28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന ചിത്രം. മുംബൈ ജിയോ മാമി ചലച്ചിത്രമേളയിൽ ഓപ്പണിംഗ് ഫിലിം ആയി ആട്ടം സ്ക്രീൻ ചെയ്തിരുന്നു. ഒരു സസ്പെൻസ് ചേംബർ ഡ്രാമയാണ് ആട്ടം എന്ന് സംവിധായകൻ ആനന്ദ് ഏകർഷി. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രവുമാണ് ആട്ടം.
12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം
ഒരു സസ്പെൻസ് ചേംബർ ഡ്രാമയാണ് ആട്ടം. 12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുന്നു, ആ ക്രൈമിന്റെ ഇൻവെസ്റ്റിഗേഷൻ ആണ് സിനിമ. പുറത്തുനിന്നുള്ള ഏജൻസിയല്ല അവർക്കിടയിൽ തന്നെ നടക്കുന്ന ഒരു അന്വേഷണമൊക്കെയാണ് സിനിമയുടെ ബേസിക്ക് ഇതിവൃത്തം. ഒരു ചേംബർ ഡ്രാമയായത് കൊണ്ട് തന്നെ വളരെ ഡയലോഗ് ഇന്റെൻസീവ് ആയിട്ടുള്ള ഒരു സിനിമയാണ് ആട്ടം. ഫിക്ഷൻ ആയിട്ടുള്ള കഥയാണ് ആട്ടത്തിന്റേത്. ആട്ടം ഒരു ആർട്ട് ഹൗസ് സിനിമയോ ഇൻഡിപെൻഡന്റ് സിനിമയോ അല്ല. ഇതിന്റെ നിർമാതാവ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് പോലുള്ള സിനിമകൾ നിർമിച്ച ജോയ് മൂവി പ്രൊഡക്ഷൻസ് ആണ്. വളരെ ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ള ഒരു സിനിമയാണിത്. ഇതിന്റെ വിഷയം യൂണിവേഴ്സൽ ആയത് കൊണ്ടാണ് സിനിമക്ക് ഫെസ്റ്റിവൽ സെലക്ഷൻസ് കിട്ടിയത്. എനിക്ക് നല്ല പ്രതീക്ഷയെന്തെന്നാൽ ഐ എഫ് എഫ് കെയിൽ നിറയെ പേർ ഈ സിനിമ കാണും. അവരിൽ നിന്ന് വരുന്ന റെസ്പോൺസിൽ നിന്നാണ് പിന്നെ തിയറ്റർ റിലീസിന് നല്ല ബൂസ്റ്റ് ഉണ്ടാവുന്നത്. നമുക്ക് ഇതുവരെയുള്ള പ്രേക്ഷക പ്രതികരണങ്ങൾ എല്ലാം വളരെ നല്ലതായിരുന്നു. കണ്ട പ്രേക്ഷകർ തന്നെ പറയുന്നുണ്ട് ഇത് തിയറ്ററിൽ വർക്ക് ആകുന്ന സിനിമയാണെന്ന്.
ഐഎഫ്എഫ്കെ എന്ന ഭാഗ്യം
നമ്മൾ ആദ്യമായി ഒരു സിനിമ ചെയ്യുക ആ സിനിമ ഐ എഫ് എഫ് കെയിൽ മലയാളികളുടെ മുൻപിൽ കാണിക്കുക എന്നത് വളരെ എക്സ്സൈറ്റിംഗ് ആയിട്ടുള്ള കാര്യമാണ്. എത്രയോ വർഷം നമ്മൾ ഡെലിഗേറ്റ് ആയി പോയ സ്ഥലത്ത് ഒരു സംവിധായകനായി ചെല്ലുക എന്ന് സ്വപ്നതുല്യമെന്നൊക്കെ പറയാൻ പറ്റുന്ന ഒരു കാര്യമാണ്. ലോകത്തിലെ തന്നെ പല ഫെസ്റ്റിവെലുകളിൽ ഏറ്റവും വെൽ കണ്ടക്ടഡ് ആയിട്ടും നല്ല സിനിമകൾ വരുന്നൊരു ഫെസ്റ്റിവൽ ഐ എഫ് എഫ് കെയാണ്. യു എസ്സിൽ ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സിനിമയുമായി പോയിരുന്നു, മുംബൈ ഐ എഫ് എഫ് ഐ യിൽ പോയിരുന്നു പക്ഷെ ഇവിടെയൊക്കെ പോകുമ്പോൾ എല്ലാവരും പറയുന്നത് സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ ആയാലും, സെലെക്ഷൻറെ കാര്യത്തിൽ ആണെങ്കിലും ഐ എഫ് എഫ് കെ തന്നെയാണ് വളരെ മുൻപിൽ എന്നാണ്. ഈ വർഷത്തെ സിനിമകളുടെ ലിസ്റ്റ് കാണുമ്പോൾ തന്നെ നമുക്കത് മനസ്സിലാകും. അപ്പോൾ അതിന്റെ കൂടെ നമ്മുടെ സിനിമയും തിരഞ്ഞെടുക്കപ്പെടുന്നു എന്ന് പറയുന്നത് വലിയൊരു ഭാഗ്യമാണ് ഒപ്പം മറ്റു സിനിമകളും കാണാം എന്നൊരു പ്രതീക്ഷയും ഉണ്ട്.
ഞങ്ങൾ ഒരേ നാടകസംഘം
സിനിമയിൽ 13 ലീഡ് അഭിനേതാക്കൾ ആണ് ഉള്ളത്, 12 ആണുങ്ങളും ഒരു പെണ്ണും. അതിൽ വിനയ് ഫോർട്ട് ഉൾപ്പടെ പതിനൊന്ന് പേരെയും എനിക്ക് കഴിഞ്ഞൊരു 25 വർഷമായി അറിയുന്നവരാണ്. ഞങ്ങൾ ഒരേ നാടക സംഘത്തിൽ ഒരുമിച്ചുണ്ടായിരുന്നവരാണ് അതുകൊണ്ട് എല്ലാവരും സുഹൃത്തുക്കളാണ്. ഇവർ സിനിമയിൽ അഭിനയിക്കുന്നതും നാടകക്കാർ ആയിട്ടാണ്. ചിത്രത്തിൽ നായികയായ സറിൻ ഷിഹാബ് ഷാജോൺ ചേട്ടനും ഒഴികെ എല്ലാവരും എനിക്ക് നേരത്തെ അറിയാവുന്നവരാണ്. 40 ദിവസത്തോളം റിഹേഴ്സൽ ചെയ്തിട്ടാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ഏകദേശം 80 ശതമാനത്തോളം സീനുകളും ഞങ്ങൾ റിഹേഴ്സൽ ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ഐഡിയ തുടങ്ങുന്നത് ഞങ്ങൾ കോവിഡിന്റെ സമയത്ത്, അതായത് കഴിഞ്ഞ മുൻപിലത്തെ വർഷമൊരു യാത്ര പോയി. വിനയ് ഫോർട്ടിന്റെ ഒരു ഇനിഷിയേറ്റിവ് ആണ് ഈ സിനിമ. കൂടെയുള്ളവർക്കായി എന്തെങ്കിലും ചെയ്യണം അവരെയൊക്കെ മുന്നോട്ട് കൊണ്ടുവരണമെന്ന് വിനയ്‌ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, അതവൻ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സംവിധാനം ചെയ്യുകയാണെങ്കിൽ അവൻ കൂടെ നിൽക്കാമെന്ന് പറഞ്ഞു. എനിക്കതൊരു ഗംഭീര കാര്യമായി തോന്നി. അങ്ങനെ അവരെ എങ്ങനെ ഉൾപ്പെടുത്തി നിർമിക്കാമെന്ന് ആലോചിച്ച് അവർക്കായി എഴുതിയ സിനിമയാണ് ആട്ടം.
ഫെസ്റ്റിവലുകൾ നൽകുന്ന ഗുണങ്ങൾ
നല്ല സിനിമയെ കേറ്റർ ചെയ്യുക എന്ന ഉദ്ദേശം എല്ലാ ഫെസ്റ്റിവെലുകൾക്കും ഉണ്ട്. വളരെ വലിയ താരങ്ങളെ വച്ച് കോമഡി പടവും മാസ്സ് പടവും ചെയ്യാത്ത സിനിമകൾക്ക് എവിടെയാണൊരു സ്പേസ്, എവിടെയാണ് അവർക്കൊരു വേദി കിട്ടുക എന്നുള്ളത് വലിയ ചോദ്യമാണ്. ആരാണ് അതിന്റെ പ്രേക്ഷകർ ആരാണ് അതിനെ ക്യുറേറ്റ് ചെയ്യാൻ പോകുന്നത് സാധാരണ തിയറ്ററുകൾക്ക് അങ്ങനത്തെ സിനിമകളോട് വലിയ താല്പര്യമില്ല. വലിയ പ്രൊമോഷൻ ചെയ്യാൻ പറ്റാത്ത നല്ല സിനിമകൾ, അങ്ങനെയുള്ള സിനിമക്ക് ഇപ്പോഴും ഒരു വേദി എന്നത് ഫെസ്റ്റിവെലുകളാണ്. ഐ എഫ് എഫ് കെ മാത്രമല്ല ലോകത്തെല്ലായിടത്തുമുള്ള ഫെസ്റ്റിവെലുകളും അതിൽ ഉൾപ്പെടും. അതിന് എല്ലാം നിരവധി പ്രേക്ഷകരും ഉണ്ട്. കേരളത്തിൽ ഐ എഫ് എഫ് കെക്ക് ഉള്ള തിരക്ക് കാണുമ്പോൾ ലോകത്തുള്ള മറ്റു ഫെസ്റ്റിവലിന് പോലും ഇത്രയും തിരക്കുണ്ടാകുമോ എന്ന് സംശയമാണ്.
ഒമ്പത് പുതുമുഖങ്ങൾ
അഭിനേതാക്കളിൽ ഒൻപത് പേർ പുതിയ ആളുകളാണ്. മഹേഷ് ഭുവനേന്ദ് എന്നയാളാണ് സിനിമയുടെ എഡിറ്റർ. മധുരം, കേരള ക്രൈം ഫയൽസ് തുടങ്ങിയ വർക്കുകൾ എഡിറ്റ് ചെയ്തത് മഹേഷാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളുടെയും സൗണ്ട് ഡിസൈനർ ആയ രംഗനാഥ് രവി ആണ് ആട്ടത്തിന്റെ സൗണ്ട് ഡിസൈനർ. അനിരുദ്ധ് എന്നയാളാണ് ഛായാഗ്രഹണം അവന്റെ ആദ്യ സിനിമയാണിത്. ആനന്ദ് സി ചന്ദ്രന്റെ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്ത ആളാണ് അവൻ. സൗണ്ട് റെക്കോർഡിസ്റ്റ് വിപിൻ നായരാണ്. വിപിന് ഈ വർഷം ആട്ടത്തിന് ജെ സി ഡാനിയേൽ അവാർഡ് ലഭിച്ചിരുന്നു. നാഷണൽ അവാർഡ് ജേതാവായ അനീഷ് നാടോടി ആണ് ആർട്ട് ഡയറക്ടർ. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും വളരെ വലിയ സപ്പോർട്ടാണ് നമുക്ക് ലഭിച്ചത്. ആദ്യത്തെ സംവിധായകന് ഇങ്ങനത്തെ ഒരു നിർമാതാവിനെ കിട്ടുക എന്നുവച്ചാൽ അതൊരു ഭാഗ്യമാണ്. പൈസ മുടക്കിയാൽ മാത്രം പോരല്ലോ അവർ ചെയ്യുന്ന സിനിമയിൽ വിശ്വസിക്കുക, പ്രൊമോഷൻസ് ചെയ്യുക, വേണ്ട രീതിയിൽ അതിനെ കൊണ്ട് ഫെസ്റ്റിവെലുകളിൽ പോകുക എന്നത് ചിലവുള്ള പരിപാടിയാണ്. നമ്മുടെ സിനിമയിലുള്ള എല്ലാ അഭിനേതാക്കളെയും മുംബൈയിൽ കൊണ്ട് പോയിരുന്നു, ഗോവയിൽ കൊണ്ടുപോയിരുന്നു, എല്ലാവരെയും ഐ എഫ് എഫ് കെ യിലും കൊണ്ടുവരുന്നുണ്ട്. മെയിൻ സ്റ്റാർസിനെ മാത്രം കൊണ്ട് പോകുന്നൊരു സാധാരണ രീതിയല്ല അവരുടേത്.