Filmy Features

ഗ്യാങ്സ്റ്റർ സിനിമകളുടെ തലതൊട്ടപ്പൻ

1972 മാർച്ച് 14ന് ന്യൂയോർക്കിലെ ഒരു തിയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച 'ഗോഡ്ഫാദർ' ഇതാ അമ്പതാണ്ട് തികയുന്നു. ഇന്നേവരെ ഇറങ്ങിയതിൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആളുകളിലേക്ക് എത്തിയ സിനിമകളിൽ ഗോഡ്ഫാദർ മുൻപന്തിയിലുണ്ട്. 1969-ല്‍ മരിയോ പുസോ രചിച്ച ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിസ് ഡി കൊപ്പോള സിനിമയൊരുക്കിയത്. ന്യൂയോർക്കിലെ ഒരു മാഫിയ കുടുംബത്തിന്റെ തലവനായ ഗോഡ്ഫാദറാണ് വിറ്റോ കോർലിയോൺ എന്ന മർലോൺ ബ്രാൻഡോ അവതരിപ്പിച്ച കഥാപാത്രം. വിറ്റോ കോർലിയോണിലൂടെയാണ് ഗോഡ്ഫാദർ പുരോഗമിക്കുന്നത്. വിറ്റോ കോർലിയോണിന്റെ മരണവും, അതിനു ശേഷം മൈക്കിൾ ഡോൺ വിറ്റോയുടെ പിൻഗാമിയായി വരുന്നതോടെ ഗോഡ്ഫാദർ അവസാനിക്കുന്നു.

കേവലമൊരു സിനോപ്സിസിൽ ഒതുക്കാൻ കഴിയുന്നതിലും എത്രയോ ഇരട്ടി എക്സ്പീരിയൻസാണ് ഗോഡ്ഫാദർ തരുന്നത്. അതിഗംഭീര കാസ്റ്റിംഗും മികച്ച സംവിധാനവും ഗോഡ്ഫാദറിന് തുറന്നു കൊടുത്ത വാതിലുകൾ ഇന്നും അടഞ്ഞിട്ടില്ല. ലോ ലൈറ്റിൽ കഥാപാത്രങ്ങളെ പോലെ തന്നെ നിഴലുകളും ഫോക്കസ്ഡ് ആയിട്ടുള്ള ഇൻഡോർ സീനുകൾ സിനിമ കാണുന്ന പ്രേക്ഷകന് നൽകുന്ന സംതൃപ്തിയും ചെറുതല്ല.

50 വർഷം പൂർത്തിയാക്കുമ്പോഴും സിനിമ പഠിക്കാനുള്ള മെറ്റീരിയൽ ആയി ഗോഡ്ഫാദർ ഇന്നും നിലനിൽക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി ആർട്ടിസ്റ്റുകളെടുത്ത എഫേർട്ടുകളും ഇന്നും ചർച്ചയായികൊണ്ട് ഇരിക്കുന്നു. ഗോഡ്ഫാദറിന് പുറകിലുമുണ്ട് ചില രസകരമായ കഥകൾ.

ഗോഡ്ഫാദറിന്റെ ചിത്രീകരണം മുതൽ സിനിമയുടെ ആദ്യ സ്ക്രീനിംഗ് വരെയുള്ള സമയം അത്ര എളുപ്പമായിരുന്നില്ല സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോളക്ക്. വളരെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കൊപ്പോള ആ സമയത്ത് കടന്ന് പോയിരുന്നത്. ഒരിക്കലും ഭാഗ്യം തന്നെ തുണക്കുകയില്ല എന്ന് കരുതിയടത്ത് നിന്നാണ് ഗോഡ്ഫാദറിന്റെ റിലീസിന് ശേഷം കൊപ്പോളയുടെ ജീവതം മാറി മറഞ്ഞത്. ഗോഡ്ഫാദറിന്റെ റിലീസിലൂടെ നഗരത്തിലെ ബ്ലോക്കുകൾ തിങ്ങി നിറഞ്ഞ് ആളുകൾ കൂട്ടം കൂടി. കൊപ്പോള വിചാരിച്ചിരുന്നതിലും വലിയ സ്വീകാര്യത സിനിമക്ക് ലഭിച്ചു. ഗോഡ്ഫാദറിന്റെ റിലീസിന് ശേഷമുള്ള കൊപ്പോളയുടെ ജീവിതത്തെ കുറിച്ച് ഓർത്തെടുത്തപ്പോൾ അദ്ദേഹം പറഞ്ഞത്, "കയ്യിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന, ഒരു കുടുംബത്തെ മുഴുവൻ നോക്കേണ്ടിയിരുന്ന സമയത്ത് നിന്ന് കൈ നിറയെ ദശലക്ഷം ഡോളറുകളുള്ള അവസ്ഥയിലേക്കുള്ള യാത്ര സ്വപ്നം കണ്ടതിനും മുകളിലായിരുന്നു".

കൊപ്പോളക്ക് എല്ലാം നൽകിയത് ഗോഡ്ഫാദർ ആയിരുന്നു. ഒരുപക്ഷെ പണവും പ്രശസ്തിയും എന്നതിനപ്പുറത്തേക്ക് സിനിമ കൂട്ടായ്മയുടെ ഭാഗമാകുക എന്നതായിരുന്നു കൊപ്പോളയുടെ ആഗ്രഹം. ഇന്ടസ്ട്രിയിലോട്ട് കടന്ന് വന്ന സമയത്ത്, ഒരു നവാഗത സംവിധായകനായത് കൊണ്ടും, ദരിദ്ര കുടുംബത്തിൽ നിന്നുള്ളവനായത്കൊണ്ടും കൂട്ടത്തിൽ കൂട്ടാതെയിരുന്ന അതേ കൊപ്പോളയെ തന്നെയാണ് ഇന്ന് greatest filmmakers of 70's എന്ന് പറയുമ്പോൾ സ്കോർസേസിയുടെയും, ജോർജ് ലുക്കാസിന്റെയും, സ്പിൽബെർഗിന്റെയും കൂടെ നമ്മൾ കൂട്ടി വായിക്കുന്നത്.

ഗോഡ്ഫാദറിലെ ഡോൺ വിറ്റോ കോർലിയോൺ ഇന്നും ഹാങ്ങോവർ ബാക്കി വെക്കുന്ന മാർലോൺ ബ്രാണ്ടോ കഥാപാത്രമാണ്. എന്നാൽ ഈ കഥാപാത്രത്തിന് പുറകിലും ഗോഡ്ഫാദറിനോളം പ്രായം ചെന്ന ഒരു കഥയുമുണ്ട്. മാരിയോ പുസോക്കും കൊപ്പോളക്കും മാർലോൺ ബ്രാണ്ടോ അല്ലാതെ മറ്റൊരാളെ മാഫിയ പാട്രിയാർക്കായ ഡോൺ വിറ്റോയായി ചിന്തിക്കാൻ കഴിയില്ലായിരുന്നു. പക്ഷെ പാരാമൗണ്ട് പിക്ചേഴ്സിന് ബ്രാൻഡോയെ അഭിനയിപ്പിക്കുന്നതിൽ താല്പര്യമില്ലായിരുന്നു. ഏറ്റവും രസകരമായ കാര്യം ഡോൺ വിറ്റോ കോർലിയോൺ ആകുവാൻ മാർലോൺ ബ്രാൻഡോക്കും താല്പര്യമില്ലായിരുന്നു.

വളരെ ഓവർ വെയ്റ്റഡ് ആയ, ബോക്സ് ഓഫീസിൽ പരാജയങ്ങൾ മാത്രം കണ്ടുകൊണ്ട് ഇരുന്ന മാർലോൺ ബ്രാണ്ടോ പാരാമൗണ്ട് പിക്ചേഴ്സിന് നല്ല ചോയ്സ് ആയി തോന്നിയില്ല. അവരെ സംബന്ധിച്ചടത്തോളം അവർ എടുക്കുന്ന ഏറ്റവും വലിയ റിസ്‌ക്കായിരുന്നു കൊപ്പോള എന്ന ഒരു ചെറുപ്പം സംവിധായകനെ ഗോഡ്ഫാദർ ഏൽപ്പിക്കുക എന്നത്. അതിനോടൊപ്പം തന്നെ തുടർ പരാജയങ്ങളിൽ കരിയർ ഗ്രാഫ് താഴോട്ട് പോയികൊണ്ട് ഇരിക്കുന്ന മാർലോൺ ബ്രാണ്ടോ എന്ന ആക്ടറും അവർക്ക് എടുക്കാവുന്ന വലിയ റിസ്ക് ആയിരുന്നു. പിന്നീട് ബ്രാൻഡോയുടെ സെക്രട്ടറി ആലിസ് മർച്ചക്കിന്റെ ഇടപെടലിലൂടെയാണ് മാർലോൺ ബ്രാണ്ടോ സിനിമയുടെ ഭാഗമാകുന്നത്.

ഗോഡ്ഫാദറിലെ കഥാപാത്രങ്ങൾ പോലെ തന്നെ പ്രിയപ്പെട്ടതാണ് ഡോൺ വിറ്റോയുടെ കയ്യിലുള്ള പൂച്ചയും. സിനിമയുടെ തിരക്കഥ രചനയിൽ ഒരിക്കൽ പോലും ഒരു പൂച്ചയുടെ സാന്നിധ്യം ഒരൊറ്റ സീനിലും ഉണ്ടായിരുന്നില്ല. പാരാമൗണ്ട് സ്റ്റുഡിയോയിലെ സെറ്റിലേക്കുള്ള യാത്രയിൽ കൊപ്പോള എല്ലാ ദിവസും ഒരു പൂച്ചയെ കാണുമായിരുന്നു. ഒരു തെരുവ് പൂച്ച. ഡോൺ വിറ്റോയുടെ സീനുകൾ ഷൂട്ട് ചെയുന്ന ദിവസം കൊപ്പോള ആ പൂച്ചയെ എടുത്ത് കൊണ്ടുപോയി മാർലോൺ ബ്രാൻഡോയെ ഏൽപ്പിച്ചു, ശേഷം ഈ പൂച്ചയോട് കൂടെ സീൻ ഇമ്പ്രവൈസ് ചെയ്യാൻ പറഞ്ഞു. പിന്നീട് നടന്നത് നമ്മൾ എല്ലാവരും കണ്ടതാണല്ലോ.

175 മിനിറ്റ് ആയിരുന്നു ഗോഡ്ഫാദറിന്റെ ദൈർഖ്യം. ഹോളിവുഡ് സിനിമകളുടെ സ്ട്രക്ച്ചറിൽ നോക്കിയാൽ വളരെ വലിയ സിനിമയായിരുന്നു ഗോഡ്ഫാദർ. സിനിമയിൽ യഥാർത്ഥത്തിൽ ഒരു ഇന്റർവെൽ സീൻ ആദ്യമുണ്ടായിരുന്നു. മൈക്കിൾ, സോളോസോയും മക്ലസ്‌കിയെയും വെടിവെച്ച് കൊല്ലുന്ന സീൻ കഴിഞ്ഞായിരുന്നു ഇന്റർവെൽ പ്ലേസ് ചെയ്തിരുന്നത്. എന്നാൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുന്ന പ്രേക്ഷകരുടെ ആവേശം നഷ്ടപ്പെടുകയും അവർ സിനിമ ക്രിയേറ്റ് ചെയ്യുന്ന സ്‌പേസിൽ നിന്ന് പുറത്ത് പോവുകയും ചെയ്യുമെന്ന് പറഞ്ഞ് കൊപ്പോളയും കൂട്ടരും ഇന്റർവെൽ ഒഴിവാക്കുകയായിരുന്നു.

ലൂക്കാ ബ്രാസിയായി അഭിനയിച്ച ലെന്നി മൊണ്ടാന ഒരു അഭിനേതാവാകുന്നതിന് മുമ്പ് ഒരു പ്രൊഫഷണൽ ഗുസ്തിക്കാരനായിരുന്നു. ഗോഡ്ഫാദറുമായുള്ള സീനിൽ ബ്രാൻഡോയെപ്പോലുള്ള ഒരു ഇതിഹാസത്തിന് തന്റെ വരികൾ കൈമാറുന്നതിൽ അദ്ദേഹം വളരെ പരിഭ്രാന്തനായിരുന്നു, ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്തിട്ടും അദ്ദേഹം ഒരു നല്ല ടേക്ക് നൽകിയില്ല. ആ സീൻ റീഷൂട്ട് ചെയ്യാൻ സമയമില്ലാത്തതിനാൽ, മൊണ്ടാനയുടെ മോശം ടേക്കുകൾ ഗോഡ്ഫാദറുമായി സംസാരിക്കാൻ ലൂക്ക ബ്രാസിക്ക് പരിഭ്രാന്തി തോന്നുന്ന തരത്തിൽ ഗോഡ്ഫാദറിനെ കാണുന്നതിന് മുമ്പ് തന്റെ വരികൾ റിഹേഴ്‌സൽ ചെയ്യുന്ന ലൂക്കാ ബ്രാസിയുടെ ഒരു പുതിയ സീനായി കൊപ്പോള ചിത്രീകരിച്ചു.

വീറ്റോ കോർലിയോണിന്റെ മൂത്ത മകനായ സണ്ണി കോർലിയോൺ ആകുവാൻ റോബർട്ട് ഡിനീരോ ഒഡീഷൻ നടത്തിയിരുന്നു. എന്നാൽ ഡിനീറോയുടെ പേഴ്സണാലിറ്റി ആ കഥാപാത്രത്തിന് വേണ്ടതിലും കൂടുതൽ വയലന്റ് ആയിരുന്നത്കൊണ്ട് കൊപ്പോള ഡിനീറോയെ കാസ്റ്റ് ചെയ്തില്ല. പിന്നീട് ഗോഡ്ഫാദർ 2വിൽ ഡോൺ വിറ്റോയുടെ ചെറുപ്പകാലം അഭിനയിക്കുകയും ആ വർഷത്തെ ഓസ്കറിൽ ബെസ്റ്റ് സപ്പോർട്ടിങ് ആക്ടറിനുള്ള അവാർഡ് നേടുകയും ചെയ്തു.

മാർലോൺ ബ്രാൻഡോയുമായുള്ള മീറ്റിംഗിൽ കൊപ്പോള പറഞ്ഞു, 'ഡോൺ വിറ്റോയെ എനിക്കൊരു ബുൾ ഡോഗിനെ പോലെ കാണണം'. ബ്രാണ്ടോ ടിഷ്യൂകൾ വെച്ച് കവിളുകൾ നിറച്ചു, അൽപ്പം കുനിഞ്ഞു, മുഖത്ത് ക്ഷീണിച്ച ഭാവം നടിച്ചു. എന്നിട്ട് സ്ക്രിപ്റ്റിലെ ചില ഡയലോഗുകൾ പറഞ്ഞു. ഇതിനോടൊപ്പം ചില സറ്റിലായിട്ടുള്ള ടെക്നിക്കുകൾ കൊണ്ട് വളരെ പെട്ടെന്ന് തന്നെ 47ക്കാരനായ മാർലോൺ ബ്രാണ്ടോ ഓൾഡ് മാഫിയ കിംഗായി മാറി. ബ്രാൻഡോയുടെ മേക്കപ്പ് ടെസ്റ്റ് പാരമൗണ്ടിൽ കൊണ്ട് വന്ന് സ്റ്റുഡിയോ എക്സിക്യൂട്ടീവ്‌സിനെ കാണിച്ചപ്പോൾ ബ്രാൻഡോയാണെന്ന് അവർക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ആദ്യം ബ്രാൻഡോയെ വേണ്ടായെന്ന് പറഞ്ഞവർ തന്നെ ആ മേക്കപ്പ് ടെസ്റ്റിലൂടെ ഡോൺ വിറ്റോയായി മാർലോൺ ബ്രാൻഡോയെ ഉറപ്പിച്ചു.

ഒരിക്കൽ എഴുത്തുകാരൻ ജോണി ഘെല്ലർ ഒരു ഇൻസിഡന്റ് പറയുകയുണ്ടായി; മരിയോ പുസോ ഗോഡ്ഫാദർ 1 & 2 ന്റെ രണ്ട് തിരക്കഥകളും എഴുതിയതിനു ശേഷം, 2 സിനിമകളും തന്റെ പുസ്തകത്തെ പിന്തുടരുമ്പോൾ അത് ഒരു "ഈസി ടാസ്ക്ക്" ആണെന്ന് പൂസോ പറഞ്ഞു. പിന്നീട്, തിരക്കഥയെ കുറിച്ച് പഠിക്കണമെന്ന് അദ്ദേഹം കരുതി, എഴുത്തിനെക്കുറിച്ചുള്ള ഒരു പുസ്തകം വാങ്ങി, ആ പുസ്തകത്തിന്റെ ആദ്യ പേജിൽ "തിരക്കഥ രചനയുടെ മികച്ച ഉദാഹരണങ്ങളായി ഗോഡ്ഫാദർ സിനിമകൾ പഠിക്കുക" എന്ന് എഴുതിയിരുന്നു.

ഗോഡ്ഫാദർ ഇന്നുമൊരു പാഠപുസ്തകമാണ്. ഓരോ തലമുറയും സിനിമയെ അറിയുവാനും പഠിക്കുവാനും ഗോഡ്ഫാദറിനെ ഒരു മെറ്റീരിയലായി കാണുന്നു. ഗ്യാങ്സ്റ്റർ ഡ്രാമകളുടെ തലതൊട്ടപ്പനായി ഗോഡ്ഫാദർ ഇന്നും നിലനിൽക്കുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT