മഞ്ഞുമ്മൽ ബോയ്സ് എന്ന ചിദംബരം സിനിമ പ്രഖ്യാപിച്ചത് മുതൽ വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് കൊടൈക്കനാലിൽ ഗുണ കേവ്സ് എന്ന ഡെവിൾസ് കിച്ചൻ. സാത്താന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന, റെക്കോർഡുകൾ പ്രകാരം 13 ഓളം പേർ അപകടത്തിൽപ്പെട്ടൊരു ഗുഹ. കമൽ ഹാസന്റെ ഗുണ എന്ന ചിത്രം ചിത്രീകരിച്ചത് മുതൽക്കാണ് ഡെവിൾസ് കിച്ചൻ ഗുണാ കേവ്സ് എന്നറിയപ്പെടാൻ തുടങ്ങിയത്. 'മനിതൻ ഉണർന്ത് കൊള്ള ഇത് മനിത കാതൽ അല്ല അതെയും താണ്ടി പുനിതമാണത്' എന്ന ട്രെയിലറിലെ ഒറ്റ ഡയലോഗ് മുതൽ സിനിമാ കണ്ടിറങ്ങും വരെ മഞ്ഞുമ്മൽ ബോയ്‌സിനൊപ്പം നമ്മുടെ മനസിൽ വീണ്ടും പതിയുന്ന പേരാണ് ഗുണ. അക്ഷരാർത്ഥത്തിൽ ഗുണ എന്ന കമൽ ഹാസന്റെ എക്കാലത്തെയും മികച്ച സിനിമയുടെയും ഇളയരാജയുടെ സംഗീതത്തിന്റെയും ട്രിബ്യുട്ട് കൂടെയയാണ് മഞ്ഞുമ്മൽ ബോയ്സ്.
ഒരു സർവൈവൽ ത്രില്ലറിനപ്പുറം ഹ്യൂമാനിറ്റിയുടെ, സുഹൃത്ത് ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 'മനിതൻ ഉണർന്ത് കൊള്ള ഇത് മനിത കാതൽ അല്ല അതെയും താണ്ടി പുനിതമാണത്' എന്ന് പറയുമ്പോൾ സൗഹൃദത്തിന്റെ, ആ കൂട്ടായ്മയുടെ സ്നേഹത്തെക്കൂടിയാണ് ചിത്രം പറഞ്ഞു വക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിനുടനീളം കമൽ ഹാസന്റെ ഗുണ നിറഞ്ഞു നിൽപ്പുണ്ട്. ഗുണാ കേവിലേക്ക് യാത്ര തിരിക്കുന്നത് മുതൽ അവിടെ അരങ്ങേറുന്ന സംഭവങ്ങൾക്കെല്ലാം ഗുണയുമായുെള്ള അടുപ്പം ചിത്രം പങ്കുവക്കുന്നു. 1991 ൽ ഒരു ദീപാവലി റിലീസ് ആയി തമിഴിൽ റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രം. സന്താന ഭാരതി സംവിധാനം ചെയ്തു കമൽ ഹാസൻ, റോഷ്‌നി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് എന്നാൽ രജനികാന്ത് - മണിരത്നം സിനിമയായ ദളപതിക്കൊപ്പം പിടിച്ചു നിൽക്കാനാവാതെ ബോക്സ് ഓഫീസിൽ അടി പതറി. വർഷങ്ങൾക്ക് ശേഷവും എന്റെ സിനിമകൾ സംസാരിക്കപ്പെടണം എന്ന കമൽ ഹാസന്റെ വാചകം പോലെ കാലങ്ങൾക്കിപ്പുറം ഗുണാ ഇന്ന് പ്രേക്ഷസ്വീകാര്യത നേടിയ മികച്ച കമൽ ഹാസൻ സൃഷ്ട്ടിയാണ്.
തന്റെ അച്ഛൻ സമ്മാനിച്ചതിനാൽ തന്റെ മുഖത്തോട് വെറുപ്പ് പ്രകടിപ്പിക്കുന്ന, അച്ഛൻ അമ്മയെ തല്ലാതിരുന്നെങ്കിൽ ഉപേക്ഷിക്കാതെ ഇരുന്നെങ്കിൽ അവർ ഒരു വേശ്യാലയത്തിന്റെ ഭാഗമാകേണ്ടി വരുമായിരുന്നില്ല എന്ന് ഡോക്ടറോട് ഉള്ളു നീറി പറയുന്ന ഗുണാ. സ്വന്തം 'അമ്മ പോലും ഗുണയെ അംഗീകരിക്കുന്നില്ല. അഭിരാമി ദേവിയുടെ അവതാരമാണെന്ന് കരുതുന്ന അഭിരാമി എന്ന പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ച് അവളോടൊപ്പം നല്ലൊരു ജീവിതം ആരംഭിക്കാനായി അയാൾ അഭിരാമിയെ തേടി പലയിടത്തും അലയുകയാണ്. ഒടുവിൽ അവളെ കണ്ടെത്തുന്നത് മുതൽ അപൂർവമായ ഒരു പ്രണയത്തിന്റെ കഥയായി ഗുണ മാറുകയാണ്. കമൽ ഹാസൻ എന്ന അഭിനയപ്രതിഭ അതിന് മുൻപ് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒന്നിന്റെയും സാമ്യതകൾ ഇല്ലാതെ ചെയ്തു ഭലിപ്പിച്ച മികച്ച സൃഷ്ട്ടി. ഒരു പ്രണയചിത്രമാണ് ഗുണ എന്ന് പറഞ്ഞപ്പോളും അത് തെറ്റാകില്ല, മനുഷ്യർക്ക് ആർക്കും തന്നെ മനസ്സിലാകാത്തൊരു പ്രണയം. ഗുണക്ക് മാത്രം പ്രിയപ്പെട്ട അവന്റെ ഭ്രാന്ത്.
സ്വന്തം സിനിമകൾ കാലാനുവർത്തിയായിരിക്കണം എന്നാഗ്രഹിക്കാത്ത നടന്മാരുണ്ടാകുമോ? പരാജയ ചിത്രങ്ങളെന്ന് ബോക്സ് ഓഫീസ് മുദ്ര കുത്തി പുറത്തു വിട്ടിട്ടും ഇന്നും തെളിമ മങ്ങാത്ത ചിത്രങ്ങളാണ് ഓരോ കമൽ ഹാസൻ സിനിമകളും. കൺമണി അൻപോട് കാതലൻ എന്ന ഇസെെജ്ഞാനി ഇളയരാജയുടെ പാട്ട് 2006 കാലഘട്ടത്തെ എങ്ങനെ പിടിച്ചു കുലുക്കിയോ അതിൽ നിന്നും ലവലേശം മാറ്റമിന്നും വന്നിട്ടില്ലെന്ന് 2007 ലെ കഥയെ ദശാബ്ദങ്ങക്കിപ്പുറമുള്ള ഒരു കാലഘട്ടത്തിലിരുന്ന് കാണവേ നമുക്ക് തിരിയും. എന്റെ സ്നേഹം ലോകത്തുള്ള മറ്റേത് സ്നേഹത്തെക്കാളും ഉയർന്നതാണെന്ന് അറിയിക്കാനുള്ള കാമുക വ്യഗ്രതതയ്ക്ക് മനുഷ്യരാശിയോളം പഴക്കമുണ്ട്. കൺമണി അൻപോട് കാതലൻ എന്ന ഗാനത്തിന് അതുകൊണ്ട് തന്നെ ഇത്രനാളും ഒരു തീവ്ര കാമുക ഭാവത്തിന്റെ ഛായയായിരുന്നു. മനുഷ്യരുടെ സ്നേഹങ്ങൾക്ക് എവിടെയൊക്കെയോ ചില വിടവുകളുണ്ട്. മനിത കാതലല്ല അതയും താണ്ടി പുനിതമാനത് എന്ന് കവി ഉദ്ദ്യേശിക്കുന്നത് അതുകൊണ്ട് തന്നെയായിരിക്കാം. ഒരു ജീവിത കാലത്തിന്റെ ഏറിയ പങ്കും പകുത്തെടുത്തും പങ്കുവച്ചും കൂടെയുണ്ടായിരുന്ന കൂട്ടുക്കാരനെ കൂടി നിന്ന മനുഷ്യരെല്ലാം ഉപേക്ഷിച്ചു പോകാൻ ആവശ്യപ്പെടുമ്പോൾ, ചെകുത്താന്റെ അടുക്കളയിലേക്ക് ഇറങ്ങിച്ചെന്ന് മരണത്തിന്റെ മുഖത്ത് നിന്നും അവനെ കൂട്ടിക്കൊണ്ടു വരാനെത്തുന്ന സുഹൃത്തിന്റെ സ്നേഹവും, സമർപ്പണവും മനുഷ്യ സ്നേഹത്തിന്റെ എല്ലാ പരിധികളെയും ലംഘിക്കുന്നതാണ്. ദെെവം എന്നത് മുകളീന്ന് വരുന്ന ഒരു വെളിച്ചമാണ് സുഭാഷേ.. അതിങ്ങനെ മരണം കാത്തു കിടക്കുന്ന ഒരുത്തനെയും ചുമന്ന് മുകളിലേക്ക് പൊങ്ങി വരുമ്പോൾ ആ മുഹൂർത്തത്തെ മറ്റെന്ത് പാട്ട് കൊണ്ട് അടയാളപ്പെടുത്തും.
സിനിമകൾ ജീവിക്കുന്ന കാലഘട്ടത്തെ ഒരു പക്ഷേ ആധാരമാക്കിയിട്ടില്ലെങ്കിലും ആ സമൂഹത്തെ സ്വാധീനിക്കും. തമിഴ് പാട്ടുകളും സിനിമകളും സ്വാധീനിച്ച തലമുറയുടെ നേർക്കാഴ്ച കൂടിയാവുന്നുണ്ട് അങ്ങനെ വരുമ്പോൾ മഞ്ഞുമൽ ബോയ്സ് എന്ന ചിത്രം. ഗുണയിൽ ഇത് മനിതൻ കാതൽ അല്ല അതെയും താണ്ടി പുനിതമാണത് എന്ന് പറയുന്നത് ഗുണയും അഭിരാമിയോടുള്ള പ്രണയത്തെയാണെങ്കിൽ മഞ്ഞുമ്മൽ ബോയ്സിൽ ചിദംബരം ആ ഡയലോഗിനെ ഉപയോഗിച്ചിരിക്കുന്നത് ആ പതിനൊന്ന് പേരുടെ അഗാധമായ സൗഹൃദത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ്. അതിൽ ചിദംബരം 100 ശതമാനം വിജയിച്ചിട്ടുണമുണ്ട്.