ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ പാർവതി നൂറുശതമാനം ആപ്റ്റ് ആയ അഭിനേതാവായിരുന്നുവെന്ന് നടി ഉർവശി. പാർവതി ചെയ്തിട്ടുള്ള ഒരു തൊണ്ണൂറ് ശതമാനത്തോളം വരുന്ന കഥാപാത്രങ്ങളും കാരണം ഒരുപാട് ഇമോഷൻസ് കൊണ്ടുനടക്കുന്നവരാണെന്നും കോ ആർട്ടിസ്റ്റ് എന്നത് സിനിമയിൽ ഒരു വലിയ ശക്തിയും ബലവുമാണ് എന്നത് കൊണ്ട് തന്നെ അത്തരത്തിൽ നോക്കുമ്പോൾ ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ നൂറ് ശതമാനം യോജിച്ച ആർട്ടിസ്റ്റാണ് പാർവതി എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു.
ഉർവശി പറഞ്ഞത്:
ഞാൻ ചിന്തിക്കേണ്ടത് എന്റെ മുന്നിൽ നിൽക്കുന്ന ആർട്ടിസ്റ്റ് എന്നെക്കാൾ നന്നായി പെർഫോം ചെയ്താൽ ആ പടം വിജയിക്കും എന്നാണ്. അതിൽ എനിക്കും പങ്കുണ്ടാവുമല്ലോ? അങ്ങനെ ചിന്തിക്കുന്ന ആർട്ടിസ്റ്റുകൾ മലയാളത്തിൽ ഒത്തിരിപ്പേരുണ്ട്. ഞാൻ മാത്രം സിനിമയിൽ നന്നായി ബാക്കിയുള്ളവരെല്ലാം മോശമായാൽ പടം പരാജയപ്പെടില്ലേ? പിന്നെ ഞാൻ നന്നായിട്ട് ചെയ്തിട്ട് എന്താ കാര്യം. അപ്പോൾ കോ ആർട്ടിസ്റ്റ് എന്ന് പറയുന്നത് വളരെ വലിയ ശക്തിയും ബലവുമാണ്. ആ കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഈ പടത്തിൽ പാർവ്വതി നൂറ് ശതമാനം ആപ്റ്റായ ഒരു ആർട്ടിസ്റ്റാണ്. ഈ കഥാപാത്രത്തിന്. പാർവ്വതി ചെയ്തിട്ടുള്ള ഒരു തൊണ്ണൂറ് ശതമാനത്തോളം വരുന്ന കഥാപാത്രങ്ങളും ഇങ്ങനെയാണ്. കാരണം ഒരുപാട് ഇമോഷൻസ് ഇങ്ങനെ കൊണ്ടു നടക്കുന്ന കഥാപാത്രങ്ങളാണ് അതെല്ലാം. ഞാൻ കുറച്ചു കൂടി ലളിതമായിട്ടും പിന്നെ ഇടയ്ക്ക് ഒന്ന് കണ്ണ് നനയിക്കുക എന്നതുമാണ് എനിക്ക് കൂടുതൽ താൽപര്യം. കാരണം മനസ്സിൽ ഒരുപാട് ഭാരം ചുമന്ന് നടക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് ഞാൻ ശ്രമിക്കാറില്ല, ഇതിൽ ഒരു ഡയറക്ടർ ഇത്രനാളും കാത്തിരുന്നതിന്റെ എല്ലാം ഈ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്.
കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിക്കുന്ന ഉള്ളൊഴുക്കിന്റെ ഇതിവൃത്തം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർമിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ഇന്ന് മുതൽ തിയറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.