ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷവും, വെയില്‍ സിനിമയുടെ ഷൂട്ടിംഗില്‍ നിന്ന് ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയെന്ന ആരോപണവും മാനസിക പീഡനത്തെ തുടര്‍ന്നാണ് ഷൂട്ടിംഗില്‍ നിന്ന് പിന്‍മാറിയതെന്ന ഷെയിനിന്റെ വിശദീകരണവും സിനിമയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കരാര്‍ ഒപ്പുവച്ച സിനിമകള്‍ പൂര്‍ത്തീകരിക്കാതെ ഷെയ്‌നുമായി ഇനി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടിലേക്ക് നിര്‍മ്മാതാക്കള്‍ പോകുമെന്നാണ് വിവരം. താരസംഘടനയായ അമ്മയും ഷെയ്‌നിന് അനുകൂലമായ നിലപാടല്ല എടുത്തിരിക്കുന്നത്.
സെറ്റിലെന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടായിരുന്നില്ല ഷെയ്ന്‍ ഇറങ്ങിപ്പോയതെന്നാണ് സിനിമയുടെ സംവിധായകന്‍ ശരത് പറയുന്നത്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായ ശേഷം അനിശ്ചിതത്വത്തിലായതില്‍ ആശങ്കയും കഥാപാത്രത്തിന് വേണ്ട നീണ്ട മുടിയും താടിയും പറ്റെവെട്ടിയതിന്റെ ഞെട്ടലും ഇദ്ദേഹത്തിനുണ്ട്.
ഷെയിനിനും ശരതിനും ഇടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നോ?
‘അന്ന് ഷെയിന്‍ നിഗം സെറ്റില്‍ നിന്ന് പോകുന്നത് വരെ ഞാനും ഷെയ്‌നും തമ്മില്‍ ഒരു രീതിയിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഞാനൊന്ന് ശബ്ദമുയര്‍ത്തി സംസാരിക്കുകയോ ഷെയ്ന്‍ എന്നോട് മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല,’ എന്ന് തറപ്പിച്ച് പറയുകയാണ് ശരത്. എങ്കിലും നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷം തുടങ്ങിയ രണ്ടാം ഷെഡ്യൂളില്‍ സെറ്റില്‍ താരം ഇടപഴകുന്നത് കുറവായിരുന്നു. ആ പ്രശ്‌നങ്ങള്‍ കാരണമായിരിക്കാം. എന്നാല്‍ ഷെയ്ന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. ഓരോ ദിവസവും സെറ്റില്‍ എന്തൊക്കെ നടക്കുന്നുവെന്നത് അറിയിക്കാന്‍ എനിക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. അത് ഞാന്‍ ചെയ്തിരുന്നു,’ ശരത് പറഞ്ഞു. ആരെയാണ് അറിയിച്ചിരുന്നത് എന്നത് അദ്ദേഹം വെളിപ്പെടുത്തിയില്ല.
രണ്ടാം ഘട്ടത്തില്‍ ജോയിന്‍ ചെയ്തപ്പോള്‍ മാനസിക പീഡനം നേരിട്ടെന്നാണ് ഷെയിന്‍ നിഗം പറഞ്ഞത്
‘സാധാരണ ഷൂട്ടിന് മുന്‍പ് ഷെയിന്‍ എന്നെ ഫോണ്‍ വിളിക്കാറുണ്ട്. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ തമ്മില്‍ ആ ഫോണ്‍ വിളി ഉണ്ടായില്ല. ഞാന്‍ പലവട്ടം മെസേജയച്ചിട്ടും വിളിച്ചിട്ടുമൊന്നും ആളെടുത്തില്ല. ലൊക്കേഷനില്‍ എത്തുമ്പോള്‍ മാത്രമാണ് ഷെയ്നുമായിട്ട് സംസാരിച്ചിട്ടുള്ളത്. 16ാം തീയതിയാണ് ഷെയ്ന്‍ സെറ്റില്‍ വീണ്ടും വന്നത്. അന്ന് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ പോയി. 24 ദിവസം വേണ്ടിയിരുന്ന ഷൂട്ടിങ് 17 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം എന്നായി ഷെയ്ന്‍. അതുകൊണ്ട് തന്നെ വേഗത്തില്‍ ഷൂട്ട് ചെയ്യേണ്ടി വന്നു. സിനിമ തീരണ്ടേ? ഞങ്ങളുടെ കൂടെ മറ്റ് സിനിമകള്‍ കമ്മിറ്റ് ചെയ്തവരുണ്ടായിരുന്നു. അവര്‍ക്ക് മുടി വെട്ടാന്‍ പറ്റാതെ സിനിമകള്‍ നഷ്ടപ്പെട്ടു. അവരൊക്കെ നമ്മളെയല്ലേ വിളിച്ച് വിഷമം പറയുന്നത്.
രാവിലെ ഏഴ് മണിക്ക് വന്ന് കറക്ട് ഒന്‍പത് മണിക്ക് പോകുന്ന അഭിനേതാവൊന്നുമല്ല ഷെയ്ന്‍. പക്ഷെ ആളെ കിട്ടുന്ന സമയം കൊണ്ട് നമ്മള്‍ ചെയ്തിരുന്നു. ആദ്യമൊക്കെ സെറ്റില്‍ കുറച്ചുകൂടി സമയം ചിലവഴിക്കുമായിരുന്നു. രണ്ടാമത്തെ ഷെഡ്യൂളില്‍ ആളുടെ ഭാഗത്ത് നിന്ന് തീരെ ഇടപഴകലില്ലാതെയായി. ഷൂട്ട് കഴിഞ്ഞാല്‍ നേരെ കാരവാനില്‍ പോയിരിക്കും. അടുത്ത ഷൂട്ടിന് സമയമായാല്‍ പിന്നെ ആളെ അരമണിക്കൂറെങ്കിലും പുറകെ നടന്ന് വിളിക്കണം. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വേഗത്തിലാണ് ഷൂട്ടിങ് പുരോഗമിച്ചത്.
ഉമ്മയോട് വിളിച്ച് ഷെയിന്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ പാക്കപ്പ് പറയേണ്ടി വരുമെന്ന് ശരത് പറഞ്ഞെന്നാണ് ആരോപണം
ഞാന്‍ നേരത്തെ പറഞ്ഞല്ലോ, രണ്ടാമത്തെ ഷെഡ്യൂളില്‍ ആള് എപ്പോള്‍ വരുന്നു, എന്ത് ചെയ്യുന്നുവെന്നൊക്കെ വിളിച്ചറിയിക്കാന്‍ എനിക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആള് തീരെ അടുത്തിടപഴകുന്നില്ലെന്ന് ഞാന്‍ അവരോട് വിളിച്ച് പറഞ്ഞിരുന്നു. എന്നും സെറ്റില്‍ വൈകിയാണ് വരുന്നത്. നാല് ദിവസവും ഇത് തന്നെയായപ്പോഴാണ്
അഞ്ചാം ദിവസം കൂടി കാക്കാന്‍ നിര്‍ദ്ദേശം കിട്ടിയത്. അഞ്ചാം ദിവസവും ഷെയ്ന്‍ അതേ നിലയില്‍ തന്നെയാണ് ചെയ്യുന്നതെങ്കില്‍ ഞങ്ങളോട് പാക്ക് അപ്പ് ചെയ്യാനാണ് പറഞ്ഞത്. ആ കാര്യം ഞാന്‍ ഷെയ്‌നിന്റെ ഉമ്മയോട് വിളിച്ചുപറഞ്ഞിരുന്നു. അവരെ എനിക്ക് നേരത്തെ അടുത്ത് അറിയുന്നതാണ്. സെറ്റില്‍ എന്താണ് നടക്കുന്നതെന്നും പാക്ക് അപ്പ് ചെയ്യാന്‍ പറഞ്ഞിരിക്കുന്നതും എല്ലാം പറഞ്ഞു. അവരത് ഷെയ്‌നിനോട് വിളിച്ച് പറഞ്ഞിട്ടുണ്ടാവണം. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരവും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഷെയ്ന്‍ എനിക്ക് ഒരു മെസേജ് അയച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്. റിലാക്‌സ്ഡ് ആയല്ല രണ്ടാമത്തെ ഷെഡ്യൂളില്‍ ഞാന്‍ സിനിമ ഷൂട്ട് ചെയ്തത്. സെറ്റില്‍ എന്നും വൈകി വരുന്ന പതിവാണ് ഷെയ്‌നിന്. ഡിഒപി ലൈറ്റ് ഒക്കെ സെറ്റ് ചെയ്ത് എല്ലാവരും കാത്തിരിക്കും. പത്ത് മണിക്ക് വരണമെന്ന് പറഞ്ഞാല്‍ 12 മണിക്കേ ആള് വരൂ. വിയ്യൂര്‍ ജയിലില്‍ വെച്ചുള്ള സീന്‍ ഷൂട്ട് ചെയ്യാന്‍ മൂന്ന് മണിക്ക് എത്താന്‍ പറഞ്ഞിട്ട് നാലര കഴിഞ്ഞാണ് എത്തിയത്. അന്ന് ഷൂട്ട് ചെയ്തില്ലെങ്കില്‍ വീണ്ടും അവിടെ ഷൂട്ട് ചെയ്യാന്‍ അനുമതികിട്ടാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുമെന്ന അവസ്ഥയായതിനാല്‍ ഉള്ള ലൈറ്റില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇപ്പോഴും ഞങ്ങളോട് കൃത്യമായി ഷെയ്ന്‍ സഹകരിച്ചാല്‍ പോലും 17 ദിവസം കൂടി ഷൂട്ട് ചെയ്താലെ സിനിമ തീരു.
നമ്മളിപ്പോ ഷൂട്ട് ചെയ്തത് മുഴുവന്‍ സെക്കന്റ് ഹാഫ് ആണ്. ഫസ്റ്റ് ഹാഫ് ഷൂട്ട് ചെയ്യാനുണ്ട്. പല ഗെറ്റപ്പിലാണ് ഈ സിനിമയില്‍ ഷെയ്ന്‍ അഭിനയിക്കുന്നത്. മുടി വച്ചിട്ട് ഒരു ഫൈറ്റ് എടുക്കണം. അപ്പോഴാണ് ഇങ്ങനെ. വല്ലാത്തൊരു പെടലാണ് പെട്ടിരിക്കുന്നത്. ആള് വൈകി വരുന്നതില്‍ മിക്കപ്പോഴും ദേഷ്യം വന്നിട്ടുണ്ട്. പക്ഷെ അതേപ്പറ്റി ഒരിക്കലും സംസാരിച്ചിട്ടില്ല. വൈകി വരുന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചാല്‍ പിന്നെ ആളതിനൊരു മറുപടി പറഞ്ഞ് അതൊരു തര്‍ക്കമാവും എന്ന് കരുതിയാണ് ശരിക്കും സംസാരിക്കാതിരുന്നത്. എങ്കിലും കാര്യം ആളോട് സംസാരിക്കാന്‍ ഞാന്‍ പലരോടും പറയാറുണ്ട്. അവര്‍ മാനേജരുമായി സംസാരിച്ചിട്ടുമുണ്ട്.
ഷെയ്‌നിന്റെ സൗകര്യത്തിനനുസരിച്ചാണ് ഷൂട്ട് നടത്തിയിട്ടുള്ളത്. മറ്റൊരു സിനിമയുടെ കഥാപാത്രത്തിന്റെ ലുക്കില്‍ വന്നപ്പോള്‍ പോലും ആ രൂപത്തിനെ സാധൂകരിക്കാന്‍ തിരക്കഥയില്‍ മാറ്റം വരെ വരുത്തി. ഞാന്‍ ഷെയ്ന്‍ എന്ന നടനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടണമെങ്കില്‍ അയാള്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം. അതുകൊണ്ട് ഷെയ്‌നിന് യാതൊരുവിധമായ സമ്മര്‍ദ്ദവും സെറ്റില്‍ നിന്ന് ഉണ്ടാക്കിയിട്ടില്ല.
സിനിമ മുടങ്ങുന്ന സാഹചര്യമാണോ നിലവില്‍ ഉള്ളത്, എന്താണ് ഇനി മുന്നിലുള്ളത്
‘സെറ്റില്‍ നിന്ന് ആള് ഇറങ്ങിപ്പോയ ശേഷവും ഞാനും ആളും തമ്മില്‍ സംസാരിച്ചിട്ടില്ല. പക്ഷെ ഷെയ്‌ന്റെ ഭാഗത്ത് നിന്ന് ആളുകള്‍ കോംപ്രമൈസിന് വിളിക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഇതെന്റെ കൈയിലല്ല. എനിക്കിതില്‍ ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കാനാവില്ല. എനിക്കൊരു തീരുമാനം എടുത്ത്മുന്‍പോട്ട് പോകാവുന്ന അവസ്ഥയൊക്കെ വിട്ട് പോയി. എല്ലാവര്‍ക്കും സിനിമ നടക്കണമെന്നാണ് ആഗ്രഹം. ഒരു പത്ത് കൊല്ലത്തിനപ്പുറവും ഈ സിനിമയുണ്ടാകും. അന്നീ പ്രശ്‌നങ്ങളൊന്നും ആരും ഓര്‍ക്കില്ല. എന്റെ തന്നെ നാലഞ്ച് വര്‍ഷത്തെ എഫര്‍ട്ടാണ്. ഗള്‍ഫീന്ന് ജോലി നിര്‍ത്തി വന്ന സമയത്ത് കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അന്ന് ഈ സ്‌ക്രിപ്റ്റ് ഞാന്‍ ഷെയ്‌നെ വച്ച് തന്നെ ചെയ്യും എന്ന മനസോടെയാണ് വന്നത്. അങ്ങനെയൊക്കെ തീരുമാനിച്ച്പോന്നിട്ടാണ് ഒടുക്കം ഇവിടെയെത്തി നില്‍ക്കുന്നത്.’
15-17 ദിവസത്തെ മാത്രം കാര്യമാണ് ഇപ്പോഴും ഉള്ളത്. സിനിമയില്‍ അധികവും പുതുമുഖ താരങ്ങളാണ്. അതുമാത്രമല്ലല്ലോ, നിര്‍മ്മാതാവിന്റെ എത്രയോ പണം ഇതിനോടകം ചെലവായി. അതിനാല്‍ തന്നെ സിനിമ നടക്കണം എന്ന് തന്നെയാണ് എല്ലാവര്‍ക്കും. സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ ഇതിനെല്ലാത്തിനും ഉത്തരം കിട്ടും. പക്ഷെ അതിന് ഷെയ്‌ന്റെ സഹകരണം കൂടിയേ തീരൂ.’സിനിമാ മോഹവുമായി ഗള്‍ഫിലെ ജോലി കളഞ്ഞ് വന്നതാണ് ഞാന്‍ കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം സിനിമ ചെയ്യണം എന്ന ആഗ്രഹം കൊണ്ട് തന്നെ ആ ജോലി ഉപേക്ഷിച്ച് സ്‌ക്രിപ്റ്റുമായി വന്നതാണ് ഞാന്‍. ലിജോ ചേട്ടന്റെ ഈമയൗ, അങ്കമാലി ഡയറീസ് എന്നീ സിനിമകളില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ലിജോ ചേട്ടനൊക്കെ ഒരു സീന്‍ തന്നെ 14 തവണയൊക്കെ റീട്ടേക് എടുത്തിട്ടുണ്ട്. എന്റെ സിനിമയല്ലേ, എനിക്ക് ഓകെ ആണെന്ന് തോന്നുമ്പോഴല്ലെ ഓകെ പറയാനാവൂ. ബാക്കിയൊക്കെ ഷെയ്‌ന്റെ മാനേജര്‍ വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞതാവും.
ഷെയ്‌നിന്റെ പെര്‍ഫോമന്‍സില്‍ ഒരു പരാതിയും ഇല്ല. എത്രയൊക്കെ വൈകിയാലും ക്യാമറയ്ക്കുമുമ്പിലുള്ള ആളുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ നമ്മുടെ ദേഷ്യമൊക്കെ മാറും. എന്നെ സംബന്ധിച്ച് ആക്ടര്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയിരിക്കണം എന്നൊരു നിര്‍ബന്ധമുണ്ട്. എന്നാലേ അവരുടെ ഭാഗത്ത് നിന്ന് നമുക്ക് വേണ്ടത് കിട്ടൂ എന്നാണ് ഞാന്‍ കരുതുന്നത്. ഷെയ്‌നെ സംബന്ധിച്ച് ഇത്രയും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്ത സിനിമ മുന്‍പ് വന്നിട്ടുണ്ടാവില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും ഷെയ്ന്‍ നന്നായിട്ടാണ് പെര്‍ഫോം ചെയ്തിട്ടുള്ളത്.