വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന നടന്‍ ഷെയ്ന്‍ നിഗമിന്റെ പരാതിയില്‍ പിന്തുണയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അബിയെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികള്‍ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നുവെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.ശ്രീകുമാര്‍ മേനോന്‍
പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്ന് എതിരെ ഒട്ടേറെ വോയ്സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്ന് ഒപ്പം നിലപാടെടുക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളിലെല്ലാം മലയാളം ഡബ്ബ് ചെയ്തിരുന്നു അബി ആയിരുന്നു.
വിവാദത്തില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ചിത്രം വെയില്‍ പൂര്‍ത്തിയാകുന്നത് വരെ മുടി വെട്ടരുതെന്ന് കരാറുണ്ടായിരുന്നുവെന്ന് നിര്‍മാതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വേദന കൊണ്ട് പ്രതികരിച്ചതാണെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
എന്റെ സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഷെയ്ന്‍ മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തു. അതറിഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു, ഞങ്ങളുടെ പടത്തിലെ താടി വെച്ച ഭാഗം തീര്‍ന്നതിന് ശേഷമെ താടിയും മുടിയും വെട്ടാവുവെന്ന് കരാര്‍ വെച്ചിരുന്നു. ആദ്യം 15-ാം തീയ്യതി ഷെയ്ന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പിന്നീട് മാറ്റി, 25 -ാം തീയ്യതിയിലേക്കാക്കി, അതിനൊന്നും എതിര് പറഞ്ഞിരുന്നില്ല.ജോബി ജോര്‍ജ്
ആദ്യം പ്രതിഫലമായി 30 ലക്ഷണാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് 40 ലക്ഷം ആവശ്യപ്പെട്ടുവെന്നും ജോബി ജോര്‍ജ് ആരോപിച്ചു. ആ പടത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഈ സിനിമ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകും. തന്നെ വഞ്ചിച്ചതാണെന്നും നിര്‍മാതാവ് ആരോപിക്കുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം