Filmy Features

ഭയപ്പെടുത്തി സാക്ഷികളെ നിശബ്ദരാക്കുകയാണ്, മലയാള സിനിമയെ ഇവര്‍ വിലയ്ക്ക് എടുത്തിട്ടുണ്ടോ എന്നാണ് സംശയിക്കേണ്ടത്: വിധു വിന്‍സെന്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്‍്. ജനാധിപത്യ സംവിധാനത്തെയും നീതിന്യായ വ്യവസ്തയെയും അപ്രസക്തമാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയെ തന്നെ ഇവര്‍ ഒന്നാകെ വിലയ്ക്ക് എടുത്തിട്ടുണ്ടോ എന്ന് സംശയിക്കണമെന്നും വിധു വിന്‍സന്റ് ദ ക്യുവിനോട് പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഡബ്ല്യു.സി.സിയുടെ മാത്രമല്ല എല്ലാവരുടെയും ഇടപെടല്‍ വേണം

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് തന്നെ വളരെ വൈകിയാണ്. ആറ് മാസമെന്ന് പറഞ്ഞ് രണ്ട് വര്‍ഷത്തോളം സമയം എടുത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. കൊവിഡ് സാഹചര്യമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും നടപടി ക്രമങ്ങള്‍ ആലോചിക്കാനും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിരിക്കാമെന്ന് നമുക്ക് മനസിലാക്കാം. പക്ഷെ ഇപ്പോള്‍ ജീവിതത്തിനൊപ്പം കൊവിഡുമുണ്ട് എന്നൊരു യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയ ഒരു സാഹചര്യത്തില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. പ്രത്യേകിച്ച് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. ആ വെളിപ്പെടുത്തലുകളിലൂടെ സിനിമ മേഖല എത്രമാത്രം മലീമസമാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതിനാല്‍ അടിയന്തര പ്രാധാന്യത്തോടു കൂടി തന്നെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്.

ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ ഹേമ കമ്മീഷന് മുമ്പാകെ സംസാരിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇതില്‍ സംസാരിച്ചവരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനല്‍ക്കുന്നുണ്ട്. പലർക്കും സ്വന്തം പേര് പുറത്ത് വരുന്നതിനോട് താത്പര്യമുണ്ടാകില്ല. പിന്നെ ഉള്ളത് കുറ്റാരോപിതരുടെ പേരുകളാണ്. അതും ആരോപണങ്ങളുടെ സ്ഥാനത്ത് നില്‍ക്കുന്നത് കൊണ്ട് സ്വാഭാവികമായും അത്തരം പേരുകളും ചിലപ്പോള്‍ നിയമപരമായി ഒഴിവാക്കേണ്ടി വരാം. ഒരാളുടെ പേര് ഒഴിവാക്കുകയാണെങ്കിലും അയാള്‍ എന്ത് പറഞ്ഞു എന്നത് പ്രസക്തമാണ്. അത്തരത്തില്‍ ഓരോരുത്തരും പറഞ്ഞ വിഷയങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കേണ്ടതാണ് എന്ന അര്‍ത്ഥത്തില്‍ ചര്‍ച്ചക്ക് എടുക്കണമെന്ന് തന്നെയാണ് കമ്മിറ്റിക്ക് മുന്‍പില്‍ സംസാരിച്ച ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത് എന്തുകൊണ്ട് പുറത്തുവരുന്നില്ല എന്നതാണ് ചോദ്യം. എന്റെ അറിവ് അനുസരിച്ച് ഈ റിപ്പോര്‍ട്ട് നിലവില്‍ നിയമ വകുപ്പിന്റെ മുന്‍പിലാണ് ഉള്ളത്. ഇതു സംബന്ധിച്ച് എന്ത് നിയമ നടപടി ക്രമങ്ങള്‍ സ്വീകരിക്കാം എന്ന് ആലോചിക്കുന്നതിന് വേണ്ടിയാണ് അത് അവിടെ എത്തിയിരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്.

റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാത്രമല്ല സംസാരിച്ചിരിക്കുന്നത്. വേതനത്തെ കുറിച്ചും, സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന അധികാരക്രമത്തെ കുറിച്ചും തൊഴിലിടം എന്ന നിലയില്‍ അനുഭവിക്കാന്‍ കഴിയാതിരിക്കുന്ന അവകാശ നഷ്ടങ്ങളെ കുറിച്ചും എല്ലാമുള്ള കാര്യങ്ങള്‍ വിശദമായി തന്നെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് നമ്മള്‍ മനസിലാക്കുന്നത്. അത്തരം വിഷയങ്ങള്‍ പൊതുജനമധ്യത്തില്‍ ചര്‍ച്ചക്ക് വരുകയും എന്തുകൊണ്ടാണ് സിനിമ മേഖല ഇപ്പോഴും വേതനമടക്കമുള്ള വിഷയങ്ങളില്‍ തുല്യതയുടെ കാര്യത്തിലേക്ക് കടക്കാത്തതെന്നുമെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ സര്‍ക്കാരിനോട് ജസ്റ്റിസ് ഹേമ തന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധം പറഞ്ഞിരുന്നു എന്നാണ് മനസിലാക്കുന്നത്. അപ്പോള്‍ അത് സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം ഒരു ആശയ കുഴപ്പം ഉണ്ടാക്കുന്ന വസ്തുതയാണ്. എനിക്ക് ചോദിക്കാനുള്ളത് പുറത്തുവിടാനല്ലെങ്കില്‍ ജനങ്ങളുടെ നികുതി പണം ചിലവാക്കി ഇത്തരമൊരു പഠനവും റിപ്പോര്‍ട്ടും ഉണ്ടാക്കിയത് എന്തിനാണെന്നാണ്. ഇനി നമുക്ക് ചെയ്യാന്‍ കഴിയുന്നത് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. കാരണം ഇത് ഡബ്ല്യു.സി.സിയുടെയോ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ രണ്ടോപേരുടെയോ മാത്രം ആവശ്യമല്ല. മറിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും , തൊഴില്‍ അവകാശങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് വിചാരിക്കുന്ന എല്ലാവരുടെയും പിന്തുണയും ഇടപെടലും ഇതിന് ആവശ്യമാണ്. ഇന്റേണല്‍ കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്ക അടക്കമുള്ള സംഘടനകളും മുന്‍ കൈ എടുക്കണം. അപ്പോ അതു സംബന്ധിച്ച്, ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ധാരണയും തീരുമാനവുമുണ്ടാകണം.

ആഷിക് അബുവിനെ പോലുള്ള ചുരുക്കം ചില സംവിധായകര്‍ മാത്രമാണ് ഇപ്പോള്‍ അത്തരമൊരു സംവിധാനം തങ്ങളുടെ സെറ്റികളിലുണ്ടാവുമെന്ന് അറിയിച്ചത്. പക്ഷെ അത് കൊണ്ട് മാത്രം കാര്യമില്ല. മറിച്ച് നിര്‍മ്മാതാക്കളുടെ സംഘടന സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി ആവശ്യമാണ് എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് നിര്‍ബന്ധമായും നടപ്പിലാക്കേണ്ട കാര്യമായി മാറും. അത് സര്‍ക്കാരല്ല ചെയ്യേണ്ടത്, ഇത്തരത്തിലുള്ള സിനിമ സംഘടനകളാണ് അക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. അവര്‍ അത്തരത്തിലൊരു തീരുമാനം എടുക്കണമെങ്കില്‍ സംഘടനകളെ ഇത് ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചരണ പരിപാടികള്‍ നടത്തേണ്ടതുണ്ട്. അത് നടത്തേണ്ടത് കേവലം ഒരു സംഘടന മാത്രമല്ല. എല്ലാവരും ഒരുമിച്ചാണ് നടത്തേണ്ടത്. ഡബ്ല്യു.സി.സി അവരുടെ ആവശ്യമായി മാത്രമല്ല അതിനെ പ്ലെയിസ് ചെയ്യേണ്ടത് എന്നൊരു വിമര്‍ശനം എനിക്കുണ്ട്. അതിനെ ഒരു ഗ്രൗണ്ട് ലെവലിലേക്കുള്ള പ്രശ്‌നമാക്കി മാറ്റുകയാണ് വേണ്ടത്. നിലവില്‍ ഇതിനെ ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്‌നം എന്ന നിലയിലാണ് പലരും കാണുന്നത്. അതിനാണ് മാറ്റം വരേണ്ടത്.

ഭയപ്പെടുത്തി സാക്ഷികളെ നിശബ്ദരാക്കുകയാണ്

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും മാറ്റി നിര്‍ത്തിയാല്‍ നടിക്ക് സിനിമാ മേഖലയില്‍ നിന്നും എന്ത് പിന്തുണയുണ്ടായി എന്നത് വളരെ സൂക്ഷ്മമായി കണ്ട് വിലയിരുത്തേണ്ട കാര്യമാണ്. കാരണം നടിയെ തുടക്കം മുതല്‍ പിന്തുണച്ചവര്‍ തന്നെയാണ് ഇപ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ഇടുകയും അത് മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള താരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ അതിന് അപ്പുറത്തേക്കുള്ള ഒരുപാട് യാഥാര്‍ത്ഥ്യങ്ങളുണ്ട് ഈ വിഷയത്തില്‍. ഈ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ അടക്കം കൂറു മാറിയൊരു സാഹചര്യമാണ് ഉള്ളത്. അതിനര്‍ത്ഥം അവരെ വിലക്ക് എടുക്കാന്‍ അപ്പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവണം. അത്തരമൊരു വാദത്തെ ശരിവയ്ക്കുന്ന വര്‍ത്തമാനങ്ങളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. മലയാള സിനിമയെ ഇവര്‍ ഒന്നാകെ വിലയ്ക്ക് എടുത്തിട്ടുണ്ടോ എന്ന് നമ്മള്‍ പേടിക്കുന്നതും സംശയിക്കുന്നതും ഈ സാഹചര്യത്തിലാണ്.. ഈ വിഷയത്തില്‍ വളരെ രാഷ്ട്രീയ ബോധവും നീതി ബോധവും ഉള്ളവരെ പോലും നിശബ്ദരാക്കാന്‍ സാധിക്കുന്നു എന്നത് ചെറികയാരു കാര്യമല്ല.. കേസില്‍ പ്രതിഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നതിനേക്കാള്‍ ആര്‍ക്ക് വേണ്ടിയും സംസാരിക്കുന്നില്ലെന്ന നിശബ്ദതയെയാണ് നമ്മള്‍ ഭയക്കേണ്ടത്. ആ നിശബ്ദത മലയാള സിനിമയില്‍ ഉണ്ടെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. ഇപ്പോള്‍ പലരും പറയുന്നു, കേസില്‍ ദിലീപ് പിടിക്കപ്പെടുമെന്ന് ഉറപ്പായത് കൊണ്ടാവാം നടിക്കൊപ്പമെന്ന നിലപാടുമായി ഒരുപാട് പേര്‍ രംഗത്തെത്തിയതെന്ന്. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഇതേ കുറിച്ച് ശബ്ദിക്കാന്‍ ഇപ്പോള്‍ ധൈര്യം കാണിച്ചവരെ കുറ്റം പറയേണ്ട ആവശ്യമില്ല. കാരണം കൂടുതല്‍ പേര്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കി മുന്നോട്ട് വരണമെന്നാണ് നമ്മള്‍ എല്ലാം ആഗ്രഹിക്കുന്നത്.

ഇപ്പോള്‍ ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ മുന്നോട്ട് വന്നത് ജീവഭയം കൊണ്ടാണെന്ന് അയാള്‍ പല തവണയായി ആവര്‍ത്തിക്കുന്നു. സാക്ഷി പറയുന്ന ഒരാളുടെ കുടുംബത്തിന് വരെ ജീവന് ഭീഷണിയുണ്ടെന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെങ്കില്‍ നമ്മുടെ നീതി ന്യായ സംവിധാനത്തെ എങ്ങനെയാണ് ഒരു സ്ത്രീക്കോ ഇത്തരത്തിലുള്ള കേസുമായി മുന്നോട്ട് പോകുന്ന ഒരാള്‍ക്കോ വിശ്വസിക്കാന്‍ കഴിയുന്നത്. ഇപ്പോഴും നമുക്ക് നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിലാണ് ശ്വസിക്കുന്നതും ജീവിക്കുന്നതെന്നും നമ്മള്‍ വിശ്വസിക്കുന്നുണ്ട്. പക്ഷെ അതിനെ ഒക്കെ അപ്രസക്തമാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. സാധാരണ ചില സിനിമകളില്‍ കാണുന്നതിനേക്കാള്‍ ഭീകരമായ റിയാലിറ്റിയാണ് ഇന്ന് നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നതെങ്കില്‍ ജനാധിപത്യ സംവിധാനങ്ങളുടെ അധികാരം ഉപയോഗിച്ച് അവക്കെതിരേ പ്രവര്‍ത്തിക്കുന്നവരെ അതിന്റെ വരുതിയില്‍ കൊണ്ട് വരേണ്ട സമയം അതിക്രമിച്ചു. പേടി കൊണ്ട് ആരെങ്കിലും മിണ്ടാതിരിക്കുന്നുണ്ടെങ്കില്‍ അതിനെ തുരത്തേണ്ടതുണ്ട്. അത് നീതിന്യായ വ്യവസ്ഥയുടെ സഹായത്തോടുകൂടി ചോദ്യം ചെയ്യപ്പേടെണ്ടതുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും മുന്നോട്ട് വന്നത് വലിയ മാറ്റം

മോഹന്‍ലാലും മമ്മൂട്ടിയും നടിയുടെ പോസ്റ്റ് പങ്കുവെച്ചത് തീര്‍ച്ചയായും വലിയ കാര്യമാണ്. അത് മറ്റുള്ളവര്‍ക്ക് ഈ വിഷയത്തില്‍ സംസാരിക്കാനും മുന്നോട്ട് വരാനുമുള്ള പ്രചോദനവും ധൈര്യവും കൂടിയാണ്. ഇതില്‍ കൂടുതല്‍ പേര്‍ നിലപാട് വ്യക്തമാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. കാരണം അത് നീതി ന്യായ വ്യവസ്ഥയെയും നിയമ സംവിധാനങ്ങളെയും ജാഗ്രതപ്പെടുത്തും. ഈ വിഷയത്തെ ആരെങ്കിലും ലാഘവത്തോടെ കാണുന്നുണ്ടെങ്കില്‍ അത് സാധ്യമല്ലെന്ന് തോന്നിപ്പിക്കുന്ന ജാഗ്രതയാണ് പൊതു സമൂഹമെന്ന നിലയില്‍ നമ്മള്‍ കാണിക്കേണ്ടത്.

പണത്തിന് മീതെ പരുന്തും പറക്കില്ല

സിനിമയില്‍ തീര്‍ച്ചയായും ദിലീപിനെ പിന്തുണയ്ക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അത് പണം നല്‍കുന്ന ഒരു അധികാരത്തിന്റെ പുറത്ത് നടക്കുന്നതാണ്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലല്ലോ. ആ പണം നല്‍കുന്ന അധികാരത്തിന്റെ പുറത്താണ് ഇതെല്ലാം സംഭവിക്കുന്നത്. സിനിമ എന്നത് അടിസ്ഥാനപരമായി മൂലധനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ്. മൂലധനം തന്നെയാണ് അവിടെ ദൈവം. അതില്‍ യാതൊരു സംശയവുമില്ല. ഈ മൂലധനം പല മട്ടില്‍ പലരിലേക്കും എത്തും. അതിന്റെ അഭാവം പലരേയും പല തരത്തിലുള്ള വ്യഥകളിലും അവസ്ഥകളിലും എത്തിക്കും. അപ്പോള്‍ ഇത് വ്യക്തമായി മനസിലാക്കുന്ന ഒരു വ്യക്തിക്ക് ഇതിനിടയില്‍ നല്ലൊരു ഗെയിം ആസൂത്രണം ചെയ്യാന്‍ കഴിയും. അതാണ് ചില കേന്ദ്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് പറയുമ്പോള്‍ അത് രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ മുനയൊടിച്ചു കൊണ്ടാവരുത് എന്നുറപ്പു വരുത്താനുളള ജാഗ്രത ഭരണകൂടമാണ് പുലര്‍ത്തേണ്ടത്. ഇത് യാഥാര്‍ത്ഥത്തില്‍ ഈ നാട്ടിലെ ജനാധിപത്യത്തില്‍ വിശ്വാസമുള്ള ജനങ്ങളുടെ കൂടി ഉത്കണ്ഠയാണ്.

നീതി കിട്ടാനുള്ള ദൈര്‍ഘ്യം എല്ലാവരെയും ഞെട്ടിക്കുന്നു

കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പോലും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നീതി ലഭിക്കുന്നത്. അത്തരം വിഷയങ്ങള്‍ എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയിലൊക്കെ എത്തുന്നതെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഈ കേസിന് വേണ്ടി പ്രത്യേക കോടതിയുണ്ടെന്ന് പറയുമ്പോഴും നീതി പ്രാവര്‍ത്തികമാകുന്നതിന് എടുക്കുന്ന സമയ ദൈര്‍ഘ്യം നമ്മളെ എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഈ കേസിലെ എന്റെ സഹപ്രവര്‍ത്തകയ്ക്ക് എന്തൊക്കെ പറഞ്ഞാലും ഒരു വലിയ സമൂഹത്തിന്റെ പിന്തുണയുണ്ട്. അവര്‍ക്ക് കേസില്‍ മുന്നോട്ട് പോകാന്‍ കഴിയുന്ന സാമ്പത്തിക സംവിധാനങ്ങളും ഉണ്ട്. പക്ഷെ നമ്മുടെ മുന്നില്‍ അതിനൊന്നും കഴിയാത്ത എത്രയോ പെണ്‍കുട്ടികളുണ്ട്. അത്തരം കേസുകള്‍ക്കൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ന് നമ്മില്‍ പലര്‍ക്കുമറിയുക തന്നെയില്ല. അതുകൊണ്ട് തന്നെ ഈ കേസില്‍ ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായ ഒരു വിധി വരികയും, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതടക്കമുള്ള വസ്തുതകള്‍ പുറത്തുവരികയും ചെയ്യേണ്ടതുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിന്റെ ഭാഗമായി മാറാന്‍ പോകുന്ന ഒരു കേസ് എന്ന നിലയ്ക്ക് സര്‍വൈവേഴ്‌സിന് നീതി ഉറപ്പാക്കുന്നതിന്റെ മാതൃകയാവണം ഈ കേസ്. ഇപ്പോഴുള്ളവരുടെയും ഇനി വരാനിരിക്കുന്ന തലമുറകളുടെയും നീതിയുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെ ഈ കേസിന്റെ വിധി ഇല്ലാതാക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT