മാമന്നൻ എന്ന സിനിമയുടെ ലോഞ്ചിൽ ഉലകനായകൻ കമൽഹാസനെ മുന്നിലിരുത്തി സംവിധായകൻ മാരി സെൽവരാജ് പറയുന്നുണ്ട്. തേവർ മകനിൽ തേവരുടെ ജാത്യാഹന്തയുടെയും തേവരെന്ന ജന്മിയുടെയും ഭൃത്യനായ ഇസൈക്കിയിൽ നിന്നാണ് തന്റെ സിനിമയുടെ തന്നെ ജനനമെന്ന്. തേവർ മകൻ കണ്ടത് മുതൽ മേൽജാതിയെന്നവകാശപ്പെടുന്നവർ നടത്തുന്ന ജാതിവെറിയും ജാതിക്കൊലയും ട്രോമയായി മാറി അതിനുള്ള തിരുത്തായാണ് മാരി അതേ ഇസൈക്കിയെ മാമന്നൻ എന്ന കീഴ്ജാതിയിൽ നിന്നുയർന്നുവന്ന എം.എൽ.എയാക്കി ജാതിഭൃത്യനെ മഹാനായകനാക്കി മാമന്നൻ ഒരുക്കിയത്. ജാത്യാഹങ്കാരത്തെ ഗ്ലോറിഫൈ ചെയ്ത സിനിമകൾക്കെല്ലാം മുന്നിൽ കസേര വലിച്ചിരിക്കുകയാണ് മാമന്നൻ.
തേവർ മകനിലെ ശക്തിവേൽ എന്ന ജാതിപ്രമുഖനിൽ നിന്ന് മാമന്നനിലെ രത്‌നവേൽ എന്ന ജാതിവാദിയും രാഷ്ട്രീയക്കാരനുമായ പ്രതിനായകനിലേക്കാണ് മാരി സെൽവരാജ് എത്തിയത്. മാമന്നൻ റിലീസ് ടൈമിൽ വടിവേലുവിന്റെ പെർഫോർമൻസും മാമന്നൻ എന്ന നായകനിലൂടെ ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങളുമാണ് ചർച്ചയാതെങ്കിൽ ഒടിടി റിലീസെത്തിയപ്പോൾ മാസ് ബിജിഎമ്മിനൊപ്പം രത്‌നവേലും ആ കഥാപാത്രമായെത്തിയ ഫഹദ് ഫാസിലുമാണ് ട്വിറ്ററിലെ ഹാഷ് ടാഗും ട്രെൻഡിംഗും.
ബനിയനും സ്വർണ്ണച്ചങ്ങല പോലൊരു മാലയും കാണുംവിധം വെള്ളക്കുപ്പായമണിഞ്ഞ് സ്ലോമോഷനിലെത്തുന്ന, കുതിരപ്പുറത്ത് ഗർവ്വോടെയിരിക്കുന്ന, നെറ്റിയിലെയും കഴുത്തിലേയും ഞരമ്പുകൾ വലിഞ്ഞ് മുറുകി തനിക്ക് നേരെ നിൽക്കുന്നവനെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുന്നയാളാണ് ഫഹദ് ഫാസിലിന്റെ രത്നവേൽ. അതേ, നിലയ്ക്ക് നിർത്താൻ ശ്രമിക്കുന്ന രത്നവേൽ. നില എന്നത് മാമന്നനിൽ ജാതിയാണ്. ജാതി അടിസ്ഥാനത്തിൽ മനുഷ്യന് വിലയും നിലയും മൂല്യവും നിശ്ചയിക്കുന്ന ജാതിവെറിയനായ രത്നവേലിനെ, അയാളുടെ മസ്‌ക്യുലിൻ ഭാവങ്ങളെ, ജാത്യാഹന്തയിൽ തനിക്ക് താഴെയെന്ന് അയാൾ സ്വയം നിശ്ചയിച്ച മനുഷ്യരെ, അയാൾ അവരോട് ചെയ്യുന്ന അനീതികളെ ഒക്കെ സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. രത്നവേൽ റൂളിങ് ദ ട്വിറ്റർ എന്ന ക്യാപ്ഷനോടെ അയാൾ അവിടെ ആഘോഷിക്കപ്പെടുകയാണ്.
പാൻ ഇന്ത്യൻ നിലയിലേക്ക് മലയാളത്തിന് അഭിമാനിക്കാൻ തക്ക തരത്തിൽ വിസിബിളിറ്റിയുള്ള വേഴ്സറ്റൈലായ ആക്ടറാണ് ഫഹദ്. മലയാളത്തിൽ മാത്രം നോക്കിയാൽ 2011 മുതൽ 2023 വരെയുള്ള കാലയളവിലെ ശ്രദ്ധയേമായ പരീക്ഷണങ്ങളിൽ, കഥ പറച്ചിലിലും ആവിഷ്‌കരണത്തിലും നവീനത അനുഭവപ്പെടുത്തിയ സിനിമകളിൽ ആവർത്തിക്കപ്പെട്ട മുഖമാണ് ഫഹദ് ഫാസിലിന്റേത്. അടയാളപ്പെടുത്താനാകാതെ അടിതെറ്റിയ അരങ്ങേറ്റത്തിൽ നിന്ന് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇന്ത്യൻ സിനിമക്ക് മലയാളം നൽകിയ ഏറ്റവും മികച്ച കോൺട്രിബ്യൂഷനാണ് അയാൾ. സ്വയം പരിശീലിപ്പിച്ചെടുത്ത ഭാവവിനിമയരീതി, ഒരു തരം അണ്ടർപ്‌ളേ, ഫോർട്ട് കൊച്ചിയിലെ ഡ്രൈവർ റസൂലാകുമ്പോഴും ഭാവനാ സ്റ്റുഡിയോയിലെ മഹേഷാകുമ്പോഴും ആമേനിലെ സോളമനും പേര് പോലും കട്ടെടുത്ത് ജീവിക്കുന്ന തൊണ്ടിമുതലിലെ കള്ളനിലും ജോജിയിലും സുലൈമാൻ മാലിക്കിലും വിക്രം എന്ന തമിഴ് മാസ് ചിത്രത്തിലെ അമർ ആയും ഇപ്പോൾ ആഘോഷിക്കപ്പെടുന്ന രത്‌നവേലായും ആ കഥകളിലെ ജീവിതപരിസരങ്ങളിൽ തന്നെ പാർക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചെടുക്കുന്ന ഭാവഭദ്രത ഫഹദ് അനുഭവപ്പെടുത്തിയിട്ടുണ്ട്.
നായകത്വം നോക്കാതെ കഥാപാത്ര സൃഷ്ടിയുടെ ആഴം നോക്കി അയാൾ ചെയ്തു വച്ച കഥാപാത്രങ്ങളൊക്കെയും അയാളിലെ നടനോട് നമുക്ക് അഭിമാനം തോന്നുന്ന തരത്തിലാണെന്ന വസ്തുതയ്ക്ക് മാറ്റമില്ലെന്നിരിക്കെ ഷമ്മിയെയും രത്നവേലിനെയും ആഘോഷിക്കപ്പെടാനായി അയാൾ ചെയ്തു വച്ചതല്ലെന്നു കൂടി നമ്മൾ മനസ്സിലാക്കേണ്ടതായുണ്ട്. ഷമ്മി കയറി വരുമ്പോൾ നിശബ്ദമാക്കപ്പെടുന്ന ഒരു വീടിന്റെ അകത്തളങ്ങൾ സമാധനത്തിന്റേതല്ലെന്നും അയാൾ അധികാര ഗർവ്വ് പേറി പിച്ച കൊടുക്കേണ്ടതല്ല മറ്റു മനുഷ്യരുടെ ജീവിത സാഹച്യങ്ങളെന്നും സോഷ്യൽ മീഡിയ ജീവികൾക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്ന ഈ നൂറ്റാണ്ട് പേടിപ്പെടുത്തുന്നത് തന്നെയാവുന്നത് അതുകൊണ്ടാണ്. സ്റ്റാർ ആർട്ടിസ്റ്റ് വില്ലൻ കഥാപാത്രമാകുമ്പോൾ ആഘോഷിക്കാൻ കാത്തു നിൽക്കുന്ന ഒരു കൂട്ടത്തിന് നടുവിൽ കുട്ടിക്കാലം മുതൽ ജാതിയതയുടെ കണ്ടീഷനിങിൽ വളർന്നു വന്ന, അതുകൊണ്ട് തനിക്ക് താഴെയുള്ളവനോട് ക്രൂരത പ്രവർത്തിക്കേണ്ടി വരുന്ന പാവം രത്നവേലിനോട് ഐക്യപ്പെടാം എന്ന തോന്നൽ ഉണ്ടാക്കുന്നത് രാജ്യം നഗ്‌നമാക്കപ്പെട്ടു എന്ന തലക്കെട്ടോടെ മണിപ്പൂർ വയലൻസ് എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങായ അതേ ട്വിറ്ററിലാണ്.
ഫഹദ് ഫാസിൽ എന്ന നടന്റെ രത്‌നവേൽ ആയുള്ള പെർഫോർമൻസിനെ മാനദണ്ഡമാക്കിയുള്ള കയ്യടിയും അഭിനനന്ദനങ്ങളും ഉൾക്കൊള്ളാനാകുന്നതാണ്. അതിക്രൂരനായ വില്ലനായാലും പെർഫോം ചെയ്ത നടൻ അഭിനന്ദിക്കപ്പെടും. പുഴുവിലെ പരീക്ഷിത്ത് വർമ്മ എന്ന വില്ലനായി മമ്മൂട്ടിയെത്തിയപ്പോൾ നടനെ ആഘോഷിക്കുകയും അയാളുടെ ജാതിവെറിയിലൂന്നിയ ചെയ്തികളെ വിമർശിക്കുകയുമായിരുന്നു. പട്ടേലറോടുള്ള വെറുപ്പത്രയും നിർത്തി തന്നെയാണ് ആ കഥാപാത്രമായ മമ്മൂട്ടിയെ പെർഫോർമൻസിന്റെ പേരിൽ വാഴ്ത്തിയിട്ടുള്ളത്.
നിങ്ങൾക്ക് ഒരു കഥാപാത്രത്തിനോട് വെറുപ്പാണ് തോന്നേണ്ടതെങ്കിൽ ആ കഥാപാത്രത്തിലേക്ക് ഫഹദിനെ ഒരിക്കലും കാസ്റ്റ് ചെയ്യരുത് എന്നാണ് ട്വീറ്റുകളുടെ കണ്ടു പിടിത്തം. ഫഹദ് എന്ന നടനെ ആഘോഷിക്കുന്നതിനെക്കാൾ രത്‌നവേൽ എന്ന ജാതിവാദിക്ക്, അയാൾ നടപ്പാക്കുന്ന ജാതിക്കൊലകൾക്ക് മാസ് ബിജിഎമ്മിട്ട് കയ്യടിക്കുന്നത് ട്വീറ്റുകളിൽ കാണാനാകും. രത്‌നവേലിനൊപ്പം ഇരമ്പിയെത്തുന്ന, കീഴ്ജാതിക്കാരെ കുളത്തിൽ കല്ലെറിഞ്ഞു കൊല്ലുന്ന അതേ ആൾക്കൂട്ടത്തെ ട്വീറ്റുകളിലും കാണാം. വിക്രമിലെ അമറിലൂടെയും മാമന്നനിലെ രത്‌നവേലിലൂടെയും ഫഹദ് ഫാസിലെന്ന നടൻ തമിഴ്‌നാട്ടിൽ പെർഫോർമൻസ് റേഞ്ചിൽ പുതിയ ഉയരം തീർക്കുകയാണെന്ന കാര്യത്തിൽ തർക്കമേയില്ല. ഇവിടെ പരാമർശിക്കുന്നതും ചർച്ചയാക്കുന്നതും അത്തരം ആഘോഷങ്ങളെക്കുറിച്ചുമല്ല. ഫഹദിന് പകരം രത്‌നവേൽ എന്ന മാസ് ഹീറോയെ സൃഷ്ടിച്ച് സിനിമയുടെ വീഡിയോ റീ എഡിറ്റ് ചെയ്തും മാഷപ്പ് വീഡിയോ തീർത്തും മാരി സെൽവരാജ് സൃഷ്ടിച്ച പ്രതിനായകന് നായകത്വവും വീരത്വവും നൽകുന്നവെരെക്കുറിച്ചാണ്.
ദളിതനെന്ന കാരണത്താൽ ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങി മരിക്കപ്പെട്ട, ചുട്ടു കൊല്ലപ്പെട്ട, വെട്ടിക്കൊലപ്പെടുത്തിയ ഒരായിരം പ്രേതങ്ങളുടെ, അവരുടെ നിലനിൽപ്പിന്റെ രാഷ്ട്രീയം ഉച്ചത്തിൽ തന്നെ വിളിച്ചു പറയുന്ന, അവരൊന്നാകെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്ന ഒന്നാണ് വീരാരാധനയുടെ ബലത്തോടെ ഇതിൽ പൊങ്ങി വരാൻ കാത്തു നിൽക്കുന്നത്. തനിക്ക് താഴെയുള്ളവനെ മടല് കൊണ്ട് മതി തീരും വരെ അയാൾ അടിക്കുന്നത് ക്രൂരതയ്ക്ക് പകരം മാസ്സാവുന്നത് ഇതുകൊണ്ട് തന്നെ അംഗീകരിക്കാൻ കഴിയാത്തതാണ്.
ഓട്ട മത്സരത്തിൽ തോറ്റു പോകുന്ന തന്റെ പട്ടിയെ ക്രൂരമായി അടിച്ച് കൊല്ലുന്ന, കാല് പിടിക്കേണ്ടി വന്ന ദളിത നേതാവിനെ പട്ടിയെ കൊന്ന അതേ ലാഘവത്തോടെ തല്ലി കൊല്ലുന്ന, ഒരു മനുഷ്യനെ ക്രൂരമായി മർദ്ദിച്ച് മരാണാസന്നനാക്കുന്ന രത്നവേലിനെ സിനിമ അതിക്രൂരനായ ജാതിവെറിയനായിട്ട് തന്നെയാണ് അടയാളപ്പെടുത്തുന്നത്. അത് തമിഴ്‌നാട്ടിലെ ജാതിവെറിയിൽ നിന്ന് പിറവിയെടുത്ത കഥാപാത്രവുമാണ്. അയാൾക്ക് നേരെ കസേരയിൽ മാമന്നൻ പ്രതിഷ്ഠിക്കപ്പെടുമ്പോൾ കാണിക്ക് രോമാഞ്ചം തോന്നുന്നതും നേടിയെടുക്കപ്പെടുന്ന ആ സമത്വത്തിന്റെ പ്രതീകമായിട്ട് തന്നെയാണ്.
1952 ൽ കരുണാനിധി തിരക്കഥ എഴുതിയ 'പരാശക്തി' മുതൽ 'മാമന്നൻ' വരെ കലാരൂപങ്ങളിലൂടെ സാമൂഹിക നീതിയെ തുടർച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരിക പാരമ്പര്യമാണ് ദ്രാവിഡ മുന്നേറ്റ്ര കഴകം എന്ന ഡിഎംകെയ്ക്കുള്ളത്. 1957 ൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിജയത്തിനും പിന്നിൽ ശിവാജി ഗണേശന്റെ ആദ്യ സിനിമയായ പരാശക്തിക്കുണ്ടായ സ്വാധീനം മാമന്നന്നിലൂടെയും ആവർത്തിക്കപ്പെടാം എന്ന എതിർ പാർട്ടിയുടെ ഭയമാണ് സോഷ്യൽ മീഡിയയിലൂടെ മാമന്നനിലെ രത്നവേലിനെ ആഘോഷിക്കുന്നതിലെ പ്രൊപ്പഗാണ്ടയെന്ന സംശയവും ഇവിടെ സ്വാഭാവികമാണ്.
തേവർ മകൻ എന്ന കൾട്ട് ക്ലാസിക്ക് ചിത്രത്തിലെ ജാതിയവാഴ്ചയുടെ വേദന മാമന്നന്റെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസനെ മുന്നിലിരുത്തിക്കൊണ്ട് മാരി സെൽവരാജെന്ന സംവിധായകൻ പങ്കുവയ്ക്കുമ്പോൾ അതിനെതിരെ അന്ന് ഉയർന്നു വന്ന വിമർശനങ്ങൾ തന്നെ മതിയാവും ദളിത രാഷ്ട്രീയത്തോടുള്ള ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകളെ ഒന്നാകെ മനസ്സിലാക്കാൻ. തേവർ മകൻ എന്ന ചിത്രത്തിന്റെ പ്ലോട്ടിൽ എന്റെ അച്ഛനായിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ച് നോക്കി, ഇതന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണെന്നാണ് ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ മാരി സെൽവരാജ് പറഞ്ഞത്. തേവർ മകന്റെ ഭൃത്യനായ ഇസൈക്കിയിൽ നിന്ന് ചക്രവർത്തി എന്നർത്ഥമുള്ള മാമന്നനിലേക്കുള്ള വടി വേലുവിന്റെ യാത്രയാണ് ചിത്രം. തേവർ സമുദായത്തിന്റെ ജാതി വാഴ്ചയെ പ്രകീർത്തിക്കുന്ന ചിത്രത്തിൽ നിന്ന് ദളിതൻ ചക്രവർത്തിയാവുമ്പോൾ അസ്വസ്ഥപ്പെടുന്ന മനുഷ്യരും കമൽഹാസന്റെ ശക്തിവേലും ഫഹദിന്റെ രത്നവേലും ഒന്നാണെന്ന തിരിച്ചറിവ് പൊള്ളിക്കുന്നവരും ഉള്ളിടത്ത് തേവർ മകനായ ഫഹദിനെ ആഘോഷിക്കുന്നതിലെ അവരെ ആരാധിക്കുന്നതിലെ തെറ്റ് തെറ്റാണെന്ന് തന്നെ പറയേണ്ടതായിട്ടുണ്ട്.
പരിയേറും പെരുമാളിലും, കർണനിലും അസുരനിലും മദ്രാസിലും പറയുന്നത് പോലെ ജാതിവെറിയുടെ കൊലനിലമാണ് തമിഴ്‌നാട് എന്ന ചരിത്ര യാഥാർത്ഥ്യത്തിലൂന്നിയാണ് മാരി സെൽവരാജ് മാമന്നൻ സൃഷ്ടിച്ചത്. ബാഹുബലി പോലെയോ കെജിഎഫ് പോലെയോ അത് പൂർണമായും ഭാവനയിൽ പിറന്നൊരു ലാർജർ ദാൻ ലൈഫ് കമേഴ്‌സ്യൽ സിനിമയല്ല. സ്‌കൂളിലും റോഡിലും തൊഴിലിടത്തിലും ഫാക്ടറിയിലും പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലുമെല്ലാം മേൽജാതിക്കാരാൽ കൊല്ലപ്പെടുന്ന അസംഖ്യം കീഴാള മനുഷ്യരുടെ നിലവിളിയിൽ നിന്നുയിരെടുത്ത സിനിമ കൂടിയാണ് മാമന്നൻ. രത്‌നവേൽ മാസ് ബിജിഎമ്മിനൊപ്പം കുതിരപ്പുറമേറി, വടിവാളെടുത്ത് വീശി ആഘോഷിക്കപ്പെടുന്നതും രത്‌നവേൽ ഉയിർ എന്ന് മുദ്രാവാക്യമുണ്ടാകുന്നതും ജാതിവെറിയുടെ ആഘോഷമാകുന്നത് അതുകൊണ്ടാണ്. അങ്ങനെയുള്ളവർ ആഘോഷിക്കുന്നത് മാമന്നൻ എന്ന സിനിമ മോശമായതുകൊണ്ടല്ല, ജാതി വെറി തുറന്നുകാട്ടപ്പെടുമ്പോൾ അവർ അസ്വസ്ഥരാക്കപ്പെടുന്നുണ്ട്, അവർ ഭയക്കുന്നുണ്ട്, ആ ഭയത്തിൽ നിന്നുടലെടുത്ത നരേറ്റീവുകളാണ് രത്നവേൽ ആഘോഷങ്ങൾ.