Filmy Features

ഭാര്‍ഗവീനിലയം മുതല്‍ ആകാശഗംഗ സെക്കന്‍ഡ് വരെ ; മലയാളത്തിലെ ഹൊറര്‍ സിനിമകള്‍

THE CUE

വിനയന്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം റിലീസ് നവംബര്‍ ഒന്നിന് റിലീസ് ചെയ്യാന്‍ പോവുകയാണ്. ചിത്രത്തിലെ പുതുമഴയായി വന്നൂ നീ എന്ന ഗാനം മാത്രം മതി പ്രേക്ഷകര്‍ക്ക് ആദ്യ ഭാഗം ഓര്‍ത്തെടുക്കാന്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയ്ക്ക് 20 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വലിയൊരു വെല്ലുവിളി അണിയറപ്രവര്‍ത്തകര്‍ നേരിടുണ്ട്. ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന്റെയും ഹൊറര്‍ സീരീസുകളുടെയും കാലത്ത് പ്രേക്ഷകരെ ഭയപ്പെടുത്തുക എളുപ്പമാവില്ല.സാങ്കേതികവിദ്യയിലടക്കം വന്ന പുതുവിപ്ലവം പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ കാരണമാകുന്നു. കോണ്‍ജുറിങ്ങ് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുമായിട്ടായിരിക്കും പുതിയ കാലത്തെ ഏതൊരു ഹൊറര്‍ ചിത്രവും താരതമ്യം ചെയ്യപ്പെടുക എന്നതും വലിയ വെല്ലുവിളിയാണ്.

മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രം എന്ന് പറയാന്‍ കഴിയുക 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയമായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയില്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, മധു, വിജയ നിര്‍മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ബഷീറിന്റെ തന്നെ നീലവെളിച്ചം എന്ന ചെറുകഥ സിനിമയായപ്പോള്‍ അതില്‍ വിജയനിര്‍മല ഭാര്‍ഗവിയായി തിളങ്ങി. ആള്‍ത്താമസമില്ലാത്ത, കാടുപിടിച്ച, ഭയപ്പെടുത്തുന്ന ഒരു വീട് കണ്ടാല്‍ മലയാളി ഇന്നും ആദ്യം പറയുക അതൊരു ഭാര്‍ഗവീ നിലയമാണെന്നാിയിരിക്കും. അതുമാത്രം ആലോചിച്ചാല്‍ തന്നെ ചിത്രം പ്രേക്ഷകരെ എത്രത്തോളം സ്വാധീനിക്കപ്പെട്ടുവെന്ന് വ്യക്തമാകും. ഭാര്ഗവിയ്ക്ക് പിന്നാലെ 1968ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത യക്ഷിയെത്തി, സത്യനും ശാരദയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാളത്തിലെ ആദ്യത്തെ സൈക്കളോജിക്കല്‍ ഹൊറര്‍ ചിത്രമാണ്. മലയാറ്റൂരിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രം പ്രേതസിനിമയല്ലെങ്കിലും മലയാളി തിയ്യേറ്ററില്‍ ഭയപ്പെടുത്തിയിരുന്നു.

പ്രതികാരത്തിനായെത്തുന്ന പ്രേതമായിരുന്നു 1978ല്‍ പുറത്തിറങ്ങിയ ലിസയിലേത്. പ്രതികാരത്തിനായി മറ്റൊരു ശരീരത്തില്‍ കയറിക്കൂടുകയും പിന്നീട് മരിച്ചുപോയ ആളെപ്പോലെ പെരുമാറുകയുമെല്ലാം ചെയ്യുന്ന പ്രേതം. ബേബി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രതികാരവും ഒപ്പം അവളിലേക്കുള്ള അന്വേഷണവും പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ ത്രില്ലടിപ്പിച്ചു. പ്രേം നസീറും ജയനും രവികുമാറുമെല്ലാമുണ്ടായിരുന്ന ചിത്രത്തില്‍ സീമയായിരുന്നു ലിസയായെത്തിയത്. പ്രേതബാധയേല്‍ക്കുന്ന യുവതിയായി ഭവാനിയും. ചിത്രത്തിന് വീണ്ടും ലിസ എന്ന പേരില്‍ ബേബി തന്നെ സീക്വലും ഒരുക്കി.

