ നല്ല അനുഭവമായിരുന്നു. ബേസില്‍ കഥ പറഞ്ഞത് മുതല്‍ ഞാന്‍ മലയാളം പഠിക്കാന്‍ തുടങ്ങി. ഷിബു എന്ന കഥാപാത്രം മലയാളം സംസാരിക്കണം എന്നത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. ഞാന്‍ ഒരു നാടക നടന്‍ കൂടിയാണ്. ചെന്നൈയിലെ തിയറ്റര്‍ ഗ്രൂപ്പില്‍ ഒരുപാട് കാലം ഞാന്‍ ഉണ്ടായിരുന്നു. ഏകദേശം പത്ത് കൊല്ലം ഞാന്‍ നാടകം കളിച്ചിട്ടുണ്ട്. ഒരുപാട് വേദികള്‍ കയറി ഇറങ്ങിയിട്ടുണ്ട്. അതിന് ശേഷമാണ് തമിഴിലെ ആദ്യ ചിത്രം ആരണ്യകാണ്ഡം ചെയ്യുന്നത്. പിന്നീട് ജിഗര്‍ദണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളും ചെയ്തു. ബേസില്‍ ജോസഫ് എന്നോട് കഥ പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ ഞെട്ടിപ്പോയി. പിന്നെ ഞാന്‍ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ബേസില്‍ ജോസഫ് ഒരു നല്ല മനുഷ്യനാണ്. നല്ലൊരു സംവിധായകനാണ്.

അഞ്ച് സുന്ദരികളില്‍ എന്നോട് തോന്നിയ ദേഷ്യം ഷിബുവിലൂടെ മാറി

സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അഞ്ച് സുന്ദരികളിലെ ഫോട്ടോഗ്രാഫര്‍ കഥാപാത്രം ചെയ്തതിന് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് ശരിക്കും എന്നോട് ദേഷ്യമായിരുന്നു. പക്ഷെ മിന്നല്‍ മുരളിയോട് കൂടി ആളുകള്‍ക്ക് എന്നോട് സ്നേഹവും വാത്സല്യവുമൊക്കെയായി. മുംബൈയിലെ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചിരുന്നു. അതൊക്കെ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്. റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. നിങ്ങളാരാണ്, എവിടെ നിന്ന് വന്ന ആളാണ്, ഇതുപോലൊരു വില്ലനെ ആരും കണ്ടിട്ടില്ല എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചു.

ഉഷയും ഷിബുവും ഒരുമിച്ചുള്ള സീന്‍ വലിയൊരു അനുഭവമായിരുന്നു

മിന്നല്‍ മുരളി ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ എനിക്കൊരിക്കലും വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ക്ലൈമാക്സിലെ ഫൈറ്റിന് മുന്‍പുള്ള ഇമോഷണല്‍ സീന്‍. കഥ പറയുമ്പോള്‍ തന്നെ ഞാന്‍ ബേസിലിനോട് ചോദിച്ചിരുന്നു, ഒരു സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഇത്ര വൈകാരികമായ രംഗം ചെയ്യാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ധൈര്യം കിട്ടിയതെന്ന്. ഷിബു എന്ന കഥാപാത്രത്തിന്റെ ഗ്രാഫ് സിനിമയുടെ തുടക്കം മുതല്‍ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് അവസാനം ഉഷയും ഷിബുവും ഒരുമിച്ചുള്ള സീന്‍ വളരെ വൈകാരികമായൊന്നാണ്. അതെല്ലാം തന്നെ എനിക്ക് വലിയൊരു അനുഭവമായിരുന്നു.

ചിത്രീകരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നും

പൊതുവെ നാടക നടന്‍മാര്‍ക്ക് ഇത്തരം അവസരങ്ങള്‍ ലഭിക്കാറില്ല. വളരെ വ്യത്യസ്തമായ അഭിനയം കാഴ്ച്ചവെക്കാനുള്ള അവസരവും കുറവായിരിക്കും സിനിമകളില്‍ ലഭിക്കുക. എന്നാല്‍ എനിക്ക് അതിനുള്ള അവസരം ലഭിച്ചു. ആ അവസരം കയ്യില്‍ വന്നപ്പോള്‍ എനിക്ക് പറ്റാവുന്ന മികവില്‍ ഞാന്‍ അത് ചെയ്തു. ഇപ്പോഴും മിന്നല്‍ മുരളി ചിത്രീകരണ സമയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്. കാരണം എല്ലാ നടന്‍മാര്‍ക്കും ഇത്തരമൊരു കഥാപാത്രം എളുപ്പത്തില്‍ ലഭിക്കണമെന്നില്ല. അവര്‍ക്ക് കിട്ടില്ലെന്നല്ല. പക്ഷെ സമയമെടുക്കും. എന്നാല്‍ എനിക്ക് അത് മൂന്നാമത്തെ സിനിമയില്‍ തന്നെ ലഭിച്ചിരുന്നു (അഞ്ച് സുന്ദരികള്‍).

വില്ലന്‍ സ്ടോങ്ങാണെങ്കില്‍ ഹീറോയും സ്ട്രോങ്ങായിരിക്കും

കഥയില്‍ എപ്പോഴും വില്ലന്‍ സ്ടോങ്ങാണെങ്കില്‍ ഹീറോയും സ്ട്രോങ്ങായിരിക്കും. അത് തന്നെയായിരുന്നു ബേസിലിന്റെ ഐഡിയയും. ഷിബു എന്ന വില്ലന്റെ ശാരീരികമായ ശക്തികള്‍ക്കൊപ്പം അയാളുടെ വൈകാരിക തലത്തേയും സിനിമയില്‍ പറഞ്ഞുവെക്കുന്നുണ്ട്.

45 ദിവസത്തോളം ഇടി മാത്രമായിരുന്നു

സുപ്രീം സുന്ദറും, വ്‌ലാഡ് റിമംബറുമാണ് ഫൈറ്റ് കോറിയോഗ്രഫി ചെയ്തത്. ജെയ്സണിന്റെയും ഷിബുവിന്റെയും സൂപ്പര്‍ പവര്‍ കാണിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. സാധാരണ ഫൈറ്റ് സീക്വന്‍സുകള്‍ പോലെ ഇടി മാത്രമല്ല അത്. രണ്ട് പേരുടെയും സൂപ്പര്‍ പവറിന്റെ എഫക്റ്റ് കാണിക്കുന്നതിന് വേണ്ടതെല്ലാം ചെയ്തിരുന്നു. ഏകദേശം 45 ദിവസത്തോളം ഇടി മാത്രമായിരുന്നു. സാധാരണ മലയാളത്തില്‍ 27 ദിവസം കൊണ്ടൊക്കെ സിനിമ മുഴുവനായും ചിത്രീകരിക്കുമല്ലോ. പക്ഷെ മിന്നല്‍ മുരളിയില്‍ ഫൈറ്റ് സീക്വന്‍സുകള്‍ മാത്രം 45-50 ദിവസം ഷൂട്ട് ചെയ്തു. അത്രയും കഷ്ടപ്പെട്ടാണ് ഫൈറ്റ് സീക്വന്‍സുകളെല്ലാം ചെയ്തത്. ഫൈറ്റ് സീനുകളെല്ലാം മികച്ചതാവാന്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രധാന കാരണമാണ്. അത് മാത്രമല്ല, അവസാന ഭാഗത്തില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുടെയും ആര്‍ട്ട് ഡയറക്ടറിന്റെയും എല്ലാം പ്രയത്നം വേണ്ടി വന്നു. ആ തീയിന്റെ സീക്വന്‍സുകളെല്ലാം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഉണ്ടാക്കിയതാണ്. സിനിമയില്‍ വെറുതെ വിഎഫ്ക്സ് മാത്രമല്ല. വിഷ്വല്‍ എഫക്സിനെക്കാളും ഫിസിക്കല്‍ എഫക്സാണ്. ചായക്കടയില്‍ നിന്ന് ഷിബു ഇറങ്ങി പോകുമ്പോള്‍ കുട പറന്ന് വരുന്ന സീന്‍ വിഎഫ്ക്സ് അല്ല. അത് മെക്കാനിക്കലി ചെയ്തതാണ്. കയറ് കെട്ടി നിര്‍ത്തി ആ സമയത്ത് കറക്റ്റായി പിടിച്ചതാണ്. അതുപോലെ ദാസനെ കൊല്ലുന്ന സീനില്‍ വാതില്‍ അടക്കുന്നതും മെക്കാനിക്കല്‍ എഫക്റ്റാണ്.

ബേസില്‍ നല്ലൊരു നരേറ്ററാണ്, നല്ലൊരു മനുഷ്യനുമാണ്

ബേസില്‍ കഥ പറയുമ്പോള്‍ തന്നെ എനിക്ക് അയാളെ കുറിച്ചുള്ള പ്രതീക്ഷ കൂടി. കാരണം പുള്ളി കഥ പറയുന്ന രീതി തന്നെ വ്യത്യസ്തമാണ്. ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ എല്ലാം ഫോണില്‍ വെച്ചിട്ടാണ് ബേസില്‍ കഥ പറയുന്നത്. ബേസില്‍ നല്ലൊരു നരേറ്ററാണ്. അതിന് അപ്പുറത്ത് നല്ലൊരു മനുഷ്യനാണ്. എന്ത് പ്രശ്നം ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഒരു ചിരിയോടെ വരുന്ന ആളാണ്. പിന്നെ ബേസില്‍ ഒരു നടന്‍ കൂടിയാണല്ലോ. അതുകൊണ്ട് ഒരു നടന് എന്ത് ചെയ്യാന്‍ കഴിയും, പരിമിതികളെന്താണ് എന്നെല്ലാം അറിഞ്ഞിട്ടാണ് ബേസില്‍ സംവിധാനം ചെയ്യുന്നത്. അത് തീര്‍ച്ചയായും സിനിമയിലെ അഭിനേതാക്കള്‍ക്ക് സഹായമാവും.

മലയാളത്തിലേക്ക് വീണ്ടും

മലയാളത്തില്‍ ഞാന്‍ പുതിയ ചിത്രം ചെയ്ത് കഴിഞ്ഞു. അതില്‍ ഞാന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദുമാണ് ഉള്ളത്. അഭിലാഷ് എന്നാണ് സംവിധായകന്റെ പേര്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന് ബറോസാണ് മറ്റൊരു മലയാളം പ്രൊജക്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT