1994ൽ ഇറങ്ങിയ 'നമ്മവർ' എങ്ങനെ 'മാസ്റ്ററി'ന്റെ പ്രീക്വൽ ആവുന്നു എന്ന് നോക്കാം. 'കൈതി' എങ്ങനെ 'മാസ്റ്ററി'ന്റെ സീക്വൽ ആവുന്നു എന്ന് എഴുതിയിരുന്നു . അങ്ങനെ നമ്മവർ-മാസ്റ്റർ-കൈതി ഒരു ട്രിലജി ആയി visualize ചെയ്യാൻ ഒരു രസമുണ്ട്
1982ല്‍ ആണ് 'ക്ലാസ് ഓഫ് 84' എന്ന കനേഡിയൻ സിനിമ റിലീസാവുന്നത്. ക്രൈം ത്രില്ലര്‍ ഴോനറില്‍ പെടുത്താവുന്ന അങ്ങേയറ്റം വയലന്റ് ആയ ഈ സിനിമ പറയുന്നത് തെമ്മാടികളായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു ഹൈസ്ക്കൂളില്‍ പുതിയതായി എത്തുന്ന സംഗീത അധ്യാപകന്‍ നേരിടുന്ന വെല്ലുവിളികളുടെ കഥയാണ്. വൈകാതെ ഈ സിനിമയ്ക്ക് ഒരു കള്‍ട്ട് സ്റ്റാറ്റസ് ഉണ്ടായിവരുന്നുണ്ട്.
പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വി. ആര്‍. ഗോപാലകൃഷ്ണന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച 'ചെപ്പ്' ഇറങ്ങുന്നു. നേരുപറഞ്ഞാല്‍ ക്ലാസ് ഓഫ് 84ലെ പ്രധാനപ്പെട്ട എല്ലാ രംഗങ്ങളും വലിയ മാറ്റങ്ങള്‍ ഇല്ലാതെ അതുപോലെ ഉപയോഗിക്കുന്ന 'ചെപ്പ്' ആ സിനിമയുടെ ഒരു അണ്‍-ഒഫീഷ്യല്‍ റീ-മേക്ക് ആയാണ് പരിഗണിക്കപ്പെടുന്നത്. വലിയ സാമ്പത്തിക്ക ലാഭം നേടിയ ചെപ്പ് അത് അധികരിക്കുന്ന സിനിമയുടെ അടിസ്ഥാന ആശയത്തില്‍ ഒരു പ്രധാനപ്പെട്ട മാറ്റം വരുത്തുന്നുണ്ട് എന്നത് കൗതുകകരമായ സംഗതിയാണ്. കലാലയത്തില്‍ രൂപപ്പെടുന്ന എല്ലാതരം അരാജകപ്രവണതകള്‍ക്കും അഴിമതിക്കും കാരണമായി ചെപ്പ് പ്രതിസ്ഥാനത്ത് നിർത്തുന്നത് കലാലയ രാഷ്ട്രീയത്തെ ആണ്. അധ്യാപകൻ രാമചന്ദ്രന് വിദ്യാർത്ഥിനേതാവും സ്ഥലം എം.പി.യുടെ മകനുമായ രഞ്ജിത്ത് മാത്യൂസുമായി ഉണ്ടാവുന്ന പ്രശ്നങ്ങളിലൂടെയാണ് ചെപ്പിന്റെ കഥ വികസിക്കുന്നത്. കോളേജ് മൈതാനത്തിൽ വെച്ച് നടക്കുന്ന അവസാനത്തെ സംഘർഷത്തിൽ രക്തസാക്ഷിയാവുന്ന രാമചന്ദ്രന്റെ മരണത്തിൽ നിന്നും പക ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ മറ്റൊരു വിദ്യാർത്ഥി രഞ്ജിത്തിനെ കൊലപ്പെടുത്തുന്നിടത്താണ് ചെപ്പ് അവസാനിക്കുന്നത്. ഇവിടെ രാമചന്ദ്രൻ തന്റെ വിദ്യാർത്ഥിയെ തനിക്കൊത്ത എതിരാളിയായിട്ടാണ് കണക്കാക്കുന്നത്. ഇതിൽ നിന്നും കുറച്ചുകൂടെ വിശാലമായ കാഴ്ചപ്പാടാണ് പിന്നീട് ഇതേ ത്രെഡിൽ രൂപപ്പെട്ട വരുംകാല സിനിമകൾ കൈക്കൊണ്ടത് എന്ന് ഇന്നിപ്പോൾ നിരീക്ഷിക്കാൻ സാധിക്കും.
ചെപ്പ് റിലീസായി പിന്നെയും ഏഴ് വര്‍ഷം കഴിഞ്ഞ് ഒരു ദീപാവലിക്കാണ് കമലഹാസൻ മുഖ്യവേഷത്തിൽ എത്തിയ 'നമ്മവര്‍' ഇറങ്ങുന്നത്. മധുര സര്‍ക്കാര്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് യൂണിയന്‍ ചെയർമാനായിരുന്ന, ക്യാമ്പസ് രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ഡോ:സെല്‍വം എന്ന അധ്യാപകന്‍ ഒട്ടും കാര്യക്ഷമമല്ലാതെ നടന്നുപോകുന്ന ഒരു സ്വകാര്യ കോളേജില്‍ അധ്യാപകനായി ചാര്‍ജ് എടുക്കുന്നതും, പതിയെ അയാള്‍ തന്റെ നിലപാടുകളിലൂടെ കുട്ടികളില്‍ സാമൂഹ്യബോധവും രാഷ്ട്രീയചിന്തകളും ഉണ്ടാക്കിയെടുക്കുന്നതും അതുവഴി ആ കലാലയത്തില്‍ അച്ചടക്കം കൊണ്ടുവരുന്നതും ഒക്കെയാണ് ഈ സിനിമയുടെ പ്ലോട്ട്. ക്യാമ്പസ് രാഷ്ട്രീയത്തെ പ്രശ്നവൽക്കരിച്ചുകൊണ്ട് ചെപ്പ് മുന്നോട്ടുവെച്ച പിന്തിരിപ്പന്‍ ചിന്താഗതിയുടെ ആന്റിതിസീസ് ആണ് നമ്മവര്‍. ഇവിടെ ചെപ്പില്‍ നിന്നും വ്യത്യസ്തമായി അധ്യാപകന്‍ തന്നെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥിയെ (കരൺ) തനിക്കൊത്ത എതിരാളി ആയിട്ടല്ല കാണുന്നത്. അവന്‍ അയാളില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ക്ക് അതെ നാണയത്തില്‍ പ്രതികാരം ചെയ്യുകയുമല്ല അയാൾ കൈക്കൊള്ളുന്ന രീതി. വലിയ കുറ്റങ്ങൾ ചെയ്തുകഴിഞ്ഞിട്ടും വിദ്യാർത്ഥി എന്ന പരിഗണനയിൽ അവന് പുതിയൊരു ജീവിതം തുടങ്ങാന്‍ ഉള്ള അവസരങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ് സെൽവം ചെയ്യുന്നത്. അർബുദ രോഗിയായായ സെൽവത്തെ ചികിത്സിക്കാൻ വിദേശത്തേക്ക് കൊണ്ടുപോകുന്നയിടത്താണ് നമ്മവർ അവസാനിക്കുന്നത്. ഇതേ പ്ലോട്ട് മറ്റൊരു രീതിയിൽ ഏതാണ്ട് അതെ വര്‍ഷം ഇറങ്ങിയ 'തലൈവാസല്‍' എന്ന എസ്.പി.ബി. പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയിലും വരുന്നുണ്ട്.
എന്നാൽ ടെർമിനൽ അസുഖം (ചിലപ്പോൾ അർബുദം തന്നെയാവാം) ബാധിച്ച സെൽവത്തിന്റെ ആരോഗ്യ സ്ഥിതി അനുദിനം വഷളാവുന്നു എന്നും അദ്ദേഹത്തെ ചികിത്സിക്കാനായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു എന്നും അവിടെവെച്ചാണ് അദ്ദേഹം മരണപ്പെട്ടത് എന്നുമാണ് ഫൗണ്ടർ വിവരിക്കുന്നത്. ഈ കഥ, നേരുപറഞ്ഞാൽ നമ്മവറുടെ അവസാനഭാഗവുമായി നല്ലവണ്ണം ഒത്തുപോകുന്നതാണ്.
അങ്ങേയറ്റം അരാജകമായ ഒരു പരിതസ്ഥിതിയിൽ എത്തിപ്പെടുന്ന ഒരു പുറമെക്കാരൻ (outsider) പ്രതിസന്ധികൾ അതിജീവിച്ച് ആ സിസ്റ്റം ശരിയാക്കാൻ നടത്തുന്ന ശ്രമങ്ങൾ വലിയ കൊമേഷ്യൽ സാദ്ധ്യതയുള്ള പ്ലോട്ട് ആയതുകൊണ്ട് തന്നെ ഇതേ ത്രെഡ്ഡ് മറ്റു പല പശ്ചാത്തലങ്ങളിലുമായി പലവട്ടം തിരശ്ശീലയിൽ എത്തി. ഇതിൽ 'നമ്മവർ' എന്ന സിനിമയോട് ഏറ്റവും അടുത്തുനിൽക്കുന്ന ചിത്രമാണ് ഈ വർഷം ആദ്യം പുറത്തിറങ്ങിയ 'മാസ്റ്റർ'. ആൾക്കഹോളിക് ആയ ജോൺ ദുരൈരാജ് (ജെ.ഡി.) എന്ന സ്വകാര്യ കോളേജ് അധ്യാപകന്റെ കുത്തഴിഞ്ഞ ജീവിതചര്യകളെ ആഘോഷിച്ച് അവതരിപ്പിച്ച് തുടങ്ങുന്ന സിനിമ വിദ്യാർത്ഥി ആയിരുന്ന കാലത്ത് മിടുക്കനായിരുന്ന ജെ.ഡി. എങ്ങനെ കടുത്ത മദ്യപാനിയായ മാറി എന്ന ചോദ്യത്തിന് ആദ്യ രണ്ട് മണിക്കൂറോളം ഉത്തരം നൽകാതെ മുന്നോട്ടു പോകുന്നു. പിന്നെയാണ് ആ കോളേജിന്റെ ഫൗണ്ടർ കൂടിയായ നാസർ അവതരിപ്പിച്ച കഥാപാത്രം ജെ.ഡി.യുടെ പൂർവ്വകാലത്തെ കുറിച്ച് ഒരു ചെറിയ പരാമർശം നടത്തുന്നത്. അലക്ഷ്യമായി ജീവിതം നയിച്ചിരുന്ന ജെ.ഡി. ഇതേ കലാലയത്തിൽ പഠിക്കാൻ ചേർന്നതിൽ പിന്നെയാണ് അധ്യാപകനായ സെൽവത്തെ പരിചയപ്പെടുന്നതും അദ്ദേഹം അയാളിൽ ജീവിതത്തെ കുറിച്ച് ഒരു ലക്ഷ്യബോധം ഉണ്ടാക്കുകയും ചെയ്യുന്നത്. അതിൽ തുടർന്നാവണം ജെ.ഡി. കലാലയ രാഷ്ട്രീയത്തിൽ കൃത്യമായി ഇടപെട്ടിരുന്നതായി സിനിമ പലയിടങ്ങളിലായി പറഞ്ഞുവെക്കുന്നുണ്ട്. അനാഥനായ ജെ.ഡി.ക്ക് സെൽവം ഒരു വീടായി മാറുന്നുണ്ട്. എന്നാൽ ടെർമിനൽ അസുഖം (ചിലപ്പോൾ അർബുദം തന്നെയാവാം) ബാധിച്ച സെൽവത്തിന്റെ ആരോഗ്യ സ്ഥിതി അനുദിനം വഷളാവുന്നു എന്നും അദ്ദേഹത്തെ ചികിത്സിക്കാനായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു എന്നും അവിടെവെച്ചാണ് അദ്ദേഹം മരണപ്പെട്ടത് എന്നുമാണ് ഫൗണ്ടർ വിവരിക്കുന്നത്. ഈ കഥ, നേരുപറഞ്ഞാൽ നമ്മവറുടെ അവസാനഭാഗവുമായി നല്ലവണ്ണം ഒത്തുപോകുന്നതാണ്. അതുകൊണ്ടുതന്നെ സെൽവത്തിന്റെ വരവോടെ പുത്തനുണർവ്വ് ലഭിച്ച നമ്മവറിലെ സ്വകാര്യ കലാലയം തന്നെയാവാം ഒരുപക്ഷെ മാസ്റ്ററിൽ നമ്മൾ കാണുന്ന കലാലയവും. അങ്ങനെ വരുമ്പോൾ നമ്മവറിന്റെ ഒരു അൺക്രെഡിറ്റഡ് സെക്വൽ ആയി നമുക്ക് 'മാസ്റ്ററി'നെ പരിഗണിക്കാവുന്നതാണ്. ഒരു കമൽഹാസൻ ആരാധകനായി സ്വയം അടയാളപ്പെടുത്തുന്ന ലോകേഷ് കനകരാജിൽ നിന്നും നമ്മവറിനു ഒരു തുടർച്ച ഉണ്ടാകുന്നത് വെറും യാദൃശ്ചികമല്ല എന്ന് കരുതാനാണെനിക്കിഷ്ടം.