മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം കഴിഞ്ഞ പത്തു വർഷത്തോളമായി നിലിൽക്കുന്ന വസ്തുതയാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായി ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ മലയാള സിനിമയിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് കൃത്യമായി പരാമർശിച്ചിട്ടും അത് ചർച്ച ചെയ്യാൻ തയ്യാറാവാത്ത മാധ്യമങ്ങൾ നടിനടന്മാരുടെ പേരുകൾ ഇത്തരം പ്രശ്നങ്ങളിലേക്ക് വരുമ്പോൾ മാത്രം അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാവുന്നത് ശരിയല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സിനിമ മേഖലയിലെ അടിസ്ഥന വർഗ തൊഴിലാളികൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ ചൂണ്ടീക്കാണിച്ച കമ്മറ്റി റിപ്പോർട്ടിലും 'ലൈംഗികത' മാത്രമാണ് സമൂഹം ചർച്ച ചെയ്തത്. ലഹരി ഉപയോഗവും ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ളവർക്ക് നിഷേധിക്കപ്പെടുന്ന പ്രാഥമിക സൗകര്യങ്ങളും ഇനിയും മുഖ്യധാരയിലേക്ക് എത്താൻ എത്ര നാളെടുക്കും? സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പ്രതീക്ഷയർപ്പിച്ച ഹേമ കമ്മറ്റി റിപ്പോർട്ട് എത്തരത്തിൽ വിപരീതാഘാതം സൃഷ്ടിച്ചുവെന്നും ഭാഗ്യലക്ഷ്മി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
പത്ത് വർഷത്തോളമായി നിലനിൽക്കുന്ന മലയാള സിനിമയിലെ ലഹരി
ഈ അടുത്ത കാലത്ത് തുടങ്ങിയ ഒരു കാര്യമല്ല ഇത്. ഏകദേശം ഒരു പത്ത് വർഷത്തോളമായി വളരെ രഹസ്യമായി സിനിമ മേഖലയിൽ ഈ ലഹരി ഉപയോഗം നടക്കുന്നുണ്ട്. പല നിർമാതാക്കളും പലപ്പോഴും നമ്മുടെ സ്വകാര്യ സംഭാഷണങ്ങളിൽ അതിനെക്കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്. ഒരു രണ്ട് കൊല്ലം മുമ്പ് ഒരു സിനിമയുടെ ഷൂട്ട് കോഴിക്കോട് വച്ച് നടക്കുമ്പോൾ അതിൽ അഭിനയിച്ച ഒരു നടൻ എന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇൻഡസ്ട്രിയിലുള്ള ഒരു നടനെക്കുറിച്ച് എന്നോട് പേരെടുത്ത് തന്നെ പറയുകയുണ്ടായി. ആ നടൻ ഒരു രക്ഷയുമില്ല, രാവിലെ ഒമ്പത് മണിക്ക് ഷൂട്ടിംഗ് തീരുമാനിച്ചിട്ട് സെറ്റിലെത്തുന്നത് 12 മണിക്കാണ്. വന്നാലുടൻ കാരവാനിലേക്ക് കയറിയിരിക്കും. കുറേ കഴിഞ്ഞ ശേഷം ഇയാൾ എന്താണ് ഇറങ്ങി വരാത്തതെന്ന് നോക്കാൻ വേണ്ടി കാരവാനിലേക്ക് ചെന്നപ്പോൾ അതിനുള്ളിലേക്ക് കയറാൻ സാധിക്കാത്ത തരത്തിൽ പുക. ആ പുകപടലങ്ങൾക്കുള്ളിലാണ് അയാൾ ഇരിക്കുന്നതെന്ന് കണ്ട് അവിടെ നിന്നും ശ്വാസം മുട്ടി ഇറങ്ങിപ്പോരുകയായിരുന്നു എന്നു പറഞ്ഞു. പല നടിനടന്മാരും നിർമാതാക്കളും എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതൊന്നും അത്ര ദോഷമുള്ളതല്ലെന്ന് ഒരു നടി തന്നെ എന്നോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. സിനിമയിലേക്ക് അവസരം ചോദിച്ചു വരുന്ന പെൺകുട്ടികളെ നൈറ്റ് പാർട്ടികളിൽ ക്ഷണിച്ച് മയക്കു മരുന്ന് ഉപയോഗിക്കാനായി നിർബന്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത കൂടി ഇവിടെ നിലനിൽക്കുന്നുണ്ടെന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. സിനിമയിലെ ഒരു വിഭാഗം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം വളരെ സത്യമാണ്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കാത്ത തരത്തിലാണ് ഇത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഗതികേടിലാകുന്ന നിർമാതാക്കൾ
സ്റ്റാർ വാല്യു തന്നെയാണ് പ്രൊഡ്യൂസേഴ്സിനെ നിശബ്ദരാക്കുന്നത്. ഇവരെയെല്ലാം വേണ്ടെന്ന് വയ്ക്കാൻ അവർക്ക് പറ്റില്ല. ഈ ആർട്ടിസ്റ്റുകൾക്ക് ഇത്ര മാർക്കറ്റ് വാല്യു ഉണ്ടെന്ന് അറിഞ്ഞിട്ടാണ് നിർമാതാക്കൾ അവരെ സമീപിക്കുന്നത്. നിർമാതാവിന്റെയോ സംവിധായകന്റെയോ പേരിലല്ലല്ലോ സിനിമകൾ വിറ്റഴിയുന്നത്. തിയറ്ററും ഒടിടിയും എല്ലാം നടന്മാരെ നോക്കിയാണ് സിനിമ എടുക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് വഴങ്ങിക്കൊടുക്കുക എന്നത് നിർമാതാക്കളുടെ ആവശ്യവും ഗതികേടുമായി മാറുകയാണ്. കുറേ നാൾക്ക് മുമ്പ് ഒരു നിർമാതാവ് ഇതിന്റെ പേരിൽ ഇവിടെ വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ ഒരു പത്ത് വർഷത്തോളമായി ഇവിടെ ഇത് സംഭവിക്കുന്നുണ്ട്. മുംബൈ സിനിമ മേഖല മയക്കുമരുന്ന് ലോബിയുടെ കയ്യിലാണ്. ഇവിടെയും അത്തരത്തിലൊരു സംസ്കാരം വരുമോ എന്നാണ് ഞങ്ങളൊക്കെ ഭയക്കുന്നത്. വലിയൊരു സമൂഹത്തെയാണിത് ബാധിക്കുന്നത്. മയക്കുമരുന്നിനെക്കുറിച്ച് മുമ്പൊരു ഗായിക പറഞ്ഞ കാര്യം ഇവിടെ വാർത്തായിരുന്നു. എന്നാൽ കുറച്ച് നേരത്തിന് ശേഷം ആ ന്യൂസ് ഇന്റർനെറ്റിൽ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് ഉണ്ടായത്. ആ വാർത്തയെക്കുെറിച്ച് ഞാൻ സെർച്ച് ചെയ്ത് നോക്കുമ്പോൾ എവിടെയും അതെനിക്ക് കാണാൻ സാധിച്ചില്ല. പത്ര സമ്മേളനത്തിൽ ഞാൻ അക്കാര്യത്തെക്കുറിച്ച് രൂക്ഷമായി സംസാരിച്ചതിന് ശേഷം രാത്രി വീണ്ടും പലയിടത്തും ആ ന്യൂസ് പൊങ്ങി വരാൻ തുടങ്ങി. മുഖ്യധാര മാധ്യമങ്ങളെല്ലാവരും ആ വാർത്ത മുക്കാൻ ശ്രമിച്ചു. അപ്പോൾ ആരാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നത്. ഈ നിശബ്ദതത ഒരു പരിധിവരെ എല്ലാവരും മുതലെടുക്കുന്നണ്ട്.
ലൈംഗികത മാത്രം ചർച്ചയാക്കുന്ന മാധ്യമങ്ങൾ
ഹേമ കമ്മറ്റി റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് സിനിമയിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന്. എന്നാൽ ആ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സെക്സ് എന്ന വിഷയം മാത്രമാണ് മാധ്യമങ്ങൾ ചർച്ച ചെയ്തത്. കാരണം അതിനാണ് മാർക്കറ്റ് കൂടുതൽ. അത് കഴിഞ്ഞിട്ടേയുള്ളൂ ലഹരി ഉപയോഗവും മറ്റും. ആർക്കെതിരെയാണ് അടുത്ത ആരോപണം വരുന്നത്? ആരാണ് ആരോപണം ഉന്നയിക്കുന്നത് എന്നൊരു ആവേശമായിരുന്നു മാധ്യമങ്ങൾ കാണിച്ചത്. അന്ന് ഈ ലഹരി ഉപയോഗത്തെ പറ്റി പരാമർശിക്കുന്ന പാരഗ്രാഫ് സൗകര്യപൂർവ്വം പിന്നീട് ചർച്ച ചെയ്യാം എന്നു പറഞ്ഞ് മറ്റി വയ്ക്കുകയാണ് അവർ ചെയ്തത്. സമൂഹത്തിന് എപ്പോഴും ഒരു പ്രവണതയുണ്ടല്ലോ? ഒരു കൊലപാതകം നടക്കുമ്പോൾ അത് വായിക്കുന്നതിനെക്കാൾ താൽപര്യം ബലാത്സംഗമോ ഒളിച്ചോട്ടമോ വായിക്കാനാവും, ഇത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. മുമ്പൊരു ഗായിക ഈ ലഹരി വിഷയത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതൊരു ഫ്ലാഷ് ന്യൂസിൽ ഒതുങ്ങിപ്പോയി. എന്നാൽ ഇപ്പോൾ ഒരു നടനും നടിയും ഇതിൽ ഉൾപ്പെട്ടുവെന്ന വാർത്ത വന്നു, ഉടനെ അവർ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി. മയക്കുമരുന്നല്ല, ഈ നടനും നടിയ്ക്കുമെതിരെ എന്തൊക്കെ പുറത്തു വരുന്നു എന്നതാണ് മാധ്യമങ്ങൾക്ക് വിഷയം. ഏറ്റവും അപകടകരമായ അവസ്ഥ അതാണ്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്ന സമയത്ത് ഞങ്ങൾ എല്ലാവരും കരുതിയത് മലയാള സിനിമയിൽ വലിയൊരു മാറ്റം ഉണ്ടാകുമെന്നാണ്. പക്ഷേ ചാനലുകൾ അത് കൈ കാര്യം ചെയ്ത രീതി വളരെ മോശമായിപ്പോയത് കൊണ്ട് സമൂഹത്തിന്റെ മുന്നിൽ സിനിമയിലുള്ള സ്ത്രീകൾ മൊത്തത്തിൽ പരിഹസിക്കപ്പെടുകയാണുണ്ടായത്. എന്താണ് ഹേമ കമ്മറ്റി റിപ്പോർട്ട് കൊണ്ട് ഉദ്ദേശിച്ചത് അതിന് നേരെ വിപരീതമാണ് ഇവിടെ സംഭവിച്ചത്. നിങ്ങൾ പരാതി കൊടുക്കുന്നില്ലേയെന്ന് പരിഹാസത്തോടെ പലരും ഇങ്ങോട്ട് ചോദിക്കുകയാണ്.
ആരോപണങ്ങൾ പുറത്തു വരുമ്പോൾ മാധ്യമങ്ങൾ തന്നെ വിചാരണയും നടത്തുന്നു
ഒരു മാധ്യമം ഒരു സ്ത്രീയെ കൊണ്ടുവന്ന് കുറേ നടന്മാർക്കെതിരെ ഒരോന്നായി ആരോപണങ്ങൾ പറയിപ്പിച്ച ശേഷം, അതേ പെൺകുട്ടിയെ കൊണ്ട് വന്ന് അതെല്ലാം നുണയാണെന്ന് പറയിപ്പിക്കുകയാണ് ഇവിടെ. ഒരു സ്ത്രീ അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് നിയമപരമായി മുന്നോട്ട് പോകട്ടെ എന്നല്ല, പകരം അതിന് പുറകേ പോയി അവരുടെ ചരിത്രവും സ്വഭാവവും ഒക്കെ സംസാര വിഷയമാക്കി മാറ്റിയപ്പോൾ വളരെ ഗൗരവകരമായ ഒരു വിഷയം ഇവിടെ ഒന്നുമല്ലാതെയായി തീർന്നു. ഇതിനിടെയിൽ സത്യസന്ധമായ പരാതികളുമായി വരുന്ന സ്ത്രീകളെയും സമൂഹം മോശക്കാരായി കാണാൻ തുടങ്ങി. എല്ലാവർക്കും മീഡിയയുടെ ഈ ചോദ്യങ്ങൾക്ക് വിദഗ്ദമായി ഉത്തരം നൽകി സംസാരിക്കാൻ സാധിക്കില്ല. അവർ ചിലപ്പോൾ പതറിപ്പോയേക്കാം, ആ പതർച്ച എടുത്ത് വാർത്തയാക്കി ആ സ്ത്രീകളെ അപമാനിക്കുന്ന ഒരു രീതിയിലേക്കാണ് അത് മാറിയത്. മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെ ചൂഷണം നടക്കുന്നുണ്ടെങ്കിൽ അതിന് എതിരെ ശബ്ദമുയർത്തണം എന്നതായിരുന്നില്ല മാധ്യമങ്ങളുടെ ലക്ഷ്യം. ഫെഫ്ക വിളിച്ചു കൂട്ടിയ സ്ത്രീകളുടെ ഒരു മീറ്റിംഗിൽ നിങ്ങൾക്ക് എതിരെ ഉണ്ടാകുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ഉടനടി പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അത് മാധ്യമങ്ങളോട് പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും പറഞ്ഞതിന് രണ്ട് സ്ത്രീകൾ അതിനെക്കുറിച്ച് പുറത്തു വന്നു പറഞ്ഞത് ഭാഗ്യ ലക്ഷ്മി സ്ത്രീ വിരുദ്ധമായി സംസാരിച്ചു എന്നാണ്. മാധ്യമങ്ങളും ഞാൻ സ്ത്രീ വിരുദ്ധത പ്രചരിപ്പിച്ചു എന്നാണ് അന്ന് വാർത്ത കൊടുത്തത്. ഏതൊരു കാര്യത്തിനും ഇന്നും മുഖത്ത് നോക്കി മറുപടി പറയാൻ സ്ത്രീകൾ ഭയപ്പെടുന്നു എന്നതൊരു സത്യമാണ്. മാധ്യമങ്ങളിലെ ചർച്ചയിലിരുന്ന് നമ്മൾ സ്ത്രീകൾ ധൈര്യമായി പ്രതികരിക്കണമെന്ന് പറയുമ്പോൾ മാധ്യമങ്ങൾ ഇങ്ങോട്ട് പറയുന്നത് എല്ലാവർക്കും ആ ധൈര്യം ഉണ്ടാവില്ല എന്നാണ്. ഇത് കേൾക്കുന്ന പെൺകുട്ടികൾക്ക് ഒന്നുകൂടി ധൈര്യമില്ലാതെയായി പോവുകയാണ് ചെയ്യുന്നത്. പെൺകുട്ടികൾ പ്രതികരിക്കാൻ പഠിക്കണമെന്ന് സമൂഹം തന്നെയാണ് അവരെ പഠിപ്പിക്കേണ്ടത്.
സിനിമയിലെ അടിസ്ഥാന വർഗ തൊളിലാളികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടണം
സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യം കൊടുക്കുന്നില്ലെന്ന് പറയുമ്പോൾ അതിൽ പ്രധാനപ്പെട്ട നടിമാരുടെ കാര്യമല്ല ഉദ്ദേശിക്കുന്നത്. അവിടെ ഏറ്റവും ദയനീയമായ അവസ്ഥ നേരിടുന്നത് ജൂനിയർ ആർട്ടിസ്റ്റുകളും ഹെർ ഡ്രെസ്സ് ചെയ്യുന്നവരും മേക്ക് അപ് ആർട്ടിസ്റ്റുകളുമൊക്കെയാണ്. നിർമാതാക്കളെ സംബന്ധിച്ച് ഏറ്റവും എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കുന്നൊരു വിഭാഗമാണ് ഈ പറഞ്ഞവരൊക്കെയും. തൊഴിൽ വേണമെന്നുള്ളത് അവരുടെ ആവശ്യമായതുകൊണ്ട് അവർക്ക് അതൊരു പരാതിയായി ഉന്നയിക്കാൻ പോലും ഭയമാണ്. പരാതി പറഞ്ഞു കഴിഞ്ഞാൽ ഇനി സിനിമയിലേക്ക് വിളിച്ചില്ലെങ്കിലോ എന്നാണ് അവർ കരുതുന്നത്. ബാത്ത് റൂമിൽ പോകാൻ സാഹചര്യമില്ലെങ്കിലും ഞാൻ കടിച്ചു പിടിച്ച് ഇരുന്നുകൊള്ളാം എനിക്ക് ജോലി കിട്ടിയാൽ മതി എന്നാണ് എല്ലാവരും തീരുമാനിക്കുന്നത്. യൂറിനറി ഇൻഫക്ഷനുള്ള എത്ര സ്ത്രീകളാണെന്ന് സിനിമയിലുള്ളതെന്ന് അറിയാമോ? പീരീഡ്സ് സമയത്തും ഇതേ അവസ്ഥ തന്നെയാണ് അവർക്ക്. സിനിമ നയരൂപീകരണത്തിൽ പോലും ഏറ്റവും കൂടുതൽ സ്ത്രീകൾ ആവശ്യപ്പെട്ടത് ഈ കാര്യമാണ്. ജോലിക്ക് കൂലി കൃത്യമായി സംഘടന വാങ്ങി നൽകും. ഇവർക്കെല്ലാം കാരവാൻ നൽകണമെന്നും സംഘടന പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മിക്ക സ്ഥലങ്ങളിലും കാരവാൻ സൗകര്യമുണ്ടോയെന്ന് സംഘടനയ്ക്ക് ഒരിക്കലും അന്വേഷിക്കാൻ സാധിക്കില്ല. അതിനെക്കുറിച്ച് പരാതി പറയാനും ആരും തയ്യാറല്ല. ഭയമാണ് അവർക്ക്. പുരുഷന്മാർക്കും ഇതേ പ്രശ്നം സംഭവിക്കുന്നുണ്ട്. ഇത് ബാധിക്കുന്നത് അടിസ്ഥാന വർഗ തൊഴിലാളികളെയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും ഇവിടെ വലിയ ചർച്ചയുണ്ടാക്കിയിട്ടില്ല.
സൈബർ ആക്രമണങ്ങളിൽ തകർന്ന് പോയ നാളുകളുണ്ട്, ഡിപ്രഷനിലേക്ക് പോയിട്ടുണ്ട്
യൂട്യൂബ് വന്നു തുടങ്ങിയ കാലഘട്ടത്തിൽ ചെറുതായിട്ട് ഒന്നു പേടിച്ചിരുന്നു. 2000 കാലഘട്ടങ്ങളിൽ ഒക്കെ തോന്നിയിട്ടുണ്ട് ഒന്നും പറയാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന്. പക്ഷേ പിന്നീട് നോക്കുമ്പോൾ ഉറക്കെ സംസാരിക്കുന്ന അല്ലെങ്കിൽ സ്വന്തമായ അഭിപ്രായമുള്ള എല്ലാ സ്ത്രീകളും ഇങ്ങനെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലായി. ഇതെന്റെ പ്രശ്നമല്ല സമൂഹത്തിന്റെ പ്രശ്നമാണെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞു. സംസാരിക്കുന്ന പെണ്ണിനെ അടിച്ചമർത്തുക. കുറേ തെറി വിളിച്ച് കഴിയുമ്പോൾ അവൾ അടങ്ങും എന്നൊരു തോന്നലാണ് അവർക്ക്. അതിന് ശേഷം ഞാൻ അതിനെ ഭയന്നിട്ടില്ല. അല്ലെങ്കിൽ എന്റെ മക്കൾ എന്നോട് പറയണം അമ്മ ഇനി മിണ്ടരുതെന്ന്. പക്ഷേ എന്റെ മക്കൾ പോലും പറയുന്നത് അമ്മയുടെ അഭിപ്രായം അമ്മ പറയൂ എന്നാണ്. അമ്മയ്ക്ക് ശരിയെന്ന് തോന്നുന്നത് അമ്മ പറയണം എന്നാണ്. ഞാനും എന്റെ മക്കളും ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല. അതുകൊണ്ട് അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ അറിയുന്നുമില്ല. ആദ്യമൊക്കെ എന്നെക്കുറിച്ച് വരുന്ന വാർത്തകൾ ആളുകൾ എനിക്ക് അയച്ചു തരുമായിരുന്നു, പിന്നീട് ഞാൻ പറഞ്ഞതിന് ശേഷം അതും ആരും എനിക്ക് അയക്കാറില്ല. മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ഞാൻ ചിന്തിക്കാത്തിടത്തോളം കാലം ഞാൻ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കും.
എന്നെക്കുറിച്ച് ഒരു വീഡിയോ ആരോ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എല്ലായ്പ്പോഴത്തെയും പോലെ ഞാനത് ശ്രദ്ധിക്കാൻ പോയിരുന്നില്ല, എന്നാൽ പിന്നീട് ഒരാൾ എന്റെ അടുത്തുവന്ന് പറഞ്ഞു അത് സാധാരണ വരുന്നൊൊരു വീഡിയോ പോലെയല്ലെന്ന്. ആ വീഡിയോ കണ്ടതിന് ശേഷം സത്യസന്ധമായി പറയുകയാണെങ്കിൽ ഞാൻ തകർന്ന് പോയിരുന്നു. ഒരു പരിധിവരെ ഒരു ഡിപ്രഷനിലേക്ക് ഞാൻ പോയി എന്ന് തന്നെ പറയാം. എന്നാൽ അതിനെക്കുറിച്ച് ഓർത്ത് ഒരു ദിവസമേ ഞാൻ തകർന്നിരുന്നുള്ളൂ. അന്ന് മലയാള സിനിമയിലെ ഒരു സ്ത്രീ കൂട്ടായ്മയും എനിക്ക് വേണ്ടി മിണ്ടിയിട്ടില്ല. ആരും അതിനെതിരെ പ്രതികരിക്കാനോ കൂടെ വരാനോ തയ്യാറാവാത്തിടത്താണ് ഇങ്ങനെ തകർന്നിരിക്കാൻ പാടില്ലെന്ന് ഞാൻ തീരുമാനിക്കുന്നത്. ഇത്രയും സംസാരിക്കുന്ന ഞാൻ തളർന്നാൽ സാധാരണ സ്ത്രീകൾ ഇതിനെക്കാൾ തളർന്ന് പോകും. അങ്ങനെയെങ്കിൽ നിങ്ങൾ ധൈര്യമായി ഇരിക്കൂ എന്ന് നാളെ എനിക്കവരോട് പറയാൻ യേഗ്യതയില്ലാതെയായി പോകും. അങ്ങനെയാണ് ഞാൻ ആ പോരാട്ടത്തിനായി ഇറങ്ങിയത്.