Filmy Features

പാ രഞ്ജിത് : ഇന്ത്യൻ സിനിമയിലെ നീല വിപ്ലവം

തമിഴ്‌നാട്ടിലെ കരലപ്പാക്കം എന്ന ഗ്രാമത്തില്‍ ജനിച്ച ഒരു പയ്യന്‍, ജനിച്ച ജാതിയുടെ പേരില്‍ തലമുറകളായി നിരന്തരം ജാതിവിവേചനം നേരിട്ടുകൊണ്ടിരിക്കുന്ന നാട്ടില്‍, ബസ്സിലും, സ്‌കൂളിലും, എന്നു വേണ്ട എല്ലായിടത്തും അവനും മാറ്റിനിര്‍ത്തപ്പെടുന്നു. പിന്നീടവന്‍ ചെന്നൈയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിങ്ങിനു പഠിക്കുന്നു, ബാബാസാഹേബ് അംബേദ്കറെ വായിക്കുന്നു, ദളിത് സാഹിത്യങ്ങള്‍ വായിക്കുന്നു, സിനിമകള്‍ കാണുന്നു. കോളേജില്‍ നടന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ ചില്‍ഡ്രന്‍ ഓഫ് ഹെവനും, സിനിമ പാരഡൈസോയും, റണ്‍ ലോല റണും, ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സും കണ്ടുകൊണ്ട് ലോകസിനിമയെക്കുറിച്ച് അറിയുന്നു.

എന്റെ ജീവിതം പ്രതിരോധമാണ്, എന്റെ സിനിമ എന്റെ രാഷ്ട്രീയമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് തലമുറകളായി ഇവിടെ പടര്‍ന്ന് കിടക്കുന്ന ജാതീയത പച്ചക്ക് തുറന്നുകാട്ടിക്കൊണ്ട് ആ പയ്യന്‍ സിനിമകള്‍ ചെയ്യുന്നു. ഇന്ത്യയിലെ ആന്റി കാസ്റ്റ് മൂവ്‌മെന്റിന്റെ മുഖങ്ങളിലൊന്നായി അതു മാറുന്നു.

കോളേജില്‍ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കണ്ട് കരഞ്ഞ, ജാതി ഒരിക്കലും പുറത്ത് പറയരുതെന്ന് തന്റെ അമ്മ നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന ആ പയ്യന്റെ പേര് പാ രഞ്ജിത്ത് എന്നാണ്.

സിനിമയിലും ജീവിതത്തിലും കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ട്, പാ രഞ്ജിത്ത് ഇന്ത്യന്‍ സിനിമയില്‍ വിപ്ലവത്തിന്റെ കതിനക്ക് തിരികൊളുത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിയുന്നു. ആ പത്ത് വര്‍ഷം തമിഴ് സിനിമ നല്ല വെടിപ്പായി ജാതിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, മലയാളിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രേക്ഷകര്‍ അത് കണ്ണ് തുറന്ന് പിടിച്ച് തന്നെ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതേറ്റുപിടിച്ച് അതേ ജാതീയത തുറന്നുകാട്ടാനും ശ്രമിച്ചിട്ടുണ്ട്.

സിനിമയും രാഷ്ട്രീയവും

2012-ല്‍ അട്ടക്കത്തി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് തമിഴ് സിനിമ ലോകത്തേക്ക് പാ രഞ്ജിത്ത് കാലെടുത്തുവെക്കുന്നത്. കുറച്ച് പുതുമുഖ താരങ്ങളെ വെച്ച് ഗ്രാമീണ പശ്ചാത്തലത്തില്‍ കൗമാരക്കാര്‍ക്കിടയിലെ പ്രണയവും സൗഹൃദവും പ്രമേയമാക്കിയ തന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും നല്ല അഭിപ്രായമാണ് നേടിയത്. സുഹൃത്തുക്കള്‍ക്കിടയില്‍ 'അട്ട' എന്നറിയപ്പെടുന്ന ദിനകരനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. സ്‌കൂള്‍ പരീക്ഷകളില്‍ ഇംഗ്ലീഷില്‍ തോല്‍ക്കുകയും ബാക്കിയുള്ള വിഷയങ്ങളില്‍ വിജയം നേടുകയും ചെയ്ത ദിനകരന് തോറ്റ വിഷയം എഴുതിയെടുക്കാനല്ല, മറിച്ച് പ്രേമിക്കാനാണ് കൂടുതല്‍ താല്‍പര്യം. ദിനകരന്റെ പ്രേമങ്ങള്‍ തന്നെയാണ് സിനിമ പൂര്‍ണമായി പറയുന്നത്. ബസ്സിലും, റോഡിലും, അയല്‍പക്കത്തും, കോളേജിലുമെല്ലാം അവന്‍ പ്രേമങ്ങളില്‍ കുരുങ്ങുന്നുണ്ട്. പൂര്‍ണി എന്ന് വിളിക്കുന്ന പെണ്‍കുട്ടിയുടെ പിന്നാലെ പാട്ട് പാടി നടക്കുന്ന ദിനകരന്റെ പ്രണയം അവള്‍ പേടിച്ചുകൊണ്ട് അണ്ണാ എന്ന് വിളിക്കുന്നതോടെ ഒരുഘട്ടത്തില്‍ തകരുകയാണ്, എന്നാല്‍ വിഷമിച്ചു നിക്കുന്ന അട്ട തൊട്ടടുത്ത നിമിഷം ഒരു പെണ്‍കുട്ടി ചിരിച്ച് കാണിക്കുമ്പോള്‍ പ്രേമജീവിതത്തില്‍ പതറിപ്പോകുന്നുമുണ്ട്.

ദിനകരനിലൂടെ ചെന്നൈയിലെ അര്‍ബന്‍ കൌമാര ജീവിതത്തിലേക്കാണ് പാ രഞ്ജിത്ത് ക്യാമറ തിരിച്ചുവെക്കുന്നത്. കൗമാരക്കാലത്തെ പ്രണയവും അതില്‍ വരുന്ന കോണ്‍ഫ്‌ലിറ്റുകളും, ഒരു നവാഗത സംവിധായകന്റെ പരിചയകുറവുകളൊന്നും കാണിക്കാതെ വളരെ കയ്യടക്കത്തോടെയാണ് അട്ടകത്തിയിലൂടെ പാ രഞ്ജിത്ത് കാണിച്ചിരിക്കുന്നത്. വളരെ രസകരമായി പ്രേക്ഷകനെ ചിരിപ്പിച്ചുകൊണ്ടും എന്‍ഗേജ് ചെയ്യിപ്പിച്ചുമെല്ലാം പോകുന്ന ചിത്രത്തിന്റെ കഥ വളരെ സിംപിളാണെങ്കിലും മേക്കിങ്ങിലും നരേറ്റീവിലും പാ രഞ്ജിത് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അര്‍ബന്‍ കൗമാരജീവിതത്തിലൂടെ തമിഴ് സിനിമ അധികം കണ്ട് വരാത്ത ഒരു ലൈഫ്‌സ്റ്റൈല്‍ കൂടി ചിത്രത്തില്‍ പരിചയപ്പെടുത്തുക എന്നതും പാ രഞ്ജിത്തിന്റെ ഉദ്ദേശ്യമായിരുന്നു.

കാര്‍ത്തിയെ മുഖ്യകഥാപാത്രമാക്കി 2014-ല്‍ എഴുതി സംവിധാനം ചെയ്ത, പൊളിറ്റിക്കല്‍ ഡ്രാമയായ മദ്രാസ് റിലീസ് ചെയ്യുന്നതോടെയാണ് പാ രഞ്ജിത് വെറും എന്റര്‍ടെയ്‌നര്‍ സിനിമയെടുക്കാന്‍ വേണ്ടി വന്നയാളല്ല എന്ന് തമിഴ് സിനിമ മനസ്സിലാക്കുന്നത്. തന്റെ രാഷ്ട്രീയം പറയാന്‍ വേണ്ടി സിനിമ എന്ന ദൃശ്യമാധ്യമത്തെ എങ്ങനെ വേണ്ടരീതിയില്‍ ഉപയോഗിക്കാം എന്ന് മനസിലാക്കിയെടുത്ത ചിത്രമായിരുന്നു മദ്രാസ്. നോര്‍ത്ത് ചെന്നൈയിലെ വ്യാസാര്‍പടിയിലെ ഒരു ഹൌസിങ് കോളനിയിലെ മതിലില്‍ കാലാകാലങ്ങളായി മീശമുറുക്കിയ മേല്‍ജാതിക്കാരന്റെ ചുവര്‍ചിത്രത്തിനു മുകളില്‍ നീല പെയിന്റ് വന്നു വീഴുന്നത് തന്നെയായിരുന്നു സിനിമ പറഞ്ഞ രാഷ്ട്രീയം. ഒരു സമൂഹ്യജീവിയായ മനുഷ്യന്‍,പരസ്പരം ബഹുമാനിച്ച് സമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസം മാത്രം മതിയാകില്ല, കൂടെ രാഷ്ട്രീയവും വിവേചന ബുദ്ധിയും വേണം എന്നര്‍ത്ഥം വരുന്ന ഒരു ഡയലോഗോടുകൂടിയാണ് മദ്രാസ് എന്ന സിനിമ അവസാനിപ്പിക്കുന്നത്.

ഒരു സമൂഹ്യജീവിയായ മനുഷ്യന്‍,പരസ്പരം ബഹുമാനിച്ച് സമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസം മാത്രം മതിയാകില്ല, കൂടെ രാഷ്ട്രീയവും വിവേചന ബുദ്ധിയും വേണം എന്നര്‍ത്ഥം വരുന്ന ഒരു ഡയലോഗോടുകൂടിയാണ് മദ്രാസ് എന്ന സിനിമ അവസാനിപ്പിക്കുന്നത്.

പാ രഞ്ജിത്ത് തന്റെ രാഷ്ട്രീയം കുറച്ചുകൂടെ ലൗഡ് ആയി പറയാന്‍ തുടങ്ങിയത് കബാലി എന്ന സിനിമയിലൂടെയാണ്. പാ രഞ്ജിത്തിന്റെ കബാലി വരുന്നു എന്ന പ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ അത് ചര്‍ച്ചകളില്‍ ഇടം നേടിയത് മറ്റൊരു കാര്യം കൂടികൊണ്ടായിരുന്നു. മനുഷ്യന്‍ അരാഷ്ട്രീയവാദികളായി മാറുന്ന ഇന്നത്തെ കാലഘട്ടത്തില്‍, എന്താണ് രാഷ്ട്രീയം എന്നും രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണെന്ന് അടയാളപ്പെടുത്തിയ മദ്രാസ് ഒരുക്കിയ സംവിധായകന്‍ രജനികാന്ത് എന്ന സൂപ്പര്‍സ്റ്റാറിനെ നായകനാക്കി സിനിമയൊരുക്കുന്നു എന്ന പേരില്‍. ''ഗാന്ധി സട്ടെ കഴട്ടിയതുക്കും, അംബേദ്കര്‍ കോട്ട് പോട്ടതുക്കും ഉള്ളെ നിറയെ വ്യത്യാസമിറുക്ക് , അരസിയല്‍''. എന്ന ഒറ്റ ഡയലോഗിലൂടെ ഒരുപാട് ചിന്തകളാണ് സംവിധായകന്‍ പ്രേക്ഷകനു മുന്‍പിലേക്ക് വെക്കുന്നത്. എന്തായിരിക്കും ആ വ്യത്യാസം എന്ന ഒരു ചിന്തയുടെ അവസാന ഫലം അംബേദ്കറുടെ പൊളിറ്റിക്കല്‍ ഫിലോസഫിയുടെ വാതില്‍ തുറന്നുകൊടുക്കും എന്നതുതന്നെയാണ്.

മലേഷ്യയിലേക്ക് കുടിയേറിയ തമിഴ് കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ് കബാലി. കോലാലമ്പൂരിലെ ഒരു പ്രാദേശിക ക്ഷേത്രത്തില്‍ നടന്ന കൂട്ടക്കൊലയില്‍ കള്ളകേസില്‍ പ്രതിയായി ഇരുപത്തിയഞ്ച് വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞുപുറത്തിറങ്ങുന്ന കബാലിയിലൂടെയാണ് സിനിമ തുടങ്ങുന്നത്. തന്റെ ജീവിതം നശിപ്പിച്ചവര്‍ക്കെതിരായി പ്രതികാരം ചെയ്യാന്‍ വേണ്ടി തന്റെ പഴയകാല സുഹൃത്ത് അമീറിനെയും,മറ്റൊരു സുഹൃത്തിന്റെ മകന്‍ ജീവയെയും തന്റെ സംഘത്തില്‍ കബാലി കൂടെക്കൂട്ടുന്നു. അവിടെനിന്നും ഓരോരുത്തരേയും വകവരുത്തുന്നതോടൊപ്പം യാദൃശ്ചികമായി തന്റെ മകളെ തിരിച്ചുകിട്ടുകയും അവിടെ നിന്നും മരിച്ചുപോയി എന്ന് വിശ്വാസിച്ചിരുന്ന തന്റെ ഭാര്യ ജീവിച്ചിരുപ്പുണ്ട് എന്ന് അറിയുകയും ചെയ്യുന്നു. മകളോടൊപ്പം കബാലി തമിഴ്‌നാട്ടിലേക്ക് തിരിക്കുകയും ഭാര്യയെ കണ്ടെത്തുകയും ചെയ്യുന്നു, കൂടാതെ രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു രാഷ്ട്രീയ വീക്ഷണത്തോടെയും,രജനീകാന്ത് എന്ന താരത്തെ നവഭാവുകത്വത്തോടെ സമന്വയിപ്പിക്കാന്‍ പാ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. രജനികാന്തിന്റെ മാസ്സ് സിനിമ പ്രതീക്ഷിച്ചു വന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് മാസ്സും ക്ലാസ്സും രാഷ്ട്രീയവും ഉള്‍ച്ചേര്‍ത്തുകൊണ്ട് ഒരു സിനിമ അനുഭവം പാ രഞ്ജിത്ത് നല്കുന്നത്.അതുതന്നെയാണ് സിനിമയുടെ വിജയവും.

അട്ടക്കത്തിയില്‍ നരേറ്റീവിലും മേക്കിങ്ങിലും ചുറ്റിവളക്കലുകളുപയോഗിക്കാതിരുന്ന പാ രഞ്ജിത് മദ്രാസിലും കബാലിയിലുമെത്തിയതോടെ ആ ശൈലിക്കൊപ്പം സംഗീതത്തിന്റെ മിക്ചര്‍ കൂടി മേക്കിങ്ങിന്റെ ഭാഗമാക്കിയിരുന്നു. അട്ടക്കത്തിയില്‍ സ്ഥിരം കേട്ട് പരിചയിച്ച മ്യൂസിക്ക് ശൈലി തന്നെയായിരുന്നുവെങ്കില്‍ മദ്രാസിലും കബാലിയിലും സന്തോഷ് നാരായണന്‍ പാ രഞ്ജിത്തിന് വേണ്ടി അയാളുടെ മേക്കിംഗ് സ്റ്റൈലിന് വേണ്ടി സംഗീതം മാറ്റിച്ചെയ്യുകയായിരുന്നു. പ്രതിഷേധങ്ങളുടെയും വിപ്ലവങ്ങളുടയെും സിമ്പലമായ ഹിപ്പ്‌ഹോപ്പ് ചേരുവ പാ രഞ്ജിത് ലളിതമായി സിനിമയുടെ കൂടെക്കൂട്ടി. സിനിമയക്ക് അകത്ത് കഥയില്‍ അവര്‍ ചിലപ്പോള്‍ നാട്ടിലെ തൊഴിലില്ലാത്തൊരു ഡാന്‍സ് ട്രൂപ്പായി പലരും കണ്ടിരുന്നിരിക്കാം, പക്ഷേ അവരുടെ ജീവിതവും സംഗീതവുമെല്ലാം ഒരു നിലപാട് പറയല്‍ തന്നെയായിരുന്നു.

കാല സംസാരിക്കുന്നത് ഭൂമിയുടെ രാഷ്ട്രീയമാണ്. എങ്ങനെയാണ് ചേരികള്‍ ഉണ്ടാവുന്നതെന്നും, ഭൂമിശാസ്ത്രപരമായും സാമൂഹികപരമായും എങ്ങനെയാണ് മനുഷ്യര്‍ പുറന്തള്ളപ്പെടുന്നതെന്നുമുള്ള ഉള്‍ക്കനമുള്ള രാഷ്ട്രീയമാണ് തന്റെ 2018-ല്‍ റിലീസായ,നാലാമത്തെ സിനിമയായ കാലയിലൂടെ പാ രഞ്ജിത്ത് പറയുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ സിനിമാറ്റിക് അനുഭവത്തില്‍ വിട്ടുവീഴ്ചകള്‍ വരുത്താതെ,എങ്ങനെ രാഷ്ട്രീയം പറയാം എന്ന് കാലയിലെത്തുമ്പോള്‍ പാ രഞ്ജിത്തിന് മനസ്സിലായിട്ടുണ്ട്.

ഇത്തവണയും രജനീകാന്ത് തന്നെയായിരുന്നു നായകന്‍. അടിമുടി രാഷ്ട്രീയം പറയുന്ന ചിത്രം എന്നുതന്നെ കാലയെ വിളിക്കാന്‍ പറ്റും. ഭൂമി,അധികാരം,നിറം, പ്രാതിനിധ്യം എന്നിവയെല്ലാം കാലയില്‍ കടന്നു വരുന്നുണ്ട്. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളെയെല്ലാം ഭരണകൂടം എല്ലാക്കാലത്തും ഇല്ലാതെയാക്കിയിട്ടുണ്ട്.

മുംബൈയിലെ ധാരവിയിലെ ഒരു കുടിയേറ്റ തമിഴ് ചേരിയിലാണ് കഥ നടക്കുന്നത്. നഗരവത്ക്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമെന്ന പേരില്‍ ചേരിനിവാസികളെ ഒഴിപ്പിക്കാന്‍ നോക്കുന്ന സവര്‍ണ്ണ-അധികാര വര്‍ഗ്ഗത്തിനെതിരെയുള്ള ദലിതരുടെ ചെറുത്തുനില്‍പ്പും,അതിജീവനവുമാണ് സിനിമ. കറുത്തവനും, ദലിതനും,മുസ്ലീങ്ങളും,ജനനത്തിന്റെ പേരില്‍,നിറത്തിന്റെ പേരില്‍,ജാതിയുടെ പേരില്‍,വിശ്വാസത്തിന്റെ പേരില്‍, ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും മതേതരത്വം പാലിക്കപ്പെടാതെ കൊല്ലപ്പെടുമ്പോള്‍ ഇരയാക്കപ്പെടുമ്പോള്‍ കറുപ്പിന്റെ രാഷ്ട്രീയം പ്രാധാന്യമുള്ളതാവുന്നു. കറുപ്പ് എന്നത് പെരിയാറിന്റെ രാഷ്ട്രീയമാവുന്നു. നീല ബാബസാഹേബിന്റെ നീലയാവുന്നു. ചുവപ്പ് മാര്‍ക്‌സിന്റെയും. അത് തന്നെയാണ് പൂര്‍ണമായും സിനിമയും.

ധാരാവി കോളനി ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചു എന്നൊരു സൂപ്പര്‍സ്റ്റാര്‍ മലയാള സിനിമയില്‍ പറയുമ്പോള്‍, അതിനു ഇന്നത്തെ കാലത്തും കിട്ടുന്ന കയ്യടികള്‍ തന്നെയാണ് മലയാള സിനിമയും തമിഴ് സിനിമയും തമ്മിലുള്ള അന്തരം. അത് നികത്താന്‍ 'ജാതിയില്ലാ,പുരോഗമന' മലയാളിക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നതാണ് കാല പോലെയൊരു സിനിമയുടെ ആനുകാലിക പ്രസക്തി.

കാലയില്‍ നിന്നും സര്‍പ്പട്ട പരമ്പരയിലേക്കെത്തുമ്പോള്‍ പാ രഞ്ജിത്തിലെ ഫിലിം മേക്കര്‍ എത്രത്തോളം വലുതായി എന്ന് കാണാന്‍ സാധിക്കും. പാ രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്നുതന്നെ സര്‍പ്പട്ട പരമ്പരയെ നിസ്സംശയം വിളിക്കാവുന്നതാണ്. വടക്കന്‍ ചെന്നൈയിലെ ബോക്‌സിങ് ഗ്രൂപ്പുകളും അവരുടെ കുടിപ്പകയുമാണ് പിരിയഡ് സ്‌പോര്‍ട്‌സ് -ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമ ചര്‍ച്ച ചെയ്യുന്നത്. അഥവാ, മുഹമ്മദ് അലിക്കുള്ള പാ രഞ്ജിത്തിന്റെ ട്രിബ്യൂട്ട്! Float like butterfly,sting like a bee എന്ന അലിയുടെ പ്രസിദ്ധമായ ഉദ്ധരണി സിനിമയില്‍ നമ്മുക്ക് കാണാന്‍ സാധിക്കും.

വടക്കന്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിങ് സംസ്‌കാരം അടിയന്തരാവസ്ഥയുടെ അവസാന കാലഘട്ടത്തിലൂടെ ആര്യ അവതരിപ്പിച്ച കബിലനിലൂടെ അവന്റെ വ്യക്തിഗതജീവിതത്തിലൂടെ പറയുകയാണ് സംവിധായകന്‍. സിനിമയുടെ സാങ്കേതികവശത്ത് യാതൊരു വിധ ഒത്തുത്തീര്‍പ്പുകളുമില്ലാതെ മൂന്ന് മണിക്കൂറിനടുത്ത് വരുന്ന ഒരു സ്‌പോര്‍ട്‌സ് മൂവി ചെയ്യുക എന്നത് തികച്ചും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. സിനിമയില്‍ ഓരോ കഥാപാത്രത്തിനും സംവിധായകന്‍ കൊടുത്തിരിക്കുന്ന ആഴവും ഡീറ്റൈലിങ്ങും തന്നെയാണ് സിനിമയുടെ കാതല്‍ എന്നു പറയുന്നത്. കബിലനായി ആര്യയും, ബോക്‌സിങ് കോച്ച് രംഗന്‍ വാദ്യാരായി പശുപതിയും കബിലന്റെ ഭാര്യ മാരിയമ്മയായി തുഷാര വിജയനുമാണ് വേഷമിട്ടിരിക്കുന്നത്. നായകന്റെ വിജയത്തില്‍ മാത്രം ഫോക്കസ് ചെയ്യാതെ,നായകന്റെ ജീവിതത്തിലെ പരാജയങ്ങളും കോണ്‍ഫ്‌ലിക്റ്റുകളും ഉയര്‍ത്തെഴുന്നേല്‍പ്പുകളും സിനിമ കാണിക്കുന്നു. നായകനോളം പ്രാധാന്യമുള്ള വെമ്പുലിയും ഡാന്‍സിങ് റോസും സര്‍പ്പട്ടയുടെ അവിഭാജ്യഘടകമാണ്. നോര്‍ത്ത് ചെന്നൈയിലെ അംബേദ്കര്‍-ബുദ്ധ രാഷ്ട്രീയ പാരമ്പര്യവും സിനിമയില്‍ സൂചകങ്ങളായി പറഞ്ഞുപോവുന്നുണ്ട്.

''My films are extension of my ideology' എന്നാണ് സര്‍പ്പട്ടയുടെ ഒരു പ്രസ് മീറ്റില്‍ പാ രഞ്ജിത് പറഞ്ഞത്, അതിനെ അടിവരയിടുന്ന രീതിയില്‍ തന്നെയാണ് സിനിമയുടെ ഘടന നില്‍ക്കുന്നത്.

Love is political എന്ന ടാഗ് ലൈനുമായി 2022-ല്‍ പുറത്തിറങ്ങിയ പാ രഞ്ജിത്തിന്റെ ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടുതന്നെ റിലീസിനു മുന്‍പ് തന്നെ സോഷ്യല്‍ മീഡിയകളിലും മറ്റും സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. നച്ചത്തിരം നഗര്‍ഗിരത് ഒരിക്കലും ഒരു പ്രണയ സിനിമയല്ല. പക്ഷേ സിനിമയില്‍ പ്രണയമുണ്ട്, എന്നാല്‍ കാലാകാലങ്ങളായി സിനിമ എന്ന കല പറഞ്ഞുതഴമ്പിച്ച ഹെട്രോസെക്ഷ്വല്‍ പ്രണയം മാത്രമമല്ല സിനിമയില്‍ പറയുന്നത്, ക്വിയര്‍ പ്രണയങ്ങളുണ്ട്. love is political എന്ന് പറഞ്ഞത് പോലെ അത് അവതരിപ്പിക്കുന്ന ആക്ടേഴ്‌സിലും ആ പ്രാതിനിധ്യമുണ്ടായിരുന്നു.

കുറെ നേരം നീണ്ടു നില്‍ക്കുന്ന സംഭാഷണങ്ങളിലാണ് സിനിമയുടെ സോള്‍. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഒരുപാടുള്ള സിനിമകള്‍ അതിന്റെ സിനിമാറ്റിക് സ്വഭാവം പാടെ മാറ്റിനിര്‍ത്തി കേവലം പ്രസംഗത്തിന്റെ രൂപത്തിലേക്ക് മാറുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്, അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നച്ചത്തിരം നഗര്‍ഗിരത് ഒരു പരിധി വരെ നല്ലൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പ്രേക്ഷകന് നല്‍കുന്നുണ്ട്. ഒരു ഡ്രാമ ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ കഥ നടക്കുന്നത്. പുതിയ നാടകം എന്തിനെ പറ്റിയാവണം എന്ന ചര്‍ച്ചയാണ് love എന്ന തീമിലേക്ക് അവരെ എത്തിക്കുന്നത്. സ്‌നേഹത്തെ പറ്റി സംസാരിച്ചുതുടങ്ങുമ്പോള്‍ സ്വാഭാവികമായും അവിടെ ജാതി കടന്നു വരുന്നു, സ്‌നേഹത്തിന്റെ പുതിയ മാനങ്ങള്‍ കടന്നുവരുന്നു,വിയോജിപ്പുകളും അസഹിഷ്ണുതകളും വെളിവാകുന്നു. സ്‌നേഹം പൊളിറ്റിക്കല്‍ ആണെന്ന് പറയുമ്പോഴൊക്കെ സ്‌നേഹത്തെ നിഷേധിക്കുന്ന ഒരു വര്‍ഗ്ഗം അപ്പുറത്ത് രൂപപ്പെടുന്നു. നാടകത്തിന്റെ പരിശീലനവേളയിലും മറ്റുമായി സിനിമ സംഭാഷണങ്ങളിലൂടെ തന്നെ മുന്നേറുന്നു. ഒരു ഹനുമാന്‍ ഗദ കൊണ്ട് തല്ലിതകര്‍ക്കുന്ന ജാതി ഇന്ത്യയുടെ പ്രതിനിധീകരണമാണ് സിനിമയുടെ അവസാനം നമുക്ക് കാണാന്‍ കഴിയുന്നത്. വിവേചനങ്ങളെ പറ്റി സംസാരിക്കാതെ,അസമത്വങ്ങളെ പറ്റി പറയാതെ ഇന്ത്യയില്‍ ജീവിക്കുന്നത് അരാഷ്ട്രീയ നിലപാടാണെന്ന് സിനിമ സൂചിപ്പിക്കുന്നുണ്ട്. സ്‌നേഹത്തെ അതിന്റെ എല്ലാ ഫോമിലും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.

തന്റെ സിനിമയാണ് തന്റെ രാഷ്ട്രീയം എന്നുറപ്പിക്കുന്ന വിധത്തില്‍ പാ രഞ്ജിത് ഈ പത്ത് വര്‍ഷത്തിനകത്ത് മാറിക്കഴിഞ്ഞിട്ടുണ്ട്. കാലായില്‍ ധാരവിയിലെ ചേരി ഒരു ബുദ്ധിസ്റ്റ് വിഹാരമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ബുദ്ധ പാരമ്പര്യം ചുവരുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും പാ രഞ്ജിത്ത് ചിത്രീകരിക്കുന്നു. വീടുകളില്‍ ബുദ്ധന്റെയും ബാബസാഹേബിന്റെയും ചിത്രങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. അതൊരു രാഷ്ടീയമായ നിലപാട് കൂടിയാണ്. കാലയുടെ വളര്‍ത്തുനായ ഒരു ഇന്ത്യന്‍ ബ്രീഡാവുന്നത് പോലും കൃത്യമായ അടയാളപ്പെടുത്തലായിരുന്നു. ക്ലൈമാക്‌സില്‍ സിനിമ കൈവരിക്കുന്ന സറിയല്‍ മാനങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ധാരവിയിലെ ദലിതര്‍ സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ പാ രഞ്ജിത് സിനിമയ്ക്ക് അകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി,വിക്രം നായകനാവുന്ന താങ്കലാന്‍ ആണ് പാ രഞ്ജിത്തിന്റെ അടുത്ത പ്രോജക്റ്റ് അതിലും ഭൂമിയുടെ, ജാതിയുടെ, മനുഷ്യന്റെ, രാഷ്ട്രീയമുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പാ രഞ്ജിത്ത് എന്ന അംബേദ്കറൈറ്റ്

Pay back to society എന്ന ബാബാസാഹേബ് അംബേദ്കറുടെ ഒരു ഫിലോസഫിയുണ്ട്,വളരെ ചെറിയ,എന്നാല്‍ വിശാലമായ ഒരു ചിന്തയാണത്. നല്ലൊരു നിലയില്‍ എത്തിയാല്‍,വന്ന വഴി മറന്നു പോവാതെ കൂടെയുള്ളവരെയും കൈപിടിച്ചുയര്‍ത്തുക എന്നത്. പാ രഞ്ജിത്ത് ചെയ്യുന്നത് അതാണ്. ജീവിതത്തിലുടനീളം ജാതി വിവേചനം നേരിട്ട ഒരു പയ്യന്‍ അതിനെയയെല്ലാം നേരിട്ട്, ഇന്ന് ഇന്ത്യന്‍ സിനിമയില്‍ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി തലയുയര്‍ത്തി നില്‍ക്കുകയാണ്.

''വര്‍ഗ്ഗം എന്‍ട്രത് ഒരു സെക്കന്‍ഡിലെ പോയിടും. നാന്‍ പണക്കാരനാവലാം ഏഴയാവലാം, ആണാ സാതി നാന്‍ പുറന്തതിലെ ഇറുന്ത് സാവറ വരെക്കും ഇറുക്കും. അപ്പോ നാന്‍ സാവറ വരെക്കും ഇറക്കണ സാതിയെ സൊല്ലിക്കാട്ടിട്ടേ ഇറുപ്പേന്‍.'' എന്ന് പാ രഞ്ജിത്ത് ഒരിക്കല്‍ പറയുകയുണ്ടായി,

ഇന്ത്യയില്‍ ജീവിക്കുന്ന,ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതം ജാതിക്കെതിരെയുള്ളതാവണം, മനുഷ്യനെ മനുഷ്യനായി കാണാന്‍ അനുവദിക്കാത്ത ഒരു തത്ത്വശാസ്ത്രത്തിനും ഒരിക്കലും ഇടംകൊടുക്കാന്‍ പാടില്ല. കേവലമൊരു സംവിധായകന്‍ എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. ഇന്ത്യന്‍ സിനിമാ ചരിത്രം പരിശോധിക്കുകയാണെങ്കില്‍, പാ രഞ്ജിത്തിന് മുന്‍പും ശേഷവും എന്ന തരംതിരിവ് നമുക്ക് കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കും.

മാരി സെല്‍വരാജ് എന്ന സംവിധായകനേയും പരിയേറും പെരുമാള്‍ എന്ന സിനിമയെയും നമ്മുക്ക് നല്കിയത് പാ രഞ്ജിത്ത് ആണ്. അത് തന്നെ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വലിയ കോണ്‍ട്രിബ്യൂഷനാണ്. ഇരണ്ടം ഉലകപോരില്‍ കടൈസി ഗുണ്ട്, റൈറ്റര്‍ എന്നീ സിനിമകളും പാ രഞ്ജിത്ത് പ്രൊഡ്യൂസ് ചെയ്യുകയുണ്ടായി, മാത്രമല്ല നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഷോര്‍ട്ട് ഫിലിമുകളും ,സിനിമകളും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കല എന്ന മാധ്യമത്തിന്റെ ഏത് രൂപവുമായിക്കോട്ടെ,അതിനെയെല്ലാം ഒരു ടൂള്‍ ആക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. അവിടെയാണ് നീലം പ്രൊഡക്ഷന്‍സും, നീലം പബ്ലിക്കേഷന്‍സും,നീലം കള്‍ച്ചറല്‍ സെന്ററും വേറിട്ടുനില്‍ക്കുന്നത്. ആന്റി കാസ്റ്റിന്റെ ഏതൊരു രൂപത്തെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് തന്നെയാണ് പാ രഞ്ജിത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനം.

ഇതില്‍ തന്നെ എടുത്തുപറയേണ്ട ഒന്നാണ് കാസ്റ്റ്‌ലെസ്സ് കളക്ടീവ് എന്ന മ്യൂസിക് ബാന്റ്. തമിഴ് ആന്റി കാസ്റ്റ് ആക്റ്റിവിസ്റ്റും ബുദ്ധിസ്റ്റുമായ ഇയോത്തി ദാസിന്റെ 'ജാതിഭേദ മാട്ര തമിഴര്‍കള്‍' എന്ന ഉദ്ധരണിയെ റെഫറന്‍സ് ആക്കിവെച്ചുകൊണ്ടാണ്, കാസ്റ്റ്‌ലെസ്സ് കളക്ടീവ് എന്ന ബാന്റിന്റെ തുടക്കം.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ആന്റി കാസ്റ്റ് ബാന്‍ഡ് രൂപപ്പെട്ടുവരുന്നത്. 4 റാപ്പര്‍മാരും 8 മ്യുസീഷ്യന്‍സും 7 ഇന്‍സ്ട്രുമെന്റലിസ്റ്റുകളും അടങ്ങുന്ന 19 അംഗ സംഘമാണ് കാസ്റ്റ്‌ലെസ്സ് കളക്റ്റീവ് എന്ന ബാന്‍ഡ്. ഇന്ത്യന്‍ സംഗീത ചരിത്രത്തെ അതിന്റെ പാരമ്പര്യത്തെ എല്ലാം ചോദ്യം ചെയ്തുകൊണ്ടാണ്,മുഖ്യധാരയിലേക്ക് ഇവരുടെ കടന്നുവരവ് തന്നെ. ഉപയോഗിക്കുന്ന ഡ്രസ് കോഡില്‍ പോലും രാഷ്ട്രീയമാണ് ബാന്‍ഡ് പറയുന്നത്. ബാബയുടെ നീല നിറത്തിലുള്ള കോട്ടാണ് വേദികളില്‍ എല്ലാവരും ഉപയോഗിക്കുന്നത് തന്നെ.

തിരിഞ്ഞു നോക്കുമ്പോള്‍ പത്തുവര്‍ഷം എന്നത് വളരെ ചെറിയൊരു കാലഘട്ടമായിരിക്കാം. പക്ഷേ പാ രഞ്ജിത്ത് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലെ ആന്റി കാസ്റ്റ് മൂവ്‌മെന്റിനെ സംബന്ധിച്ചിടത്തോളം അത് അടയാളപ്പെടുത്തിവെക്കേണ്ടതു തന്നെയാണ്. കാരണം ഞങ്ങള്‍ ജീവിച്ചിരിക്കുന്നത് പോലും ഒരു രാഷ്ട്രീയമാണ്. ''The backdrop is everything,they tell the story of the people living there. Every backdrop has a story behind it and I believe it contributes immensely' എന്ന് പാ രഞ്ജിത്ത് ഒരിക്കല്‍ പറയുകയുണ്ടായി,ഒരു പശ്ചാത്തലം അതിന്റെ സാമൂഹിക-രാഷ്ട്രീയ മാനങ്ങളെ ഉയര്‍ത്തികാണിക്കുന്നുണ്ട്, അത് ഏതൊരു ഫോം ഓഫ് ആര്‍ട്ട് ആയാലും,ജീവിതത്തിലും അങ്ങനെ തന്നെയാണ്.

തുടക്കത്തില്‍ തന്റെ സിനിമയിലെ ഫ്രെയിമുകളില്‍ അംബേദ്കറെ വെക്കാന്‍ പ്രൊഡ്യൂസര്‍ സമ്മതിക്കാത്തത് മൂലം ഒളിച്ചും പാത്തും അംബേദ്കറെ ഫ്രെയിമയില്‍ കൊണ്ടു വന്ന സംവിധായകന്‍ വളരെ ഉച്ചത്തില്‍ തന്നെ രാഷ്ട്രീയം സംസാരിക്കുന്നു,അദ്ദേഹത്തിന്റെ സിനിമകളില്‍ ബാബയും ബുദ്ധയും നിറഞ്ഞുനില്‍ക്കുന്നു.

ജയ് ഭീം, പാ രഞ്ജിത്ത്.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT