Filmy Features

'സെല്‍വിയെക്കാള്‍ സ്‌ക്രീന്‍ സ്‌പേയ്‌സുണ്ട് ജലധാരയിലെ അഞ്ജലിക്ക്': അഞ്ജലി സുനില്‍ കുമാര്‍ അഭിമുഖം

ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത് ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലെ സെല്‍വി എന്ന കഥാപാത്രം അവതരിപ്പിച്ച നടി അഞ്ജലി ചിത്രത്തില്‍ ശ്രദ്ദേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ഓഡിഷന്‍ കോള്‍ വഴിയാണ് സിനിമയിലേക്ക് വരുന്നതെന്നും ഓഡിഷനില്‍ പങ്കെടുക്കാന്‍ ആകര്‍ഷിച്ചത് ചിത്രത്തിലെ ഉര്‍വശി- ഇന്ദ്രന്‍സ് കോംബോയാണെന്നും അഞ്ജലി സുനില്‍ കുമാര്‍. ഓരോ ആളുകള്‍ക്കും ഓരോ സ്‌റ്റൈല്‍ ഉണ്ടെന്നും കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും സീനിയറായിട്ടുള്ളവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അഞ്ജലി പറഞ്ഞു. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ മകളായാണ് അഞ്ജലി സുനില്‍ കുമാര്‍ എത്തുന്നത്. അഞ്ജലി ക്യു സ്റ്റുഡിയോയോട്.

ജലധാര പമ്പ് സെറ്റിലേക്ക്.

ഓഡിഷന്‍ വഴിയാണ് ചിത്രത്തിലേക്കെത്തുന്നത്. ഇന്ദ്രന്‍സ് ഉര്‍വശി കോംബോയായിരുന്നു ഓഡിഷനിലേക്ക് ആകര്‍ഷിച്ചത്. സെലക്ഷന്‍ കിട്ടി കഴിഞ്ഞ് ഞാന്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ മുഴുവന്‍ കഥ കേള്‍ക്കുന്നത്. എല്ലാ കഥാപാത്രത്തിന്റെയും പാസ്റ്റും പ്രസന്റും വളരെ വിശദമായി വിശദീകരിച്ചാണ് സംവിധായകന്‍ ആഷിഷ് ചേട്ടന്‍ എനിക്ക് കഥ മുഴുവന്‍ പറഞ്ഞു തന്നത്.

ഇന്ദ്രന്‍സും ഉര്‍വശിയും.

എത്രയോ സീനിയറായിട്ടുള്ള ആളുകളാണ് അവര്‍. നമ്മള്‍ ഇപ്പോള്‍ സിനിമയിലേക്ക് വന്നിട്ടേയുള്ളൂ. ഇവരുടെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത്, ഇവര്‍ എങ്ങനെയാണ് അഭിനയിച്ചത് എന്ന് കാണാന്‍ പറ്റുന്നത് ഒക്കെ തന്നെ എനിക്കൊരു വലിയ ഭാഗ്യമായിട്ടാണ് തോന്നിയത്. സെറ്റില്‍ അവര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ തന്നെ ഞാന്‍ വളരെ ആവേശത്തിലായിരുന്നു. ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയാണ് ഉള്ളത്. അവരൊക്കെയും ഇത്രയും അനുഭവസമ്പന്നരായതുകൊണ്ടു തന്നെ എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌റ്റൈല്‍ ഉണ്ട്. ഒരു തുടക്കക്കാരി എന്ന നിലയില്‍ അത് ഓരോന്നും കണ്ട് പഠിക്കാന്‍ തന്നെ വളരെ രസമാണ്. ഇവരുടെയൊക്കെ സ്‌റ്റൈല്‍ കണ്ട് നമുക്കും അതേ പോലെ ചെയ്യാന്‍, ആദ്യമൊക്കെ കുറേ അനുകരിക്കാന്‍ നോക്കിയിട്ടുണ്ട്. അത് വളരെ നല്ലതായിരുന്നു. രസകരമാണ് അങ്ങനെ ഓരോരുത്തരുടെയും രീതികള്‍ കാണാന്‍.

ഹൃദയത്തിലെ സെല്‍വി.

ഹൃദയം സംഭവിക്കുന്നതും ഇതുപോലെ ഓഡിഷന്‍ വഴിയാണ്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. ആ സമയത്ത് ഞാന്‍ ജോലി ചെയ്യുകയായിരുന്നു. ഓഡീഷന് അയച്ചു കിട്ടി, അങ്ങനെ ഹൃദയം സംഭവിച്ചു. വളരെ സ്വാഗതാര്‍ഹമായ ഒരു സെറ്റായിരുന്നു ഹൃദയത്തിലേത്. പിന്നെ ഹൃദയത്തിലെ എല്ലാവരും ഏകദേശം ഒരേ പ്രായക്കാരായിരുന്നു അതിന്റേതായ ഒരു രസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ദിവസവും സെറ്റില്‍ പോകാന്‍ വളരെ ആവേശം തോന്നിയിരുന്നു.

ഡാന്‍സ്, തിയറ്റര്‍, സിനിമ.

ഡാന്‍സ് അല്ല സിനിമയിലേക്ക് കൊണ്ടു വന്നത്, ചെറുപ്പത്തില്‍ അമ്മ നിര്‍ബന്ധിച്ചതു കൊണ്ട് പോയി പഠിച്ചു, ഇപ്പോഴും തുടര്‍ന്ന് കൊണ്ടു പോകുന്നതാണ് ഡാന്‍സ്. എന്റെ കരിയറില്‍ ഡാന്‍സും സിനിമയും തമ്മില്‍ ഒരു തരത്തിലുമുള്ള ബന്ധം ഉണ്ടായിരുന്നില്ല. തിയറ്ററുകള്‍ അഭിനയ ജീവതത്തിനെ ഭയങ്കരമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. നിക്ക് അഭിനയത്തോടുള്ള ഇഷ്ടം തുടങ്ങിയത് തിയറ്ററില്‍ നിന്നാണ്. സിനിമ എന്നതിലുപരി അഭിനയം എന്ന കലയോടാണ് എനിക്ക് എപ്പോഴും താല്‍പര്യമുണ്ടായിരുന്നത്. അതിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അന്നും ഇന്നും ഇനി അങ്ങോട്ടും തിയറ്റര്‍ തന്നെ ആയിരിക്കും. ഇപ്പോഴും തിയറ്ററില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. രസ തിയറ്റേഴ്സുമായി ചേര്‍ന്ന് അടുത്തായി തന്നെ ഒരു നാടകം ഞാന്‍ ചെയ്തിരുന്നു. തൃപ്പൂണിത്തുറയിലാണ് അതിന്റെ സ്റ്റുഡിയോ ഉള്ളത്. എന്റെ സുഹൃത്തുക്കളുടെ തന്നെ സ്ഥാപനമാണ്. ഞങ്ങളുടെ ചെറിയൊരു പ്രൊഡക്ഷനായിരുന്നു അത്. അതാണ് വളരെ അടുത്ത് ഞാന്‍ ചെയ്ത നാടകം. തിയറ്ററുമായി തട്ടിച്ചു നോക്കുമ്പോള്‍ തമ്മില്‍ എളുപ്പം സിനിമയാണ്. തിയറ്ററിലൂടെ നമുക്ക് പ്രാക്ടീസ് കിട്ടും. അത് കാരണം ഡയലോഗ് പഠിക്കാന്‍ എനിക്ക് എളുപ്പമായിരുന്നു.

ഭാവി പ്രതീക്ഷ.

ഞാന്‍ ഇപ്പോഴും എന്റെ കരിയറിന്റെ ആരംഭഘട്ടത്തിലാണ്. കരിയറില്‍ എത്രത്തോളം മാറ്റം വന്നിട്ടുണ്ട് എന്ന് ചോദിച്ചാല്‍ അങ്ങനെ വലുതായിട്ടുള്ള മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. സത്യം പറഞ്ഞാല്‍ ഇപ്പോഴും സ്ട്രഗിളിംഗ് സ്റ്റേജില്‍ തന്നെയാണ് നില്‍ക്കുന്നത്. ഒരുപാട് പ്രതീക്ഷകള്‍ വയ്ക്കാത്ത ഒരാളാണ് ഞാന്‍. കാരണം അങ്ങനെ പ്രതീക്ഷ വച്ചിട്ട് അത് നടന്നില്ല എങ്കില്‍ ഉണ്ടാകുന്ന ഒരു സംഭവം ഉണ്ടല്ലോ. പിന്നെ, തീര്‍ച്ചയായും സെല്‍വിയില്‍ നിന്നും എനിക്ക് കുറച്ചു കൂടി സ്‌ക്രീന്‍ സ്പേയ്സ് കിട്ടിയ കഥാപാത്രമാണ് ജലധാരയിലെ അഞ്ജലി. അതുകൊണ്ട് ഭാവിയില്‍ ഇനി ഉയര്‍ച്ചയുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. ജലധാര ഒരു വഴിത്തിരിവാകും എന്നാണ് പ്രതീക്ഷ. ഞാന്‍ ഒരു തമിഴ് സിനിമ ചെയ്തിട്ടുണ്ട്. അത് ഈ വര്‍ഷം അവസാനം റിലീസ് ഉണ്ടാകാം. അതാണ് ഞാന്‍ കാത്തിരിക്കുന്ന അടുത്ത പ്രോജക്ട്. നിലവില്‍ മറ്റ് പ്രോജക്ടുകളൊന്നുമില്ല.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT