Filmy Features

ഞാനും അമ്മയും മാനസിക പ്രയാസത്തില്‍, കുറുപ്പ് റിലീസിന് ശേഷം അച്ഛനെ വിറ്റ് കാശാക്കിയെന്ന് പ്രചരണം; ചാക്കോയുടെ മകന്‍ ജിതിന്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ആധാരമാക്കി ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് പുറത്തുവന്നതിന് ശേഷം അച്ഛനെ വിറ്റ് കാശാക്കുകയാണ് ചെയ്തത് എന്ന രീതിയിലുള്ള കുത്തുവാക്കുകള്‍ തനിക്കും അമ്മയ്ക്കും നേരിടേണ്ടി വന്നുവെന്ന് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിന്റെ വെളിപ്പെടുത്തല്‍. അച്ഛനെ മരണം എന്നത് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാല്‍ സിനിമയ്്ക്ക് ശേഷം വീണ്ടും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മാനസികമായി വല്ലാതെ ബുദ്ധിമുട്ടുകയാണെന്നും ജിതിന്‍ ചാക്കോ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചാക്കോ വധം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ റിലീസിന് ശേഷം വളരെ മോശം രീതിയില്‍ സമൂഹമാധ്യമത്തിലും അല്ലാതെയും ചിലര്‍ സംസാരിക്കുകയുണ്ടായെന്ന് ജിതിന്‍ ചാക്കോ.

അച്ഛനെ വിറ്റ് കാശ് ഉണ്ടാക്കിയെന്ന് വ്യാജപ്രചരണം, മാനസിക പീഢനം

സിനിമ റിലീസിന് ശേഷം ഞാന്‍ എന്റെ അച്ഛനെ വിറ്റ് കാശ് ഉണ്ടാക്കി എന്നുള്ള രീതിയില്‍ സംസാരങ്ങളും കമന്റുകളും ചിലയിടങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു. പിന്നെ എന്റെ അമ്മ കുടുംബത്തിലെ ചില ഫംഗ്ഷന് എല്ലാം ചെല്ലുമ്പോള്‍ കുറുപ്പിനെ സിനിമയില്‍ വളരെ നല്ലവനായാണല്ലോ കാണിക്കുന്നത് എന്നെല്ലാം ബന്ധുക്കളുടെ ഭാഗത്തുനിന്നും സംസാരം ഉണ്ടായിരുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്കും അമ്മയ്ക്കും നല്ല വിഷമം തോന്നാറുണ്ട്. സിനിമയില്‍ ചാക്കോയുടെ മരണത്തില്‍ കുറുപ്പിന് പങ്കില്ല എന്ന രീതിയിലാണല്ലോ കാണിച്ചിരിക്കുന്നത് എന്ന് അമ്മയോട് കുടുംബത്തിലുള്ളവര്‍ ചോദിച്ചിരുന്നു. അവരെല്ലാം സിനിമ മുഴുവനായും കാണാതെയാണ് സംസാരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. കാരണം കുറുപ്പിന്റെ ഭാഗത്തു നിന്നുള്ള കഥ കാണിക്കുമ്പോള്‍ എന്റെ അച്ഛന്റെ കൊലപാതകത്തില്‍ കുറുപ്പിനുള്ള പങ്ക് വ്യക്തമായി തന്നെ കാണിക്കുന്നുണ്ട്.

അച്ഛന്റെ മരണത്തെ കുറിച്ച് എനിക്ക് കുറുപ്പ് ഇന്‍ഷുറന്‍സിന് വേണ്ടി കൊന്നതാണ് എന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. അതേ കുറിച്ച് ഞാന്‍ ആരോടും ചോദിച്ചിട്ടുമില്ല. പക്ഷെ ആ സിനിമ കണ്ടപ്പോഴാണ് കുറുപ്പ് എത്ര വലിയ ക്രിമിനലാണെന്ന് എനിക്ക് മനസിലാകുന്നത്. അപ്പോള്‍ അത് സമൂഹം കൂടി അറിയുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ സിനിമ റിലീസ് ചെയ്തതിന് ശേഷം ആളുകള്‍ മറ്റ് രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അത് ഞങ്ങള്‍ക്ക് വീണ്ടും ബുദ്ധിമുട്ടായി. കാരണം അമ്മ ഈ സിനിമ കണ്ടിട്ടില്ല. അപ്പോള്‍ അമ്മ എന്നോട് നീ സിനിമ കണ്ടപ്പോള്‍ കുറുപ്പിനെ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടായിരുന്നോ. അങ്ങനെ ആയിരുന്നെങ്കില്‍ നമ്മള്‍ സിനിമയെ പിന്തുണയ്ക്കരുതായിരുന്നു എന്നെല്ലാമാണ്. അമ്മയ്ക്ക് ഞാന്‍ സിനിമ കണ്ട ശേഷം പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളു. പക്ഷെ ബന്ധുക്കള്‍ അടക്കം സിനിമ കണ്ടിട്ട് ഈ രീതിയില്‍ സംസാരിക്കുന്നത് അമ്മയ്ക്കും എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

ഈ സിനിമയുടെ പേരില്‍ ഞങ്ങള്‍ക്ക് പൈസ കിട്ടി എന്നുള്ള രീതിയിലും കമന്റുകളെല്ലാം കാണാറുണ്ട്. അങ്ങനെ ഞാന്‍ പൈസ വാങ്ങിച്ച് ഒത്തു തീര്‍പ്പാക്കേണ്ട എന്താണ് ആ സിനിമയില്‍ ഉള്ളത്. കുറുപ്പ് എന്ന വ്യക്തി കുറ്റവാളിയാണ് എന്ന് തന്നെയാണ് സിനിമ പറഞ്ഞ് വെക്കുന്നത്. അതുകൊണ്ട് എന്റെ കുടുംബത്തിന് അതില്‍ നിന്ന് പൈസ വാങ്ങിച്ച് ഒത്തുതീര്‍പ്പാക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാമായിരുന്നു. അതിനെ കുറിച്ചൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ല. പിന്നെ ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ.

അമ്മയും വിഷമത്തില്‍, പലരും കുത്തിനോവിക്കുന്നു

ആളുകള്‍ക്കെല്ലാം ഇതേ കുറിച്ച് പല രീതിയില്‍ ചര്‍ച്ച ചെയ്യുന്നത് രസമുള്ള കാര്യമായിരിക്കാം. അയാള്‍ ആ കൊല വളരെ ബ്രില്യന്റായി ചെയ്തു എന്നൊക്കെ പലരും പറയുന്നുണ്ട്. അതെല്ലാം വാര്‍ത്തയായിരിക്കാം. പക്ഷെ ഞങ്ങളെ സംബന്ധിച്ച് ഇത് മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും അതേ കുറിച്ച് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണല്ലോ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. എന്റെ അമ്മ ജീവിതം തുടങ്ങിയ സമയത്താണ് ഈ ദുരന്തം സംഭവിക്കുന്നത്. അതിന് കാരണക്കാരനാണ് അയാള്‍. അതുകൊണ്ട് തന്നെ അതേ കുറിച്ച് ഓര്‍ക്കണ്ട എന്ന തീരുമാനത്തിലാണ് ഞങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. പക്ഷെ ഇതേ കുറിച്ച് സംസാരിക്കുന്നത് ബാക്കിയുള്ളവര്‍ക്ക് വലിയ ആഘോഷമായിരിക്കും. അതിനിടയില്‍ ഈ കുത്തിനോവിക്കല്‍ കൂടിയാകുമ്പോള്‍ വല്ലാത്ത വിഷമം തന്നെയാണ്. പ്ര്യത്യേകിച്ച് അമ്മയ്ക്ക് അത് വലിയ വിഷമമാണ്.

കുറുപ്പിനെ സിനിമയിലൂടെ ജനങ്ങള്‍ക്ക് മനസിലായി

എന്റെ അച്ഛനെ കൊലപ്പെടുത്തിയതില്‍ കുറുപ്പിന് വ്യക്തമായ പങ്കുണ്ടെന്ന് തന്നെയാണ് സിനിമ കാണിച്ചിരിക്കുന്നത്. സിനിമയില്‍ കുറുപ്പ് എന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണെന്ന ആംഗിള്‍ സിനിമയിലുണ്ടല്ലോ. ഭാസ്‌കരപിള്ളയെ വരെ കുറുപ്പ് കരുവാക്കിയതാണ് എന്ന് തന്നെയാണ് അതിലുള്ളത്. ആ സിനിമയില്‍ നിന്ന് കുറുപ്പ് എന്ന കുറ്റവാളിയെ ജനങ്ങള്‍ക്ക് മനസിലായി എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.

അമ്മയ്ക്ക് അച്ഛന്റെ മൃതദേഹം പോലും കാണാന്‍ സാധിച്ചിട്ടില്ല. അച്ഛനെ ഒന്നാമത് അവര്‍ കത്തിച്ച് കൊന്നു. രണ്ടാമത് മൃതദേഹം അടക്കം ചെയ്ത് മൂന്ന് നാല് ദിവസത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് മൃതദേഹം കിട്ടുന്നത്. അതുകൊണ്ട് തന്നെ അമ്മയെ അച്ഛനെ കാണിക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് അമ്മ ഇപ്പോഴും അച്ഛന്‍ എപ്പോഴെങ്കിലും തിരിച്ചുവരുമെന്നാണ് കരുതുന്നത്. പക്ഷെ എനിക്കറിയാം അത് ഉണ്ടാവില്ലെന്ന്. അമ്മ ആ രീതിയിലാണ് ജീവിച്ച് പോകുന്നത്. പിന്നെ ആ ഒരു ദുരന്തം അനുഭവിച്ചവര്‍ക്ക് മാത്രമെ അതിന്റെ വിഷമം അറിയുകയുള്ളു. അമ്മയ്ക്ക അന്ന് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. ഈ വാര്‍ത്ത കേട്ട് അമ്മയുടെ അച്ഛനും അറ്റാക്ക് വന്ന് മരിച്ചു. അമ്മ അന്ന് ഗര്‍ഭിണി കൂടിയാണ്. വര്‍ഷങ്ങളോളം ഈ ട്രോമയിലൂടെയാണ് അമ്മ കടന്ന് പോയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതെല്ലാം വീണ്ടും സംസാര വിഷയമാകുമ്പോള്‍ അമ്മയ്ക്ക് നല്ല പ്രയാസമുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളൊന്നും ഞങ്ങള്‍ വീട്ടില്‍ സംസാരിക്കാറില്ല. പിന്നെ ഇത് വീണ്ടും വാര്‍ത്തയിലെല്ലാം വരുമ്പോള്‍ മാത്രമാണ് അത്തരം സംസാരങ്ങള്‍ ഉണ്ടാവുന്നത്.

പിന്നെ ഞാന്‍ അമ്മ ചിന്തിക്കുന്നത് പോലെ അല്ല ചിന്തിക്കുന്നത്. എനിക്ക് അറിയാം അച്ഛന്‍ ഒരിക്കലും തിരിച്ച് വരില്ലെന്ന്. പക്ഷെ അച്ഛനെ കൊന്ന അവന് ശിക്ഷ കൊടുക്കണമെന്ന് അയാളെ എങ്ങനെയെങ്കിലും പിടിക്കണമെന്നുമെല്ലാം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് ഈ സിനിമ ഒരു കാരണമാകുകയാണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാന്‍ എല്ലാവരോടും ഇതേ കുറിച്ച സംസാരിക്കുന്നത്.

സിനിമയെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല

സിനിമയ്ക്ക് ശേഷം വരുന്ന കുത്തുവാക്കുകള്‍ തന്നെ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. അല്ലാതെ സിനിമയെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല. ഒരു മകന്‍ എന്ന നിലയ്ക്ക് പുള്ളിയെ കുറച്ച് കൂടെ മനസിലാക്കി തന്ന സിനിമ കൂടിയാണിത്. കാരണം ഇതേ കുറിച്ച് ഞാന്‍ അമ്മയോട് ഒരിക്കലും സംസാരിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വന്ന കാര്യങ്ങളും ബന്ധുക്കള്‍ പറഞ്ഞതും മാത്രമായിരുന്നു എന്റെ അറിവ്. എന്റെ കൂടെയുള്ളവര്‍ക്കെല്ലാം ഈ സിനിമ കണ്ടപ്പോഴാണ് കുറുപ്പ് എന്താണ് ശരിക്കും ചെയ്തത് എന്ന് മനസിലായത് പോലും. അതുകൊണ്ട് സിനിമയോട് എനിക്ക് വിരോധമില്ല. പിന്നെ സ്വാഭാവികമായും ഞങ്ങളുടെ കുടുംബത്തിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അച്ഛനെ കൊന്ന കാര്യമൊന്നും ഞാനും അമ്മയും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജീവിച്ച് കൊണ്ടിരിക്കുമ്പോഴാണ് പിന്നെയും പഴയ കാര്യങ്ങള്‍ പൊങ്ങി വന്നത്. അതുകൊണ്ട് തന്നെ കുറച്ച് കാലമായി ഞങ്ങളുടെ മറ്റ് രീതിയിലുള്ള സന്തോഷമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ന് അച്ഛന്റെ ഓര്‍മ്മ ദിവസമാണ്. അതുകൊണ്ട് പണ്ടത്തേക്കാളും ആളുകള്‍ ഇതേ കുറിച്ചെല്ലാം വിളിച്ച് അന്വേഷിക്കുന്നുണ്ട്. അത് അമ്മയ്ക്ക് ബുദ്ധിമുട്ട് തന്നെയാണ്.

കുറുപ്പിന് ഫാന്‍സ് ഉണ്ടാകുന്നതില്‍ വിഷമം

സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. പിന്നെ തീര്‍ച്ചയായും എന്റെ അച്ഛനെ കൊന്ന ഒരാള്‍ക്ക് എല്ലാവരുടെയും ഇടയില്‍ ഒരു ഇഷ്ടം ഉണ്ടാകുന്നത് വിഷമം തന്നെയാണ്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT