Filmy Features

കിരീടം വീണ്ടെടുത്ത ബോളിവുഡ് ബാദ്ഷാ

രാഹുല്‍ ബാബു

2018 ഡിസംബർ 21 ന് ഒരു സിനിമ റിലീസ് ചെയ്യുന്നു പേര് സീറോ നടൻ ഷാരൂഖ് ഖാൻ. വലിയ പ്രതീക്ഷകളോടെ 200 കോടി ബഡ്ജറ്റിൽ വന്ന ആനന്ദ് എ ൽ റായ് ചിത്രം. എന്നാൽ സിനിമയെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു.വലിയൊരു പരാജയം. SRKയുടെ ഏറ്റവും മോശം സിനിമ, ഷാരൂഖ് മാജിക് നഷ്ട്ടപ്പെട്ടു, വയസ്സാകുന്നതിനോടൊപ്പം അഭിനയം നിർത്തണം തുടങ്ങിയ കമന്റുകൾ നിറഞ്ഞു. മുൻ സിനിമകളുടെ മോശം വിധി കൂടി കൂട്ടിവായിച്ചതോടെ അയാളുടെ കാലം കഴിഞ്ഞു എന്ന് വിധിയെഴുതി. തുടർന്ന് കുറച്ച് വർഷങ്ങൾ ഷാരൂഖ് ഖാനെ ആരും സിനിമയിൽ കണ്ടില്ല. വിധിയെഴുതിയവർ പ്രവചിച്ചതുപോലെ ഒരു പിൻവാങ്ങൽ. പക്ഷെ ആ പ്രവചനങ്ങൾക്ക് 2023 ജനുവരി 25 പത്താൻ റിലീസ് വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. അബ് പത്താൻ കാ വനവാസ് കാ ടൈം ഖത്തം ഹോഗ എന്ന് ഡിംപിൾ കപാഡിയ ചിത്രത്തിൽ പറഞ്ഞത് പത്താനെക്കുറിച്ച് മാത്രമല്ല ഷാരൂഖ് ഖാൻ എന്ന ബോളിവുഡ് ബാദ്ഷായെ കുറിച്ച് കൂടിയായിരുന്നു. The Weaker you are, the stronger you can become എന്ന ഷാരൂഖ് ഖാന്റെ വാക്കുകൾ അയാൾ തന്റെ വിമർശകർക്ക് കാണിച്ചു കൊടുത്തു, തന്റെ തിരിച്ചുവരവിലൂടെ.

'എന്റെ ഏറ്റവും വലിയ ഭാഗ്യമെന്നത് എന്നെ സ്നേഹിക്കുന്ന ലക്ഷകണക്കിന് കോടിക്കണക്കിന് ആൾക്കാരെ ലഭിച്ചുവെന്നതാണ് '. ഷാരൂഖ് ഖാൻ ഈ വാക്കുകൾ പറയുമ്പോൾ അതൊരിക്കലുമൊരു അതിശയോക്തിയല്ല.. ദി ലാസ്റ്റ് ഓഫ് ദി സ്റ്റാർസ് എന്ന് അയാളെ വിശേഷിപ്പിക്കുമ്പോഴും അത് കള്ളമല്ല. കാരണം ദില്ലിയിൽ നിന്ന് വന്നൊരു സാധാരണക്കാരന് ബോളിവുഡ് കിംഗ് ആയത് ഒരു സിനിമാക്കഥ പോലെ അതിശയിപ്പിക്കുന്ന ഒന്നാണ്. തന്റെ ദൃഢനിശ്ചയം കൊണ്ടും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടും അയാൾ നേടിയെടുത്തത് നെപോട്ടിസം അടക്കി വാഴുന്ന ബോളിവുഡിൽ ആർക്കും നേടിയെടുക്കാൻ കഴിയുന്നതിന്റെ പരാമവധിയാണ്. എസ് ആർകെ എന്ന മൂന്ന് അക്ഷരം ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് മന്ത്രമായതിന് പിന്നിൽ അയാളുടെ ദൃഡനിശ്ചയവും പ്രയത്നവും തന്നെയാണ്.

ഒരു റൊമാന്റിക് ഹീറോ എന്നതിനപ്പുറത്തേക്ക് പല പരീക്ഷണങ്ങൾക്കും srk മുതിർന്നിട്ടുണ്ട്. ആന്റി - ഹീറോയായും പൊക്കം കുറഞ്ഞവനായും സൂപ്പർഹീറോയായും ഓട്ടിസ്റ്റിക് ആയും ഷാരൂഖ് സ്‌ക്രീനിൽ തിളങ്ങി.

2010 വരെ മികച്ച സിനിമകളുടെ ഭാഗമായിരുന്ന ഷാരുഖാന് അടിപതറിയത് കൃത്യമായി പറഞ്ഞാൽ 2011ലെ റാ വൺ എന്ന സൂപ്പർഹീറോ സിനിമ മുതലാണ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം മോശം അഭിനയത്തിനും തിരക്കഥക്കും ക്രൂരമായി ബലിയാടായി. തുടർന്ന് ഡോൺ 2, ജബ് തക് ഹേയ് ജാൻ തുടങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ വിജയമായെങ്കിലും ഷാരുഖിന് അത് കാര്യമായി ഗുണം ചെയ്തില്ല. അല്ലെങ്കിൽ അയാളുടെ ഉയർച്ചയ്ക്ക് വേണ്ട ഒന്നായിരുന്നില്ല.

2013 മുതൽ 2015 വരെയുള്ള രണ്ടു വര്ഷം ഷാരൂഖ് ചേക്കേറിയത് കൊമേർഷ്യൽ മസാല സിനിമകളിലേക്കായിരുന്നു. രോഹിത് ഷെട്ടിയുടെ ചെന്നൈ എസ്പ്രസ്സും, ദിൽവാലയും, ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയറും വിജയമായെങ്കിലും തട്ടുപൊളിപ്പൻ ബോളിവുഡ് സിനിമ എന്ന ലേബലിൽ ഒതുങ്ങി. അത്തരം സിനിമകൾ ബോളിവുഡിൽ ചെയ്യാൻ ഒരുപാടു പേരുണ്ടെന്നിരിക്കെ , അതല്ലായിരുന്നു ഷാരൂഖിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. അല്ലെങ്കിൽ അത് ആസ്വദിച്ചെങ്കിലും അത് മാത്രം അവർക്ക് മതിയായിരുന്നില്ല. യാഷ് രാജ് സിനിമയുമായി ചേർന്ന് ഡബ്ബിൾ റോളിൽ എത്തി ഒരു സൂപ്പർതാരത്തിന്റെയും അയാളുടെ ഫാനിന്റേയും കഥ പറഞ്ഞ ചിത്രം 'ഫാൻ' തിയറ്ററിൽ 100 കോടി പോലും കടക്കാതെ തകർന്നടിഞ്ഞു. ഷാരൂഖ് ഖാൻ എന്ന അഭിനയപ്രതിഭയുടെ മികച്ച പ്രകടനത്തിന്റെ പിന്ബലമുണ്ടായിട്ടും ബോക്സ് ഓഫീസിൽ പച്ചപിടിച്ചില്ല സിനിമ. അതെ വർഷം എ ദിൽ ഹൈ മുഷ്കിലിലെ അതിഥി വേഷവും ഡിയർ സിന്ദഗിയിലെ Dr ജഹാംഗീറും srk ക്ക് ആശ്വാസമായി. 2017 ൽ റയീസ് വിജയമായെങ്കിലും ഹൃതിക്ക് ചിത്രം കാബിലുമായുള്ള ക്ളാഷും പൈറസിയും സിനിമക്ക് അർഹിച്ച വിജയത്തെ ലഭിക്കാതെയാക്കി. ജബ് ഹാരി മെറ്റ് സേജൽ എന്ന സിനിമയിലൂടെ പ്രണയ നായകനായി ഉള്ള ഷാരൂഖിന്റെ മടങ്ങിവരവ് അടിപതറി. അതിനെല്ലാം ശേഷം അഭിനേതാവെന്ന നിലയിലും , സിനിമ എന്ന നിലയിലും പ്രേക്ഷകർ സീറോയിൽ പ്രതീക്ഷയർപ്പിച്ചു. പക്ഷേ ആ പരാജയം അയാളെ ഇടവേളയിലേക്കെത്തിച്ചു.

ക്യാമിയോ റോളുകളിലും നരേറ്റർ ആയും, നിർമ്മാതാവായും ഷാരൂഖ് സിനിമകളിൽ നിലനിന്നെങ്കിലും അയാളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് അത് മതിയായിരുന്നില്ല. അവർ കാത്തിരിക്കുകയായിരുന്നു, ബി​ഗ് സ്ക്രീനിൽ അയാളുടെ ഐക്കണിക്ക് പെർഫോർമൻസ് കാണാൻ. 2020 നവംബർ 18നായിരുന്നു. അതിന്റെയൊരു സി​ഗ്നൽ പ്രേക്ഷകർക്ക് ലഭിച്ചത്. ബോളിവുഡിന്റെ ബാദ്ഷാ തന്റെ കിരീടം വീണ്ടെടുക്കാൻ പോകുന്നതിന്റെ സൂചന. ഒരു വെള്ള ടീ ഷർട്ടിൽ മുടി നീട്ടി വളർത്തിയ ഷാരൂഖ് ഖാന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി. പത്താൻ എന്ന ചിത്രത്തിനായി യാഷ് രാജ് സ്റ്റുഡിയോയിൽ എത്തിയതായിരുന്നു അദ്ദേഹം. അവിടന്നങ്ങോട്ട് പ്രതീക്ഷകൾ വാനോളമായി ചിത്രത്തിനായി, പ്രധാനമായും ഷാരൂഖിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പുകൾക്ക് ആക്കം കൂടി. സിക്സ് പാക്ക് ലുക്കിൽ ഷാരൂഖ് നിൽക്കുന്നൊരു സ്റ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടതോടെ വിജയമുറപ്പിച്ചു ഷാരൂഖ് ആരാധകർ. ഇതിനടിയിൽ കോവിഡ് മൂലം ബോളിവുഡ് അധഃപതിച്ചിരുന്നു. സിനിമകൾ ഒന്നൊന്നായി പരാജയങ്ങളായി. റീമേക്കുകളും ബയോപിക്കുകളും ആശ്രയിച്ചിരുന്ന ബോളിവുഡ് തകർന്നടിഞ്ഞിരുന്നുവെന്നും പറയാം. അപ്പോഴും ഇൻഡസ്ട്രിയും പ്രേക്ഷകരും ഉറച്ച് വിശ്വസിച്ചത് ഷാരൂഖ് വരും എല്ലാം ശരിയാകും എന്നായിരുന്നു.

പത്താന് മുന്നോടിയായി ഒരു ട്രെയ്‌ലർ എന്നപോലെ ബ്രഹ്മാസ്ത്രയിലെ ഗസ്റ്റ് അപ്പിയറൻസിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. സിനിമയെ വിമർശിച്ചവർ വരെ ഷാരൂഖിന്റെ ചെറിയ സമയത്തെ റോളിനെ പുകഴ്ത്തി. ഒപ്പം മോടികൂട്ടാൻ രാജ്‌കുമാർ ഹിറാനിയുമായി ചേർന്ന് ഡങ്കിയും ഹിറ്റ്മേക്കർ ആറ്റ്ലീയുമൊന്നിച്ച് ജവാനും അന്നൗൻസ് ചെയ്തതോടെ തിരിച്ചതുവരവെന്നത് ഷാരുഖിന് അപ്രാപ്യമല്ലാത്തതായി. എന്നാൽ പത്താൻ റിലീസിന് മുന്നേ ഇറങ്ങിയ ബെശരം രംഗ് എന്ന ഗാനരംഗത്തിൽ ദീപിക പദുകോൺ സഫാറോൺ നിറത്തിലുള്ള സ്വിമ് സ്യൂട്ട് ധരിച്ചെത്തിയത് വിവാദങ്ങളിലേക്ക് വഴിതെളിച്ചു. ഷാരുഖിനെതിരെയും ദീപികക്കെതിരെയും കേസ് എടുക്കണമെന്ന് സിനിമ ബാൻ ചെയ്യണമെന്നും ആരോപിച്ച് പ്രക്ഷോപങ്ങൾ അരങ്ങേറി. സിനിമക്കെതിരെ ബോയ്‌കോട്ട് കാമ്പയ്ൻ ആളിപ്പടർന്നു. എന്നാൽ അവയൊന്നും സിനിമാക്കൊരു പ്രശ്നമേ അല്ലായിരുന്നു. എല്ലാ റെക്കോർഡുകളും തകർത്ത് കൊണ്ട് ബോക്സ് ഓഫീസ് പത്താനെ സ്വീകരിച്ചു. അതൊരു വൺടൈം വണ്ടറാണോ എന്ന് സംശയമുള്ളവരെ പോലും ഞെട്ടിച്ച് മാസങ്ങൾക്കിപ്പുറം അയാൾ പിന്നെയും വന്നു, ജവാനുമായി, താൻ തന്നെയിട്ട റെക്കോർഡുകൾ തിരുത്താൻ.

ജവാൻ തീർത്തും ഒരു ആറ്റ്ലീ സിനിമയാണ്. മാസ്സ് മസാല ഫോർമാറ്റിൽ തട്ടുപൊളിപ്പൻ ഗാനങ്ങളും, ഫൈറ്റും ഷാരൂഖിന്റെ ഇരട്ട വേഷത്തിലെ മിന്നും പ്രകടവും ഒക്കെ കൂടെ ചേർന്ന ഒരു കൊമേർഷ്യൽ സിനിമ. ഒരുപാട് തമിഴ് സിനിമകളുടെ മിക്സചറെന്നോ, സ്പൂഫെന്നോയൊക്കെ ആ ചിത്രത്തെ പലരും വിളിക്കുന്നുമുണ്ട്. പക്ഷേ ബോളിവുഡ് സിനിമയിൽ അതുവരെ ചർച്ച ചെയ്യാതിരുന്ന പലതും ആറ്റ്ലി ഷാരൂഖ് ചിത്രത്തിലൂടെ പറയുന്നുണ്ട്. പാവപെട്ട കർഷകരെ ചൂഷണം ചെയ്യുന്ന, അവരെ മരണത്തിലേക്ക് നയിക്കുന്ന നിയമങ്ങളും നിയമപാലകരും, കർഷക സമരത്തിൽ നിശബ്ദമായ ബോളിവുഡ് മുഖ്യധാരയിലേക്കാണ് ആ സിനിമ വരുന്നത്. ഓക്സിജൻ സിലിണ്ടറില്ലാതെ കുട്ടികൾ ആശുപത്രിയിൽ മരിച്ച് വീഴുന്നത് ഈ രാജ്യത്ത് സംഭവിച്ചിട്ടും, അവിടെ വേട്ടയാടപ്പെട്ടത് അതിൽ പ്രതികരിച്ച ഡോക്ടർമാരായിരുന്നു. അത്തരം വിഷയങ്ങൾ, വോട്ടിന്റെ പ്രാധാന്യം എല്ലാം ആറ്റ്ലി ബോളിവുഡ് ചിത്രത്തിലൂടെ പറഞ്ഞു. മുഖ്യധാരയിൽ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ നടത്തിയിട്ടില്ലെങ്കിലും നിരന്തരം സംഘ്പരിവാർ വേട്ടയാടിയിട്ടുള്ള ഷാരൂഖ് തന്നെ ആ വാക്കുകൾ പറയുമ്പോൾ, ആ രാഷ്ട്രീയത്തിന് മൂർച്ച കൂടുന്നു.

പത്താന്റെ റെക്കോർഡുകൾ ഇന്ന് പഴംകഥയാണ്. തിരിച്ചുവരവിൽ ഏറ്റവും വലിയ കളക്ഷനുകളാണ് ഇന്ന് ഷാരുഖാന് സ്വന്തം പേരിൽ മാറ്റിയിരിക്കുന്നത്. റിലീസ് ദിവസം 129 കോടിയെന്ന ബോളിവുഡ് സിനിമയുടെ സർവകാല റെക്കോർഡ് നേടിയതിന് ശേഷം നാല് ദിവസം കൊണ്ടാണ് ജവാൻ 500 കോടി നേടിയത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ഒരു ഹിന്ദി സിനിമ കേരളത്തിൽ നിന്ന് നേടുന്ന ഉയർന്ന ഫസ്റ്റ് ഡേ കളക്ഷൻ ഇൻ ഷാരൂഖിന്റെ പേരിലാണ്. അതെ അബ് ഷാരൂഖ് കാ വനവാസ് കാ ടൈം ഖത്തം ഹോഗ, അത് ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നു.

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

SCROLL FOR NEXT