സംഗീതസംവിധാനം ചെയ്യുമ്പോൾ മ്യൂസിക് കേട്ട് തനിക്ക് കരച്ചിൽ വരുന്നുണ്ടെങ്കിൽ അത് വർക്കാകുമെന്നാണ് കരുതുന്നത് എന്ന് സുഷിൻ ശ്യാം. മ്യുസിക്ക് ചെയ്യുമ്പോൾ എപ്പോഴും തനിക്ക് ആ ഇമോഷൻ ഫീൽ ചെയ്യുന്നുണ്ടോ എന്നാണ് എന്നും അത്തരത്തിൽ ആ വികാരം ഫീൽ ചെയ്യുകയാണെങ്കിൽ അത് സിനിമയിൽ വർക്ക് ആകും എന്നാണ് കരുതുന്നത് എന്നും സുഷിൻ ശ്യാം പറഞ്ഞു. എന്തായിരിക്കണം ആ സീനിൽ കാണിക്കേണ്ടത് എന്നാലോചിച്ചായിരിക്കും മ്യൂസിക് ചെയ്യുക എന്നും ആഴത്തിലുള്ള വെെകാരികതയാണോ അതോ ലളിതമായ വികാരമാണോ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എന്നതിനനുസരിച്ചായിരിക്കും മ്യൂസിക്ക് തീരുമാനിക്കുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഷിൻ ശ്യാം പറഞ്ഞു.
സുഷിൻ ശ്യാം പറഞ്ഞത്:
ആദ്യമൊരു ഇന്റ്യൂഷൻ ഉണ്ടാകുമല്ലോ എങ്ങനെ അത് വർക്കാവും എന്നതിനെക്കുറിച്ച്. എന്റെ കാഴ്ചപ്പാടിലുള്ള ഒരു സാധനമായിരിക്കും ഞാൻ ക്രിസ്റ്റോയെ കാണിക്കുക. ക്രിസ്റ്റോയ്ക്ക് അത് കേട്ടിട്ട് ചിലപ്പോൾ മറ്റൊരു അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുക. അങ്ങനെ രണ്ട് പേർക്കും ഓക്കെയാവുന്ന ഒരു പരിപാടിയായിരിക്കും പിടിക്കുന്നത്. അത് ആൾക്കാർ എങ്ങനെ എടുക്കും എന്നുള്ളത് എനിക്ക് അറിയില്ല. എന്താണ് ആ സീനിൽ കാണിക്കേണ്ടത് എന്ന് ആലോചിച്ചായിരിക്കും ഒരു കാര്യം ചെയ്യുന്നത്. വളരെ ഇന്റൻസായിട്ടുള്ള ഇമോഷൻ കാണിക്കണോ അതോ വളരെ ലെെറ്ററായിട്ട് കാണിക്കണോ എന്നുള്ളതൊക്കെ ഡിസ്കഷനിൽ വരുന്നതാണ്. ഞാൻ എപ്പോഴും നോക്കുന്നത് എനിക്ക് കരച്ചിൽ വരുന്നുണ്ടോ അപ്പോൾ ആൾക്കാർക്കും കരച്ചിൽ വരും എന്നതാണ്. ബേസിക്ക് ഒരു ഹ്യുമൻ ഇമോഷൻ പൊട്ടിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും. കാരണം ഞാൻ അത് ചെയ്തിട്ട് എനിക്ക് വിഷമമാകുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും കുറച്ചു പേർക്ക് കൂടി വിഷമം ആകേണ്ടതല്ലേ? കാരണം ഞാൻ ആണല്ലോ അത് ചെയ്തത്. എനിക്ക് അറിയാം ഞാൻ എന്താണ് മ്യൂസിക് ചെയ്യുന്നത് എന്ന്. പക്ഷേ എനിക്ക് ആ ഇമോഷൻ വർക്ക് ആകുമ്പോൾ അത് പുറത്തും വർക്കാവാറുണ്ട്.
കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിക്കുന്ന ഉള്ളൊഴുക്കിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർമിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും നേടുന്നത്.