Filmy Features

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മന്ദാകിനി. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.തന്റെ സുഹൃത്തിന്റെ നാട്ടിൽ നടന്ന രസകരമായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് വിനോദ് ലീല ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, വിനീത് തട്ടിൽ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത അഞ്ച് സംവിധായകർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ്. എല്ലാവരുടെയും വേറിട്ട പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക എന്നും വിനോദ് പറയുന്നു. സിനിമയിലെ പ്രധാനകഥാപത്രത്തിനായി അൽത്താഫിനെയല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു എന്ന് വിനോദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മൊബൈൽ ഫോണിൽ ഷോർട്ട് ഫിലിമുകൾ എടുത്ത് കഥപറച്ചിലിലേക്ക്

സിനിമകൾ കാണുമ്പോൾ ഇന്സ്പെയേഡ് ആയി, നമ്മുടെ ഉള്ളിലും കഥകളുണ്ടാകാറില്ലേ? എനിക്കും ആളുകളുമായി വിഷ്വലി കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന അതിയായ ആഗ്രഹം ഉണ്ടായി വന്നു. അങ്ങനെ ഷോർട്ട് ഫിലിം ചെയ്യാൻ ശ്രമിച്ചു നോക്കാം എന്നു തോന്നി. അങ്ങനെയാണ് ആദ്യ ഷോർട്ട് ഫിലിം ചെയ്യുന്നത്.

ആദ്യകാലങ്ങളിൽ എങ്ങനെയാണ് സിനിമ ചെയ്യുക എന്നതിനെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. സിനിമ ചെയ്യണം എന്നാഗ്രമുണ്ടായിരുന്നു. ആദ്യം മൊബൈലിൽ ഷൂട്ട് ചെയ്തു, പിന്നെ ക്യാമറ വാടകയ്ക്ക് എടുത്ത് ചെയ്തു. പക്ഷെ എന്റെ ചുറ്റും മേക്കിങ്ങിനെ പറ്റി അറിവുണ്ടായിരുന്ന ആരുമില്ലായിരുന്നു. ഒരുപാട് പേരോട് ഇതന്വേഷിച്ച് നടന്നിട്ടുണ്ട്. ശേഷമാണ് തൃശ്ശൂർ ചേതനയിൽ പഠിക്കാൻ പോയത്.

ഷോർട്ട് ഫിലിമുകളും അംഗീകാരങ്ങളും

ബഡ്ജറ്റ് ലാബ് എന്ന ഷോർട്ട് ഫിലിംസ് നിർമ്മിക്കുന്ന കമ്പനി കഥകൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഞാൻ അതിലേക്ക് ഒരു കഥയയച്ചു, അത് തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് പീനാറി എന്ന ഷോട്ട് ഫിലിം ഉണ്ടാകുന്നത്. എന്റെ സുഹൃത്തുക്കളും നാട്ടുകാരും തന്നെയാണ് അതിൽ അഭിനയിച്ചത്. നാട്ടുകാർ എഴുപതോളം പേർ പീനാറിയുലുണ്ട്.

പിന്നെ കൊവിഡ് കാലത്ത് ഒന്നും ചെയ്യാൻ കഴിയാതെയായ സമയത്താണ്‌ 'ഗോഡ് ഓഫ് സ്മോൾ തിങ്‌സ്' എന്ന ഷോർട്ട് ഫിലിം ചെയ്യുന്നത്. എന്റെ പെങ്ങളുടെ മകനും അപ്പുറത്തെ വീട്ടിലെ കുട്ടിയുമായിരുന്നു അതിൽ അഭിനയിച്ചത്. അതിന് ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചു. ആ വർഷത്തെ ഐഡിഎസ്കെ-യിൽ പ്രദർശിപ്പിച്ചു. പിന്നീട് ചെയ്ത ഓൺ ദി സ്റ്റേജ് എന്ന ഹ്രസ്വചിത്രവും ഐഡിഎസ്എഫ്കെയിലെത്തി.

എന്റെ കുട്ടിക്കാലാനുഭങ്ങൾ ഒക്കെ തന്നെയാണ് എന്റെ സിനിമകൾ. ഞാൻ കണ്ട കാഴ്ചകൾ തന്നെയാണ് ആ സിനിമകൾ. കുട്ടിക്കളെക്കുറിച്ച് സിനിമ ചെയ്യാനാണ് എനിക്കിഷ്ടം.

മന്ദാകിനിയിലേക്ക്

എന്റെ സുഹൃത്താണ് ഈ ചിത്രത്തിൻറെ ഡിഒപി ഷിജു എം ഭാസ്കർ. ഇത് പോലെ ഒരു ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റിൻറെ നാട്ടിൽ സംഭവിച്ചൊരു കഥയാണ് മന്ദാകിനി. അതിന് ഒരു സീൻ ഓർഡർ ഉണ്ടാക്കി, സ്ക്രീൻപ്ലെ ആക്കി കൊണ്ട് വന്നപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മന്ദാകിനി സംഭവിച്ചത്. ചിത്രത്തിന്റെ കഥ ഷിജുവിന്റേയും അദ്ദേഹത്തിന്റെ അസിസ്റ്റൻഡ് ഷാലുവിന്റേതുമാണ്.

പീനാറിയിൽ ആണെങ്കിലും ഒരു നാട്ടുമ്പുറവും, ആളുകളും, കല്യാണവും ഒക്കെയാണ്. ഈ കഥയിലും അങ്ങനെ ലൈവ് ആയുള്ള കുറെ സംഭവങ്ങളുണ്ട്. അതെനിക്ക് വളരെ ഇന്ററസന്റിങ് ആയി തോന്നി. എനിക്ക് കണക്റ്റ് ചെയ്യാൻ കഴിയുന്ന സബ്ജക്ട് ആയിരുന്നു.

ആദ്യമായൊരു സിനിമ ചെയ്യുമ്പോൾ ഫുൾ എന്റർടൈന്മെന്റ് ആയിരിക്കണം, ആളുകൾക്ക് എൻജോയ് ചെയ്ത് ഇറങ്ങിപ്പോകാവുന്ന ഒരു സിനിമയാകണം അത് എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ മന്ദാകിനി ത്രൂ ഔട്ട് ഹ്യൂമർ ആണ്. എന്റർടൈന്മെന്റ് ആണ്.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, വിനീത് തട്ടിൽ പിന്നെ നാല് സംവിധായകരും

ഒരുപാട് ഫ്രഷ് ആയ പെർഫോർമൻസസ് ഉണ്ട് ഈ സിനിമയിൽ. ഇവരൊക്കെ മുൻപ് ചെയ്ത കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമാണത്. വിനീത് തട്ടിൽ മുൻപ് ചെയ്ത സിനിമകളായി ഒരു ബന്ധവുമില്ല. അനാർക്കലി ആണെങ്കിലും, അൽത്താഫ് ആണെങ്കിലും ഒക്കെ മറ്റൊരു തരത്തിലുള്ള പെർഫോമൻസ് ആണ്. ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.

തിരക്കഥ എഴുതിവരുമ്പോഴേ ആരോമലും, അമ്പിളിയും ഇവരാണ് എന്ന് തോന്നിയിരുന്നു. നിർമ്മാതാവിനോട് സംസാരിക്കുമ്പോഴും ഇതേ കോമ്പിനേഷൻ വേണം എന്നാണ് പറഞ്ഞത്. ആരോമലിന് അൽത്താഫിന്റെ രൂപമാണ് എന്റെ മനസ്സിൽ. സീരിയസ് ടോപിക് ആണ്, അത് ത്രൂ ഔട്ട് ഹ്യൂമർ ആയി സിനിമയെ കൊണ്ട് പോകണം ആരോമൽ. ആ കഥാപാത്രത്തിലേക്ക് അൽത്താഫ് അല്ലാതെ വേറെ ഒരു ഓപ്ഷൻ എന്ന് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും.

പെർഫോമൻസ് ഡ്രിവൺ കാരക്ടർ ആണ് അനാർക്കലിയുടേതും. സാധാരണ കാണുന്ന ഒരു നായികാസങ്കല്പമല്ല. വളരെ ബോൾഡ് ആയ സ്ത്രീകഥാപാത്രങ്ങളുള്ള സിനിമയാണ്. അങ്കമാലിയിലാണ് കഥ നടക്കുന്നത്. കൊച്ചി എയർപോർട്ട് സിനിമയിൽ ഒരു കഥാപാത്രമാണ്. വിനീത് തട്ടിൽ, കുട്ടി അഖിൽ, അശ്വതി ശ്രീകാന്ത്, രശ്മി അനിൽ, ജാഫർ ഇടുക്കി, അഖില നാഥ് തുടങ്ങി എല്ലാവരും തന്നെ നന്നായി ചെയ്തിട്ടുണ്ട്.

മറ്റൊരു കാര്യം ഇതിൽ അഞ്ച് സംവിധായകർ അഭിനയിച്ചിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, ലാൽ ജോസ്, അൽത്താഫ് സലീം, അജയ് വാസുദേവ് എന്നിവർ ചിത്രത്തിലുണ്ട്.

വീണ്ടുമൊരു കല്യാണ സിനിമയെന്നത് ചലഞ്ച് ആയിരുന്നോ?

കല്യാണ സിനിമയെന്നത് ചലഞ്ച് ആയിരുന്നില്ല എനിക്ക്. കാരണം എനിക്കത് ഇഷ്ടമാണ്. പിന്നെ ഇത് ത്രൂ ഔട്ട് കല്യാണ സിനിമയല്ല. സെക്കൻഡ് ഹാഫ് മുതൽ ഒരു ട്രാവൽ മൂവി പോലെയാണ്. ഒരു കല്യാണം മുതൽ പിറ്റേന്ന് പകൽ വരെയുള്ള കഥയാണ് സിനിമ. 32 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. എൺപത് ശതമാനം രാത്രി തന്നെയാണ്. അതായിരുന്നു ഞങ്ങളുടെ ചലഞ്ച്.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച സഞ്ജു എസ് ഉണ്ണിത്താൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അൽത്താഫിനെ നായകനാക്കി ഒരു കഥ കൊണ്ട് പോകുമ്പോൾ ആശങ്കയുണ്ടായിരുന്നു. പക്ഷെ നമ്മുടെ പ്രൊഡ്യൂസർ എന്തൊക്കെ വന്നാലും അൽത്താഫ് തന്നെ നായകനായി സിനിമയാകും എന്ന് പറഞ്ഞു. ഞാൻ മനസ്സിലാക്കുന്നത് നല്ല സിനിമകൾ ഉണ്ടാകുന്നത് നല്ല പ്രൊഡ്യൂസർ കൂടെ വരുമ്പോഴാണ്. സഞ്ജു ഉണ്ണിത്താൻ പറഞ്ഞത് താൻ ഇതിൽ നിന്ന് ലാഭമുണ്ടാകണം എന്നല്ല ആഗ്രഹിക്കുന്നത്, നല്ല ഒരു സിനിമ ഉണ്ടായി കാണണം എന്നാണ്.

എതിരാളി സ്ത്രീയാണെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്വകാര്യ ജീവിതമോ? 10 കോടിയിൽ തീരുന്നതാണോ നയൻതാര ധനുഷിനെതിരെ ഉന്നയിക്കുന്ന പ്രശ്നം?

മമ്മൂട്ടി-മോഹൻലാൽ ചിത്രം ശ്രീലങ്കയിൽ

24 മണിക്കൂറിനകം ദൃശ്യങ്ങൾ നീക്കം ചെയ്യണം, അല്ലാത്ത പക്ഷം നഷ്ടപരിഹാരം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരയോട് വീണ്ടും ധനുഷിന്റെ ലീ​ഗൽ ടീം

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

SCROLL FOR NEXT