Filmy Features

400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ, 'ലൗലി'ക്ക് ശബ്ദമായി എത്തുന്നത് ഉണ്ണിമായ പ്രസാ​ദ് - ദിലീഷ് കരുണാകരൻ അഭിമുഖം

ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ചിത്രമാണ് 'ലൗലി' എന്ന് സംവിധായകൻ ദിലീഷ് കരുണാകരൻ. രാജമൗലി ചിത്രം ഈഗയിൽ ഈച്ച നായകനാണെങ്കിൽ ലൗലിയിൽ ഈച്ച നായികയാണ്. ചിത്രത്തിൽ ലൗലിക്ക് ശബ്ദം നൽ‌കിയിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. മാത്യുവിന്റെ കഥാപാത്രമായ ബോണിയുടെ ജിവിതത്തിലേക്ക് ഒരു ഈച്ച കടന്നു വരുന്നതും പിന്നീടുള്ള ഇരുവരുടെയും യാത്രയുമാണ് ചിത്രമെന്നാണ് ദിലീഷ് പറയുന്നത്. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ലൗലി തീർച്ചായും തിയറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്ന ഒരു സിനിമയാണെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പറഞ്ഞു.

ഈ​ഗയിലെ ഈച്ച പോലെ മലയാളത്തിൽ ലൗലി

ലൗലി ഒരു ഫീൽ ​ഗുഡ് സിനിമയാണ്. ഈ​ഗയിൽ നമ്മൾ കാണുന്നത് പോലെയുള്ള ഒരു ഈച്ചയാണ് ഇതിൽ. ആ സിനിമയിലെ ഈച്ച ആണാണെങ്കിൽ ഇവിടെ പെണ്ണാണ്. സംസാരിക്കുന്ന ഈച്ചയാണ് ലൗലി. ഉണ്ണിമായ പ്രസാദാണ് ലൗലിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ഒരു ഫാന്റസി വേൾഡാണ് ലൗലിയുടേത്. ഒരു സെമി ഫാന്റസി കഥയാണ് ഈ സിനിമ. ഭുതം പ്രേതം എന്നൊക്കെ പറയുമ്പോലെയുള്ള ഒരു രീതിയല്ല നമ്മുടെ കഥ, യഥാർത്ഥ ലോകത്തേക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രം വന്നാൽ എങ്ങനെയിരിക്കും എന്നൊരു ഫാന്റസി എലമെന്റാണ് ഈ ചിത്രത്തിലുള്ളത്.

പ്രണയ കഥ അല്ല സൗഹൃദമാണ് ലൗലി

ഈച്ചയുടെ കണ്ണിലൂടെയുള്ള സിനിമയല്ല ലൗലി, ബോയ് മീറ്റ്സ് എ ഫ്ലൈ എന്നു പറയുന്നത് പോലെയൊരു കോൺസെപ്റ്റാണ് ഈ സിനിമ. ബോയ് മീറ്റ്സ് എ ​ഗേൾ എന്നതാണെല്ലോ ഒരു ലവ് സ്റ്റോറി. ഇതൊരു പ്രണയ കഥയല്ല, സൗഹൃദ കഥയാണ്. മലയാളത്തിൽ വന്ന 'ഓഫാബി' ഒരു ഹൈബ്രിഡ് സിനിമയായിരുന്നു. ഒരു ആനിമേറ്റഡ് ക്യാരക്ടറിനൊപ്പം ലൈവ് ആക്ഷനും ചേരുന്നതായിരുന്നു ആ ചിത്രം. ലൗലിയും അങ്ങനെ തന്നെയാണ്. ലൈവ് ആക്ഷൻ പ്ലസ് ആനിമേഷനാണ്. ഒരു നാട്ടിലെ പയ്യനും അവന്റെ ജീവിതത്തിലേക്ക് ഒരു ഈച്ച വരുന്നതുമാണ് ലൗലിയുടെ കഥ. അതിൽ സ്കൂൾ കോളേജ് ജീവിതമൊന്നും വരുന്നില്ല. ഇച്ചയെ കണ്ടുമുട്ടുന്നതും പിന്നീട് ഒരുമിച്ചുള്ള അവരുടെ യാത്രയുമാണ് ഈ കഥ. സിനിമ ഫോക്കസ് ചെയ്യുന്നത് ലൗലിയുടെയും ബോണിയുടെയും ജീവിതമാണ്.

കൺവെർട്ടഡ് 3D ആണ് ലൗലി

ഷോട്ട് ഇൻ 3D യിൽ അല്ല നമ്മൾ സിനിമ ചെയ്തിരിക്കുന്നത്. കൺവെർട്ടഡ് 3D യാണ് ചിത്രം. ലൗലി 3D ആക്കാം എന്ന പ്ലാൻ ആ​ദ്യം മുതൽക്കേ ഉണ്ടായിരുന്നൊരു പ്ലാൻ അല്ല. പോസിബിളിറ്റിയുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ വർക്ക് എല്ലാം കഴിഞ്ഞതിന് ശേഷമാണ് ഇതിന് ഒരു ഫുൾ 3D പോസിബിളിറ്റിയുണ്ടായത്. അങ്ങനെയാണ് 3D യിലേക്ക് കൺവെർട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. ലൗലി എന്ന ആനിമേറ്റഡ് കഥാപാത്രം 45 മിനിറ്റോളം സിനിമയിൽ ഉള്ളതുകൊണ്ടു തന്നെ 3D ആയി കൺവെർട്ട് ചെയ്യാനുള്ള ടെസ്റ്റ് എല്ലാം ഒക്കെയായിരുന്നു. അതുകൊണ്ട് നമ്മൾ കൺവെർട്ട് ചെയ്തു എന്നു മാത്രം. അതാണ് കുറച്ചു കൂടി നല്ല മെത്തേഡ് എന്നു തോന്നി. 3D ആയി ഷൂട്ട് ചെയ്യുന്നതു വെച്ചു നോക്കിയാൽ കോസ്റ്റ് അടക്കം കൺവെർട്ടഡ് 3D യ്ക്ക് ഒരുപാട് വ്യത്യസമുണ്ട്.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാനത്തിലേക്ക്

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ സംഭവിച്ച ഇടവേളയാണ്. പറ്റിയൊരു സബ്ജക്ട് കിട്ടിയത് ഇപ്പോഴാണ്. ഈ സിനിമയുടെ കഥ എന്റെ ഒരു സുഹൃത്തിന്റെയാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഞാനാണ്.

ആഷിക് അബുവിനെക്കുറിച്ച്

ആഷിക് അബുവുമായി ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു സിനിമാറ്റോ​ഗ്രാഫർ എന്ന തരത്തിൽ അ​ദ്ദേഹത്തിന്റെ മികച്ച വർക്കായിരുന്നു ലൗലിയിൽ. DOP യുടെയും ആനിമേഷൻ ഡയറക്ടറുടെയും തുടങ്ങി ഒരു മുഴുവൻ ടീമിന്റെയും വ്യക്തമായ സപ്പോർട്ട് കാരണമാണ് നമുക്ക് ഇങ്ങനെയൊരു സിനിമയിലേക്ക് എത്താൻ സാധിച്ചത്. ഒരു ആനിമേഷൻ ടീം ഈ സിനിമയിൽ നമുക്കൊപ്പമുണ്ടായിരുന്നു എന്ന കാര്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ സബ്ജക്ടിനെ കൃത്യമായി വിലയിരുത്താൻ കഴിഞ്ഞൊരു ടീം നമുക്ക് ഉള്ളതുകൊണ്ടാണ് ഇത്രയും ദിവസത്തിനുള്ളിൽ ഈ ഒരു പോസിബിളിറ്റിയിലേക്ക് സിനിമയെ എത്തിക്കാൻ സാധിച്ചത്. 400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ തന്നെ വേണ്ടി വന്നിരുന്നു ഈ ചിത്രത്തിന്.

തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് ലൗലി

3D ആണെന്നത് നമ്മൾ ഇപ്പോൾ അനൗൺസ് ചെയ്തുവെന്ന് മാത്രമേയുള്ളൂ. ട്രെയ്ലറും പാട്ടുകളുമൊക്കെ ഇനിയും വരാനുണ്ട്. തീർച്ചയായിട്ടും പ്രേക്ഷകർക്ക് ഒരു തിയറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന ഒരു സിനിമയായിരിക്കും ലൗലി. അതുകൊണ്ട് കൂടിയാണ് ലൗലിയെ 3D യിലേക്ക് കൺവെർട്ട് ചെയ്യാൻ തീരുമാനിച്ചതും. 3D യിലേക്ക് വരുമ്പോൾ പ്രേക്ഷകന് കുറേക്കൂടി കഥയിലേക്ക് മുഴുകാൻ സാധിക്കും. ഈച്ച എന്നത് ചെറിയ ഒരു സാധനമായതുകൊണ്ടു തന്നെ അതിന്റെ വലിപ്പമില്ലായ്മ നമുക്ക് അടുത്ത് കാണാൻ പറ്റും. അതുകൊണ്ട് തന്നെ പ്രേക്ഷകനുമായി സംവദിക്കാൻ ഈ ടെക്നോളജി ഉപകാരപ്പെടുമെന്ന് തോന്നി. പലപ്പോഴും നമ്മൾ ഈ ടെക്നോളജിയെ സിനിമയിലേക്ക് ഉപയോ​ഗിക്കാത്തത് സബ്ജക്ടിന് ഇണങ്ങുന്നില്ലെന്നതു കൊണ്ടാകാം. ലൗലിയിൽ എന്തുകൊണ്ടോ ഇത് മാച്ചായി വന്നു.

എന്നാണ് റിലീസ്?

കൃത്യമായ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. എങ്കിലും ജനുവരി ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തും.

സൂക്ഷ്മദർശിനി ഹിച്ച്കോക്കിനുള്ള ഒരു ഹോമേജ് എം സി ജിതിൻ അഭിമുഖം

നടൻ മേഘനാഥന് വിട

സെക്കന്റുകൾക്കുള്ളിൽ നിറം മാറുന്ന മനുഷ്യരുള്ള ഇക്കാലത്ത് ഇനിയെങ്ങനെ ഒരാളെ വിശ്വസിക്കും? | Joseph Annamkutty Jose Interview

20 പരിപാടികള്‍ക്ക് ഒരേ സമയം ആതിഥേയത്വം, ദുബായ് എക്സിബിഷന്‍ സെന്‍റർ ഒരുങ്ങുന്നു

കോമഡി ഉണ്ട്, ഹൊറർ ഉണ്ട്, ഫാന്റസി ഉണ്ട്; ഹലോ മമ്മി നാളെ മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT