Filmy Features

'റൊമാന്റിക്ക് സിനിമകള്‍ ചെയ്ത ഗൗതം സാറില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു'; അനുരാഗത്തെ കുറിച്ച് സംവിധായകന്‍ ഷഹദ്

പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ചിത്രം വ്യത്യസ്ത പ്രായത്തിലുള്ള മൂന്ന് കപ്പിള്‍സിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തെ കുറിച്ചും ഗൗതം വാസുദേവ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചും ദ ക്യുവിനോട് സംവിധായകന്‍ ഷഹദ് സംസാരിച്ചു.

അനുരാഗം പ്രകാശന്‍ പറക്കട്ടെയ്ക്ക് മുന്നെ ചെയ്യാനിരുന്ന സിനിമ

ഞാന്‍ പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് മുന്‍പ് ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. സ്വതന്ത്രമായി സിനിമ ചെയ്യണം എന്ന ചിന്ത വന്ന സമയത്ത് നമ്മള്‍ അതിന് പറ്റിയൊരു കഥ അന്വേഷിച്ച് നടക്കുമല്ലോ. അങ്ങനെയാണ് ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ സംവിധായകനായ നഹാസ് ഹിദായത്ത് എന്നോട് അശ്വിന്‍ എന്ന ഞങ്ങളുടെ ഒരു സുഹൃത്ത് ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്നും അത് ഞാന്‍ അന്വേഷിക്കുന്ന തരത്തിലുള്ള ഒരു ഫീല്‍ ഗുഡ് സിനിമയാണെന്നും പറയുന്നത്. 2018-19 കാലഘട്ടത്തിലാണ് അശ്വിന്‍ എന്നോട് അനുരാഗത്തിന്റെ കഥ പറയുന്നത്. ഈ സിനിമയായിരിക്കും നമുക്ക് ആദ്യമായി ചെയ്യാന്‍ പറ്റുന്നത് എന്ന തീരുമാനിച്ച് ഇരിക്കുമ്പോഴാണ് കൊവിഡ് വില്ലനായി വരുന്നത്. അപ്പോഴേക്കും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ കഴിഞ്ഞിരുന്നു. പ്രൊഡ്യൂസറും കാസ്റ്റും എല്ലാം റെഡിയായിരുന്നു. പക്ഷെ പിന്നീട് കൊവിഡ് മൂലം സിനിമ നിന്ന് പോവുകയായിരുന്നു.

പിന്നെ കൊവിഡ് സമയത്ത് ഈ സിനിമ ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കുറച്ച് അധികം ആളുകള്‍ വേണ്ടിയിരുന്നു സിനിമയ്ക്ക്. അതിനൊപ്പം തന്നെ ടൗണുകളും തുറന്ന് കിട്ടണമായിരുന്നു. കാരണം എറണാകുളത്തിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. എറണാകുളം പോലൊരു നഗരത്തില്‍ പല ഭാഗങ്ങളിലായി നടക്കുന്ന ഒരുപാട് ഇവെന്റുകളുള്ള ഒരു സിനിമ കൂടിയാണിത്. എന്നാല്‍ പ്രകാശന്‍ പറക്കട്ടെ ഗ്രാമ പ്രദേശത്തായിരുന്നു ചിത്രീകരണം എല്ലാം. അതുകൊണ്ട് കൂടിയാണ് അനുരാഗം രണ്ടാമത്തെ സിനിമയായത്. പിന്നെ ഗൗതം സാറിന്റെ ഡേറ്റ് കിട്ടിയതും ഈ സമയത്തേക്കായിരുന്നു. അപ്പോഴാണ് ധ്യാന്‍ ചേട്ടന്‍, ഈ സമയത്ത് സിനിമ ചെയ്യാതിരിക്കേണ്ട എന്ന് പറഞ്ഞ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്യുന്നത്.

സംഗീത സംവിധായകനായി ഗൗതം മേനോന്‍

അനുരാഗത്തില്‍ ഗൗതം സാര്‍ ഒരു സംഗീത സംവിധായകനായാണ് അഭിനയിക്കുന്നത്. പാതി തമിഴനായ ഒരു സംഗീത സംവിധായകന്‍ എന്നതായിരുന്നു കഥാപാത്രത്തിന്റെ ഐഡിയ. അതുകൊണ്ട് തന്നെ എലീറ്റായൊരു മനുഷ്യനായിരിക്കണം കഥ പറയേണ്ടതെന്നും അതോടൊപ്പം തന്നെ രണ്ട് ഷേഡുകള്‍ ഉള്ള ഒരു കഥാപാത്രം കൂടിയാണിത്. അങ്ങനെയുള്ള ആലോചനകളിലാണ് ഗൗതം സര്‍ എന്ന പേരിലേക്ക് വരുന്നത്. ആ സമയത്ത് അദ്ദേഹം കൂടുതല്‍ വില്ലന്‍ വേഷമാണ് ചെയ്തിരുന്നത്. പക്ഷെ ഞങ്ങളുടെ ചര്‍ച്ചകളില്‍ ഇത്രയും റൊമാന്റിക് സിനിമകള്‍ ചെയ്ത ഒരു സംവിധായകന് കൃത്യമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. അങ്ങനെ പല രീതിയിലും ഞങ്ങള്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചു. പിന്നീട് അരമണിക്കൂര്‍ സമയം ഞങ്ങള്‍ക്ക് സര്‍ കഥ പറയാന്‍ തന്നു. ഞാനും തിരക്കഥാകൃത്ത് അശ്വിന്‍ ജോസും നിര്‍മ്മാതാവും കൂടിയാണ് കഥ പറയാന്‍ പോയത്. കഥ കേട്ട ശേഷം ഇത് ഒരുപാട് അഭിനയിക്കാനുള്ള കഥാപാത്രമാണ് ഞാന്‍ നല്ലൊരു നടനല്ല, സംവിധായകനാണ് എന്നെല്ലാം പറഞ്ഞു. അന്ന് സാറിന് ഞങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ ഈ സിനിമ ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് ഗൗതം സാറിന്റെ ഡേറ്റ് കിട്ടുന്നത്.

മൂന്ന് പ്രണയ കഥ പറയുന്ന സിനിമ

അനുരാഗം മൂന്ന് കപ്പിള്‍സിന്റെ കഥയാണ് പറയുന്നത്. മൂന്ന് പ്രായത്തിലുള്ള പ്രണയേതാക്കളുടെ കഥയാണിത്. അതില്‍ ഗൗതം സാറിനൊപ്പം അഭിനയിക്കുന്നത് നടി ലെനയാണ്. ഒരേ നഗരത്തില്‍ തന്നെ നടക്കുന്ന മൂന്ന് പ്രണയ കഥയാണ് സിനിമ പറയുന്നത്. എന്നാല്‍ ഇതൊരു ആന്തോളജിയല്ല. മറിച്ച് മൂന്ന് കപ്പിള്‍സും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. പുരുഷന്‍മാരുടെ പോയന്റ് ഓഫ് വ്യൂവില്‍ നിന്നുള്ള പ്രണയമാണ് സിനിമ പറയുന്നത്. ഫെബ്രുവരിയിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT