Filmy Features

നായകന്‍,പ്രതിനായകന്‍,സഹനടന്‍; മുരളിയില്ലാത്ത 13 വര്‍ഷങ്ങള്‍

അരങ്ങിലും അഭ്രപാളിയിലും സൂക്ഷ്മാഭിനയത്തിന്റെ കരുത്ത് കാഴ്ച വച്ച മുരളി വിടപറഞ്ഞിട്ട് 13 വര്‍ഷം. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്‌നിയിലെ വില്ലന്‍ മുതല്‍ ചെറുകഥാപാത്രങ്ങള്‍,സ്വഭാവ നടന്‍, നായകന്‍, അച്ഛന്‍ കഥാപാത്രങ്ങള്‍ എന്നിങ്ങനെ ലഭിച്ച ഏതു വേഷവും മുരളി മികവുറ്റതാക്കി മലയാളികള്‍ക്ക് സമ്മാനിച്ചു. മുഖ്യധാരാ സിനിമയിലും വാണിജ്യസിനിമയിലും മുരളിയെന്ന നടന് സ്വന്തമായ ഇരിപ്പിടമുണ്ടായിരുന്നു. സിനിമയിലെ പരമ്പരാഗത സൗന്ദര്യസങ്കല്‍പങ്ങളെ തിരുത്തിക്കുറിച്ച മുരളി ചലച്ചിത്രരംഗത്തെത്തിയപ്പോള്‍ നാടകത്തിന്റെ ഹാങ്ങ്ഓവറില്ലാതെ സിനിമയോട് ഇഴുകി ചേരുകയും മലയാള സിനിമയിലെ അവിഭാജ്യഘടകമായിത്തീരുകയും ചെയ്തു.

മുരളിയുടെ മികച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക പ്രയാസമാണ്. അമരത്തില്‍ തുറയുടെ നിഷ്‌കളങ്കത സ്വഭാവമാക്കി മാറ്റിയ കൊച്ചുരാമനും,നെയ്ത്തുകാരനിലെ അപ്പുമേസ്തിരിയും ആധാരത്തിലെ ബാപ്പുട്ടിയും ,പുലിജന്മത്തിലെ കാരിഗുരിക്കളും ഈ നടന്റെ കയ്യില്‍ മാത്രം ഒതുങ്ങി നിന്ന വേഷങ്ങളായിരുന്നു. ഇമേജിന്റെ തടവറയില്‍ തന്നിലെ പ്രതിഭയെ ഒരിക്കലും തളച്ചിടാതിരുന്ന മുരളിയുടെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തു വെയ്ക്കുന്ന ചില കഥാപാത്രങ്ങള്‍.

നെട്ടൂരാന്റെ ഡികെ

ഒരേ സമയം വിപ്ളവകാരിയുടെ കരുത്തും ഒരു സാധാരണ മനുഷ്യന്റെ ദൗര്‍ബല്യങ്ങളും നിറഞ്ഞയാളായിരുന്നു ലാല്‍സലാമിലെ ഡികെ. അടിസ്ഥാനവര്‍ഗ്ഗത്തിന് വേണ്ടി പോരാട്ടം നയിക്കുന്ന ഒരു വിപ്ളവകാരിയുടെ കരുത്തായിരുന്നു സിനിമയുടെ ആദ്യ പകുതിയില്‍ ഡികെയിലെങ്കില്‍ രണ്ടാം പകുതിയില്‍ അയാള്‍ മാറി ഭരണാധികാരി ആയി മാറുന്നു. വിപ്ലവകാരിയില്‍ നിന്ന് മാറി തന്റെ കാമുകിക്കും മകനും വേണ്ടി അയാള്‍ ആദ്യമായി കരയുന്നു. കമ്മ്യൂണിസ്റ്റ് കാരന്റെ ആദര്‍ശമര്യാദകള്‍ മറക്കുന്നു. ആശുപത്രിയിലെ മരണശയ്യയില്‍ അയാള്‍ അവസാനമായി പറയുന്നത് ഇങ്ക്വിലാബ് സിന്ദാബാദല്ല. തന്റെ മകനെക്കുറിച്ചോര്‍ത്ത് കരയുകയാണ്.

തുറയുടെ നിഷ്‌കളങ്കത നിറഞ്ഞ കൊച്ചുരാമന്‍

ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സഹതാരമായിട്ടാണ് മുരളിയെത്തുന്നത്. അച്ചു എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്തായ കൊച്ചുരാമന്‍. തുറയുടെ നിഷ്‌കളങ്കത സ്വഭാവത്തിന്റെ ഭാഗമാക്കിയ കൊച്ചുരാമന്‍ ജീവിതത്തിന്റെ ഇടര്‍ച്ചകളില്‍ ആഴിത്തിര പോലെ പതറി. മമ്മൂട്ടിയുടെ അച്ചു എന്ന കഥാപാത്രത്തിനൊപ്പം കിടപിടിക്കുന്ന അഭിനയമാണ് മുരളി ഈ ചിത്രത്തില്‍ കാഴ്ചവച്ചത്. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങള്‍ പ്രേക്ഷകര്‍ക്കും എന്നും പ്രിയപ്പെട്ടത്.

നാടകവും സിനിമയും രണ്ടെന്ന് കാണിച്ച പുലിജന്മവും ചമയവും

നാടകത്തിലൂടെയായിരുന്നു മുരളിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സിനിമയ്‌ക്കൊപ്പം തന്നെ നാടകവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് മുരളി തുടക്കമിട്ട അന്താരാഷ്ട്ര നാടകമേള അതിനൊരു ഉദാഹരണം മാത്രം. നാടകത്തിന്റെയും സിനിമയുടെയും അഭിനയരീതികള്‍ അനായാസമായി അദ്ദേഹം കൈകാര്യം ചെയ്തു. സിനിമയില്‍ നാടകക്കാരന്റെ വേഷത്തിലെത്തിയപ്പോഴും ആ സൂക്ഷ്മത ഉണ്ടായിരുന്നു. എന്‍ പ്രഭാകരന്‍ രചിച്ച പുലിജന്മം പ്രിയനന്ദനന്റെ സംവിധാനത്തില്‍ സിനിമയാക്കപ്പെട്ടപ്പോള്‍ അതിലെ നായകവേഷത്തിലെത്തിയതും മുരളിയായിരുന്നു. ചിത്രത്തില്‍ പ്രകാശനെന്ന നാട്ടിന്‍പുറത്തുകാരനായും നൂറ്റാണ്ടുകള്‍ക്കു മുമ്പു ജിവിച്ചിരുന്ന ഐതിഹ്യ കഥാപാത്രമായിരുന്ന കാരിഗുരുക്കളായും മുരളി തിളങ്ങി. ഭരതന്റെ ചമയത്തിലെ നാടകം എന്നും സ്വപ്‌നം കാണുന്ന എസ്തപ്പാനാശാനും അത്തരത്തിലൊരു കഥാപാത്രമായിരുന്നു.

വിപ്ലവ ഓര്‍മ്മയിലെ നെയ്ത്തുകാരന്‍

മുരളിക്ക് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത് ചിത്രമായിരുന്നു പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍. ചിത്രത്തില്‍ അപ്പുമേസ്തിരിയെന്ന പ്രായം ചെന്ന കമ്മ്യൂണിസ്റ്റായിട്ടായിരുന്നു മുരളിയെത്തിയത്. ഇഎംഎസ് മരിച്ചെന്ന് വിശ്വസിക്കാനാകാത്ത, തന്റെ പഴയകാല വിപ്ലവസ്മരണകളുടെ ഓര്‍മയില്‍ ജീവിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്‍. അയാള്‍ തലമുറകളുടെ മാറ്റം കാണുന്നുണ്ട്. പാര്‍ട്ടിയുടെ പാര്‍ട്ടിക്കാരുടെ മാറ്റം അറിയുന്നുണ്ട്. ഇഎംഎസിന്റെ മരണദിവസം തന്റെ സംസ്ഥാനം ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ കൊച്ചുമകന്‍ കടയടക്കുന്നില്ല. ടിവിയില്‍ സംസ്‌കാര ചടങ്ങുകള്‍ ടെലിക്കാസ്റ്റ് ചെയ്യുന്ന സമയത്ത് കൊച്ചുമകന്‍ ക്രിക്കറ്റ് മാച്ച് കാണുന്നത് നിസഹായനായി കാണുന്ന അയാള്‍ പിറ്റേന്ന് മരിക്കുകയാണ്

നിസ്സഹായരായ ചന്ദ്രദാസും ഗോപിയും

ലോഹിതദാസിന്റെ രചനയില്‍ പിറന്ന നിരവധി ചിത്രങ്ങളില്‍ മുരളി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥത്തിലെ നിസ്സഹായനായ ചന്ദ്രദാസ് എന്ന ഭര്‍ത്താവും ലോഹിതദാസ് തന്നെ സംവിധാനം ചെയ്ത കാരുണ്യത്തിലെ അച്ഛന്‍ ഗോപിയും മുരളിയുടെ മികച്ച പ്രകടനങ്ങളായിരുന്നു. കാരുണ്യത്തില്‍ ജയറാമിന്റെ അച്ഛനായിട്ടായിരുന്നു മുരളി വേഷമിട്ടത്. ജോലിയില്ലാത്തതിന്റെ അപകര്‍ഷതയും വിഷമങ്ങളുമെല്ലാം മകന്‍ കൊണ്ടു നടക്കുമ്പോള്‍ തന്നെ മകന്റെ വിഷമം മുഴുവന്‍ മനസിലാക്കുന്ന സ്വയം ജീവന്‍ വരെ ത്യജിക്കുന്ന അച്ഛന്‍ ആയിരുന്നു പ്രേക്ഷകരെ കൂടുതല്‍ വേദനിപ്പിച്ചത്. ദശരഥത്തിലെ ആനിയുടെ ഭര്‍ത്താവ് ചന്ദ്രദാസിലും അതുപോലെ തന്നെ പ്രേക്ഷകര്‍ക്ക് മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ല.

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട രാഘവന്‍ തച്ചന്‍

അമ്മയുടെ ഘാതകനായി മകളുടെ മുന്നില്‍ ജീവിക്കേണ്ടി വരുന്ന രാഘവന്‍. ഒരു നാട് മുഴുവന്‍ തന്നെ ചമ്പക്കുളം തച്ചനെന്ന പേരില്‍ ബഹുമാനിക്കപ്പെടുമ്പോഴും സ്വന്തം മകള്‍ക്ക് മുന്നില്‍ നില്‍ക്കാനാവാത്ത, അവളോട് സംസാരിക്കാനാകാത്ത, സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയാത്ത നിഹായനായ അച്ഛന്‍.

പത്രാധിപര്‍ ശേഖരന്‍

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തിന്റെ നട്ടെല്ല് അതിലെ പത്രധര്‍മ്മമാണ്. അത് പത്രാധിപര്‍ ശേഖരനിലൂടെയാണ് സംവിധായകര്‍ പറയുന്നത്. മുരളിയുടെ മാസ് കഥാപാത്രങ്ങളിലൊന്ന്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ശേഖരന്‍ എന്ന ആദര്‍ശശാലിയായ പത്രാധിപര്‍ വരുന്നതെങ്കിലും തനിക്കു നേരെ ചൂണ്ടിയ തോക്കിന് മുന്നിലും പതറാത്ത ആ ചങ്കുറപ്പ് മുരളി അനായസമായി സ്‌ക്രീനിലെത്തിച്ചു.

കിംഗിലെ കട്ട വില്ലന്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദ കിംഗ്’ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിന്റെ മാത്രമല്ല ചിത്രത്തിലെ വില്ലന്‍ എംപി ജയകൃഷ്ണന്റെയും കൂടെയാണ്.കച്ചവട സിനിമയുടെ കപടരാഷ്ട്രീയക്കാരനായ മാസ് വില്ലനായിരുന്നു ചിത്രത്തിലെ എംപി ജയകൃഷ്ണന്‍. രഞ്ജി പണിക്കര്‍ ചിത്രങ്ങളിലെ ചടുലത നിറഞ്ഞ സംഭാഷണങ്ങള്‍ മമ്മൂട്ടിയെ പോലെ തന്നെ മുരളിയും ചിത്രത്തില്‍ അനായസമാക്കി. നെഗറ്റീവ് ഷേഡുള്ളതും പ്രതിനായക സ്വഭാവമുള്ളതുമായ നിരവധി കഥാപാത്രങ്ങള്‍ മുരളി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യധാര സിനിമയിലെ മാസ് വില്ലന്‍ എന്ന നിലയില്‍ ദി കിംഗ് എന്നും ശ്രദ്ധിക്കപ്പെടുന്നതാണ്.

മുരളിയുടെ മികച്ച കഥാപാത്രങ്ങള്‍ ഏത് എന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നതല്ല. ഓരോ ചിത്രങ്ങളിലും ആ ഗാംഭീര്യമുള്ള ശബ്ദവും സൂക്ഷ്മാഭിനയം പതിയുന്ന ശരീരഭാഷയും നിറഞ്ഞു നിന്നു. വളയം, സ്നേഹസാഗരം, വെങ്കലം, കാണാക്കിനാവ്, ഗര്‍ഷോം എന്നീ ചിത്രങ്ങളിലെ നായകവേഷവും ഭാവാഭിനയത്തിനൊപ്പം മുരളി എന്ന നടന്റെ ആകാരാഭിയത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്. ആധാരത്തിലെ നായകന്‍ ബാപ്പൂട്ടിയിലും അസ്ഥികള്‍ പൂക്കുന്നുവിലെ പ്രതിനായകനിലും ആകാരഭാഷയുടെ കരുത്ത് പ്രകടമാണ്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗര്‍ഷോമില്‍ പരാജിതനായ ഒരു പ്രവാസിയുടെ നിസ്സഹായവസ്ഥ പ്രേക്ഷകരിലേക്ക് അദ്ദേഹം പകര്‍ന്നുവെച്ചു. ചകോരത്തിലെ ലാന്‍സ്നായക്‌ മുകുന്ദന്‍ മേനോനും ധനത്തിലെ അബൂബക്കറും,പ്രായിക്കരപാപ്പാനും, വീരാളിപ്പട്ടിലെ മാധവനും ദേവദൂതനിലെ ആല്‍ബര്‍ട്ടോയും മഞ്ചാടിക്കുരുവിലെ സന്യാസിമാമനുമെല്ലാം മുരളിയുടെ കയ്യൊപ്പുള്ളവ തന്നെയായിരുന്നു. അതിമാനുഷ കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കാതിരുന്നിട്ടും തന്റെ വേഷങ്ങളെ കരുത്തിന്റെ കിരീടമണിയിക്കുന്നതില്‍ അദ്ദേഹം എന്നു വിജയിച്ചതും അതുകൊണ്ട് തന്നെ.

ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ട മുരളി എന്ന പ്രതിഭയുടെ ഉള്ളുലഞ്ഞ അഭിനയവും ശബ്ദവിന്യാസത്തില്‍ പോലും കാത്തുസൂക്ഷിച്ച സൂക്ഷ്മതയും ആണ് അദ്ദേഹത്തെ പകരക്കാരനില്ലാത്ത പ്രതിഭയാക്കിയത്. ആത്മസംഘര്‍ഷത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉള്ളിലൊളിപ്പിച്ച, പരുക്കന്‍ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍ ഇന്നും മലയാളിയുടെ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT