Filmy Features

ഇരുമ്പനെയും കുര്യനേയും കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലര്‍, ഈ കഥയില്‍ നായിക ആവശ്യമില്ല: മര്‍ഫി ദേവസി അഭിമുഖം

ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകനായത് കൊണ്ടു തന്നെയാണ് ആദ്യ സിനിമ ത്രില്ലര്‍ ആയി ആലോചിച്ചതെന്ന് നല്ല നിലാവുളള രാത്രി എന്ന സിനിമയുടെ സംവിധായകന്‍ മര്‍ഫി ദേവസി. ഒരുമിച്ച് പഠിച്ചിരുന്ന കുറച്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം.

പ്രകൃതി സ്നേഹികളെന്ന് അവകാശപ്പെടുന്നവരില്‍ ചിലര്‍ വെള്ളം കുടിച്ചിട്ട് കുപ്പി റോഡില്‍ ഉപേക്ഷിക്കുന്നവരാണെന്ന് പരിഹസിക്കുന്നത് പോലെ എല്ലാവര്‍ക്കുള്ളിലും അവരവര്‍ മൂടി വയ്ക്കുന്ന ഒരു സ്വഭാവം ഉണ്ടായിരിക്കും നല്ല നിലാവുള്ള രാത്രി അത് പോലൊരു പ്രമേയമാണെന്നും മര്‍ഫി.

നല്ല നിലാവുള്ള രാത്രി എന്ന പേര്

നല്ല നിലാവുള്ള രാത്രി എന്ന പേര് ആലോചിച്ച് തന്നെ ഇട്ടതാണ്. മലയാള സിനിമയിലെ പ്രധാന ത്രില്ലര്‍ സിനിമകളിലൊന്നാണ് 'കരിയില കാറ്റുപോലെ'. ആ പേരിന് ഈ പറയുന്നത് പോലെ ഒരു ത്രില്ലര്‍ സ്വഭാവമില്ല. നല്ല നിലാവുള്ള ഒരു രാത്രിയില്‍ സംഭവിക്കുന്ന ഒരു കഥയാണ് ഈ സിനിമ. ആദ്യം മറ്റൊരു പേരായിരുന്നു ആലോചനയിലുണ്ടായിരുന്നത്. തുടര്‍ച്ചയായി ത്രില്ലര്‍ സിനിമകള്‍ വരികയും പേരില്‍ തന്നെ ടൈപ്പ് ചെയ്യപ്പെടുന്നതും കണ്ടപ്പോള്‍ വ്യത്യസ്ഥമായ പേര് എന്ന തീരുമാനത്തിലെത്തി. നെഗറ്റീവായിയും പൊസിറ്റീവായും ആളുകള്‍ ആ പേര് ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ആദ്യ സിനിമ തന്നെ ത്രില്ലര്‍

ഞാന്‍ ത്രില്ലര്‍ സിനിമകളുടെ ഒരു ആരാധകനാണ്. ചെയ്യാന്‍ ബുദ്ധിമുട്ടേറിയ ഴോണറും ത്രില്ലറാണ്. ഫീല്‍ ഗുഡ് ടൈപ്പ് സിനിമകളാണ് ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ കുറച്ചുകൂടി എളുപ്പമാകുന്നത്. എന്നാല്‍ ത്രില്ലര്‍, ആക്ഷന്‍ എന്നിവ വരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിമുട്ടായിരിക്കും. എനിക്ക് ഇത്തരം സിനിമകളോടുള്ള ഇഷ്ടം കൊണ്ടാണ് ത്രില്ലറിലേക്ക് വന്നത്. നല്ല നിലാവുള്ള രാത്രി സംഭവിച്ച് പോയ ഒരു സിനിമ കൂടിയാണ്. ഞാന്‍ ആദ്യമായി ചെയ്യാനിരുന്ന സിനിമ ഇതായിരുന്നില്ല. അതൊരു മുഴു നീള കോമഡി ചിത്രമായിരുന്നു. ആ സിനിമയുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഈ കഥ ഞാന്‍ സാന്ദ്ര തോമസിനോട് പറയുകയും സാന്ദ്രയ്ക്ക് അത് ഇഷ്ടപ്പെട്ട് ഈ പ്രൊജക്ടിലേക്ക് എത്തിപ്പെട്ടത്.

കാടിനുള്ളിലെ വീട്, ആഘോഷം, കൂട്ടത്തിലേക്കുള്ള പുതിയൊരാളുടെ കടന്ന് വരവ്..

കഥയാണ് ഈ സിനിമയുടെ ബാക്ക് ബോണ്‍. ഞാനും സുഹൃത്തായ പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.കഥയില്‍ ഒരു ത്രില്ലര്‍ എലമെന്റ് വരുന്നുണ്ട്. അല്ലാതെ ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയുള്ള ഡിസൈനിലേക്ക് കഥ പ്ലേസ് ചെയ്തിരിക്കുകയല്ല. മറ്റ് ത്രില്ലറുകളുമായി താരതമ്യത്തിനൊന്നും ഇപ്പോള്‍ മുതിരുന്നില്ല. കുറച്ച് സുഹൃത്തുക്കളുടെ, അതായത് പണ്ട് ഒരുമിച്ച് പഠിച്ചിരുന്ന കുറച്ച് പേരുടെ കഥയാണ് ഈ സിനിമ. വര്‍ഷങ്ങളായി ഒരുമിച്ച് പഠിച്ചതിന് ശേഷം പിന്നീട് കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍, വര്‍ഷങ്ങളുടെ പഴക്കം കൊണ്ട് ഈ വ്യക്തികള്‍ക്കുണ്ടായ മാറ്റങ്ങള്‍ ഇതൊക്ക പ്ലോട്ടിലുണ്ട്. ഓരോരുത്തരും പഠനകാലത്തെ ബോധ്യം വച്ചാണ് പരസ്പരം ഇടപെടുന്നത്. അന്ന് ക്ലാസ്മുറിയില്‍ കണ്ട അതേ സ്വഭാവമായിരിക്കില്ല വര്‍ഷങ്ങള്‍ക്കിപ്പുറം. ത്രില്ലിങ്ങ് എലമെന്റിന് വേണ്ടി കാടിനുള്ളില്‍ ഒരു വീട് കൊണ്ടു വരിക എന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാടിനുള്ളിലെ വീട്ടിലേക്ക് എന്തിന് അവര്‍ എത്തി എന്നതില്‍ പോലും കൃത്യമാണ് റീസണ്‍ ഉണ്ട്.

ഗ്രേ ഷേഡിലുള്ളവരാണല്ലോ കഥാപാത്രങ്ങളെല്ലാം?

കഥാപാത്രങ്ങളെല്ലാവരും ഗ്രേ ഷേയ്ഡാണ്. ഭുരിപക്ഷം മനുഷ്യരും ഗ്രേ ഷേയ്ഡാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുമുണ്ട്. അതാണ് സത്യവും. ഉത്തമ നായകന്റെ സിനിമകളാണ് ഇവിടെ കൂടുതലും വരാറുള്ളത്. പക്ഷേ ഇത് ഒരു നായകന്റെ സിനിമയല്ല. സിനിമയ്ക്ക് വേണ്ടി ഒരു നായകന്‍ വേണമെന്നുമില്ല. നമുക്ക് നമ്മുടെ ലൈഫില്‍ സംഭവിച്ചു പോയ കുറേ കാര്യങ്ങളുമായി സിനിമയെ റിലേറ്റ് ചെയ്യാനാകണം. അത്തരമൊരു വിശ്വസനീയത കൊണ്ടുവരാണ് ഞാന്‍ ശ്രമിച്ചത്. സമൂഹത്തില്‍ എല്ലാവരിലും ഈ പറയുന്ന ഗ്രേ ഷേയ്ഡ് ഉണ്ട്. അതാരും എല്ലായ്‌പ്പോഴും പുറമേക്ക് പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് മാത്രം. ഈ പ്രകൃതി സ്നേഹം കാണിക്കുന്നവരില്‍ ചിലര്‍ വെള്ളം കുടിച്ചിട്ട് കുപ്പി റോഡില്‍ ഉപേക്ഷിക്കുന്നവരാണെന്ന് തമാശയായി പറയാറില്ലേ അത് പോലെയാണ് മിക്കവരും, ഉള്ളിലുള്ളതിനെ അവര്‍ മൂടി വയ്ക്കും.

നായിക ഇല്ലാത്ത സിനിമ

ഈ കഥയ്ക്ക് ഒരു നായികയുടെ ആവശ്യമില്ല. ഒരു സിനിമയ്ക്ക് ഒരു നായകന്‍ വേണം, നായകന് ഒരു നായിക വേണം അങ്ങനെയൊരു സിനിമയേ അല്ല നല്ല നിലാവുള്ള രാത്രി. അങ്ങനെയുള്ള നിയമങ്ങളെയും ഈ സിനിമ പിന്തുടരുന്നുമില്ല. കുറച്ച് സുഹൃത്തുക്കളും അവര്‍ക്കിടയില്‍ സംഭവിക്കുന്ന കുറച്ച് കാര്യങ്ങളും. അസൂയയും ദേഷ്യവും പ്രതികാരവും വഞ്ചനയുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു സിനിമയാണിത്.

ഇരുമ്പനും മറ്റ് കഥാപാത്രങ്ങളും

ഏട്ട് കഥാപാത്രങ്ങള്‍ക്കും തുല്യമായ അല്ലെങ്കില്‍ എല്ലാവര്‍ക്കും അവരുടേതായ ഒരു സ്പേയ്സ് ഉള്ള സിനിമയാണ് ഇത്. ഇരുമ്പന്‍ എന്ന കഥാപാത്രം ആ ട്രെയിലറില്‍ കാണുന്നത് എന്താണോ അത് തന്നെയാണ്. ഇരുമ്പന്‍- ഒരു ഇരുമ്പന്‍ തന്നെയാണ്, അതുകൊണ്ടാണ് ചെമ്പന്‍ അതിലേക്ക് വരുന്നത്. ഇരുമ്പന്‍ എതിരിടുന്ന ആളുകളും അതുപോലെയുള്ളവരാണ്. കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ ഒരു പക്ഷേ സ്പോയിലര്‍ ആയിപ്പോകും അതുകൊണ്ട് വേണ്ട.

സാന്ദ്ര തോമസിലേക്ക് എത്തിയത്?

സാന്ദ്ര തോമസ് എന്റെ സുഹൃത്താണ് ബാച്ച് മേറ്റും ആയിരുന്നു . ഒരു കഥ പറയുക എന്നത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല. ആദ്യമൊക്കെ എന്നെ സംബന്ധിച്ച് ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് പോയി അല്ലെങ്കില്‍ ഒരു പ്രൊഡ്യൂസറിന്റെ അടുത്ത് പോയി കഥ പറയുക എന്നത് ഭയങ്കര പാടുള്ള പണിയായിരുന്നു . എനിക്ക് കഥ പറയാന്‍ സ്പേയ്സ് ഉള്ളൊരു ഒരു സുഹൃത്തായിരുന്നു സാന്ദ്ര. സിനിമ ചെയ്യാന്‍ വേണ്ടി ആയിരുന്നില്ല ഞാനും സാന്ദ്രയും തമ്മില്‍ കഥകള്‍ സംസാരിച്ചിരുന്നത്. ഞാന്‍ എന്റെ കയ്യിലുള്ള പല കഥകളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമയുടെ പ്ലാനിങ്ങിലാണ്, ഇങ്ങനെ ഒരു കഥയാണ് ഉള്ളത് എന്ന് തുടങ്ങി ഞങ്ങള്‍ പല കഥകളും സംസാരിക്കാറുണ്ട്. അങ്ങനെയുള്ള ഒരു സംസാരത്തിലാണ് ഒരു സിനിമ ചെയ്യാം എന്നതിലേക്ക് വരുന്നത്. അവിടുന്നങ്ങോട്ട് സാന്ദ്ര ഈ സിനിമക്ക് ഒപ്പം നിന്നു.

പതിനൊന്ന് വര്‍ഷം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്..

സത്യത്തില്‍ എക്സൈറ്റ്മെന്റോ ടെന്‍ഷനോ ഒന്നുമില്ല. ചിത്രം വിജയിക്കുകയാണെങ്കില്‍ തുള്ളിച്ചാടാനും പോകുന്നില്ല. ഭയങ്കരമായ ആവേശം ഒന്നുമില്ല സന്തോഷമുണ്ട്. ഇപ്പോ ഞാന്‍ ഉണ്ടാക്കിയ, എഴുതിയ ഒരു പാട്ട് ഞാന്‍ ആദ്യമായിട്ട് സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു സന്തോഷം ഉണ്ടാകില്ലേ ആ സമയത്ത് മാത്രമേ ആ സന്തോഷം ഉള്ളൂ എന്നതാണ്. അത് കഴിഞ്ഞ് അത് ഹിറ്റാകുമ്പോള്‍ വീണ്ടും ഒരു സന്തോഷം ഉണ്ടാകും എന്നല്ലാതെ അതിനപ്പുറം ഞാന്‍ അതിഭീകരമായ ഒരു കലാസൃഷ്ടി ഉണ്ടാക്കി എന്നോ മറ്റോ ഞാന്‍ പറയുന്നില്ല. ഈ പാട്ടൊക്കെ സമൂഹത്തില്‍ ഉണ്ടായിരുന്ന പാട്ടാണ്. ഞാന്‍ അതെടുത്ത് ഉപയോഗിച്ചു എന്നു മാത്രം.

പതിനൊന്ന് വര്‍ഷം കഷ്ടപ്പാട് മാത്രമേയുള്ളൂ. പൗലോ കൊയ്‌ലോയുടെ പ്രശസ്തമായ വരികളില്ലേ.. നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ലോകം മുഴുവന്‍ അതിന് വേണ്ടി കൂടെ നില്‍ക്കു. പക്ഷേ അതിന് മുന്‍പ് അദ്ദേഹം വേറൊരു കാര്യം വിട്ടുപോയി, ആദ്യം കുറേക്കാലം ലോകം മൊത്തം പിന്തിരിഞ്ഞു നില്‍ക്കും എന്നത്, അതിന് ശേഷം മാത്രമേ ലോകം മുഴുവന്‍ നമുക്കൊപ്പം നില്‍ക്കൂ. പിന്തിരിഞ്ഞു നില്‍ക്കുമ്പോള്‍ നമ്മളതിനെ തരണം ചെയ്യേണ്ട ഒരാവശ്യം കൂടിയുണ്ട്. അത് കഴിഞ്ഞേ നല്ലതൊക്കെ സംഭവിക്കൂ. പിന്‍ തിരിഞ്ഞു നില്‍ക്കുക മാത്രമല്ല നമ്മളെ എതിര്‍ക്കുകയും ചെയ്യും ചിലപ്പോള്‍. എന്റെ പേര് മര്‍ഫി എന്നാണ്. മര്‍ഫീസ് ലോ എന്നൊരു ലോ ഉണ്ട്. ഒരുപാട് ഡഫനിഷന്‍ ഉണ്ട് മര്‍ഫീസ് ലോയ്ക്ക്. അതായത് നമ്മള്‍ ഒരു ബസ് കയറാനായി ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയാണെങ്കില്‍ നമുക്ക് പോകാനുള്ള ബസ് മാത്രം വരില്ല. ഓപ്പോസിറ്റ് ഭാഗത്തെ ബസ്സുകള്‍ ഒരുപാട് വന്നുകൊണ്ടിരിക്കും. നമ്മള്‍ നില്‍ക്കുന്ന ക്യൂ ഒരിക്കലും മുന്നോട്ട് നീങ്ങില്ല. അതിന്റെ അടുത്തുള്ള ക്യൂ പെട്ടന്ന് തീര്‍ന്ന് പോകും അങ്ങനെയുള്ള ഒരു ജീവിതമുണ്ടല്ലോ അതുപോലെയായിരുന്നു ഈ പതിനൊന്ന് വര്‍ഷം. ഭയങ്കര കഷ്ടപ്പാട് തന്നെയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് മുന്നോട്ട് പോയത്. ആഡ് ഫിലിം മേക്കറായിരുന്നു ഞാന്‍. ഏജന്‍സികളില്‍ നിന്നുകൊണ്ട് വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് സ്വന്തം സിനിമയെന്ന ആലോചനയിലേക്ക് പൂര്‍ണമായി കടക്കാനായില്ല.

അങ്ങനെയാണ് രണ്ട് മൂന്ന് ഏജന്‍സികളില്‍ വര്‍ക്ക് ചെയ്തതിന് ശേഷം റിസൈന്‍ ചെയ്ത് പൂര്‍ണ്ണമായും സിനിമ എന്നതിലേക്ക് ഫോക്കസ് ചെയ്ത് തുടങ്ങിയത്. ഇതിനിടയില്‍ ആഡ് ഫിലിംസ് ചെയ്യും വീണ്ടും സിനിമയ്ക്ക് പിന്നാലെ പോകും, പൈസ തീരുമ്പോള്‍ പിന്നെ വീണ്ടും ആഡ് ഫിലിം ചെയ്യും വീണ്ടും മുന്നോട്ട് നടക്കും. അങ്ങനെയങ്ങനെ നല്ല നിലാവുള്ള രാത്രിയിലേക്ക് വരെ എത്തി.

20 പരിപാടികള്‍ക്ക് ഒരേ സമയം ആതിഥേയത്വം, ദുബായ് എക്സിബിഷന്‍ സെന്‍റർ ഒരുങ്ങുന്നു

കോമഡി ഉണ്ട്, ഹൊറർ ഉണ്ട്, ഫാന്റസി ഉണ്ട്; ഹലോ മമ്മി നാളെ മുതൽ തിയറ്ററുകളിൽ

ഹലോ മമ്മി വരുന്നത് പേടിപ്പിക്കാനല്ല, ചിരിപ്പിക്കാൻ വൈശാഖ് എലൻസ് അഭിമുഖം

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

SCROLL FOR NEXT