Filmy Features

ചിരിപ്പിക്കാനും കരയിപ്പിക്കാനും, ചങ്ക് പറിച്ച് തരാനും ചതിക്കാനും; മലയാള സിനിമയിലെ കട്ട സൗഹൃദങ്ങള്‍ 

THE CUE

സൗഹൃദത്തിന് അതിരുകളില്ലെന്നും ഉപാധികളില്ലെന്നുമൊക്കെ പറയുമെങ്കിലും സൗഹൃദത്തിന് മാത്രമായി ഒരു ദിവസമുണ്ട്. ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ച ഫ്രണ്ട്ഷിപ്പ് ഡേയായി ആഘോഷിക്കുമ്പോള്‍ മലയാള സിനിമയില്‍ സൗഹൃദം പല രീതിയില്‍ നിര്‍വചിച്ച കഥാപാത്രങ്ങളും കോമ്പിനേഷനും നോക്കാം.

നായകന് കൂട്ടാളിയായി നടക്കുന്ന ഒരു സുഹൃത്ത് മലയാള സിനിമയിലും എല്ലാ കാലത്തുമുണ്ടായിരുന്നു. പ്രേം നസീറിന് അടൂര്‍ ഭാസി, മോഹന്‍ലാലിന് ജഗതി, നിവിന്‍ പോളിക്ക് അജു വര്‍ഗീസ് എന്നിങ്ങനെ ആ സുഹൃത്തുക്കള്‍ തമ്മിലുള്ള കോമ്പിനേഷനുകളും പ്രേക്ഷകര്‍ സ്വീകരിച്ചു. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പല പല സുഹൃത്തുക്കള്‍.

ചിരിപ്പിക്കാനൊരു ചങ്ങായി

പല കാലങ്ങളിലായി പലരിലാണ് ഈ നിയോഗം. അതത് കാലത്തെ പ്രധാന ഹാസ്യതാരങ്ങളായിരിക്കും സിനിമയില്‍ നായകനൊപ്പം വന്ന് തലങ്ങും വിലങ്ങും തമാശയുതിര്‍ക്കുന്ന സുഹൃത്ത്. അടൂര്‍ ഭാസിയും ആലുമ്മൂടനും ബഹദൂറുമൊക്കെ തുടങ്ങിയിടത്ത് നിന്ന് പീന്നീട് ജഗതി, ജഗദീഷ്, പ്രേംകുമാര്‍, അജു വര്‍ഗീസ്, നീരജ് മാധവ്, എന്നിവരിലേക്ക് ഈ ദൗത്യമെത്തി. നായകന്‍ എന്തു ചെയ്താലും കൂട്ടു നില്‍ക്കുന്ന, പ്രേമിക്കാന്‍ ഉപദേശം നല്‍കുന്ന, അയാളെ ചില കുഴികളില്‍ ചാടിക്കുന്ന ഒരു സുഹൃത്ത്. നായകന്റെ വീട്ടില്‍ നായകനൊപ്പം തന്നെ സ്വാതന്ത്ര്യമുള്ള ഇയാളുടെ വീട്, കുടുംബം എന്നിവയെല്ലാം ആദ്യ കാലത്ത് മലയാള സിനിമ അന്വേഷിച്ചിരുന്നില്ല. ഇനി അവരുടെ വീട്ടുകാരെ കാണിച്ചാല്‍ അവരും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഹാസ്യ കഥാപാത്രങ്ങളാവുകയാണ് പതിവ്.കിലുക്കത്തില്‍ ജോജിക്ക് വേണ്ടി പണിയെടുക്കുന്ന നിശ്ചല്‍, ഗോഡ്ഫാദറിലും ഹരിഹര്‍ നഗറിലും മോഹന്‍ലാലിനും ജയറാമിനുമൊപ്പമുള്ള സിനിമകളില്‍ ജഗദീഷ്, പുതുക്കോട്ടയിലെ പുതുമണവാളനില്‍ പ്രേംകുമാര്‍, തട്ടത്തിന്‍ മറയത്തിലെ അജു.

മണ്ടത്തരം പറയാനുള്ള സുഹൃത്ത്

സിനിമയില്‍ ആദ്യാവസാനം മണ്ടത്തരം പറയുന്ന ഒരു സുഹൃത്ത് മലയാള സിനിമയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ക്ലീഷേയാണ്. ചില സമയത്ത് അയാള്‍ ബുദ്ധിമാന്ദ്യമുള്ള ആളാണോ എന്നുവരെ പ്രേക്ഷകന് തോന്നിയേക്കാം എങ്കിലും നായകനുമായിട്ടുള്ള ആ സുഹൃത്തിന്റെ കോമ്പിനേഷനുകളും കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹരിശ്രീ അശോകനും അജു വര്‍ഗീസും ഏറ്റവും പുതിയതായി ഹരീഷ് കണാരനും ഈ കൂട്ടത്തിലാണ്.

ആത്മ മിത്രം

കോമഡി ചിത്രങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ഗൗരവമായ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ചിത്രങ്ങളിലായിരുന്നു മണ്ടത്തരം പറയാത്ത, ചാണാക്കുഴിയില്‍ വീഴാത്ത,സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്. നായകന്റെ ജീവിത പ്രശ്‌നങ്ങളും വിഷമങ്ങളുമെല്ലാം ഈ സുഹൃത്തുക്കളായിരുന്നു പലപ്പോഴും കേട്ടിരുന്നത്. ശ്രീനാഥ് ആയിരുന്നു ഇത്തരത്തില്‍ മലയാള സിനിമ നായകന്മാര്‍ക്ക് വഴി കാട്ടിയിരുന്നത്. കീരീടത്തിലെ സേതുവിന്റെ സുഹൃത്തായ ശ്രീനാഥിന്റെ കഥാപാത്രം, ധനത്തിലെയും അമരത്തിലെയും മുരളിയുടെ കഥാപാത്രം.

ഉഡായിപ്പ്- പാര ഫ്രണ്ട്

സിനിമയില്‍ ഉടനീളം തരികിട പരിപാടികളുമായി നടക്കുന്ന സുഹൃത്തിന്റെ കഥയും പലപ്പോഴും മലയാള സിനിമയില്‍ വന്നു പോയി. വായെടുത്താല്‍ നുണ മാത്രം പറഞ്ഞ് നിഷ്‌കളങ്കനായ നായകനെ പറ്റിക്കുന്ന അല്ലെങ്കില്‍ തരം കിട്ടുമ്പോള്‍ നായകനെ പാര വെയ്ക്കുന്ന സുഹൃത്ത്. മുകേഷും ശ്രീനിവാസനുമായിരുന്നു ഇതിലെ രാജാക്കന്മാര്‍.

ചതിക്കാനുള്ള ഫ്രണ്ട്

നായകന് ചുറ്റും സൗരയൂഥം പോലെ ഒപ്പം നടക്കുന്ന ഒരു കൂട്ടം ഗ്രഹങ്ങളിലൊരാളായിട്ടായിരുന്നു ഈ ചതിയന്‍ നിലകൊണ്ടിരുന്നത്. സ്വന്തം സഹോദരനെ പോലെ കാണുന്ന അവന് എന്തെങ്കിലും അപകടം വന്നാല്‍ ജീവിതം പോലും കൊടുക്കാന്‍ പോലും നായകന്‍ തയ്യാറാണെങ്കിലും അവസാനം വില്ലന് വേണ്ടി നായകനെ ചതിക്കുന്നത് ഇയാളായിരിക്കും. ആദ്യമാദ്യം പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്തവരായിരുന്നു ഈ സുഹൃത്തുക്കളെങ്കില്‍ പില്‍ക്കാലത്ത് ആ നടന്മാരെ കാണുമ്പോള്‍ തന്നെ ചതി മണത്തു തുടങ്ങുമായിരുന്നു. വിജയകുമാറും മനോജ് കെ ജയനമുല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളില്‍ നോട്ടപ്പുള്ളി ആയിട്ടുണ്ട്.

ക്ലൈമാക്സിന് മുമ്പ് മരിക്കാനുള്ള ഫ്രണ്ട്‌

ആക്ഷനും മാസ്സും നിറഞ്ഞ മലയാള സിനിമകളിലായിരുന്നു വില്ലന് ക്ലൈമാക്‌സിന് തൊട്ടു മുന്‍പ് കൊലപ്പെടുത്താനായി ഈ സുഹൃത്തുക്കളെ മലയാള സിനിമ കരുതി വെച്ചിരുന്നത്. മറ്റ് വിഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ വച്ചു നോക്കുമ്പോള്‍ ഇവര്‍ക്ക് ഒരു കാമുകിയോ ഭാര്യയോ ഉണ്ടായിരിക്കും. നായകനൊപ്പം തുടക്കം മുതല്‍ ഒടുക്കം വരെ അയാള്‍ ഉണ്ടാവുമെങ്കിലും അയാള്‍ സ്വന്തം ജീവിതത്തെ കുരിച്ച് സംസാരിക്കുന്ന അല്ലെങ്കില്‍ കുടുംബത്തെ കുറിച്ചുള്ള വൈകാരിക രംഗം മരണത്തിന് തൊട്ടു മുന്‍പായിരിക്കും കൂടുതല്‍ കാണിക്കുക.

മൂത്ത ഫ്രണ്ട്‌സ്

നായകന് കൂട്ടായി അയാളേക്കാള്‍ പ്രായം ചെന്ന സുഹൃത്തുക്കളുടെ ഒരു വലയം ഇടക്കാലത്ത് മലയാള സിനിമയിലുണ്ടായിരുന്നു. മാടമ്പിയായ നാട്ടിലെ പ്രമാണിയായ നായകന്മാര്‍ പറയുന്നത് കേള്‍ക്കുന്ന ഒരു കൂട്ടം വയസ്സന്മാര്‍. കോമഡി ചിത്രങ്ങളാണെങ്കില്‍ ആദ്യത്തെ ചിരിപ്പിക്കാനുള്ള സുഹൃത്തിന്റെ വേഷത്തില്‍ ഇവരായിരിക്കും ഉണ്ടാവുക. ജയറാമിന് കൂട്ടായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒരുപാട് ചിത്രങ്ങളില്‍ അത്തരം കഥാപാത്രങ്ങളില്‍ കയ്യടി നേടിയിട്ടുണ്ട്. രഞ്ജിത് സിനിമകളില്‍ നായകന് ഇരട്ടി പ്രായത്തിലുള്ള ഒരു ഫ്രണ്ട് ഏതാണ്ട് നിര്‍ബന്ധമായിരുന്നു.

അച്ഛന്‍ ഫ്രണ്ട്

കൂട്ടുകാരെ പോലെ കഴിയുന്ന അച്ഛനും മക്കളും. നായകനെ പ്രണയിക്കാന്‍ തള്ളി വിടുന്ന, ഒരു നിബന്ധനയുമില്ലാതെ വിശ്വസിക്കുന്ന അച്ഛന്‍ അഥവാ സുഹൃത്ത്. ലാലു അലക്‌സായിരുന്നു ഈ അച്ഛന്‍ വേഷത്തില്‍ പലപ്പോഴും സ്‌ക്രീനിലെത്തിയത്. നായകന് മാത്രമല്ല ഇടയ്ക്ക് നായികയുടെ അച്ഛന്‍ സുഹൃത്തായും അദ്ദേഹം വേഷമിട്ടു. ജലോല്‍സവം, ഇഷ്ടം, ബാലേട്ടന്‍ എന്നീ സിനികമളില്‍ മകനുമായി സൗഹൃദമുള്ള അച്ഛനായി നെടുമുടിയും വന്നപ്പോള്‍ പുതു തലമുറ ചിത്രങ്ങളില്‍ രഞ്ജി പണിക്കരായി അച്ഛന്‍ ഫ്രണ്ട്.

സൈക്കോ ഫ്രണ്ട്

നായകനൊപ്പം തുല്യ പ്രാധാന്യമുള്ള സൈക്കോ ആയ സുഹൃത്ത് സിനിമകളിലുണ്ടായിട്ടുണ്ട്. ഇവര്‍ നായകന് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാന്‍ തയ്യാറായിരിക്കും പക്ഷേ അവര്‍ക്കിടയില്‍ മറ്റൊരാള്‍ വരുന്നത് ഇഷ്ടപ്പെടണമെന്നില്ല. അല്ലെങ്കില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകാം, അപകര്‍ഷതാ ബോധം വേട്ടയാടുന്ന സൈക്കോ സുഹൃത്തുക്കള്‍ പലപ്പോഴും പ്രേക്ഷകരെ പേടിപ്പിച്ചിരുന്നു. വണ്‍മാന്‍ഷോയിലും തെങ്കാശിപ്പട്ടണത്തിലും ലാല്‍ അല്‍പ്പം 'സൈക്കോ' ഫ്രണ്ടാണ്.

കോളേജ് ഗാങ്ങ്

കോളേജ് പശ്ചാത്തലത്തില്‍ മലയാളത്തില്‍ സിനിമയുണ്ടായിട്ടുള്ളപ്പോഴെല്ലാം നായകന് ഒരു ഗാങ്ങ് ഉണ്ടായിരുന്നു. പ്രേക്ഷകരെ ഗൃഹാതുരത്തിലേക്ക് കൊണ്ടു പോകുന്ന കോളേജ് പ്രണയവും, സൗഹൃദവുമെല്ലാം അവരിലൂടെ ആയിരുന്നു മലയാള സിനിമ പറഞ്ഞത്. ഓരോ കാലത്തും ഇവര്‍ മാറി മാറി വന്നു.

ന്യൂജന്‍ ബ്രോ

പുതു തലമുറ സിനിമകളിലെ സുഹൃത്തുക്കള്‍ക്കുണ്ടായ പ്രധാന മാറ്റം അവര്‍ പുതിയ കാലഘട്ടത്ത് ജീവിക്കുന്നവരായി മാറി എന്നതായിരുന്നു. ഫ്രീക്ക്, മച്ചാന്‍, ബ്രോ തുടങ്ങിയ പേരുകളിലായിരുന്നു അവര്‍ സിനിമയിലെത്തിയത്. പലരും അത്തരം വേഷങ്ങളിലെത്തിയെങ്കിലും മലയാളിയുടെ ഫ്രീക്ക് ബ്രോ ഐക്കണ്‍ ശ്രീനാഥ് ഭാസിയാണ്.

കള്‍ട്ട് ഫ്രണ്ട്

ഒറ്റ ചിത്രങ്ങളിലെ ചില സൗഹൃദങ്ങള്‍ മലയാളികള്‍ പിന്നീട് ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു പട്ടണ പ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും കൊപ്രാ പ്രഭാകരനും തമ്മിലുള്ള കള്ളക്കടത്ത് സൗഹൃദം.

നായികയുടെ കൂട്ടുകാരി

കോളേജ് പശ്ചാത്തിലോ അല്ലെങ്കില്‍ യുവതാരങ്ങളെ കേന്ദ്രീകരിച്ചോ വന്നിട്ടുള്ള മലയാള സിനിമകളില്‍ നായികയ്ക്ക് ഒരു കൂട്ടുകാരി ഉണ്ടാകാറുണ്ട്. ഇത് നായകന്റെ കൂട്ടുകാരന്റെ കാമുകി ആണെങ്കില്‍ അവര്‍ നായകന്റെ പ്രണയത്തിന് വേണ്ട ചരടു വലികള്‍ നടത്താറുണ്ട്. അല്ലെങ്കില്‍ നായികയുടെ വാലായി കൂടെയുണ്ടാവുകയാണ് പതിവ്

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT