Filmy Features

ഡാന്‍സിംഗ് റോസ്: അഭിനയം കലയാകുമ്പോള്‍

പാ.രഞ്ജിത് സംവിധാനം ചെയ്ത സാര്‍പട്ടാ പരമ്പരയിലെ 'ഡാന്‍സിങ് റോസ്' എന്ന കഥാപാത്രവും അഭിനയശൈലിയും ചര്‍ച്ചയാകുമ്പോള്‍ മുന്‍നിര തിയറ്റര്‍ പ്രവര്‍ത്തകനും, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയവിഭാഗത്തിന്റെ തലവനും എംജി ജ്യോതിഷ് എഴുതുന്നു

സാര്‍പട്ടാ പരമ്പരയിലെ ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച 'ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തിന്റെ അവതരണം അടുത്തകാലത്ത് കണ്ടിട്ടുള്ള ഏറ്റവും ശക്തമായ പെര്‍ഫോമന്‍സുകളില്‍ ഒന്നാണ്. ക്യാമറയ്ക്ക് മുന്‍പില്‍ എത്തുമ്പോള്‍ അഭിനേതാക്കളെ ഭരിക്കുന്ന ഏറ്റവും വലിയ ചിന്ത 'ഓവര്‍ ആക്റ്റിങ്' ആവുമോ എന്നുള്ളതാണ്. പലപ്പോഴും അഭിനേതാക്കള്‍ക്ക് മുന്നില്‍ സംവിധായകര്‍ ഒരു പേടിസ്വപ്നമായി മാറുന്നതും ഇതേ കാരണത്താലാണ്. കാരണം പലപ്പോഴും സംവിധായകര്‍ അഭിനയകലയെ/ആക്ടറെ വിലയിരുത്തുന്നത് ആക്ടിംഗ് അല്ലെങ്കില്‍ ഓവര്‍ ആക്ടിംഗ് എന്ന ഏക മാനദണ്ഡത്തിനൊപ്പമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഭിനയം എന്ന കല ഈ 'ഓവര്‍ ആക്റ്റിങ്ങ്' എന്ന ഒറ്റ മാനദണ്ഡത്തിലേക്ക് ചുരുക്കപ്പെടുകയാണ്.പ്രത്യേകിച്ച് സിനിമാഭിനയം.

എന്താണ് ഓവര്‍ ആക്ടിങ്, അണ്ടര്‍ ആക്ടിംഗ് എന്നിവയുടെ മാനദണ്ഡങ്ങള്‍. പലര്‍ക്കും വ്യക്തമല്ല എന്നതാണ് വാസ്തവം. മനുഷ്യരുടെ നിത്യജീവിതത്തിലെ പെരുമാറ്റങ്ങള്‍ക്ക് ഒരു പൊതു മാനദണ്ഡം കല്‍പിക്കാനോ ഒരു പൊതുവായ ഒരു 'മീറ്ററിന്റെ' പരിധിക്കുള്ളില്‍ കൊണ്ടു വരാനോ കഴിയുകയില്ല എന്നിരിക്കെ കലയില്‍ ഇത് സാധ്യമാകുന്നതെങ്ങനെയാണ്. ഒരാളുടെ വിഷമം മറ്റൊരാള്‍ക്ക് ഓവറായി തോന്നാം. മറ്റൊരാളുടെ ചിരിയും സന്തോഷപ്രകടനത്തിന്റെ കാര്യവും അങ്ങനെ തന്നെ.

ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രമായി ഷബീര്‍ കല്ലറക്കല്‍

കാല ദേശാ ഭാഷാ സംസ്‌കാരങ്ങളുടെ വ്യത്യാസത്തില്‍ മനുഷ്യരുടെ പെരുമാറ്റങ്ങള്‍ക്കും പൊതു സ്വഭാവത്തിനും,രീതികള്‍ക്കും വ്യത്യാസം വരും. ഈ വ്യത്യാസങ്ങളുടെ സൂക്ഷ്മതയില്‍ ആണ് യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്. അവയെ സൂക്ഷ്മമായും കലാപരമായും അടയാളപ്പെടുത്തുമ്പോഴാണ് യഥാതഥ അഭിനയ ശൈലി കലയായി മാറുന്നത്. ജീവിതത്തെ അതേപടി അനുകരിക്കുന്നതല്ല കല , ജീവിതത്തിന്റെ കലാപരമായ പുന:സൃഷ്ടിയാണ് കലയില്‍ നടക്കേണ്ടത്.

പാ രഞ്ജിത്തിന്റെ 'സാര്‍പെട്ട പരമ്പരൈയിലെ അഭിനയ ശൈലി കുറച്ച് 'ഓവര്‍' തന്നെയാണ് പക്ഷെ അത് ആര്‍ക്കാണ് ഓവര്‍ എന്നതില്‍ മാത്രമാണ് സംശയം. സാധാരണ 'മീറ്ററിനുള്ളില്‍' അത് പെടുകയില്ല. അതിന്റെ ആവശ്യവുമില്ല. ഈ ചിത്രത്തെ കേവല വിശ്വസനീയതയ്ക്ക് അപ്പുറം 'അഭിനയത്തെ ' അനുഭവമാക്കി മാറ്റിയതും ഒരു ദേശത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ആ വികാരത്തള്ളിച്ചയില്‍ സത്യസന്ധമായി പങ്കുചേര്‍ത്ത് കൊണ്ടാണ് പാ.രഞ്ജിത് അത് സാധിച്ചെടുത്തിരിക്കുന്നത്.

അവര്‍ 'അഭിനയിക്കുകയല്ല' മറിച്ച് ഒരു ജന വിഭാഗത്തിന്റെ തനിമയുടെ സ്വത്വം വെളിപ്പെടുത്തുകയാണ്. സിനിമയിലെ ഓരോ നടീനടന്‍മാരുടെയും പെരുമാറ്റം കാണുമ്പോള്‍ നമുക്ക് ഒരു കാര്യം കൂടി ബോധ്യമാകും. ഒരു കാലത്തെയും ദേശത്തെയും ഭാഷയേയും, സംസ്‌കാരത്തെയും എത്ര സൂക്ഷ്മമായാണ് അവര്‍ അടയാളപെടുത്തുന്നതെന്ന്.

ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രമായി ഷബീര്‍ കല്ലറക്കല്‍

മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും എത്ര വൈവിധ്യമാര്‍ന്നതാണ് എന്നത് ഈ സിനിമയിലെ അഭിനയശൈലിയിലൂടെ പാ.രഞ്ജിത് കൃത്യമായി അടയാളപ്പെടുത്തുന്നു. പുതിയ തമിഴ് സിനിമകള്‍ കാണുമ്പോള്‍ പഴയ കാലത്ത് നിന്നും ഒരു പാട് മാറി ഇപ്പോള്‍ അഭിനയവും കഥാപാത്രങ്ങളോടുള്ള സമീപനവും വളരെ സ്വാഭാവികമായി മാറിയിട്ടുണ്ട് എന്ന് പലരും പറയാറുണ്ട്. തമിഴ് സിനിമയിലെ കഥാപാത്രങ്ങള്‍ 'ഒരു ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗ' പൊതു പെരുമാറ്റ രീതിയിലേക്കും പെരുമാറ്റച്ചട്ടങ്ങളിലേക്കും ചുരുങ്ങിയതിനെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നതെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.

തമിഴ് നാട്ടിലെ ഗ്രാമീണ മനുഷ്യരുടെ പെരുമാറ്റവും രീതികളും മലയാളികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നാണ് എനിക്ക് നേരിട്ടനുഭവപ്പെട്ടിട്ടുള്ളത്. തമിഴര്‍ പൊതുവെ കുറച്ച് ഓവറാണ് എന്ന് മുന്‍വിധി മലയാളി മധ്യവര്‍ഗ ബോധത്തിന്റെ വംശീയയതിലൂന്നിയ പ്രതികരണങ്ങളിലും ( പാണ്ടി നിറം, പാണ്ടിപ്പടം പാണ്ടി ലോറി)കാണാം. തമിഴ് നടീനടന്‍ മാരുടെ അഭിനയം വളരെ 'ഓവറായിരുന്നു' എന്നും ഇപ്പോള്‍ ശരിയായി വരുന്നുണ്ട് എന്ന മട്ടിലുള്ള പ്രതികരണം പതിവാകുന്നത് അതുകൊണ്ടാണ്. പൊതുബോധത്തിന് മുന്നിലുള്ള 'പെരുമാറ്റച്ചട്ടങ്ങളിലെ' സ്വാഭാവിക-അസ്വാഭാവികതകള്‍ ആരാണ് തീരുമാനിക്കേണ്ടത്. ഏതാണ് മികച്ചതും വിശ്വസനീയവുമായ പെരുമാറ്റം?. എന്താണ് വിശ്വസനീയവും മികച്ചതുമായ അഭിനയത്തിന്റെ 'മീറ്റര്‍'. ഇതൊക്കെ നിശ്ചയിക്കുന്നതും തീരുമാനിക്കുന്നതും എങ്ങനെയാണ്. ആരാലാണ് അവ തീരുമാനിക്കപ്പെടേണ്ടത്? എന്തായാലും മുന്‍വിധികളോടെയുള്ള ഈ ചോദ്യങ്ങളെയും മീറ്ററുകളെയും പാ.രഞ്ജിത്തിന്റെ 'സാര്‍പട്ടാ പരമ്പര ' പൊളിച്ചെഴുതുകയാണ് ഒപ്പം പൊതുബോധ 'സ്വാഭാവികതയെ' വെല്ലുവിളിക്കുകയും ചെയ്യുന്നു. സാര്‍പട്ടാ പരമ്പരയിലെ ഓരോ നടീനടന്മാരും ആ വെല്ലുവിളിയുടെ നേര്‍ക്കാഴ്ചയാണ്.

ജ്യോതിഷ്.എം.ജി

സാര്‍പട്ടാ പരമ്പരയിലെ ഡാന്‍സിംഗ് റോസിന്റെ പെര്‍ഫോര്‍മന്‍സ് അഭിനയ കലയില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായത് എന്തുകൊണ്ടാണ്.

കഥാപാത്രത്തിന്റെ സവിശേഷ സ്വഭാവങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ ശക്തമായ ഒരു demonstrative performance oriented ആയ ശൈലിയില്‍ വിദഗ്ധമായി ഷബീര്‍ കല്ലറക്കല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പൊതുവെ ഇന്ത്യന്‍ സിനിമയില്‍ ഇത്തരം പെര്‍ഫോമന്‍സ് ശൈലികള്‍ അപൂര്‍വ്വമാണ്. നടന്മാരെ പെര്‍ഫോമര്‍, നടന്‍ എന്ന് വേര്‍തിരിക്കാമെങ്കില്‍ ഒരു ശൈലി ഫിക്‌സ് ചെയ്ത് വെക്കുകയും ആ ശൈലി തന്നെ നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്ന ഉപരിവിപ്ലവമായ പെര്‍ഫോര്‍മന്‍സ് ശൈലികളാണ് പൊതുവേ നമ്മള്‍ കണ്ടിട്ടുള്ളത്.

എന്നാല്‍ demonstrative ആയിട്ടുള്ള ഒരു ശൈലി സ്വീകരിക്കുമ്പോഴും കഥാപാത്രത്തിന്റെ മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ നിലനിര്‍ത്തുമ്പോഴാണ് അത് കലാപരമായ ഒരു അവതരണമായി മാറുന്നത്. ഡാന്‍സിംഗ് റോസ്/ ഷബീര്‍ വിജയിച്ചത് അവിടെയാണ്. ഷബീര്‍ കല്ലറക്കല്‍ എന്ന നടന്‍ ഡാന്‍സിങ് റോസിലൂടെ യഥാതഥ അഭിനയത്തിന് പെര്‍ഫോമന്‍സ് സാധ്യതകളുടെ വലിയ ഒരു ഇടം തുറന്നിടുകയാണ്. കേവലം പെരുമാറ്റം എന്നതിനപ്പുറം സ്വാഭാവിക അഭിനയത്തിന് പെര്‍ഫോമന്‍സിന്റെ സാധ്യതകളിലേക്ക് ഉള്ള സാധ്യത കൂടിയാണ് ഈ കഥാപാത്രത്തിലൂടെ/ അഭിനേതാവിലൂടെ സംഭവിക്കുന്നത്. കാരണം അഭിനേതാവിന്റെ അഭിനയത്തിന്റെ അളവ് എത്ര കൂടിയാലും, കുറഞ്ഞാലും അത് നടന്‍ ബോധപൂര്‍വ്വം പെര്‍ഫോം ചെയ്യുക തന്നെയാണ് ചെയ്യുന്നത്.

ഡാന്‍സിംഗ് റോസിനെ അവതരിപ്പിച്ച ഷബീര്‍ കല്ലറക്കല്‍

ഇന്ത്യന്‍ റിയലിസം വെസ്റ്റേണ്‍ റിയലിസമല്ല അത് വൈവിധ്യങ്ങളുടെ ദേശകാല ഭാഷാ സംസ്‌കാരത്തെ അടയാളപ്പെടുത്തേണ്ടുന്ന ഒന്നാണ്. സംസ്‌കാരത്തിലും ജീവിതശൈലിയിലും വൈവിധ്യതകളുള്ള ജനസമൂഹത്തിന്റെ ശൈലികളെയും സ്വത്വത്തെയും അത് നിര്‍ബന്ധമായും അടയാളപ്പെടുത്തുകയും വേണം. അപ്പോള്‍ മാത്രമേ 'റിയലിസം' 'റിയലിസ്റ്റിക്' ആവുകയുള്ളൂ.

ആരാണ് ഈ നടനെന്ന് അന്വേഷിച്ചപ്പോള്‍ ചെന്നൈയിലെ ഒരു 'നാടകക്കാരന്‍' എന്നറിഞ്ഞതില്‍ അതിലും വലിയ സന്തോഷം. ഓവര്‍ ആക്ടിംഗും നാടകവും ആണ് സിനിമാഭിനയത്തിന്റെ ശത്രുക്കള്‍ എന്ന് ധരിക്കുന്നവര്‍ക്ക് ഡാന്‍സിംഗ് റോസും ഷബീര്‍ കല്ലറക്കലും മറുപടിയാണ്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT