ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യ അന്‍പത് കോടി ചിത്രമായ 'ദൃശ്യം' കൊറിയനിലേക്ക് റീമേക്ക് ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും കൊറിയന്‍ നിര്‍മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് 'ദൃശ്യം' കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു കൊറിയന്‍ റീമേക്കിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. മലയാള സിനിമ പുതിയ മേഖലയിലേക്ക് പോകുന്നു. അതില്‍ ദൃശ്യം ഒരു കാരണമാകുന്നതില്‍ സന്തോഷമുണ്ടെന്നും കൊറിയയിലും ചിത്രമൊരു വലിയ വിജയമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫ് ദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു
ആദ്യമായിട്ടാണ് കൊറിയയിലേക്ക് ഒരു ഇന്ത്യന്‍ സിനിമ റീമേക്ക് ചെയ്യപ്പെടുന്നത് അതും മലയാളത്തിന്റെ ദൃശ്യം ? സാധാരണ കൊറിയന്‍ സിനിമകള്‍ ഇന്ത്യയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടാണ് നാം കണ്ടിട്ടുള്ളത്. ?
തീര്‍ച്ചയായിട്ടും വളരെയധികം സന്തോഷമുണ്ട്. ദൃശ്യം ഒന്നാം ഭാഗം ഇറങ്ങി ചൈനീസ് റീമേക്ക് ചെയ്തുകഴിഞ്ഞപ്പോള്‍ അവര്‍ വഴി കൊറിയന്‍ സിനിമയുടെ ആള്‍ക്കാര്‍ നമ്മളെ അപ്പ്രോച്ച് ചെയ്തിരുന്നു. അന്ന് അത് എമൗണ്ടിന്റെ പേരിലായിരുന്നു നടക്കാതെ പോയത്. രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വന്നു. ഇത്തവണ ദൃശ്യം ഹിന്ദി ചെയ്ത പനോരമ വഴിയാണ് അവര്‍ അപ്പ്രോച്ച് ചെയ്തത്. ദൃശ്യം ഒന്നാം ഭാഗം ഇറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കാര്‍ പറഞ്ഞത് ഇതൊരു കൊറിയന്‍ പടത്തിന്റെ ഇന്‍സ്പിറേഷന്‍ ആണെന്നായിരുന്നു. അന്ന് അങ്ങനെയല്ലെന്ന് ഞാന്‍ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എന്തായാലും വളരെ സന്തോഷം. മലയാള സിനിമ പുതിയ മേഖലയിലേക്ക് പോകുന്നു. അതില്‍ ദൃശ്യം ഒരു കാരണമാകുന്നതില്‍ സന്തോഷമുണ്ട്. കൊറിയയിലും ചിത്രമൊരു വലിയ വിജയമാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു
ദൃശ്യം കൊറിയനിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ എല്ലാവരും ഹിന്ദി വേര്‍ഷനാണ് പ്രാധാന്യം കൊടുക്കുന്നത്. മലയാള സിനിമക്ക് കിട്ടേണ്ട ഒരു റീച്ച് ആണ് അവിടെ നഷ്ടമാകുന്നതെന്ന് തോന്നുന്നുണ്ടോ ?
ഹിന്ദി പ്രൊഡക്ഷന്‍ കമ്പനിയായ പനോരമ വഴിയാണ് കൊറിയന്‍ സിനിമ ഇവിടേക്ക് റീമേക്കിനായി വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ സിനിമ പ്രൊമോട്ട് ചെയ്യാനും ആ സിനിമ വച്ച് സംസാരിക്കാനുമായിരിക്കും അവര്‍ ശ്രമിക്കുക. ഇന്‍ഡസ്ട്രിയായി ബന്ധമുള്ളവര്‍ക്കും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രേക്ഷകര്‍ക്കും അറിയാം ഈ സിനിമയുടെ അടിസ്ഥാനം മലയാളം സിനിമ തന്നെയാണെന്ന്. അതിനെക്കുറിച്ച് എവിടെയോ ആരോ എഴുതുകയും ചെയ്തു. ചിലപ്പോള്‍ സിനിമയെ അങ്ങനെ സീരിയസ് ആയി കാണാത്ത ആളുകള്‍ ഹിന്ദി ദൃശ്യം ആണ് ഒറിജിനല്‍ എന്ന് വിശ്വസിക്കുണ്ടാകാം. അതിലൊന്നും ഒരു കാര്യം ഇല്ല. നമ്മളൊരു സിനിമ ചെയ്തു അത് നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു. അതിന്റെ ക്രെഡിറ്റ് എടുക്കുക എന്നതിനെ കുറിച്ചൊന്നും വിഷമിക്കുന്ന ആളല്ല ഞാന്‍. ഹിന്ദിയില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പക്ഷെ അതിന്റെയെല്ലാം മൂലകഥ നമ്മുടെ ദൃശ്യം തന്നെയാണ്. ഒരു റീമേക്ക് ചെയ്യുമ്പോള്‍ ഒറിജിനല്‍ പോലെ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമില്ലല്ലോ. പ്രത്യേകിച്ച് കൊറിയന്‍ സംസ്‌കാരവും സിനിമാസ്വാദനവും കണക്കിലെടുത്തു അവര്‍ മാറ്റങ്ങള്‍ വരുത്തും. ചൈനയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അവര്‍ ക്ലൈമാക്‌സ് മാറ്റിയിരുന്നു.
ചില മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യ്തത് ദൃശ്യം മൂന്നു ഭാഗത്തിന്റെയും റൈറ്റ്സ് കൊറിയ സ്വന്തമാക്കിയെന്നാണ്. ദൃശ്യം മൂന്നാം ഭാഗം വരുമോ ? എന്താണ് സിനിമയുടെ ഇപ്പോഴത്തെ സ്റ്റേജ് ?
ദൃശ്യം മൂന്നാം ഭാഗത്തെ പറ്റി ആലോചിക്കുന്നേയുള്ളു. നടക്കുമെന്ന് ഉറപ്പില്ലാത്ത പൂര്‍ത്തിയാകാത്ത സിനിമയുടെ റൈറ്റ്സ് ഒരിക്കലും നേരത്തെ വാങ്ങിക്കാന്‍ പറ്റില്ല. സിനിമയെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും നല്ല സാധ്യതകള്‍ കണ്ടാല്‍ തീര്‍ച്ചയായും അതുവച്ചു ഞങ്ങള്‍ വര്‍ക്ക് ചെയ്യും. ഇത്രയേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കു. ദൃശ്യം കഴിഞ്ഞപ്പോള്‍ ഒരിക്കലും രണ്ടാം ഭാഗം ഉണ്ടാവുമെന്ന് കരുതിയതല്ല. എന്തോ ഒരു ദൈവാനുഗ്രഹത്താല്‍ അത് സംഭവിച്ചു. അതുപോലെ ദൈവമായി എന്തെങ്കിലും നല്ല ചിന്തകള്‍ തന്നാല്‍ മൂന്നാം ഭാഗം ഉണ്ടാവുമായിരിക്കും.
ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്ത്യയിലെ പല ഭാഷകളില്‍ റീമേക്ക് ചെയ്ത് പോയിട്ടുണ്ട്. എന്നാല്‍ തമിഴില്‍ മാത്രം രണ്ടാം ഭാഗത്തെ പറ്റി ഒരു ന്യൂസും വന്നിട്ടില്ല. 'പാപനാശം' രണ്ടാം ഭാഗം വരാന്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോ?
അതിനെക്കുറിച്ചു എനിക്കറിയില്ല. രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞു അതിനെക്കുറിച്ചു ആലോചനകള്‍ നടന്നിരുന്നു. പക്ഷെ കമല്‍ സാറിന്റെ ഭാഗത്തു നിന്നും റെസ്‌പോണ്‍സ് ഒന്നും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹത്തിന് താല്പര്യമില്ലായിരിക്കാം. അദ്ദേഹത്തെ വച്ച് മാത്രമല്ലേ അവിടെ രണ്ടാം ഭാഗം ചെയ്യാന്‍ പറ്റു. അതുകൊണ്ടത് നടക്കുമോ ഇല്ലയോ എന്ന് അറിയില്ല.
ദൃശ്യം മൂന്നാം ഭാഗം ചെയ്യുകയാണെങ്കില്‍ അത് മലയാള സിനിമയെ റെപ്രെസെന്റ് ചെയ്തു ഒരു പാന്‍ ഇന്ത്യന്‍ സ്‌കെയിലില്‍ അവതരിപ്പിക്കാന്‍ കഴിയുമോ ?
വേറെ ഭാഷയിലേക്ക് ഡബ്ബ് ചെയ്തതൊന്നും ഞങ്ങള്‍ ഇറക്കുമെന്ന് തോന്നുന്നില്ല. കാരണം മൂന്നാം ഭാഗം ഇറങ്ങുകയാണെങ്കില്‍ ഈ സിനിമയുടെ രണ്ടു ഭാഗങ്ങളും റീമേക്ക് ചെയ്തവരെ നമ്മള്‍ പരിഗണിച്ചേ പറ്റൂ. ഇപ്പോള്‍ ഒരു മലയാള സിനിമ ഇറങ്ങിയാല്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ളവര്‍ കാണുന്നുണ്ട്. പിന്നെ ദൃശ്യം ഫ്രാഞ്ചൈസ് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതായതുകൊണ്ട് സ്വാഭാവികമായും മലയാളം ഇറങ്ങി അത് ഒ.ടി.ടി യില്‍ വരുമ്പോള്‍ നോണ്‍ മലയാളീസും അത് കാണും. അപ്പോഴും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ കാണാത്ത ഒത്തിരി പ്രേക്ഷകര്‍ ഉണ്ടാവും. അവര്‍ക്കായാണ് അതാത് ഭാഷയില്‍ സിനിമ റീമേക്ക് ചെയ്യപ്പെടുന്നത്.
ലൈഫ് ഓഫ് ജോസൂട്ടി, 12ത്ത് മാന്‍, കൂമന്‍ ഒക്കെ മറ്റു എഴുത്തുകാരുടെ ചേര്‍ന്ന് ചെയ്ത സിനിമകള്‍ ആയിരുന്നല്ലോ. മറ്റൊരു എഴുത്തുകാരനുമായി ചേര്‍ന്ന് തിരക്കഥ എഴുതുമ്പോള്‍ അവരുമായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എങ്ങനെയാണ് ഡീല്‍ ചെയ്ത് ഒരു ഫൈനല്‍ ഡ്രാഫ്റ്റ് ലോക്ക് ചെയ്യുന്നത് ?
ത്രില്ലറോ മറ്റേത് സബ്‌ജെക്ടോ ആയിക്കോട്ടെ പുറത്ത് നിന്ന് ഒരു എഴുത്തുകാരന്‍ വരുമ്പോള്‍ സ്വാഭാവികമായും അവിടെ ചര്‍ച്ചകള്‍ ഉണ്ടാവും. ഐഡിയ ക്ലാഷുകള്‍ 100 ശതമാനം ഉണ്ടാവും. പക്ഷേ അതിന്റെ ഗുണം എന്താണെന്നു വച്ചാല്‍ നമ്മള്‍ ഒറ്റയ്ക്ക് എഴുതുമ്പോള്‍ നമ്മുടെ കാഴ്ചപ്പാട് മാത്രമായിരിക്കാം തിരക്കഥയില്‍ വരുന്നത്. പക്ഷെ ഒരാള്‍കൂടി വരുമ്പോള്‍ അവരുടെ ചിന്തകളും കാഴ്ചപ്പാടുകളുമൊക്കെ കൂടി കലര്‍ന്ന ഒരു തിരക്കഥയുണ്ടാവും. മറ്റൊരാളോടൊപ്പം ചേര്‍ന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ ഒരിക്കലും ഈഗോ പാടില്ല. നമ്മള്‍ പറയുന്നത് തന്നെ എടുക്കണമെന്ന് വാശി പിടിക്കരുത്. അവര്‍ പറയുന്നത് നല്ലതാണെന്നു തോന്നിയാല്‍ ഒരു സംവിധായകനെന്ന നിലയില്‍ ഞാനത് സ്വീകരിക്കണം. രാജേഷുമായും കൃഷ്ണകുമാറുമായും വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ആ വൈബ് കിട്ടിയിരുന്നു. ഇനിയും അത്തരത്തിലുള്ള ചില പ്രോജക്ടുകള്‍ വരാനുണ്ട്. അതിന്റെ ഡിസ്‌കഷന്‌സ് നടക്കുന്നുണ്ട്.
ദൃശ്യം മറ്റു ഭാഷയിലെ റീമേക്കുകള്‍ കണ്ടിരുന്നോ ? ആ സിനിമകളില്‍ നടത്തിയ മാറ്റങ്ങളെ ഒരു സംവിധായകനും എഴുത്തുകാരനുമെന്ന നിലയില്‍ എങ്ങനെയാണ് നോക്കികാണുന്നത് ?
ഞാന്‍ ചൈനീസ്, സിംഹള ഒന്നും കണ്ടിട്ടില്ല. ഹിന്ദി കണ്ടിരുന്നു. അതില്‍ അവരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ചു അവര്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതില്‍ ചിലത് എനിക്ക് ഇഷ്ടമായി ചിലതിനോട് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. പക്ഷെ അതെല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ, ഒരു സീന്‍ പത്തു സംവിധായകരുടെ കയ്യില്‍ കൊടുത്താല്‍ പത്തു തരത്തിലായിരിക്കും അവര്‍ എടുക്കുക. ഏതാണ് ശരി ഏതാണ് തെറ്റെന്നു നമുക്ക് പറയാന്‍ ആകില്ല. എടുക്കുന്ന ആളുടെ ശരിക്കാണ് അവിടെ പ്രാധാന്യം.
അടുത്തതായി പുറത്തിറങ്ങാനുള്ളത് മോഹന്‍ലാലുമായി വീണ്ടും ഒന്നിക്കുന്ന റാം പാര്‍ട്ട് ഒന്നാണ്. ആ ചിത്രത്തെപ്പറ്റി ഇപ്പോള്‍ എന്തൊക്കെ പങ്കുവെക്കാന്‍ സാധിക്കും ? ചിത്രീകരണം എവിടെവരെ ആയി ?
റാമിന്റെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഇവിടെയും പുറത്തുമായി ഷൂട്ട് ചെയ്യേണ്ട സിനിമയാണ്. യുകെ യിലും മൊറോക്കോയിലും ഷൂട്ട് കഴിഞ്ഞു. ഇനി ട്യുണീഷ്യയിലും ഷൂട്ട് ചെയ്യാനുണ്ട്. കൂടാതെ ഇന്ത്യയിലും കുറച്ചു ഭാഗം ബാക്കിയുണ്ട്. നമ്മള്‍ ഉദ്ദേശിച്ച വേഗത്തില്‍ അത് എക്‌സ്‌ക്യൂട്ട് ചെയ്‌തെടുക്കാന്‍ പറ്റുന്നില്ല. പല കാരണങ്ങള്‍ ഉണ്ട്. പുറത്തു നിന്നുള്ള ഒരുപാടാളുകള്‍ ഈ സിനിമയില്‍ ഉണ്ട് അവരുടെ ലഭ്യത, ലാല്‍ സാറിന്റെ ഡേറ്റ്, അങ്ങനെ കുറെ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് ആ ചിത്രം പതുക്കെ പതുക്കെ നീങ്ങുന്നത്. അന്‍പത് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ട്. അത് കൂടെ തീര്‍ന്നാല്‍ റാം ഫിനിഷാകും. അത് എത്രയും വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
റാം ഒരു ആക്ഷന്‍ സ്‌പൈ ത്രില്ലെര്‍ ആണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുണ്ട്. പണ്ടൊക്കെ സ്‌പൈ, എജന്റ് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു കൗതുകം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എജന്റ് എന്ന വാക്ക് ട്രോളുകള്‍ ഏറ്റുവാങ്ങുകയും, ഒരു കോമഡി ആയി മാറുകയും ചെയ്യപ്പെടുന്നു. റാമിന് അതൊക്കെ ഒരു വെല്ലുവിളിയാകും എന്ന പേടിയുണ്ടോ ?
റാം ഏതുതരം സിനിമയാണെന്ന് ഇപ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എത്ര തവണ വന്ന കഥയാണെങ്കിലും അല്ലെങ്കിലും സിനിമ വിജയിക്കണമെങ്കില്‍ തിയറ്ററിലിരിക്കുന്ന പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിപ്പിക്കണം. പണ്ടൊക്കെ ഒരുപാട് ലവ് സ്റ്റോറീസ് ഇറങ്ങിയിരുന്നില്ലേ എല്ലാം ഹിറ്റ് അല്ലേ. നമ്മളെ ടസ്പര്‍ശിച്ച സിനിമകളെല്ലാം ഓടിയിട്ടുണ്ട്. കഥ എന്ന രീതിയില്‍ ചിലപ്പോള്‍ ഒരു എട്ടോ പത്തോ എണ്ണം കാണും അതുതന്നെയാണ് എല്ലാവരും തിരിച്ചും മറിച്ചും പറയുന്നത്. നമ്മളത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. റാം എങ്ങനത്തെ സിനിമയാണെന്ന് പ്രേക്ഷകര്‍ കാത്തിരുന്നു കാണേണ്ട ഒന്നാണ്.
ത്രില്ലറുകളില്‍ നിന്ന് ഒരു ഴോണര്‍ ഷിഫ്റ്റിന് എന്തെങ്കിലും സാധ്യത ഉടനെ ഉണ്ടാകുമോ ?
ഉറപ്പായും ഉണ്ടാകും. ഇടക്ക് ഞാനൊരു കൊച്ചു സിനിമ ചെയ്തത് തന്നെ അതുകൊണ്ടാണ്. എനിക്ക് തന്നെ ഒരു മാറ്റം തോന്നട്ടെ എന്നതിനുവേണ്ടിയാണ്. ഒരു ഴോണറില്‍ തന്നെ സിനിമ ചെയ്തുകൊണ്ടിരുന്നാല്‍ നമുക്ക് മടുപ്പ് അനുഭവപ്പെടും. അതിനായുള്ള ചില നീക്കങ്ങള്‍ നടക്കുന്നുണ്ട് ചില കഥകളും ഞാന്‍ അതിനായി വര്‍ക്ക് ചെയ്യുന്നുണ്ട്. അത് എന്തായാലും സംഭവിക്കും.