വില്ലന്മാരാല്‍ കൊല്ലപ്പെടുന്ന അതിന് പ്രതികാരം ചോദിക്കാനായെത്തുന്ന പിന്നീട് ഏതെങ്കിലും മന്ത്രവാദിയാല്‍ തളക്കപ്പെടുന്ന പ്രേതങ്ങള്‍ പിന്നീട് മലയാളത്തില്‍ ഒരുപാടുണ്ടായി. പ്രേത സിനിമകളുടെ പശ്ചാത്തലം തന്നെ പി്ന്നീട് ഈ പ്രതികാരകഥയായി മാറി. ബേബിയുടെ തന്നെ കരിമ്പൂച്ച, വിശ്വസിച്ചാലും ഇല്ലെങ്കിലും കല്‍പ്പന ഹൗസ്, പച്ചവെളിച്ചം തുടങ്ങിയ ചിത്രങ്ങള്‍ പ്രേതകഥയുമായി മലയാളത്തിലെത്തി. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കള്ളിയങ്കാട്ടു നീലി പിന്നീട് മലയാളത്തിലെ പ്രേതങ്ങളുടെ മറ്റൊരു ഐഡന്റിറ്റിയായി മാറി. നാടോടി കഥകളിലൂടെ കേട്ടറിഞ്ഞ നീലിയായത് ജയഭാരതിയായിരുന്നു. മധു ആയിരുന്നു ചിത്രത്തിലെ നായകന്‍. പ്രേതങ്ങളില്‍ നിന്ന് മാറി, മന്ത്രവാദവും, ദുര്‍ ദേവതകളുടെ പ്രീണനുവുമെല്ലാമായി മോഹന്‍ലാല്‍ നായകനായി 1984ല്‍ ശ്രീകൃഷ്ണപരുന്ത് പുറത്തിറങ്ങി. അതേ പേരിലിറങ്ങിയ നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. ദുര്‍മന്ത്രവാദം പ്രമേയമാക്കി 1989ല്‍ മമ്മൂട്ടി നായകനായ അഥര്‍വ്വവുമെത്തി, ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേതമില്ലാതെ മലയാളിയെ ചെറുതായി ഭയപ്പെടുത്തി.

ഭയപ്പെടുത്തുന്ന പ്രേതത്തില്‍ നിന്നുള്ള മാറ്റമായിരുന്നു കമല്‍ സംവിധാനം ചെയ്ത ആയുഷ്‌കാലം എന്ന ചിത്രത്തിലെ ആത്മാവിനുള്ളത്. ഹൃദയമാറ്റ ശസ്ത്രകൃയുമായി ബന്ധപ്പെടുത്തി ഒരുക്കിയ ചിത്രം ഒരു കുടുംബ ചിത്രം എന്ന നിലയിലായിരുന്നു പ്രേക്ഷകര്‍ ആസ്വദിച്ചതും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത് 1993ലായിരുന്നു. പ്രേതചിത്രത്തിന്റെ കൊലപാതകം-മറ്റൊരു ശരീരത്തില്‍ കയറിയുള്ള പ്രതികാരം എന്നീ സാമ്യം ഉള്ളിലുണ്ടായിരുന്നുവെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന് ചേരുക സൈക്കളോജിക്കല്‍ ത്രില്ലര്‍ എന്ന ഴോണറാണ്. ചിത്രത്തിലെ സണ്ണിയെന്ന കഥാപാത്രം പറയുന്നത് പോലെ തന്നെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുക തന്നെയായിരുന്നു ചിത്രവും ചെയ്തത്.

ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് ഭയപ്പെടുത്താന്‍ വേണ്ടി നിര്‍മിച്ചതല്ലെങ്കിലും ആത്മാവ് ചിത്രത്തിലെ പ്രധാനകഥാപാത്രമായിരുന്നു. പേടിപ്പെടുത്താത്ത ഉപകാരിയായ ആത്മാവായി സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലൂടെ ഇന്നസെന്റും തൊണ്ണൂറിന്റെ ആദ്യ കാലം തന്നെ എത്തിയിരുന്നു.

വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 1999ല്‍ പുറത്തിറങ്ങുമ്പോള്‍ അതുവരെ പറഞ്ഞിട്ടുള്ള പ്രേതകഥകളുടെ ചട്ടക്കൂട് കാലത്തിനൊപ്പം മാറ്റിയിട്ടുണ്ടായിരുന്നു. ജീവനോടെ വില്ലന്മാര്‍ തീവച്ചു കൊലപ്പെടുത്തുന്ന പ്രേതം പ്രതികാരം ചെയ്യാനായി വീണ്ടുമെത്തിയപ്പോള്‍ സിനിമയുടെ പുതിയ മേക്കിംഗ് സാധ്യതകള്‍ കൂടി പരീക്ഷിക്കപ്പെട്ടു. ദിവ്യ ഉണ്ണി പ്രേതമായെത്തിയ ചിത്രം സാമ്പത്തികമായും വിജയം നേടി. പുതുമഴയായി എന്ന ഗാനം പിന്നീടെപ്പോഴും വേദികളില്‍ പ്രേതങ്ങളുടെ ഐഡിന്ററ്റിയായി മാറി. ആകാശഗംഗയ്ക്ക് പിന്നാലെ ഇന്ദ്രിയം, സമ്മര്‍ പാലസ് തുടങ്ങിയ ചിത്രങ്ങളും പ്രേതത്തിന്റെ പ്രതികാരകഥ പറയാനായെത്തി. സിനിമകളും പ്രേതങ്ങളും വ്യത്യസ്തമായിരുന്നുവെങ്കിലും എല്ലാത്തിന്റെയും ചട്ടക്കൂട് ഏകദേശം ഒന്ന് തന്നെയായിരുന്നു.

രാജസേനന്റെ മേഘസന്ദേശവും അനില്‍ ബാബുവിന്റെ പകല്‍പ്പൂരവും കോമഡിയ്‌ക്കൊപ്പമാണ് പ്രേതകഥ അവതരിപ്പിച്ചത്. 2004ല്‍ മറ്റൊരു വ്യത്യസത പ്രേതസിനിമയുമായി വിനയന്‍ വീണ്ടുമെത്തി. തരുണി സച്ച്‌ദേവെന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം പേടിപ്പെടുത്തിയതിന് ഒപ്പം തന്നെ കയ്യടി നേടുകയും ചെയ്തു. ഓജോ ബോര്‍ഡിന്റെ കഥയുമായി സഞ്ജീവ് ശിവന്‍ ഒരുക്കിയ അപരിചിതനില്‍ ഒരു പ്രേതമായെത്തിയത് മമ്മൂട്ടി തന്നെയായിരുന്നു. തൊട്ടടുത്ത വര്‍ഷമാകട്ടെ അനന്തഭദ്രം എന്ന ഡാര്‍ക്ക് ഫാന്റസി ചിത്രം സന്തോഷ് ശിവനും ഒരുക്കി.

2010ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ദ്രോണ എന്ന ചിത്രം പ്രേതമാരെന്ന സസ്‌പെന്‍സ് അവസാനം വരെ ഒളിപ്പിച്ചു വച്ചപ്പോള്‍ ആ വേഷം ചെയ്തത് മനോജ് കെ ജയനായിരുന്നു. മണിച്ചിത്രത്താഴിലെ ഡോ സണ്ണി എന്ന കഥാപാത്രത്തെ വീണ്ടും കൊണ്ടുവന്ന ഗീതാഞ്ജലിയും വെള്ളി നക്ഷത്രത്തിന് ശേഷം വീണ്ടും ഒരു കുട്ടി പ്രേതമായെത്തിയ ആടുപുലിയാട്ടവും രഞ്ജിത് ശങ്കര്‍ ഒരുക്കിയ പ്രേതം സീരീസും പൃഥ്വിരാജിന്റെ എസ്രയും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ എത്തിയ പ്രേതചിത്രങ്ങളാണ്.

അത്ര പെട്ടെന്ന് പേടിച്ചു കൊടുക്കാന്‍ മലയാളി തയ്യാറല്ലായിരുന്നു എന്നതായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം വെല്ലുവിളി. ഹോളിവുഡ് നിലവാരത്തിലുള്ള ഗ്രാഫിക്‌സുകളും ശബ്ദസംവിധാനങ്ങളും മലയാളിക്ക് അവശ്യവസ്തു ആയി എന്നത് തന്നെയാണ് പ്രധാനവെല്ലുവിളി. ആ വെല്ലുവിളിക്കകത്തേക്ക് തന്നെയാണ് ആകാശഗംഗ തിയ്യേറ്ററില്‍ നേരിടാന്‍ പോകുന്നതും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT